Image

ദുരഭിമാന കൊല; അച്ഛന്‍ മകളെ കൊന്ന് കഷണങ്ങളാക്കി സ്യൂട്ട്‌കേസില്‍ ഉപേക്ഷിച്ചു

Published on 10 December, 2019
ദുരഭിമാന കൊല; അച്ഛന്‍ മകളെ കൊന്ന് കഷണങ്ങളാക്കി സ്യൂട്ട്‌കേസില്‍ ഉപേക്ഷിച്ചു
താനെ: യുവതിയെ കൊലപ്പെടുത്തി ശരീരം കഷണങ്ങളാക്കിയ ശേഷം സ്യൂട്ട് കേസിലാക്കി ഉപേക്ഷിക്കാന്‍ ശ്രമിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അരവിന്ദ് തിവാരി എന്ന നാല്‍പത്തിയേഴുകാരനാണ് മകള്‍ പ്രിന്‍സിയെ(22) കൊലപ്പെടുത്തിയതിന് പോലീസ് പിടിയിലായത്. മകള്‍ ഇതരസമുദായത്തില്‍ പെട്ട സഹപ്രവര്‍ത്തകനെ വിവാഹം ചെയ്യാനാഗ്രഹിച്ചതിന്റെ പേരിലാണ് കൊലപാതകം നടന്നത്.

പ്രിന്‍സിയുടെ ശരീരഭാഗങ്ങള്‍ സ്യൂട്ട്‌കേസിലാക്കി ഓട്ടോറിക്ഷയില്‍ കൊണ്ടുപോകുന്നതിനിടെ ഡ്രൈവര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അരവിന്ദ് തിവാരി സ്യൂട്ട്‌കേസ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പോലീസെത്തി നടത്തിയ പരിശോധനയിലാണ് ശരീരഭാഗങ്ങള്‍ കണ്ടത്. ശരീരത്തിന്റെ കീഴ്‌പോട്ടുള്ള ഭാഗമാണ് പെട്ടിയിലുണ്ടായിരുന്നതെന്നും ബാക്കി ഭാഗത്തിനായി അന്വേഷണം നടത്തുകയാണെന്നും പോലീസ് അറിയിച്ചു.

ബിരുദധാരിയായ പ്രിന്‍സി ജോലിയ്ക്ക് പോകാനാരംഭിച്ചിട്ട് ആറ് മാസമായി. ഒന്നിച്ച് ജോലി ചെയ്യുന്ന മുസ്ലിം യുവാവുമായി പ്രിന്‍സി പ്രണയത്തിലായതറിഞ്ഞ പിതാവ് നിരന്തരമായി കലഹിച്ചിരുന്നതായി മൊഴി നല്‍കിയിരുന്നു. യുവാവിനെ വിവാഹം കഴിക്കണമെന്ന തീരുമാനത്തില്‍ നിന്ന് പിന്‍മാറില്ലെന്ന പ്രിന്‍സിയുടെ നിലപാടാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പിന്തുടര്‍ന്നെത്തിയാണ് പെട്ടിയുപേക്ഷിച്ച് കടന്ന അരവിന്ദിനെ പോലീസ് പിടികൂടിയത്. വീട്ടിലെത്തി മകളെ കുറിച്ചന്വേഷിച്ച പോലീസിനോട് ആദ്യം അറിയാത്ത ഭാവം നടിച്ചെങ്കിലും തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ കൊലപാതകക്കുറ്റം സമ്മതിക്കുകയായിരുന്നു. താനെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക