Image

യുവതിയുടെ മരണത്തില്‍ ദുരൂഹത; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍

Published on 15 December, 2019
യുവതിയുടെ മരണത്തില്‍ ദുരൂഹത; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍
ആലുവ: സാമൂഹിക പ്രവര്‍ത്തക പൗളിന്‍ ജോസ് (58) കോയമ്പത്തൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതു സംബന്ധിച്ചു വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു ബന്ധുക്കള്‍! മുഖ്യമന്ത്രിക്കു പരാതി നല്‍കും. അപകടം നടന്ന കോയമ്പത്തൂരിലെ മധുക്കര പൊലീസ് സ്റ്റേഷനിലും ബന്ധുക്കള്‍ തിങ്കളാഴ്ച പരാതി നല്‍കും. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ എറണാകുളം റൂറല്‍ എസ്പിക്കു പരാതി നല്‍കിയെങ്കിലും സ്വീകരിച്ചില്ല.

അപകടം നടന്നത് മധുക്കര പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ആയതിനാലും പൊലീസ് സര്‍ജന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറിയതിനാലും അവിടെയാണു പരാതി നല്‍കേണ്ടതെന്ന റൂറല്‍ എസ്പിയുടെ നിര്‍ദേശ പ്രകാരമാണ് ബന്ധുക്കള്‍ അങ്ങോട്ടു പോകുന്നത്. മൃതദേഹം അങ്കമാലി എല്‍എഫ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണിപ്പോള്‍. കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന പൗളിന്‍ ജോസ് ഓട്ടിസം ബാധിച്ച കുട്ടികളെ കാണുന്നതിനു കോയമ്പത്തൂരിലേക്കു പോകുന്നുവെന്നാണു വീട്ടില്‍ പറഞ്ഞിരുന്നത്. പോകുന്ന വഴി പാലക്കാട് ഇറങ്ങുമെന്നും പറഞ്ഞിരുന്നു. പിന്നെ എന്തു സംഭവിച്ചുവെന്ന് അറിയില്ല.

കോയമ്പത്തൂരിലേക്കു പോകുന്നതിനു മുന്‍പ് പൗളില്‍ കാലടിയിലെ ഒരു ബാങ്കില്‍ നിന്നു 5 ലക്ഷം രൂപ പിന്‍വലിച്ചതായി വീട്ടുകാര്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്. മരണ സമയത്ത് പൗളിന്റെ പക്കലുണ്ടായിരുന്ന പണം, സ്വര്‍ണാഭരണങ്ങള്‍ എന്നിവയും തിരികെ ലഭിച്ചിട്ടില്ല.കഴിഞ്ഞ 9നു ബൈക്കിന്റെ പിന്നിലിരുന്നു പോകുമ്പോള്‍ ബൈക്ക് മറിഞ്ഞു പരുക്കേറ്റ പൗളിനെ കോയമ്പത്തൂരിലെ ആശുപത്രിയിലാക്കി എന്നാണു അവിടത്തെ പൊലീസില്‍ നിന്നു ബന്ധുക്കള്‍ക്കു കിട്ടിയ ഔദ്യോഗിക വിവരം. പൗളിന്റെ കൈവശം തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഉണ്ടായിരുന്നിട്ടും അപകട വിവരം വീട്ടുകാരെയോ കാലടി പൊലീസ് സ്റ്റേഷനിലോ അറിയിച്ചില്ല.

3 ദിവസത്തിനു ശേഷം മരണവിവരമാണു വീട്ടുകാര്‍ അറിയുന്നത്. അപകടമുണ്ടായ ബൈക്കിന്റെ നമ്പര്‍ ഉണ്ട് എന്നാണു കോയമ്പത്തൂരില്‍ ചെന്ന ബന്ധുക്കളോടു പൊലീസ് പറഞ്ഞത്. എന്നാല്‍ ബൈക്ക് കസ്റ്റഡിയില്‍ എടുത്തതായി അറിവില്ല. ബൈക്ക് ഓടിച്ചിരുന്നതാരാണ് എന്നതിലും വ്യക്തതയില്ല.വസ്തു സംബന്ധമായ ചില ആധാരങ്ങളും നഷ്ടപ്പെട്ടതായി വീട്ടുകാര്‍ സംശയിക്കുന്നു. സാമൂഹിക സേവനങ്ങളില്‍ സജ്ജീവമായിരുന്ന പൗളിന്‍ ജോസ് കൊറ്റമം സെന്റ് ജോസഫ് ഇടവകാംഗമാണ്. നേരത്തെ പള്ളിയിലെ ഗായക സംഘത്തില്‍ ഉണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക