Image

ആവേശം കൊള്ളിച്ച് മൂവാറ്റുപുഴയില്‍ ആദ്യ ഫ്‌ളാഷ് മോബ്

Published on 28 January, 2013
ആവേശം കൊള്ളിച്ച് മൂവാറ്റുപുഴയില്‍ ആദ്യ ഫ്‌ളാഷ് മോബ്

കൊച്ചി: ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നു പെട്ടെന്ന് ഒരുകൂട്ടം യുവാക്കള്‍ പാട്ടുകള്‍ക്കനുസരിച്ച് ചുവടുവയ്ക്കുന്നു. ആദ്യം അമ്പരന്ന കാണികള്‍ പിന്നീട് ആവേശംകൊണ്ടു. കാഴ്ചക്കാര്‍ കണ്ണുമിഴിച്ചപ്പോള്‍ ആദ്യഫ്‌ളാഷ് മോബിന് സാക്ഷിയാവുകയായിരുന്നു മൂവാറ്റുപുഴ നഗരം. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചു വോളണ്ടിയര്‍ ഫോര്‍ എ ബറ്റര്‍ ഇന്ത്യ എന്ന പരിപാടിയുടെ പ്രചാരണാര്‍ഥം മൂവാറ്റുപുഴ ആര്‍ട്ട് ഓഫ് ലിവിംഗ് സെന്ററാണ് പരിപാടി സംഘടിപ്പിച്ചത്.

പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ നടന്ന പരിപാടിയില്‍ ആര്‍ട്ട് ഓഫ് ലിവിംഗ് എസ് പ്ലസ് കോഴ്‌സിലെ എണ്‍പതോളം പേര്‍ പങ്കെടുത്തു. പത്തു മിനിറ്റു നീണ്ടുനിന്ന ഫ്‌ളാഷ്‌മോബില്‍ ദേശഭക്തിഗാനത്തിനൊപ്പം വിവിധ സിനിമകളില്‍നിന്നുള്ള ഗാനങ്ങള്‍ക്കനുസരിച്ചും യുവതീയുവാക്കള്‍ ചുവടുവച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ കാണികളും ഒപ്പം ചേര്‍ന്നതോടെ റിപ്പബ്ലിക്ദിന സന്ധ്യയില്‍ മൂവാറ്റുപുഴ നഗരം ആവേശത്തിലായി. 

ഒരു മണിക്കൂറെങ്കിലും രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുക എന്ന സന്ദേശമുയര്‍ത്തിയാണ് വോളണ്ടിയര്‍ ഫോര്‍ എ ബറ്റര്‍ ഇന്ത്യ എന്ന പരിപാടി സംഘടിപ്പിച്ചത്. മദ്യം, മയക്കുമരുന്ന്, അഴിമതി, സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള ബോധവത്ക്കരണം ലക്ഷ്യമിട്ടുള്ള പരിപാടി അടുത്തമാസം രണ്ട്, മൂന്ന് തീയതികളില്‍ ഡല്‍ഹിയിലാണു നടക്കുക. ആര്‍ട്ട് ഓഫ് ലിവിംഗിന്റെ കേരളത്തിലെ ആദ്യത്തേതും ഏറ്റവും വലുതുമായ ഫ്‌ളാഷ് മോബാണ് ഇന്നലെ നടന്നത്. ആര്‍ട്ട് ഓഫ് ലിവിംഗ് അധ്യാപകരായ ഡോ.സതീശന്‍, ശ്രീജിത്, രാജഗോപാല്‍, ജയരാജ് ഋഷികേശ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. 

(ദീപിക)

ആവേശം കൊള്ളിച്ച് മൂവാറ്റുപുഴയില്‍ ആദ്യ ഫ്‌ളാഷ് മോബ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക