Image

മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലാന സ്വാഗതം ചെയ്തു

ഷാജന്‍ ആനിത്തോട്ടം Published on 24 May, 2013
മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലാന സ്വാഗതം ചെയ്തു
ചിക്കാഗോ : അമ്മ മലയാളത്തിന് ഇത് അഭിമാനവേള. മലയാളഭാഷയെ സ്‌നേഹിക്കുകയും താലോലിക്കുകയും ചെയ്യുന്ന ലോകമെമ്പാടുമുള്ള മലയാളികള്‍ക്കിത് കാത്തിരുന്ന സുവണ്ണ നിമിഷം! മലയാളമെന്ന ശ്രേഷ്ഠഭാഷയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ആഗോള മലയാള സമൂഹത്തിന് മുഴുവനും അഭിമാനം പകരുന്ന ഈ തീരുമാനത്തെ ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്തമേരിക്ക(ലാന) സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് വാസുദേവ് പുളിയ്ക്കല്‍, സെക്രട്ടറി ഷാജന്‍ ആനിത്തോട്ടം, ട്രഷറര്‍ ജോസ് ഓച്ചാലില്‍ എന്നിവര്‍ അറിയിച്ചു.

ശ്രേഷ്ടഭാഷാ പദവി ലഭിയ്ക്കുന്ന ഇന്ത്യയിലെ അഞ്ചാമത്തെ ഭാഷയാണ് മലയാളം. രണ്ടായിരത്തോളം വര്‍ഷത്തെ പഴക്കവും പാരമ്പര്യവും അവകാശപ്പെടാവുന്ന ഭാഷ. 2004 ല്‍ തമിഴിനെ ശ്രേഷ്ഠഭാഷയായി പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ കേരളത്തിലും വിദേശങ്ങളിലുമുള്ള ഭാഷാസ്‌നേഹികളും എഴുത്തുകാരും മലയാളഭാഷയ്ക്കും ഈ പദവി നല്‍കേണ്ടതാണെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. 2005-ല്‍ സംസ്‌കൃതവും 2008 ല്‍ കാനഡയും തെലുങ്കും ഈ സ്ഥാനം നേടിയതോടെ നമ്മുടെ ആവശ്യവും കൂടുതല്‍ ശക്തമായി എഴുത്തുകാര്‍ ഉന്നയ്ക്കുവാന്‍ തുടങ്ങി. കേരളത്തിലെയും അമേരിക്കയിലെയും സാഹിത്യസംഘടനകളും ഈ ആഗ്രഹസഫലീകരണത്തിനായി സമ്മര്‍ദം ചെലുത്തുവാന്‍ തുടങ്ങിയതോടുകൂടി 2010 ല്‍ അച്ചുതാനന്ദന്‍ സര്‍ക്കാര്‍ ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രസാഹിത്യ അക്കാദമിയിലും സാംസ്‌ക്കാരിക വകുപ്പിലും നിവേദനങ്ങള്‍ സമര്‍പ്പിച്ചു. രണ്ടായിരം വര്‍ഷത്തെ കാലപ്പഴക്കം മലയാളത്തിനില്ലെന്ന് പറഞ്ഞ് സാഹിത്യഅക്കാദമി ഈ ആവശ്യം നിരസിച്ചതോടുകൂടി കേരള സര്‍ക്കാരും സാംസ്‌ക്കാരിക പ്രവര്‍ത്തകരും നമ്മുടെ നൂറ്റാണ്ടുകള്‍ നീണ്ട പാരമ്പര്യത്തിനുള്ള തെളിവുകള്‍ നിരത്തിക്കൊണ്ട് കൂടുതല്‍ ശക്തമായി നമ്മുടെ ആവശ്യം അവതരിപ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സാംസ്‌കാരികമന്ത്രി കെ.സി. ജോസഫ്, കവി ഓ.എന്‍.വി. കുറുപ്പ്, (മുന്‍) ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ എന്നിവര്‍ മലയാളികളുടെ ഈ ആഗ്രഹനിവൃത്തിയ്ക്കായി അതിശക്തമായി സമ്മര്‍ദ്ദം ചെലുത്തിയതോടുകൂടി സാഹിത്യ അക്കാദമിയും സാംസ്‌കാരിക വകുപ്പും നമ്മുടെ ആവശ്യം അംഗീകരിച്ച് കേന്ദ്രസര്‍ക്കാരിന് അനുകൂല ശിപാര്‍ശ സമര്‍പ്പിച്ചു. അതിന്റെ, അടിസ്ഥാനത്തിലാണ് മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി നല്‍കാന്‍ ഇപ്പോള്‍ മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്.

ശ്രേഷ്ഠ ഭാഷാ പദവി ലഭിക്കുന്നതോടു കൂടി ഭാഷാവളര്‍ച്ചയ്ക്കും പ്രോല്‍സാഹനത്തിനുമായി നൂറുകോടിയോളം രൂപയുടെ ധനസഹായം കേന്ദ്രം നല്‍കും. യു.ജി.സി.യും രാജ്യത്തെ വിവിധ സ്ഥാപനങ്ങളും മലയാള ഭാഷാ ഗവേഷണത്തിനും പഠനങ്ങള്‍ക്കും ഗ്രാന്റുകളും മറ്റ് സഹായങ്ങളും ഏര്‍പ്പെടുത്തും. ഓരോ വര്‍ഷവും രണ്ട് പ്രമുഖ ഭാഷാ പുരസ്‌ക്കാരങ്ങള്‍ നല്‍കാനും സര്‍ക്കാര്‍ അനുമതി നല്‍കുന്നതായിരിയ്ക്കും. മരണവക്കിലെന്ന് പല ഭാഷാ സ്‌നേഹികളും ഭയപ്പെട്ടിരുന്ന മലയാളഭാഷയ്ക്ക് ലഭിയ്ക്കുന്ന മൃതസജ്ജീവനി കൂടിയാണിത്. ഇനിയങ്ങോട്ട് നമ്മുടെ ഭാഷയ്ക്ക് പുതിയൊരു ഉണര്‍വും വളര്‍ച്ചയും ഉണ്ടാവുമെന്ന് നമുക്ക് പ്രത്യാശിയ്ക്കാം.

മലയാളഭാഷയുടെ വളര്‍ച്ചയ്ക്കും ഗവേഷണത്തിനുമായി കഴിഞ്ഞ കേരളപ്പിറവി ദിനത്തില്‍ തുഞ്ചത്തെഴുത്തച്ചന്റെ മണ്ണില്‍ മലയാളം സര്‍വ്വകലാശാല രൂപീകരിച്ചത് നമുക്ക് അഭിമാനം പകര്‍ന്ന നടപടിയായിരുന്നു. കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ സ്ഥിരനിയമനം ലഭിയ്ക്കുന്നതിന് മലയാളം എഴുതാനും വായിയ്ക്കാനും അറിഞ്ഞിരിയ്ക്കണമെന്ന് സര്‍ക്കാരും പബ്ലിക്ക് സര്‍വ്വീസ് കമ്മീഷനും തീരുമാനിച്ചതും ഇക്കഴിഞ്ഞ വര്‍ഷമാണ്. ഇപ്പോള്‍ ശ്രേഷ്ഠഭാഷാ പദവിക്കൂടി ലഭിച്ചതോടുകൂടി ആംഗലേയ, നവകൊളോണിയല്‍ അധിവേശ തറവാടിന്റെ പുറംവരാന്തയില്‍ ചിതലരിച്ചുപൊയ്‌ക്കൊണ്ടിരുന്നൊരു കുലീന സ്മൃതിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് കളമൊരുങ്ങുകയാണ്.

സര്‍ക്കാര്‍ സാമ്പത്തിക സഹായങങളുടെ പെരുമ്പറ മുഴക്കങ്ങള്‍ക്കിടയിലും നമുക്കിത് അഭിമാനത്തിന്റെ മുഹൂര്‍ത്തമാണ്. പ്രഖ്യാപിക്കപ്പെടുവാന്‍ പോകുന്ന കോടിക്കണിക്കിന് തുകകള്‍ കിട്ടിയെന്നും ഇല്ലെന്നും വരാം. ചുവപ്പുനാടയുടെ കുരുക്കിലമര്‍ന്നും ഗുമസ്ത ഹസ്തങ്ങളില്‍ ഞെരിഞ്ഞും അവയൊക്കെയും അപ്രാപ്യമായി കിടന്നേക്കാം. എങ്കിലും ഒരു മലയാളിയെന്ന നിലയില്‍ നമുക്കൊക്കെ അഭിമാനിയ്ക്കുവാനുള്ള സന്ദര്‍ഭമാണിപ്പോള്‍ കൈവന്നിരിയ്ക്കുന്നത്. അടച്ചുപൂട്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന മലയാളം മീഡിയം സ്‌ക്കൂളുകളുടെ വിലാപങ്ങള്‍ക്കിടയില്‍, അറിയൊതൊരു മലയാളം വാക്കുച്ചരിച്ചതിന് അടി വാങ്ങുകയും തല മുണ്ടനം ചെയ്യപ്പെടുകയും ചെയ്യുന്ന ഇംഗ്ലീഷ് മീഡിയം പൈതങ്ങളുടെ നിലവിളികള്‍ക്കിടയില്‍, അമ്മ മലയാളത്തെ ഇഞ്ചിഞ്ചായി ശ്വാസം മുട്ടിച്ച് കൊല്ലുന്ന "മംഗ്ലീഷ് കിളിമൊഴി"കളുടെ കൊലവെറികള്‍ക്കിടയില്‍, പെരുമാറ്റദൂഷ്യം കൊണ്ടും അവിശ്വസ്തത കൊണ്ടും മലയാളികളെ മുഴുവന്‍ നാണം കെടുത്തുന്ന കലാ, കായിക, രാഷ്ട്രീയ കോമരങ്ങള്‍ക്കിടയിലും നമുക്കിനി നെഞ്ചുയര്‍ത്തി നടക്കാം. ശിരസ്സുയര്‍ത്തി ഉദ്‌ഘോഷിയ്ക്കാം-മരിയ്ക്കില്ല നമ്മുടെ ഭാഷ! ശ്രേഷ്ഠയാണ് നമ്മുടെ അമ്മ മലയാളം!!
മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലാന സ്വാഗതം ചെയ്തു
മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലാന സ്വാഗതം ചെയ്തു

Vasudev Pulickal- LANA President

മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലാന സ്വാഗതം ചെയ്തു

Shajan Anithottam-Secretary

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക