Image

വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ ജീവിതം സിനിമയാകുന്നു

Published on 14 May, 2013
വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ ജീവിതം സിനിമയാകുന്നു
കോട്ടയം: വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ജീവിതം സിനിമയാകുന്നു. തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ റവ. ഡോ. സിബിച്ചന്‍ കളരിക്കല്‍ സിഎംഐ, ഷിബു മിനിടെക് കപ്യൂട്ടര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന സിനിമയുടെ പേര് 'ഒരു ചാവറക്കാലം' എന്നാണ്. സിനിമയുടെ സ്വിച്ച്ഓണ്‍ കര്‍മം 15ന് രാവിലെ 10.30-ന് ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജ് നിര്‍വഹിക്കും. ഫാ. സിബിച്ചന്‍ കളരിക്കല്‍ സിഎംഐ ഫസ്റ്റ് ക്ലാപ്പടിക്കും. 

ജാതിവ്യവസ്ഥയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളുംകൊണ്ട് മലീമസമായ 19-ാം നൂറ്റാണ്ടില്‍ ജീവിച്ച തപോധനനായ ചാവറയച്ചന്‍ സന്യാസജീവിതത്തിനു പുതിയ മാനം നല്‍കി. മാനവസേവയാണ് ഈശ്വരസേവയെന്നു വിശ്വസിച്ച അദ്ദേഹം സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നു പുറന്തള്ളപ്പെട്ട അവര്‍ണ ജനവിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഠിനപ്രയത്‌നം ചെയ്തു. സവര്‍ണ വിഭാഗത്തിനുമാത്രം പ്രാപ്യമായിരുന്ന സംസ്‌കൃതഭാഷയെ സാധാരണ ജനങ്ങളിലേക്കെത്തിച്ചു. മാന്നാനത്തു പ്രവര്‍ത്തനമാരംഭിച്ച ക്രാന്തദര്‍ശിയായ ആ ദൈവമനുഷ്യന്‍ വിദ്യാഭ്യാസരംഗത്തും മാധ്യമരംഗത്തും വിപ്ലവകരമായ മാറ്റങ്ങള്‍ക്കു നേതൃത്വം നല്‍കി. കേരള ചരിത്രത്തില്‍ സവിശേഷ സ്ഥാനമലങ്കരിക്കുന്ന യോഗിവര്യനായ ശ്രീനാരായണ ഗുരുവിനു മുമ്പുതന്നെ ജാതിക്കും മതത്തിനുമതീതമായി ഏകദൈവസങ്കല്പം അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം തന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കംകുറിച്ചു. 

ഷൈജു കെ. ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് തോമസുകുട്ടി സെബാസ്റ്റ്യനാണ്. സന്യാസ ജീവിതത്തിന്റെ വിശദാംശങ്ങളിലേക്കു കടക്കാതെ, സാധാരണ മനുഷ്യരുടെ ജീവിതത്തില്‍ ഇടപെട്ടുകൊണ്ടു സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ക്കു കളമൊരുക്കിയ ചാവറയച്ചനെ ജനമധ്യത്തില്‍ അവതരിപ്പിക്കാനാണു ചിത്രത്തിലൂടെ ശ്രമിക്കുന്നതെന്നു സംവിധായകന്‍ പറഞ്ഞു. സിനിമയുടെ കാമറ അനില്‍ നാരായണനാണ് കൈകാര്യം ചെയ്യുന്നത്. ഫാ. ജോഷി കണ്ണൂക്കാടന്‍ സിഎംഐയുടെ ഗാനരചനയ്ക്കു പൗലോസ് ജോണ്‍സണ്‍ സംഗീതം പകരുന്നു. ബനിത്ത് ബത്തേരി ആര്‍ട്ടും കരുമം ബിനു ചമയവും ഒരുക്കും. വസ്ത്രാലങ്കാരം ശ്രീമൂലനഗരം രാധാകൃഷ്ണന്‍ നിര്‍വഹിക്കും. സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിക്കുന്നത് പ്രോത്താസീസാണ്.

നിര്‍മാതാക്കളായ റവ.ഡോ. സിബിച്ചന്‍ കളരിക്കല്‍, ഷിബു മിനിടെക്, സംവിധായകന്‍ ഷൈജു കെ. ജോര്‍ജ്, കാമറാമാന്‍ അനില്‍ നാരായണന്‍, പ്രൊഡക്ഷന്‍ മാനേജര്‍ ഡോ. ഉലഹന്നാന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 

വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ ജീവിതം സിനിമയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക