താമരശ്ശേരി: താമരശ്ശേരി രൂപതയിലെ നിര്‍ണായക പദവികളായ വികാരി ജനറാള്‍, ചാന്‍സലര്‍ പദവികളില്‍ മാറ്റം. കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി വികാരി ഫാ. മാത്യു മാവേലിയാണ് പുതിയ വികാരി ജനറാള്‍. ഏഴുവര്‍ഷമായി താമരശ്ശേരി രൂപതയുടെ വികാരി ജനറാളായി സേവനമനുഷ്ഠിച്ചുവന്ന മോണ്‍. തോമസ് നാഗപറമ്പിലിനെ താമരശ്ശേരി മേരിമാതാ കത്തീഡ്രല്‍ വികാരിയായും നിലവില്‍ മേരിമാതാ കത്തീഡ്രല്‍ വികാരിയായിരുന്ന ഫാ. ജോസഫ് കീലത്തിനെ ചേവായൂര്‍ പള്ളി വികാരിയായും നിയമിച്ചു.
ഫാ. അബ്രഹാം കാവില്‍പുരയിടമാണ് പുതിയ ചാന്‍സലര്‍. നിലവില്‍ ചാന്‍സലറായിരുന്ന ഫാ. ജോസഫ് ക്രിസ്റ്റി പള്ളിയോടിനെ അല്‍ഫോന്‍സ മൈനര്‍ സെമിനാരി റക്ടറായി നിയമിച്ചു. ഫാ. ജോണ്‍ ഒറവങ്കരയാണ് സഹ വികാരി ജനറാള്‍. വികാരി ജനറാളായി നിയമിതനായ ഫാ. മാത്യു മാവേലി 10 വര്‍ഷത്തോളം രൂപത കോര്‍പറേറ്റ് മാനേജറായിരുന്നു. തലശ്ശേരി, താമരശ്ശേരി രൂപതകളിലെ വിവിധ ഇടവകകളില്‍ വികാരിയായും രൂപത കാര്യാലയത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1973ല്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയില്‍നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്. ചാന്‍സലര്‍ ഫാ. അബ്രഹാം കാവില്‍പുരയിടം റോമിലെ പോന്‍ടിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് കാനന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയിട്ടുണ്ട്. രൂപതയിലെ വിവിധ ഇടവകകളില്‍ അസിസ്റ്റന്റ് വികാരിയായും വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹവികാരി ജനറാള്‍ ഫാ. ജോണ്‍ ഒറവങ്കര ആസ്‌ട്രേലിയയിലെ മെല്‍ബണ്‍ രൂപതയില്‍ സേവനം ചെയ്തു വരുകയായിരുന്നു