Image

ദയ കാട്ടുമോ, ദിയയോട്? സാന്ത്വനം തേടി ഒന്നരവയസുകാരി

Published on 10 October, 2013
ദയ കാട്ടുമോ, ദിയയോട്? സാന്ത്വനം തേടി ഒന്നരവയസുകാരി
കോട്ടയം: കുഞ്ഞു ദിയ ഒന്നും അറിയുന്നില്ല. കാരണം ഒന്നരവയസുമാത്രമായ അവള്‍ക്ക് മാരക രോഗത്തെക്കുറിച്ച് അറിയാന്‍ പ്രായമായി വരുന്നതേയുള്ളു. അറിവ് വയ്ക്കുന്നതിനു മുമ്പ് മാരകരോഗത്തിന്റെ കരുണയില്ലാത്ത പിടിയിലാണ് ഈ കുഞ്ഞ്. ഹോര്‍മോണ്‍ തകരാറു മൂലം വളര്‍ച്ചയില്ലാത്ത അവസ്ഥയിലാണ് കോട്ടയം അതിരമ്പുഴ നടയ്ക്കല്‍ പ്രസീദിന്റെ മകള്‍ ദിയ. ആറുമാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ വലിപ്പംപോലും ഇപ്പോഴും ദിയ്ക്കില്ല. അഞ്ചു കിലോഗ്രാം മാത്രമാണ് ഇപ്പോള്‍ ദിയയുടെ ഭാരം. 

ആറാം മാസത്തില്‍ തുടര്‍ച്ചയായി ഛര്‍ദ്ദി വന്നതോടെയാണ് ദിയയുടെ ഭാഗ്യദോഷം തുടങ്ങിയത്. തുടര്‍ന്ന് കോട്ടയം ഐ.സി.എച്ചില്‍ കൊണ്ടുപോയി പരിശോധിപ്പിച്ചപ്പോള്‍ കുടല്‍ ചുരുങ്ങി ദഹനശക്തി കുറയുന്നതായി കണെ്ടത്തി. അന്നുമുതല്‍ തുടര്‍ച്ചയായി ചികിത്സ നടത്തുന്നുണെ്ടങ്കിലും ശരീരവളര്‍ച്ച കാര്യമായി ഉണ്ടായില്ല. മറ്റു കുഞ്ഞുങ്ങളെപ്പോലെ തങ്ങളുടെ പൊന്നോമനയും വളര്‍ന്നു വരുന്നതു കാണാന്‍ പ്രസീദും ഭാര്യ ജിന്‍സിയും മോഹിക്കുന്നുണ്ട്. 

എന്നാല്‍ ഭാരിച്ച തുക മുടക്കി വര്‍ഷങ്ങളോളം ചികിത്സ നടത്തിയാല്‍ മാത്രമേ കുഞ്ഞ് സാധാരണ നിലയിലാകൂ. പതിനഞ്ചു വയസുവരെ തുടര്‍ച്ചയായി കുത്തിവയ്പ്പ് എടുക്കണമെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. അതിനു മാത്രമായി മാസംതോറും 25,000 രൂപ ചെലവാകും. സാമ്പത്തികശേഷിയില്ലാതെ ലക്ഷംവീട് കോളനിയില്‍ കഴിയുന്ന പ്രസീദിന് അതിനുള്ള നിവൃത്തിയില്ല. 

പെയിന്റിംഗ് തൊഴിലാളിയായ പ്രസീദ് വളരെ കഷ്ടപ്പെട്ടാണ് ഇതുവരെ ദിയയെ ചികിത്സിപ്പിച്ചത്. വീട്ടുകാര്യങ്ങള്‍ മാറ്റിവച്ചിട്ടുപോലും ചികിത്സയ്ക്കു പണം തികയാത്ത സാഹചര്യമാണ്. ദിയയെക്കൂടാതെ നാലു വയസുള്ള ഒരാണ്‍കുട്ടിയും ഇവര്‍ക്കുണ്ട്. 

സഹായിക്കാന്‍ സാമ്പത്തികശേഷിയുള്ള ബന്ധുക്കളോ സുഹൃത്തുക്കളോ ഇവര്‍ക്കില്ല. പള്ളിയില്‍നിന്നു ലഭിച്ച ചെറിയ സഹായമാണ് ഇതുവരെയുള്ള ചികിത്സകള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ഒരുപരിധിവരെ സഹായിച്ചത്. സുമനസുകളിലാണ് ഇനി പ്രതീക്ഷ. ചികിത്സയ്ക്കും കുഞ്ഞുങ്ങളുടെ വിശപ്പു മാറ്റാനും നെട്ടോട്ടമോടുന്ന പ്രസീദ് നല്ലവരായ ആളുകളുടെ സഹായം തേടുകയാണ്. ഒരച്ഛന്റെ സങ്കടങ്ങള്‍ മനസിലാക്കി സഹായത്തിന്റെ ഒരു കൈത്താങ്ങു നല്‍കാന്‍ ആരെങ്കിലും മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് പ്രസീദും കുടുംബവും. ദിയ പ്രസീദിന്റെ പേരില്‍ അതിരമ്പുഴ എസ്.ബി.ടിയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 67244798978. ഐ.എഫ്.എസ്.സി. കോഡ് - എസ്.ബി.ടി.ആര്‍ 0000112

ദയ കാട്ടുമോ, ദിയയോട്? സാന്ത്വനം തേടി ഒന്നരവയസുകാരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക