Image

മാവേലിയും ഞാനും തമ്മില്‍ (ഓണക്കവിത) ഗ്രേസി ജോര്‍ജ്ജ്

Published on 29 August, 2013
മാവേലിയും ഞാനും തമ്മില്‍ (ഓണക്കവിത)   ഗ്രേസി ജോര്‍ജ്ജ്
കണ്ടു ഞാന്‍ ദൂരത്തായ്, മാവേലി മന്നന്റെ
കാറ്റില്‍ പറക്കുന്നോരോലക്കുട
ഓടിയെത്തിയോരാ നേരത്ത് കാണുന്നു
തല, കുമ്പിട്ടിരിക്കുന്ന തമ്പുരാനേ
പാദങ്ങള്‍ രണ്ടുമേ മൂടാത്ത വെള്ളത്തില്‍
ചലനങ്ങള്‍ ഉണ്ടാക്കി ഏകനായി
 
ഞാന്‍ : തല, കുമ്പിട്ടിരിക്കുവാന്‍ കാരണമെന്തെന്നു
എന്നോട് ചൊല്ലിടാന്‍ ദയതോന്നണെ
 
മാവേലി :എന്ത് ഞാന്‍ ചൊല്ലേണം, കുഞ്ഞെ നിന്‍ മുന്നിലായ്
പറയുവാനാണെങ്കില്‍ ഏറെയുണ്ട്
വികലമാം മനസ്സുകള്‍ക്കടിമയാണെല്ലാരും
കാഴ്ചകള്‍ എല്ലാമേ വേദനാപൂരിതം
ഊര്‍ജ്ജങ്ങള്‍ നേടാനും സ്വന്തം സുഖങ്ങള്‍ക്കുമായ്
മക്കളെ, വില്പ്പന ചരക്കുകളാക്കുന്നു
ശൈശവം എന്നൊരു, കാലമില്ലാത്തപോല്‍
ബാല്യവുമില്ല, കൗമാരവും
അമ്മയെ, അച്ഛനെ, പാതിയെ, മക്കളെ
സൗകര്യം പോലങ്ങ്, കൊന്നൊടുക്കീടുന്നു
നോക്കുകള്‍, വാക്കുകള്‍, കാഴ്ചകള്‍, ചേഷ്ട്ടകള്‍
എല്ലാത്തിലും തന്നെ മായം കലരുന്നു
വായുവിലെല്ലാമേ, മദ്യത്തിന്‍ മണമാണ്
 എന്‌ടോസള്‍ഫാന്‍ ചേര്ന്ന വിഭവങ്ങളും
 
ഞാന്‍ : ഞാനിതൊക്കെ കഴിച്ചു കഴിച്ചൊരു
അമരനായ് തീര്‍ന്നെന്നു തോന്നിടുന്നു .
രക്ഷപെടുവനൊരു മാര്‍ഗ്ഗവുമില്ലാതെ
വട്ടത്തില്‍ ചുറ്റിക്കറങ്ങീടുന്നു

മാവേലി : പാതാളമെത്തട്ടെ, യമനോട് ചൊല്ലിടാം
നിന്റെയീ ഗതികേടിന്‍, കാര്യങ്ങളും.

മാവേലി : ഒരെട്ടുവയസ്സിന്റെ  രൂപത്തില്‍, ഭാവത്തില്‍
ഫ്രോക്കണിഞ്ഞെത്തി ഞാന്‍ നാടുകാണാന്‍
കണ്ടു കണ്ടങ്ങനെ ക്ഷീണിതയായൊരു വൃക്ഷച്ചുവട്ടിലിരിക്കും നേരം
എത്തിയല്ലോ അപ്പോള്‍ മര്‍ത്യന്റെ രൂപത്തില്‍
വേട്ടനായ്ക്കളൊരഞ്ചാറെണ്ണം
ജീവനും കൊണ്ട് ഞാന്‍ ഓടിയെത്തിയീ, അരുവിതന്‍ തീരത്ത് ചടഞ്ഞിരുന്നു
കുട്ടിതന്‍ രൂപത്തെ വിട്ടു ഞാന്‍ എന്റെയാ
പഴയരൂപത്തില്‍ തിരികെയായി
ഇനിയൊരു ചുവടില്ല മുന്നോട്ടു വെയ്ക്കാനായ്
തിരികെ പ്പോയീടുവാന്‍ നേരമായി

ഞാന്‍ : കുടയങ്ങ് പാറിപ്പോയല്ലോ മന്നവാ
എത്തിപ്പിടിച്ചു ഞാന്‍ കയ്യില്‍ത്തരാം, ഇനിയുള്ള വരവിനായ് കയ്യില്‍ത്തരാം


മാവേലി : വേണ്ടെന്റെ  കുഞ്ഞെയായോലക്കുടയത്
ഇനി ഈ നാട്ടിലേക്കില്ല ഞാനും
 
ഞാന്‍ : ഈ, ഒരു ദിനം കൊണ്ട് നീ ഇത്ര മടുത്തെങ്കില്‍
അടിയന്റെ കര്യമൊന്നോര്‍ത്തു നോക്കൂ ........!


 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക