Image

യുണൈറ്റെഡ് നേഷന്‍സ്സ് സെക്രട്ടറി ജനറലിനു ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം മെമ്മോറാണ്ടം സമര്പ്പിച്ചു

ബിജു ന്യൂ യോര്‍ക്ക് Published on 24 May, 2013
യുണൈറ്റെഡ് നേഷന്‍സ്സ് സെക്രട്ടറി ജനറലിനു ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം മെമ്മോറാണ്ടം സമര്പ്പിച്ചു
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് തോമസ് ടി ഉമ്മന്റെ നേതൃത്വത്തില്‍ ക്രൈസ്തവ നേതാക്കള്‍ യുഎന്‍ ആസ്ഥാനത്ത് എത്തി സിറിയയില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ ഓര്‍ത്തഡോക്‌സ് ആര്‍ച്ച് ബിഷപ്പുമാരുടെ കാര്യത്തിലുള്ള ഇന്ത്യന്‍ ക്രൈസ്തവ സമൂഹത്തിന്റെ ആശങ്ക അറിയിച്ചു. സെക്രട്ടറി ജനറലിനുവേണ്ടി അണ്ടര്‍ സെക്രട്ടറി ജനറല്‍ വിജയ് നമ്പ്യാര്‍ നിവേദനം പ്രസിഡന്റ് തോമസ് ടി. ഉമ്മനില്‍ നിന്നും സ്വീകരിച്ചു.

ഓര്‍ത്തഡോക്‌സ് സഭയുടെ ഈറ്റില്ലമായ സിറിയയില്‍ ക്രൈസ്തവ സഭ ഇന്ന് വലിയ ഭീഷണിയും പ്രതിസന്ധിയും നേരിടുകയാണ്. സഭയിലെ ആര്‍ച്ച് ബിഷപ് പൗലോസ് യാസിജി, ആര്‍ച്ച് ബിഷപ് മാര്‍ ഗ്രിഗോറിയോസ് യോഹന്ന ഇബ്രാഹിം എന്നീ മെത്രാപ്പൊലീത്തമാരാണ് ഭീകരരുടെ തടവിലായിരിക്കുന്നത്. വൈദീകനായ ഡ്രൈവറെ കൊന്നശേഷമാണ് സഭാപിതാക്കന്മാരെ ഭീകരര്‍ തട്ടികൊണ്ട് പോയത്. ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ഈ കൊടുംഭീകരത അറിഞ്ഞുവരുന്നതേ ഉള്ളൂ.

ഇതിനെതിരെ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കയാണ്. ഐസിഎഫ് പ്രവര്‍ത്തകര്‍ ന്യുയോര്‍ക്കിലെ യുഎന്നിന് സമീപം ചേരുകയും തുടര്‍ന്ന് ഐസിഎഫ് നിവേദകസംഘം ചര്‍ച്ചകള്‍ക്കായി സെക്രട്ടറി ജനറലിന്റെ പ്രതിനിധിയെ സമീപിക്കയും ചെയ്തു.

രണ്ടു മെത്രാപ്പൊലീത്തമാര്‍ സിറിയയില്‍ ഭീകരരുടെ തടവിലായിട്ട് ഒരു മാസം തികയുന്നു. സിറിയയില്‍ നൂറു കണക്കിന് ദേവാലയങ്ങള്‍ അക്രമികള്‍ നശിപ്പിച്ചു കഴിഞ്ഞു. ഈജിപ്തിലെ ക്രൈസ്തവരുടെ കാര്യവും ഇതില്‍ നിന്നും വിഭിന്നമല്ല. ക്രൈസ്തവ സമൂഹം ഇന്ന് ഭീഷണിയുടെയും ഭീകരപ്രവര്‍ത്തനത്തിന്റെയും ബലിയാടുകളായി മാറുന്നു. ബൈബിള്‍ ഇന്നു മിഡില്‍ ഈസ്റ്റിലെ പല രാജ്യങ്ങളിലും നിരോധിക്കപ്പെട്ടിരിക്കുന്നു. ന്യൂനപക്ഷാവകാശങ്ങള്‍ക്കായി സംഘടിക്കുക, ശബ്ദമുയര്‍ത്തുക. ഇ താണ് ക്രിസ്ത്യന്‍ ഫോറം ആവശ്യപ്പെടുന്നത്. ഇന്ത്യന്‍ ക്രൈസ്തവരും സിറിയയിലുള്ള ക്രൈസ്തവ സമൂഹവുമായുള്ളതു നൂറ്റാണ്ടുകളായി നിലനില്ക്കുന്ന ബന്ധമാണ്. സിറിയയിലെ ക്രൈസ്തവര്‍ നേരിടുന്ന പീഡനം വെളിച്ചത്ത് കൊണ്ടുവരുവാന്‍ ക്രിസ്ത്യന്‍ ഫോറം പ്രതിജ്ഞാബദ്ധമാണ്.

വിജയ് നമ്പ്യാര്‍ യുഎന്നിന്റെ നേതൃത്വത്തില്‍ നടത്തുന്ന ശ്രമങ്ങള്‍ വിവരിച്ചു. യുഎന്‍ ജോയിന്റ് കമ്മീഷന്‍ ലക്താന്‍ ബ്രഹ്മിനിയുടെ നേതൃത്വത്തില്‍ സിറിയയില്‍ ആഭ്യന്തര കലാപം അവസാനിപ്പിക്കുന്നതിന് തീവ്രശ്രമം നടത്തുകയാണെന്ന് വ്യക്തമാക്കി. നിവേദനത്തിന്റെ പകര്‍പ്പുകള്‍ വിവിധ വകുപ്പുകള്‍ക്ക് നല്‍കുമെന്ന് വിജയ് നമ്പ്യാര്‍ പറഞ്ഞു.

വിജയ് നമ്പ്യാരെ കൂടാതെ ഡോണ്‍ പീബിള്‍സ്, ഹ്വാന്‍ലീ എന്നിവരും, ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറത്തെ പ്രതിനിധീകരിച്ചു, . പ്രസിഡന്റ് തോമസ് ടി. ഉമ്മന്‍, കോ-ഓര്‍ഡിനേറ്റര്‍ വിത്സന്‍ ജോസ്, റവ. സാമുവേല്‍ ഉമ്മന്‍, സി.എം. ഈപ്പന്‍, ക്യാപ്റ്റന്‍ രാജു ഫിലിപ്, സാറാമ്മ റ്റി. ഉമ്മന്‍, അന്നമ്മ ഫിലിപ്പ് തുടങ്ങിയവരും ചര്‍ച്ചകളില്‍ പങ്കെടുത്തു. ഒരു മണിക്കൂറോളം നീണ്ടു നിന്ന ചര്‍ച്ചയെ തുടര്‍ന്ന് ഈ പ്രശ്‌നത്തില്‍ സെക്രട്ടറി ജനറല്‍ അതീവ ഗൗരവത്തോടെ ഇടപെടുമെന്നു ഉറപ്പു നല്‍കി.

തോമസ് ടി. ഉമ്മനും, വില്‍സണ്‍ ജോസും, അണ്ടര്‍ സെക്രട്ടറി വിജയ് നമ്പ്യാരുടെ നേതൃത്വത്തിനും സഹകരണത്തിനും അദ്ദേഹത്തോടുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ കൃതജ്ഞത അറിയിച്ചു.


യുണൈറ്റെഡ് നേഷന്‍സ്സ് സെക്രട്ടറി ജനറലിനു ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം മെമ്മോറാണ്ടം സമര്പ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക