Image

ജീവന്‍ നിലനിര്‍ത്താന്‍ അച്ചൂട്ടിയുടെ പോരാട്ടം; ഈ കുരുന്നിനായി നമുക്കും ഒരു ചെറു സാന്ത്വനമേകാം

Published on 10 August, 2013
ജീവന്‍ നിലനിര്‍ത്താന്‍ അച്ചൂട്ടിയുടെ പോരാട്ടം; ഈ കുരുന്നിനായി നമുക്കും ഒരു ചെറു സാന്ത്വനമേകാം
അരൂര്‍(ആലപ്പുഴ): ജനിച്ചപ്പോള്‍ മുതല്‍ ദുരിതത്തോടും വിധിയോടും പടവെട്ടിയാണ് അശ്വതിയുടെ ജീവിതം മുന്നോട്ടുനീങ്ങിയത്. വീട്ടുകാരുടെയും നാട്ടുകാരുടെയും വാത്സല്യഭാജനമാണ് അച്ചൂട്ടിയെന്ന് അവര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ആറുവയസുകാരിയായ അശ്വതി. വൃക്കയ്ക്ക് തകരാറുമായിട്ടായിരുന്നു അവളുടെ ജനനം. തങ്ങളുടെ ആരോമലായി പിറന്ന ആദ്യത്തെ കണ്‍മണി ഗുരുതരമായ രോഗവുമായാണ് പിറന്നുവീണതെന്നറിഞ്ഞപ്പോള്‍ മാതാപിതാക്കളായ റജുമോന്റെയും സുനിതയുടെയും ഹൃദയം തകര്‍ന്നു. എങ്കിലും ദൈവത്തിന്റെ കരുണയില്‍ ആശ്രയിച്ച് അവര്‍ വിധിയെ നേരിടാന്‍ തന്നെ തീരുമാനിച്ചു. ഒടുവില്‍ നാട്ടുകാരുടെ ഉറച്ചപിന്തുണയും സഹായവും വിദഗ്ധരായ ഡോക്ടര്‍മാരുടെ നിശ്ചദാര്‍ഢ്യത്തോടെയുള്ള ചികിത്സയ്ക്കുമൊടുവില്‍ രണ്ടുവര്‍ഷം കൊണ്ട് അച്ചൂട്ടി ജീവിതത്തിലേക്ക് തിരിച്ചുവന്നു. പക്ഷേ, ജീവിതം തിരിച്ചുപിടിയ്ക്കാനുള്ള ആ കുഞ്ഞിന്റെ പോരാട്ടത്തിന് ഒരു വൃക്ക ഉപേക്ഷിക്കേണ്ടിവന്നിരുന്നു.

എങ്കിലും തങ്ങളുടെ ജീവിതത്തില്‍ കുറച്ചുകാലം കരിനിഴല്‍ വീഴ്ത്തി പേടിസ്വപ്നമായി നിന്ന ദുരിതകാലം ഒഴിഞ്ഞുപോയതിന്റെ ആശ്വാസത്തിലായിരുന്നു റജുമോനും അദ്ദേഹത്തിന്റെ കുടുംബവും. ആലപ്പുഴ ജില്ലയിലെ അരൂര്‍ സ്വദേശിയാണ് റജു. ഉള്‍നാടന്‍ മത്സ്യതൊഴിലാളിയാണ് അദ്ദേഹം. രാത്രികാലങ്ങളില്‍ വേമ്പനാട്ടുകായലിന്റെ ആഴങ്ങളില്‍ വലവിരിച്ച് ചെറുവള്ളത്തില്‍ മത്സ്യബന്ധനം നടത്തിയിരുന്ന റജുവിന് എന്നും കൂട്ടിനുണ്ടായിരുന്നത് ദാരിദ്ര്യവും സഹനവും നിറഞ്ഞ ജീവിതമായിരുന്നു. എങ്കിലും കഠിനാധ്വാനം കൊണ്ട് ജീവിതം കെട്ടിപ്പെടുക്കാനാകുമെന്ന് ഉറച്ചവിശ്വാസമുണ്ടായിരുന്നു അദ്ദേഹത്തിന്. ജീവിതത്തില്‍ എന്നും നല്ല മൂല്യങ്ങളെ മുറുകെപ്പിടിച്ചായിരുന്നു റജുവിന്റെ ജീവിതം. അതുകൊണ്ടുതന്നെയാണ് അനാഥാലയത്തില്‍ വളര്‍ന്ന സുനിതയെ അദ്ദേഹം ജീവിതസഖിയാക്കിയതും. വൃദ്ധരായ മാതാപിതാക്കളും ഭാര്യയും കുഞ്ഞുമടങ്ങുന്ന റജുവിന്റെ ജീവിതത്തില്‍ വീണ്ടും സന്തോഷവും സമാധാനവും നിറയാന്‍ തുടങ്ങിയതുകണ്ട് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും ആശ്വസിച്ചു. അധ്വാനത്തിന്റെ മഹത്വമറിയുന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലേക്ക് കൂടുതല്‍ സന്തോഷം കടന്നുവരട്ടെയെന്ന് അവര്‍ ആഗ്രഹിച്ചു. 

എന്നാല്‍ വിധി ആ ചെറുപ്പക്കാരനോട് വീണ്ടും ക്രൂരത കാട്ടുകയായിരുന്നു. ഈ അധ്യയനവര്‍ഷം ഒന്നാം ക്ലാസില്‍ ചേര്‍ത്ത അച്ചൂട്ടിക്ക് വിട്ടുമാറാത്ത പനിയെ തുടര്‍ന്ന് രണ്ടാഴ്ചയോളം സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞില്ല. പനി വിട്ടുമാറാതിരുന്നതിനാല്‍ അധ്യാപകരുടെ ഉപദേശത്തെ തുടര്‍ന്ന് കുട്ടിയെ പരിശോധിച്ചപ്പോള്‍ കേട്ട വാര്‍ത്ത റജുവിന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. രക്താര്‍ബുദത്തിന്റെ രൂപത്തിലാണ് വിധി ഇത്തവണ ആ കുരുന്നു ജീവിതമെടുക്കാന്‍ വന്നിരിക്കുന്നത്. ജനിച്ചപ്പോഴെയുണ്ടായിരുന്ന വൃക്കരോഗത്തില്‍ നിന്ന് തന്റെ പിഞ്ചോമനയെ കണ്ണിലെ കൃഷ്ണമണിയെപ്പോലെ നോക്കി ദൈവത്തിന്റെ കാരുണ്യത്താല്‍ രക്ഷിച്ചെടുക്കാന്‍ കഴിഞ്ഞ റജുവിന് ഡോക്ടര്‍മാരുടെ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ ഹൃദയഭേദകമായിരുന്നു. കൊച്ചിയിലെയും തിരുവനന്തപുരത്തെയും ആശുപത്രികളില്‍ നടത്തിയ തുടര്‍ പരിശോധനകള്‍ക്കും ചികിത്സകള്‍ക്കുമൊടുവില്‍ ഡോക്ടര്‍മാര്‍ റജുമോന് മുന്നില്‍ ഒരു കാര്യം വ്യക്തമാക്കി. കുഞ്ഞ് അച്ചൂട്ടിയെ രക്ഷിക്കാന്‍ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മാത്രമേ വഴിയുള്ളൂ. കുട്ടിയായതുകൊണ്ടും രോഗം തുടക്കത്തിലേ തിരിച്ചറിഞ്ഞതുകൊണ്ടും രക്ഷപെടുത്താന്‍ കഴിയുമെന്നാണ് ഉറച്ച വിശ്വാസമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പക്ഷെ, ചികിത്സയ്ക്ക് വെല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോകണം. കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും വേണ്ടിവരും മജ്ജമാറ്റിവയ്ക്കലിനും തുടര്‍ ചികിത്സകള്‍ക്കുമായി.

തന്റെ പിഞ്ചോമനയെ രക്ഷിക്കാന്‍ സ്വന്തം ജീവിതം പോലും പണയപ്പെടുത്താന്‍ ഇതിനകം നിശ്ചയിച്ചുകഴിഞ്ഞ റജു ആകെയുണ്ടായിരുന്ന മൂന്നുസെന്റ് സ്ഥലവും അതിലെ ചെറിയ കുടിലും വിറ്റു. കിട്ടിയത് മൂന്നുലക്ഷം. റജുവിന്റെ സഹായത്തിന് നാട്ടുകാരും സുഹൃത്തുക്കളും ഒത്തുചേര്‍ന്നു. അവര്‍ അശ്വതി ചികിത്സാസഹായഫണ്ട് രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. പാവപ്പെട്ട മത്സ്യതൊഴിലാളികളും കൂലിപ്പണിക്കാരും വസിക്കുന്ന പ്രദേശത്ത് വീടുവീടാന്തരം കയറിയിറങ്ങി നാട്ടുകാര്‍ ഇതുവരെ പിരിവെടുത്തിട്ടും കിട്ടിയത് രണ്ടുലക്ഷത്തോളം രൂപ. കിട്ടിയ പണവുമായി റജുവും ഭാര്യയും കുഞ്ഞുമായി വെല്ലൂരിലേക്ക് തിരിച്ചു; കരുണാമയനായ ദൈവം ഇനിയും തന്നെയും കുടുംബത്തെയും കാത്തുപരിപാലിക്കുമെന്ന ഉറച്ചവിശ്വാസത്തോടെ. 

ഇതിനിടെ റജുവിന്റെ സുഹൃത്തുക്കളും നാട്ടുകാരും അവരെ കൊണ്ടുകഴിയുന്ന വിധത്തില്‍ പണം സ്വരൂപിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പണത്തിന്റെ കുറവുകൊണ്ട് ഒരു കുഞ്ഞുമാലാഖയുടെ ജീവിതം ഭൂമിയില്‍ കൊഴിഞ്ഞുവീഴരുതെന്ന ദൃഢനിശ്ചയത്തോടെ. കിട്ടുന്ന പണം അവര്‍ കുഞ്ഞിന്റെ ചികിത്സാ സഹായത്തിനായി തുടങ്ങിയിരിക്കുന്ന അക്കൗണ്ടിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണ്. നമുക്കും കഴിയുന്ന വിധത്തില്‍ അവരുടെ ശ്രമങ്ങളില്‍ പങ്കുചേരാം. അച്ചൂട്ടിയെന്ന ചിത്രശലഭം ഈ സുന്ദരഭൂമിയില്‍ ഇനിയും പാറിക്കളിക്കട്ടെ K.C. Rajumon, Ac No: 67189003735, SBT Poochakkal Branch, IFSC Code SBTR0000298

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക