
കൊച്ചി : അതിരപ്പിള്ളിയില്‍ വനപാലകരെ മര്‍ദ്ദിച്ച സംഭവത്തില്‍ നടന്‍ കലാഭവന്‍ മണി നല്‍കിയ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റിവെച്ചു. മണിക്ക് ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. മണി മുന്‍പും സമാനമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. വാദങ്ങള്‍ കേട്ട കോടതി വിധി പ്രഖ്യാപിക്കുന്നതിനായി മാറ്റിവയ്ക്കുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു അതിരപ്പിള്ളി വനമേഖലയില്‍ മണിയും വനപാലകരും തമ്മില്‍ വാക്കേറ്റമുണ്ടായത്. വനമേഖലയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കിടെ നടന്‍ കലാഭവന്‍ മണിയും സംഘവും മര്‍ദിച്ചെന്നാണു പരാതി. ഡപ്യൂട്ടി റേഞ്ചര്‍ എലിഞ്ഞിപ്ര ഉപ്പത്ത് യു.ജി. രമേശന്‍ (51), ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ കായംകുളം തടത്തില്‍ പി. രവീന്ദ്രന്‍ (45) എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. സംഭവത്തില്‍ അതിരപ്പിള്ളി പോലീസ് മണിയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
അതേസമയം, വാഹനം തടഞ്ഞുനിര്‍ത്തിയ വനപാലകര്‍ യാതൊരു പ്രകോപനവും കൂടാതെ വാഹനത്തിലുണ്ടായിരുന്ന സ്ത്രീ ഉള്‍പ്പെടെയുള്ള യാത്രക്കാരെ അപമാനിക്കുകയായിരുന്നുവെന്നായിരുന്നു മണിയുടെ ആരോപണം. ഇതേതുടര്‍ന്ന് വനപാലകര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്.