Image

ഓണക്കാലം ആഹ്ലാദാരവങ്ങളുടെ പൂക്കാലം (ഓണസ്‌മൃതികള്‍: ഗണേഷ്‌ നായര്‍)

Published on 11 September, 2013
ഓണക്കാലം ആഹ്ലാദാരവങ്ങളുടെ പൂക്കാലം (ഓണസ്‌മൃതികള്‍: ഗണേഷ്‌ നായര്‍)
ലോകമെങ്ങുമുള്ള മലയാളികള്‍ക്ക്‌ ഓണം ഒരു അനുഭവമാണ്‌. കേരളത്തിലും മറുനാട്ടിലും മലയാളി ജീവിക്കുന്നിടത്തൊക്കെ ഓണം ആഘോഷിക്കപ്പെടുകയും ചെയ്യും.

`ഓ ഇപ്പോഴെന്തോണം, പണ്ടല്ലേ ഓണം' എന്നു പറയുന്നവരുണ്ട്‌. എന്നാല്‍ അത്തരം വാക്കുകളൊക്കെ ഔപചാരികതകള്‍ മാത്രമാണ്‌. ഓരോ വര്‍ഷം കഴിയുന്തോറും ഓണത്തിന്റെ ആഘോഷത്തിമര്‍പ്പ്‌ ഏറിവരുന്നു.

ഓണക്കാലം മലയാളിയുടെ മനസില്‍ ആഹ്ലാദാരവങ്ങളുടെ പൂക്കാലമാണ്‌. ഗ്രാമവും നഗരവും വ്യത്യാസമില്ലാതെ ഓണാഘോഷങ്ങളില്‍ തിമര്‍ത്താടുന്നു. ഓരോ പ്രദേശത്തേയും ആഘോഷങ്ങള്‍ക്ക്‌ വ്യത്യസ്‌തതയുണ്ടെന്നു മാത്രം.

ഓണത്തെക്കുറിച്ച്‌ പലതരത്തില്‍ പറയും. കാര്‍ഷികസമൃദ്ധിയുടെ ഉത്സവം, പൂക്കളുടെ ഉത്സവം എന്നൊക്കെ. പക്ഷെ, ഓണം എല്ലാമാണ്‌.ആഹ്ലാദത്തിന്റെ ഉത്സവം എന്നു പറയുന്നതാകും ഏറെ ഉചിതം.

കര്‍ക്കിടകം വരുമ്പോഴെ ഓണത്തിന്റെ മണവും ശബ്‌ദവും മലയാളി അനുഭവിച്ചുതുടങ്ങും. രാമായണസന്ധ്യകള്‍ ധന്യമാക്കുന്ന കര്‍ക്കിടകത്തില്‍ വാവ്‌ കഴിഞ്ഞാല്‍ മഴയുടെ ശക്തി കുറയും. തിമര്‍ത്തു പെയ്യുന്ന കര്‍ക്കിടക മഴ ഒഴിഞ്ഞാല്‍ പിന്നെ വെയിലായി. വെയിലിനും ഓണത്തിന്റെ ഗന്ധം. ഓണവെയിലും ഓണനിലാവുമൊക്കെ ആഘോഷത്തിലേക്കുള്ള ദൂരം കുറയ്‌ക്കും.

അത്തം തുടങ്ങിയാല്‍ പൂവിളി ഉയരുകയായി. ഗ്രാമങ്ങളിലാണത്‌ കൂടുതല്‍. ഗ്രാമങ്ങളില്‍ വീട്ടുമുറ്റത്ത്‌ തൊടിയിലെ പൂക്കള്‍ കൊണ്ട്‌ പൂക്കളങ്ങളൊരുക്കുമ്പോള്‍ നഗരത്തില്‍ പൂക്കളുടെ സ്ഥാനം റോഡുകളുടേയും മറ്റും വശങ്ങളിലാണ്‌. നഗരപൂക്കളങ്ങള്‍ ഒരുക്കാന്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പൂക്കളെ ആശ്രയിക്കേണ്ടിവരുന്നു.

സദ്യവട്ടത്തിനും വ്യത്യസ്‌തതയുണ്ട്‌. പ്രദേശങ്ങള്‍ക്കും സ്വഭാവങ്ങള്‍ക്കുമനുസരിച്ച്‌ സദ്യയുടെ ശൈലിക്കും രുചിക്കും മാറ്റമുണ്ടായി. ആഗോളവത്‌കരണം ഓണത്തേയും ബാധിച്ചിട്ടുണ്ട്‌. നഗരത്തില്‍ ഇപ്പോള്‍ കച്ചവടത്തിന്റെ ആഘോഷമാണ്‌ കൂടുതല്‍. ആധുനിക സംവിധാനങ്ങളുള്ള ആഢംഭരവാഹനങ്ങള്‍ മുതല്‍ പലവ്യജ്ഞനങ്ങള്‍ വരെ ഓണക്കച്ചടവടത്തില്‍ ധാരാളമായി വിറ്റഴിയുന്നു. സൗജന്യങ്ങള്‍ പരസ്യപ്പെടുത്തിയും ഓണത്തിന്‌ കച്ചവടം കൊഴുപ്പിച്ച്‌ ലാഭംകൊയ്യുന്നവര്‍ ഏറെയുണ്ട്‌.

വ്യത്യസ്‌തകള്‍ പലതുണ്ടെങ്കിലും ഓണം എന്നാല്‍ മഹാബലി തമ്പുരാന്‌ വരവേല്‍പ്‌ നല്‍കുന്നതാണെന്ന്‌ പൊതു ധാരണയുണ്ട്‌. വൈവിധ്യങ്ങളെ ഒന്നിച്ചുനിര്‍ത്തുന്ന കണ്ണിയുമതുതന്നെയാണ്‌.

മഹാബലി നാടുവാണകാലത്തിലെ സുന്ദരമായ ഓര്‍മ്മകള്‍ തലമുറകളായി കൈമറിഞ്ഞുവന്നത്‌ ഇപ്പോള്‍ജീവിക്കുന്ന മലയാളികള്‍ക്കും കിട്ടി. ഈ കൈമാറ്റമാണ്‌ നമ്മുടെ കൈമുതല്‍; നമ്മുടെ സാംസ്‌കാരികമായ ഉന്നമനവും അതുതന്നെയാണ്‌. കള്ളവും ചതിയുമില്ലാത്ത, സമൃദ്ധിയുടേയും സന്തോഷത്തിന്റേയും നല്ല ഓര്‍മ്മകള്‍ പങ്കുവെയ്‌ക്കപ്പെടുന്നു.

മുകില്‍മാല ചാര്‍ത്തിയ സഹ്യാദ്രിയും അലകള്‍ തിരതല്ലുന്ന തീരങ്ങളും, അമിത വര്‍ഷത്താല്‍ ഹരിതാഭമായ സമതലങ്ങളും, കണ്ണെത്താത്ത പാടങ്ങളും, കളകളാരവം മുഴക്കുന്ന അരുവിളും, കളകൂജനം ചെയ്യുന്ന കിളികളും മനോഹാരിതയുടെ പര്യായമായിരുന്നു മലയാള നാട്‌. ഐശ്വര്യം നിറഞ്ഞുനിന്ന നാലുകെട്ടുകളും , അകം നിറഞ്ഞ കളപ്പുരകളും, സമൃദ്ധിയുടെ കേദാരമായിരുന്നു ഗ്രാമീണ കേരളം. സമൃദ്ധിയുടെ ധര്‍മ്മബോധത്തിന്റെ പ്രകൃതിമനോഹാരിതയുടെ പശ്ചാത്തലത്തില്‍ നൈസര്‍ഗികമായി വിടര്‍ന്നതത്രേ മാവേലിപ്പെരുമാളിന്റെ ഐതീഹ്യം.

അത്തപ്പൂവിട്ട്‌ ഓണപ്പാട്ടുകള്‍ പാടി ഓണവില്ലിന്റെ മേളത്തോടെ, കൈകൊട്ടിക്കളിയുടെ താളലയങ്ങളോടെ, മോഹങ്ങളുടെ, സ്വപ്‌നങ്ങളുടെ പ്രതീകമായ മാവേലിത്തമ്പുരാനെ വരവേല്‍ക്കുകയാണ്‌ മലയാളി.

ഓണക്കാലം ആഹ്ലാദാരവങ്ങളുടെ പൂക്കാലം (ഓണസ്‌മൃതികള്‍: ഗണേഷ്‌ നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക