Image

ചങ്ങനാശേരി അതിരൂപതാ അഖണ്ഡ ബൈബിള്‍ പാരായണം ഇന്നു തുടങ്ങും

Published on 12 May, 2013
ചങ്ങനാശേരി അതിരൂപതാ അഖണ്ഡ ബൈബിള്‍ പാരായണം ഇന്നു തുടങ്ങും
ചങ്ങനാശേരി: വിശ്വാസവര്‍ഷാചരണത്തോടനുബന്ധിച്ച് ചങ്ങനാശേരി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ ബൈബിള്‍ വാരാചരണവും അഖണ്ഡ ബൈബിള്‍ പാരായണ യജ്ഞവും ഇന്നു സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ ആരംഭിക്കും. രാവിലെ എട്ടിന് ആഘോഷമായ വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വാരാചരണം ഉദ്ഘാടനം ചെയ്യും. 

ധനമന്ത്രി കെ.എം. മാണി ബൈബിള്‍ പാരായണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സി.എഫ്. തോമസ് എംഎല്‍എ സൗജന്യ ബൈബിള്‍ വിതരണ പദ്ധതി ഉദ്ഘാടനം ചെയ്യും. വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് മുണ്ടകത്തില്‍, മോണ്‍. ജയിംസ് പാലയ്ക്കല്‍, ചാന്‍സലര്‍ റവ. ഡോ. ടോം പുത്തന്‍കളം, അതിരൂപതാ ഫൈനാന്‍സ് ഓഫീസര്‍ ഫാ. ഫിലിപ്പ് തയ്യില്‍, മെത്രാപ്പോലീത്തന്‍ പള്ളി വികാരി ഫാ. തോമസ് തുമ്പയില്‍, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. ലാലി, മുന്‍ എംഎല്‍എ ഡോ. കെ. സി. ജോസഫ്, മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജീമോള്‍ ജോര്‍ജ് തുടങ്ങിയവര്‍ വചന പാരായണത്തില്‍ പങ്കുചേരും. 

വൈകുന്നേരം നാലിന് ഫാ. ജേക്കബ് മഞ്ഞളി വചന പ്രഘോഷണം നടത്തും. 5.30നു വിശുദ്ധ കുര്‍ബാന. നാളെ മുതല്‍ 17 വരെ രാവിലെ ഏഴിനും വൈകുന്നേരം 5.30നും വിശുദ്ധ കുര്‍ബാന. വിവിധ ദിവസങ്ങളില്‍ രാവിലെ എട്ടിനു വികാരി ജനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തില്‍, സന്ദേശ നിലയം ഡയറക്ടര്‍ റവ.ഡോ. ചെറിയാന്‍ കറുകപ്പറമ്പില്‍, ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. സിറിയക് കോട്ടയില്‍, യുവദീപ്തി ഡയറക്ടര്‍ ഫാ. ഏബ്രഹാം തര്‍മശേരി, ചാസ് ഡയറക്ടര്‍ ഫാ. ജോക്കബ് കാട്ടടി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ജോജി ചിറയില്‍ എന്നിവര്‍ ബൈബിള്‍ പാരായണം ഉദ്ഘാടനം ചെയ്യും. 

ഈ ദിവസങ്ങളില്‍ വൈകുന്നേരം നാലിന് കോട്ടയം ജില്ലാ കളക്ടര്‍ മിനി ആന്റണി, ജോര്‍ജ്കുട്ടി ആഗസ്തി, ഫാ. ബോബി ജോസ് കട്ടികാട്, ഫാ. ഡേവിസ് ചിറമ്മല്‍, പി.യു. തോമസ് എന്നിവര്‍ വചനപ്രഘോഷണം നടത്തും. 

18ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഡിജിപി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് വചന പ്രഘോഷണം നടത്തും. വൈകുന്നേരം നാലിന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ സമാപന സന്ദേശം നല്‍കും.

സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ അന്നു വൈകുന്നേരം 4.30ന് ആഘോഷമായ മൂറോന്‍ കൂദാശ നടക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് 2013-2014 മതബോധനവര്‍ഷം ആര്‍ച്ച്ബിഷപ് ഉദ്ഘാടനം ചെയ്യും. അതിരൂപതയിലെ വിശ്വാസപരിശീലകരും വിദ്യാര്‍ഥികളും സമ്മേളനത്തില്‍ പങ്കെടുക്കും.

വിശ്വാസവര്‍ഷത്തോടനുബന്ധിച്ച് പന്തക്കുസ്താ തിരുനാള്‍ ദിനത്തില്‍ അതിരൂപതയിലെ കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കല്‍ നടക്കും. രാവിലെ എട്ടിന് കുഞ്ഞുങ്ങള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും. തുടര്‍ന്ന് കുഞ്ഞുങ്ങള്‍ക്ക് ആശീര്‍വാദം നല്‍കി പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷ നടത്തും. 

ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങുകള്‍ക്ക് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോസഫ് പവ്വത്തില്‍, മാര്‍ ജോസഫ് പതാലില്‍ എന്നിവര്‍ നേതൃത്വം നല്‍കും. ധന്യന്‍ മാര്‍ തോമസ് കുര്യാളശേരി, ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ട് തുടങ്ങിയ ശ്രേഷ്ഠപിതാക്കന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന മെത്രാപ്പോലീത്തന്‍ പള്ളിയില്‍ ആദ്യാക്ഷരം കുറിക്കുന്നതിന് വിപുലമായ ഒരുക്കങ്ങളാണ് ബൈബിള്‍ അപ്പോസ്തലേറ്റിന്റെയും പബ്ലിക് റിലേഷന്‍സ് വിഭാഗത്തിന്റെയും മെത്രാപ്പോലീത്തന്‍ ഇടവകയുടെയും നേതൃത്വത്തില്‍ നടത്തിവരുന്നത്. എഴുത്തിനിരുത്താന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ 13ന് മുമ്പ് നേരിട്ടോ ഫോണ്‍ മുഖേനയോ അതിരൂപതാ ബൈബിള്‍ അപ്പോസ്തലേറ്റ് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 0481- 2410029, 8547673162, 9961369380.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക