Image

ക്ഷമയാണ് സിനിമയുടെ അടിസ്ഥാന ഘടകമെന്ന് ശാരദ

Published on 09 December, 2019
ക്ഷമയാണ് സിനിമയുടെ അടിസ്ഥാന ഘടകമെന്ന് ശാരദ
ചലച്ചിത്ര രംഗത്ത് എത്തുന്നവര്‍ക്ക് ഏറ്റവും യോഗ്യതയായി വേണ്ടത് ക്ഷമയാണന്ന് നടി ശാരദ. ഓരോ സിനിമകളില്‍ നിന്നും ഓരോ പുതിയ പാഠങ്ങളാണ് തനിക്കു ലഭിച്ചത്. എന്നാല്‍ സിനിമയെകുറിച്ചെല്ലാം അറിഞ്ഞുകൊണ്ടാണ് പുതുതലമുറ സിനിമാ രംഗത്ത് എത്തുന്നതെന്നും അവര്‍ പറഞ്ഞു. രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ചുള്ള ഇന്‍ കോണ്‍വര്‍സേഷന്‍ വിത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

പഴയ തലമുറ ഷൂട്ടിങ് സെറ്റുകളെ കുടുംബത്തെ എന്നപോലെയാണ് സമീപിച്ചിരുന്നത്. എന്നാല്‍ അത്രയും ആത്മസമര്‍പ്പണം പുതു തലമുറയ്ക്കില്ലന്നും അവര്‍ പറഞ്ഞു. കലയോട് തന്റെ മാതാവിനുള്ള അടങ്ങാത്ത സ്നേഹമാണ് തന്നെ ഒരു നടിയാക്കിയത്. മലയാള സിനിമയില്‍ നിന്നാണ് താന്‍ അഭിനയം പഠിച്ചതെന്നും ശാരദ പറഞ്ഞു. 

തുടര്‍ന്ന് ഷീലയുടെ ചലച്ചിത്ര ജീവിതം അനാവരണം ചെയ്യുന്ന 'തിര ഷീല'എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. തിരക്കഥാകൃത്ത് ദീദി ദാമോദരന്‍ തയ്യാറാക്കിയ പുസ്തകം ശാരദ നടി പ്രിയങ്കയ്ക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. 

നോ  ഫാദേഴ്സ് ഇന്‍ കാശ്മീര്‍'
വീണ്ടും പ്രദര്‍ശിപ്പിക്കും

പ്രേക്ഷകരുടെ ആഭ്യര്‍ത്ഥനമാനിച്ച് അശ്വിന്‍ കുമാറിന്റെ 'നോ ഫാദേഴ്സ് ഇന്‍ കാശ്മീര്‍' എന്ന ചിത്രം ഡിസംബര്‍ 12 ന് വീണ്ടും പ്രദര്‍ശിപ്പിക്കും.നിശാഗന്ധിയില്‍ വ്യാഴാഴ്ച രാത്രി 8.30നാണ് പ്രദര്‍ശനം. ഉച്ചയ്ക്ക് 12 ന് റെസ്സ മിര്‍കരീമി സംവിധാനം ചെയ്ത കാസില്‍ ഓഫ് ഡ്രീംസ് ശ്രീയില്‍ പ്രദര്‍ശിപ്പിക്കും.

ഡിസംബര്‍ 11 ന് ഉച്ചകഴിഞ്ഞു 3.30 ന് മോഹാനന്ദ് ഹയാല്‍ സംവിധാനം ചെയ്ത 'ഹൈഫ സ്ട്രീറ്റ്' കലാഭവനില്‍ പ്രദര്‍ശിപ്പിക്കും.

സാങ്കേതിക വിദ്യയിലെ മാറ്റങ്ങള്‍ സംവിധായകര്‍ക്ക്
വെല്ലുവിളിയാകുമെന്ന് ഓപ്പണ്‍ ഫോറം

സിനിമാ നിര്‍മ്മാണ രംഗത്തെ സാങ്കേതിക വിദ്യകളില്‍ വന്ന മാറ്റം നവ സംവിധായകര്‍ക്ക് വെല്ലുവിളിയാണെന്ന് ഓപ്പണ്‍ ഫോറം. സിനിമ കഥപറച്ചിലിനുമപ്പുറം ഒരു ദൃശ്യ ശ്രവ്യ അനുഭവമായിക്കൊണ്ടിരിക്കുകയാണന്ന് വൃത്താകൃതിയിലുള്ള ചതുരത്തിന്റെ സംവിധായകന്‍ കൃഷ്ണാന്ദ് പറഞ്ഞു. ഓരോ സിനിമയിലും പുതിയ അനുഭവമാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. ഈ പ്രതീക്ഷയാണ് സംവിധായര്‍ക്കു വെല്ലുവിളിയാകുന്നതെന്നും സാങ്കേതിക വിദ്യകള്‍ അനുവദിക്കുന്ന സ്വാതന്ത്ര്യത്തോടൊപ്പം ഇത്തരം വെല്ലുവിളികളും നേരിടാന്‍ സംവിധായകരും സാങ്കേതികപ്രവര്‍ത്തകരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പണ്‍ ഫോറത്തില്‍ സംവിധായകരായ ഫഹീം ഇര്‍ഷാദ്, ഛായാഗ്രാഹകന്‍ അന്‍സാര്‍ ഷാ, ദാമോദര്‍ പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

മൃണാള്‍സെന്നിനും ഗിരീഷ് കര്‍ണാടിനും ആദരം

രാജ്യാന്തരചലച്ചിത്ര മേളയില്‍ വിഖ്യാത സംവിധായകനായ മൃണാള്‍ സെന്നിനും ഗിരീഷ് കര്‍ണാടിനും ആദരം. മൃണാള്‍ സെന്നിന്റെ 1971 ല്‍ പുറത്തിറങ്ങിയ ഇന്റര്‍വ്യൂ എന്ന ചിത്രവും ഗിരീഷ് കര്‍ന്നാടിന്റെ സംസ്‌ക്കാര എന്ന ചിത്രവും പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് രാജ്യാന്തര ചലച്ചിത്രമേള ഇരുവര്‍ക്കും ആദരമര്‍പ്പിച്ചത്.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ ജീവിതമാണ് മൃണാള്‍ സെന്‍ സിനിമകളില്‍ പ്രമേയമാക്കിയതെന്ന് പ്രദര്‍ശനങ്ങള്‍ക്കു മുന്‍പ് ചലച്ചിത്ര നിരൂപകനായ പ്രദീപ് ബിശ്വാസ് പറഞ്ഞു. വൈവിധ്യങ്ങളുടെ ചലച്ചിത്രകാരനായിരുന്നൂ ഗിരീഷ് കര്‍ണാടെന്ന് ചലച്ചിത്ര നിരൂപകന്‍ ഐ. ഷണ്‍മുഖദാസ് അനുസ്മരിച്ചു.

മൃണാള്‍ സെന്നിന്റെ 19 ലധികം സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച കെ.കെ.മഹാജന്റെ പത്നി പ്രഭാമഹാജന്‍,ചലച്ചിത്ര നിരൂപകന്‍ ഐ.ഷണ്‍മുഖദാസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്സണ്‍ ബീനാപോള്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്.ഷാജി എന്നിവര്‍ പങ്കെടുത്തു. ഗിരീഷ് കര്‍ണാടിനെക്കുറിച്ച് മധു ജനാര്‍ദ്ദനന്‍ എഴുതിയ കലയിലെ നിലപാടുകള്‍ എന്ന പുസ്തകം പ്രദീപ് ബിശ്വാസ് ഷണ്‍മുഖദാസിന് നല്‍കി പ്രകാശനം ചെയ്തു. 

ഇന്ത്യ-ചൈന ബന്ധം ശക്തമാക്കണമെന്ന് 
ഷിങ് ഷിന്‍യാന്‍

ഇന്ത്യ-ചൈന സുഹൃത് ബന്ധം കൂടുതല്‍ ശക്തമാക്കണമെന്ന് ചൈനീസ് ഫിലിം അക്കാദമി അധ്യക്ഷന്‍ ഷിങ് ഷിന്‍യാന്‍. അതിലൂടെ എല്ലാതരത്തിലുമുള്ള സിനിമാ ആശയങ്ങളും ചൈനയ്ക്കു ഇന്ത്യയുമായി പങ്കുവയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പഴയ സിനിമകള്‍ റെസ്റ്റോര്‍ ചെയ്യുമ്പോള്‍ കാലപ്പഴക്കം പ്രധാനമാണെന്നും ഫിലിമുകളില്‍ സൂക്ഷിക്കുന്ന ചിത്രങ്ങളുടെ ആയുസ് കുറവാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ജാക്കിച്ചാന്‍, ബ്രൂസ് ലി തുടങ്ങിയവരുടെ പുനരുദ്ധാരണം നടത്തിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീന പോള്‍, സെക്രട്ടറി മഹേഷ് പഞ്ചു എന്നിവര്‍ പങ്കെടുത്തു.
ക്ഷമയാണ് സിനിമയുടെ അടിസ്ഥാന ഘടകമെന്ന് ശാരദക്ഷമയാണ് സിനിമയുടെ അടിസ്ഥാന ഘടകമെന്ന് ശാരദക്ഷമയാണ് സിനിമയുടെ അടിസ്ഥാന ഘടകമെന്ന് ശാരദക്ഷമയാണ് സിനിമയുടെ അടിസ്ഥാന ഘടകമെന്ന് ശാരദക്ഷമയാണ് സിനിമയുടെ അടിസ്ഥാന ഘടകമെന്ന് ശാരദ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക