Image

ന്യൂനതകള്‍ മറന്നു വീല്‍ചെയറില്‍ അപൂര്‍വ നൃത്തവിരുന്ന്

Published on 13 January, 2013
ന്യൂനതകള്‍ മറന്നു വീല്‍ചെയറില്‍ അപൂര്‍വ നൃത്തവിരുന്ന്
കണ്ണൂര്‍: ന്യൂനതകള്‍ മറന്നു കുട്ടികള്‍ നൃത്തച്ചുവടു വച്ചപ്പോള്‍ കണ്ണൂരിലെ ആസ്വാദക ലോകത്തിനത് അപൂര്‍വ കാഴ്ചയായി. കണ്ണൂര്‍ മഹോത്സവത്തിനു തുടക്കം കുറിച്ചു ന്യൂഡല്‍ഹി ആസ്ഥാനമാ യി പ്രവര്‍ത്തിക്കു ന്ന ഗുരു സെയ്ദ് സലാലുദ്ദീന്‍ പാഷയുടെ ആശ്രമത്തിലെ ശാരീരിക ന്യൂനതയുള്ള കുട്ടികള്‍ ഇന്നലെ കളക്ടറേറ്റ് മൈതാനിയില്‍ അവതരിപ്പിച്ച നൃത്തമാണ് ആസ്വാദകര്‍ക്ക് വിസ്മയം സമ്മാനിച്ചത്. 

ഇവരുടെ ആശ്രമത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 150 ഓളം ശാരീരിക ന്യൂനതയുള്ള കലാകാരന്മാരെ പരിശീലിപ്പിക്കുന്നുണ്ട്. ആംഗ്യഭാഷയിലുടെ നൃത്തച്ചുവടുകള്‍ പരിശീലിച്ച ഈ കൊച്ചുകലാകാരന്മാര്‍ ഇന്നു ലോകംതന്നെ കീഴടക്കിയ അതുല്യ പ്രതിഭകളാണ്. ഈ സംഘത്തിലെ ഒന്‍പതു പേരാണ് ഇന്നലെ കണ്ണൂരില്‍ നൃത്തമവതരിപ്പിച്ചത്. ഒരു മണിക്കൂര്‍ നീണ്ടുപരിപാടിയില്‍ ഏഴിനങ്ങളാണ് അവതരിപ്പിച്ചത്. പൂര്‍ണമായും വീല്‍ചെയറിലിരുന്നായിരുന്നു നൃത്തം. പ്രഗത്ഭ നര്‍ത്തകികളെ വെല്ലുന്ന വിധത്തില്‍ തനിമ നഷ്ടപ്പെടാതെ ഭഗവത്ഗീതയിലെയും രാമായണത്തിലെയും പ്രധാന ഭാഗങ്ങള്‍ ഇവര്‍ അവതരിപ്പിച്ചു. വീല്‍ ചെയറിന്റെ സഹായത്തോടെ പറയാനും കേള്‍ക്കാനും അറിയാത്ത കൊച്ചു സുന്ദരികള്‍ പിഴയ്ക്കാത്ത നൃത്തച്ചുവടുകളിലൂടെ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കുകയായിരുന്നു. 

ഡല്‍ഹി സ്വദേശിനികളായ അല്‍ക്ക (22), കരുണ (20), ജ്യോതി (20), പ്രിയ (25) എന്നീ വനിതകളും ആഷിക് ഉസ്മാന്‍, വിജയ്കുമാര്‍, മനീഷ്, ഹര്‍ബീര്‍, അജയ് എന്നീ യുവാക്കളുമാണു മാസ്മരികമായ നൃത്തചുവടുകളുമായി കലാഹൃദയം കീഴടക്കിയത്. നാലു പെണ്‍കുട്ടികളും സംസാരശേഷിയും കേള്‍വി ശേഷിയും ഇല്ലാത്തവരാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളിലായി പതിനായിരത്തിലേറെ വേദികളില്‍ ഈ സംഘം പരിപാടികള്‍ അവതരിപ്പിച്ചു കഴിഞ്ഞു. വീല്‍ചെയറിലൂടെ കാണിക്കുന്ന ശീര്‍ഷാസനവും മയൂരാസനവും വൈകല്യമില്ലാത്തവര്‍ക്കുപോലും നൃത്തച്ചുവടുകള്‍ക്കിടയില്‍ അവതരിപ്പിക്കുക എറെ പ്രയാസമാണ്. ഏറെ വിസ്മയം ജനിപ്പിക്കുന്ന നൃത്ത ചുവടുകള്‍ പരിശീലിപ്പിച്ചു ലോകത്തില്‍ തന്നെ അത്ഭുതം സൃഷ്ടിച്ച സെയ്ദിനു രാഷ്ട്രപതിയുടെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 

(ദീപിക)

ന്യൂനതകള്‍ മറന്നു വീല്‍ചെയറില്‍ അപൂര്‍വ നൃത്തവിരുന്ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക