Image

അഴീക്കോടിന്റെ ആത്മശാന്തിക്കായി വിലാസിനി ടീച്ചറുടെ ബലി

Published on 09 February, 2013
അഴീക്കോടിന്റെ ആത്മശാന്തിക്കായി വിലാസിനി ടീച്ചറുടെ ബലി
തിരുവല്ലം: ഒരുമിച്ച് ജീവിക്കണമെന്ന ആഗ്രഹം ഈ ജന്‍മം സഫലമായില്ലെങ്കിലും വര്‍ഷങ്ങള്‍ക്ക് മുന്‍പേ മനസാവരിച്ച പ്രിയതമന്റെ ആത്മശാന്തിക്കായി ബലിയിടാന്‍ വിലാസിനി ടീച്ചറെത്തി. ബലിതര്‍പ്പണത്തിന് പേരുകേട്ട തിരുവല്ലം പരശുരാമ ക്ഷേത്രത്തിലായിരുന്നു ടീച്ചര്‍ സുകുമാര്‍ അഴീക്കോടിന് ബലിയിട്ടത്. കഴിഞ്ഞ വര്‍ഷം അഴീക്കോട് ഈ ലോകത്തോട് വിടപറഞ്ഞ മകരമാസത്തിലെ തിരുവോണം നാളായ ശനിയാഴ്ചയാണ് വിലാസിനി ടീച്ചര്‍ അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി ബലിയിടാനെത്തിയത്. 

അഴീക്കോടിന് ഇത്തരം കര്‍മങ്ങളില്‍ വളരെ വിശ്വാസമുണ്ടായിരുന്നതായും കര്‍മം നിര്‍വഹിക്കാന്‍ മക്കള്‍ ഇല്ലാത്തതിനാല്‍ തന്നെ പറഞ്ഞേല്‍പിക്കുകയായിരുന്നുവെന്നും ടീച്ചര്‍ പറഞ്ഞു. ജ്യോതിഷ ഗവേഷകനായ ഹരി പത്തനാപുരത്തിന്റെ ഉപദേശപ്രകാരമായിരുന്നു ബലികര്‍മം. പിതൃക്കളുടെ ആത്മശാന്തിക്കായി നടത്തുന്ന തിലഹവനവും ടീച്ചര്‍ കഴിപ്പിച്ചു. അഴീക്കോടിന്റെ വീട് സ്മാരകമാക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് രോഷാകുലയായാണ് ടീച്ചര്‍ പ്രതികരിച്ചത്. അഴീക്കോടിന്റെ വീട് സ്മാരകമാക്കണോയെന്ന് നാട്ടിലെ ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും ഇതില്‍ വിവാദത്തിന് യാതൊരു പ്രസക്തിയുമില്ലെന്നും വിലാസിനി ടീച്ചര്‍ പറഞ്ഞു. അഴീക്കോടിന്റെ വീട് ദേശീയ് സ്മാരകമാക്കുകയാണ് വേണ്ടതെന്നും ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു. 

അഴീക്കോടും വിലാസിനി ടീച്ചറുമായുള്ള സഫലമാകാത്ത പ്രണയബന്ധം സാഹിത്യ വേദികളില്‍ ഒരുപാടുവട്ടം ചര്‍ച്ചയായിരുന്നു. ചികിത്സയില്‍ കഴിഞ്ഞ കാലത്ത് അഴീക്കോടിനെ ടീച്ചര്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള പിണക്കം അലിഞ്ഞില്ലാതായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക