ഒക്കലഹോമ: അമേരിക്കന്‍ നഗരമായ ഒക്കലഹോമയിലും സമീപമേഖലയിലും ഉണ്ടായ വന്‍ ചുഴലികൊടുങ്കാറ്റില്‍ വ്യാപക നാശനഷ്ടം. കുറഞ്ഞത് 91 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ 20 പേര്‍ കുട്ടികളാണ്. 120 പേര്‍ക്ക് പരിക്കേറ്റു. മൂറിലെ രണ്ടു സ്‌കൂളുകള്‍ പൂര്‍ണമായി തകര്‍ന്നു. നിരവധി കെട്ടിടങ്ങളും വീടുകളും കൊടുങ്കാറ്റില്‍ തകര്‍ന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് ചുഴലികൊടുങ്കാറ്റ് ആഞ്ഞടിച്ചത്. നാഷണല്‍ വെതര്‍ സര്‍വീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും വലുതായിരുന്നു ചുഴലികൊടുങ്കാറ്റിന്റെ പ്രഹരം.ഒക്കലഹോമ സിറ്റിയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള ഷോനീ പ്രദേശത്താണ് ചുഴലിക്കാറ്റ് ഏറ്റവും അധികം നാശനഷ്ടം വരുത്തിയത്. നഗരത്തിലെ മൊബൈല്‍ ഹോംപാര്‍ക്ക് ചുഴലിക്കാറ്റില്‍ പൂര്‍ണ്ണമായും തകര്‍ന്നു.ഒക്കലഹോമ സിറ്റി മെട്രോപൊളീറ്റന്‍ മേഖലയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. മണിക്കൂറില്‍ 166 മുതല്‍ 200 മൈല്‍ വരെ വേഗതയിലാണ് ചുഴലികൊടുങ്കാറ്റ് ആഞ്ഞടിച്ചതെന്ന് നാഷണല്‍ വെതര്‍ ബ്യൂറോയുടെ പ്രാഥമിക വിലയിരുത്തല്‍. ചുഴലികൊടുങ്കാറ്റില്‍ മൂറിലെ എലിമെന്ററി സ്‌കൂള്‍ കെട്ടിടം തകര്‍ന്നു നിരവധി കുട്ടികള്‍ അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങി. ഇവരെ പുറത്തെത്തിച്ചു കൊണ്ടിരിക്കുകയാണ്. കുട്ടികളുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. 1999ല്‍ മൂറില്‍ 1000ലധികം വീടുകള്‍ തകര്‍ത്ത ചുഴലികൊടുങ്കാറ്റിനേക്കാളും ഭീകരമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചുഴലികൊടുങ്കാറ്റില്‍ കെട്ടിടത്തിനു സാരമായ തകരാര്‍ ഉണ്ടായതോടെ മൂര്‍ മെഡിക്കല്‍ സെന്ററില്‍ നിന്നും രോഗികളെ ഒഴിപ്പിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്തു. രോഗികളെ നോര്‍മാന്‍ റീജിയണല്‍ ആശുപത്രി, ഹെല്‍ത് പ്ലക്‌സ് ആശുപത്രി എന്നിവടങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.
ഹൈവേ 37നു സമാന്തരമായി ഒക്കലഹോമക്ക് സമീപം ന്യൂകാസിലിലും ടട്ടിലിലും വന്‍നാശനഷ്ടമുണ്ടായതായി മക്‌ക്ലെയിന്‍ കൗണ്ടി അണ്ടര്‍ഷെരീഫ് ബില്‍ ഷോബെ പറഞ്ഞു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിലവധിപേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നതായി ബില്‍ ഷോബെ അറിയിച്ചു. മധ്യ സംസ്ഥാനങ്ങളായ കന്‍സാസ്, ലോവ, ഇല്ലിനോയി എന്നിവിടങ്ങളിലും ചുഴലിക്കാറ്റുണ്ടായി. നിരവധി വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകുകയും നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്തിട്ടുണ്ട്
ചുഴലിക്കൊടുങ്കാറ്റ്: സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് ഒബാമ
വാഷിംഗ്ടണ്‍: ഒക്കലഹോമ ചുഴലിക്കൊടുങ്കാറ്റില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഒക്‌ലഹോമ ഗവര്‍ണര്‍ മേരി ഫാളിനെ ഫോണില്‍ വിളിച്ചാണ് അദ്ദേഹം സഹായം വാഗ്ദാനം ചെയ്തത്. അതിഭീകരമായി വീശിയടിച്ച ചുഴലിക്കാറ്റില്‍ 91 പേര്‍ മരിക്കുകയും 120 പേര്‍ക്കോളം പരിക്കേല്‍ക്കുകയും ചെയ്തു. എഴുപതിലധികം കുട്ടികള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൊല്ലപ്പെട്ടവരില്‍ 20 പേരോളം കുട്ടികളാണ്. 1900നു ശേഷം അമേരിക്കയില്‍ വീശയിടിച്ച ഏറ്റവും ഭീകരമായ ചുഴലിക്കൊടുങ്കാറ്റാണ് ഇത്. ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിയുടെ സംഘം പ്രദേശത്തു തമ്പടിച്ചു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നുണ്ട്. കൂടുതലായി എന്തെങ്കിലും സഹായം വേണമെങ്കില്‍ താനുമായി നേരിട്ടു ബന്ധപ്പെടണമെന്നും ഗവര്‍ണറോട് ഒബാമ പറഞ്ഞു. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് വീശിയത്. രണ്ടു സ്‌കൂളുകള്‍ പൂര്‍ണമായി തകര്‍ന്നു.
യുവശാസ്ത്രജ്ഞ പുരസ്‌കാരം ഇന്ത്യക്കാരിക്ക്
വാഷിംഗ്ടണ്‍: 20 സെക്കന്‍ഡുകൊണ്ട് മൊബൈല്‍ ഫോണ്‍ ബാറ്ററി റീ ചാര്‍ജ് ചെയ്യുന്ന സാങ്കേതികവിദ്യ കണ്ടുപിടിച്ച ഇന്ത്യന്‍ വംശജയ്ക്ക് യുവ ശാസ്ത്രജ്ഞയ്ക്കുള്ള പുരസ്‌കാരം. കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ഇന്ത്യക്കാരി ഇഷ ഖരെ എന്ന പതിനെട്ടുകാരിയാണ് പുരസ്‌കാരം നേടിയത്. മൊബൈല്‍ ഫോണ്‍ ബാറ്ററികള്‍ 20 സെക്കന്‍ഡ്‌കൊണ്ട് ചാര്‍ജ് ചെയ്യാവുന്ന സൂപ്പര്‍ കപ്പാസിറ്ററാണ് ഇഷ കണ്ടുപിടിച്ചത്. ഇതിനാണ് യുവശാസ്ത്രജ്ഞയ്ക്കുള്ള അരലക്ഷം ഡോളറിന്റെ (27 ലക്ഷം രൂപ) സമ്മാനം ലഭിച്ചത്. പുറമെ, ഈ സാങ്കേതിക വിപ്ലവ നായികയെ വെബ്‌ലോകത്തെ ഭീമന്‍ ഗൂഗിള്‍ നോട്ടമിടുകയും ചെയ്തു. വളരെ കുറഞ്ഞ സ്ഥലത്ത് വന്‍തോതില്‍ ഊര്‍ജം സംഭരിക്കാവുന്ന സൂപ്പര്‍ കപ്പാസിറ്ററാണ് ഇഷ വികസിപ്പിച്ചെടുത്തത്. ഇത് മൊബൈല്‍ ഫോണിനുള്ളില്‍ ഘടിപ്പിക്കാം. പെട്ടെന്നു ചാര്‍ജ് ആകുമെന്നു മാത്രമല്ല, ഏറെനേരം നില്‍ക്കും.
പരിശീലനത്തിനിടെ രണ്ടു എഫ്ബിഐ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
വാഷിംഗ്ടണ്‍: പരിശീലനത്തിനിടെ രണ്ടു എഫ്ബിഐ ഉദ്യോഗസഥര്‍ കൊല്ലപ്പെട്ടു. എഫ്ബിഐ ക്രിട്ടിക്കല്‍ ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ഗ്രൂപ്പ് അംഗങ്ങളായ ക്രിസ്റ്റഫര്‍ ലോറെക്(41), സ്റ്റീഫന്‍ ഷോ(40) എന്നിവരാണ് മരിച്ചത്. ബന്ദികളാക്കിയവരെ രക്ഷപ്പെടുത്താനുള്ള പരിശീലനത്തിനിടെയാണ് ഇവര്‍ മരിച്ചതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ധീരന്‍മാരയ രണ്ടു ഉദ്യോഗസ്ഥരുടെ മരണത്തില്‍ എഫ്ബിഐ ഡയറക്ടര്‍ റോബര്‍ട്ട് എസ് മുള്ളര്‍ പറഞ്ഞു. 1996ല്‍ എഫ്ബിഐയില്‍ ചേര്‍ന്ന ലോറെക്കിന് ഭാര്യയും രണ്ടു പെണ്‍കുട്ടികളുമുണ്ട്. 2005ല്‍ എഫ്ബിഐയില്‍ ചേര്‍ന്ന ഷോയ്ക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.