Image

കരളുരുകിയ പ്രാര്‍ഥനയും കഠിന പരിശ്രമവും; സ്വാതി കൃഷ്ണയ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്

Published on 09 May, 2013
കരളുരുകിയ പ്രാര്‍ഥനയും കഠിന പരിശ്രമവും; സ്വാതി കൃഷ്ണയ്ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്
പിറവം: കരളുരുകിയ പ്രാര്‍ഥനയിലൂടെ ജീവിതത്തിന്റെ നൂല്‍പ്പാലത്തിലൂടെ നടന്നുകയറിയ സ്വാതി കൃഷ്ണയ്ക്കു പ്ലസ്ടുവിന് ഉന്നത വിജയം. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു വിധേയയായി ഏറെനാള്‍ പഠിപ്പു മുടങ്ങിയെങ്കിലും കഠിന പരിശ്രമത്തിലൂടെ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിരിക്കുകയാണ് പിറവം എംകെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ഈ മിടുക്കി. കൊമേഴ്‌സ് ഗ്രൂപ്പ് എടുത്തു പഠിച്ച സ്വാതിക്ക് ഹിന്ദിക്കു മുഴുവന്‍ മാര്‍ക്കും ലഭിച്ചു. 

റിസല്‍റ്റ് അറിയുന്ന ദിവസമായിരുന്നതിനാല്‍ ഭയങ്കര ടെന്‍ഷനായിരുന്നു. അച്ഛനും അമ്മയും ഇന്റര്‍നെറ്റില്‍ റിസല്‍റ്റ് നോക്കാന്‍ പറഞ്ഞെങ്കിലും ടെന്‍ഷന്‍ കാരണം വേണെ്ടന്നുവച്ചു. അല്പസമയത്തിനുള്ളില്‍ സ്‌കൂളില്‍നിന്നു സിജി സാര്‍ വിളിച്ചുപറഞ്ഞു, ഫുള്‍ എ പ്ലസ് ലഭിച്ചിട്ടുണെ്ടന്ന്. എന്തെന്നില്ലാത്ത സന്തോഷമാണു തോന്നിയത്,' സ്വാതി കൃഷ്ണ പറഞ്ഞു. പരീക്ഷാഫലമറിഞ്ഞശേഷം സ്വാതി മാതാപിതാക്കള്‍ക്കൊപ്പം സ്‌കൂളിലെത്തി.

ഇടപ്പള്ളി അമൃത ആശുപത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയ കഴിഞ്ഞു വീട്ടില്‍ മടങ്ങിയെത്തിയ സ്വാതി ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെ വീട്ടിലിരുന്നു വീഡിയോ കോണ്‍ഫറന്‍സ് വഴിയാണു പഠിച്ചത്. സ്‌കൂള്‍ അധികൃതരും മറ്റും ചേര്‍ന്ന് ഇതിനുള്ള സൗകര്യം ഒരുക്കികൊടുക്കുകയായിരുന്നു. ക്ലാസ്മുറിയില്‍ നടക്കുന്ന കാര്യങ്ങള്‍ അപ്പപ്പോള്‍ അറിയാനും പഠിക്കാനും ഇത് അവസരം സൃഷ്ടിച്ചു. കൊമേഴ്‌സ് അധ്യാപകര്‍ വീട്ടിലെത്തിയും പാഠഭാഗങ്ങള്‍ പറഞ്ഞുകൊടുത്തിരുന്നു. 

സഹപാഠികളും വീട്ടിലെത്തി നോട്ടുകളും മറ്റും കൈമാറി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.എ. ഓനാന്‍കുഞ്ഞ് അടക്കമുള്ളവര്‍ സ്വാതിയുടെ പഠനകാര്യത്തില്‍ തികഞ്ഞ ശ്രദ്ധയും ജാഗ്രതയും കാണിച്ചിരുന്നു. 

ജനുവരി മുതലാണു സ്വാതി ക്ലാസില്‍ പോയിതുടങ്ങിയത്. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. ഒഴിവു സമയങ്ങളില്‍ അധ്യാപകര്‍ സ്വാതിക്കായി പ്രത്യേകം ക്ലാസുകള്‍ എടുത്തു. തന്റെ മികച്ച വിജയത്തിനു പിന്നില്‍ ഇത്തരത്തില്‍ എല്ലാവരുടെയും അകമഴിഞ്ഞ സഹായം ഉണ്ടായിരുന്നുവെന്നു സ്വാതി നന്ദിയോടെ ഓര്‍ക്കുന്നു. 

ബികോമിനു ചേരാനാണു താല്പര്യം. സിഎ എടുക്കണം. പരീക്ഷയ്ക്കു ശേഷമുള്ള അവധിക്കാലം വീട്ടില്‍തന്നെ ചെലവഴിക്കുകയായിരുന്നു സ്വാതി. ഫോര്‍വീലര്‍ ഡ്രൈവിംഗ് പഠിക്കാന്‍ ഇടയ്ക്കു പോയിരുന്നു. എന്നാല്‍, അതു പൂര്‍ത്തിയാക്കിയിട്ടില്ല. ടൂവീലര്‍ ഓടിക്കാന്‍ നേരത്തെ തന്നെ അറിയാം. 

സ്വാതി ഇപ്പോഴും മരുന്നു കഴിക്കുന്നുണ്ട്. രാവിലെയും രാത്രിയിലും മരുന്നുകള്‍ കഴിക്കാനുണ്ട്. ഞങ്ങള്‍ക്കു പഴയ സ്വാതിയെയാണു തിരിച്ചുകിട്ടിയിരിക്കുന്നത്- മാതാപിതാക്കളായ കൃഷ്ണന്‍കുട്ടിയും രാജിയും പറയുന്നു. മരണത്തിനും ജീവിതത്തിനുമിടയിലൂടെ സഞ്ചരിച്ച് ജീവിതത്തിലേക്കു മടങ്ങിയെത്തിയെന്ന തിരിച്ചറിവിന്റെ തിളക്കവും കാന്തിയും സ്വാതിയുടെ മുഖത്തും തെളിയുന്നു. 

സ്വാതിയുടെ മികച്ച വിജയത്തില്‍ എടയ്ക്കാട്ടുവയല്‍ ഗ്രാമവാസികളും ഏറെ ആഹ്ലാദിക്കുന്നു. ഒരു നാടു മുഴുവന്‍ മനം നിറഞ്ഞ് പ്രാര്‍ഥിച്ചത് സ്വാതിയുടെ തിരിച്ചുവരവിനു വേണ്ടിയായിരുന്നു. മികച്ച വിജയം കൂടിയായപ്പോള്‍ അവരുടെ ആഹ്ലാദം ഇരട്ടിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജൂലൈ 12ന് അര്‍ധരാത്രിയാണു സ്വാതി കൃഷ്ണയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.

(ദീപിക)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക