Image

ജെയിംസ് കുരീക്കാട്ടിലിന്റെ 'മല്ലുക്ലബ്ബിലെ സദാചാര തര്‍ക്കങ്ങള്‍' എന്ന പുസ്തകം ഒരു അവലോകനം(ചാക്കോ കളരിക്കല്‍)

ചാക്കോ കളരിക്കല്‍ Published on 07 December, 2019
ജെയിംസ് കുരീക്കാട്ടിലിന്റെ 'മല്ലുക്ലബ്ബിലെ സദാചാര തര്‍ക്കങ്ങള്‍' എന്ന പുസ്തകം  ഒരു അവലോകനം(ചാക്കോ കളരിക്കല്‍)
ഈ അടുത്ത കാലത്ത്, ശ്രീ ജെയിംസ് കുരീക്കാട്ടില്‍ എഴുതി ഫ്രീ തിങ്കേഴ്‌സ് പബ്ലിക്കേഷന്‍സ്, കണ്ണൂര്‍ പ്രസിദ്ധീകരിച്ച 'മല്ലുക്ലബ്ബിലെ സദാചാര തര്‍ക്കങ്ങള്‍' എന്ന പുസ്തകം വായിക്കുവാനിടയായി. കഴിഞ്ഞ പത്തുപതിനഞ്ചു വര്‍ഷത്തിനിടെ അമേരിക്കയിലേയ്ക്ക് കുടിയേറിയ വിദ്യാസമ്പന്നരായ മലയാളികളുടെ സൗഹൃദ കൂട്ടായ്മകളിലെ വര്‍ത്തമാനങ്ങളില്‍, വാഗ്‌വാദങ്ങളില്‍, തര്‍ക്കങ്ങളില്‍ കടന്നുകൂടിയ സദാചാര പരസ്യപ്രകടനങ്ങള്‍ വിമര്‍ശനാത്മക മനസ്സോടെ വിലയിരുത്തി എഴുതിയ എട്ട് തര്‍ക്കങ്ങളും അഞ്ച് സ്വാതന്ത്രചിന്ത ആത്മഗതങ്ങളും ഉള്‍ക്കൊണ്ടതാണ് ഈ പുസ്തകം. വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും ഉന്നതിയില്‍ എത്തിയെന്നുകരുതുന്ന മലയാളി പുതുതലമുറയുടെ ഇടയിലും സദാചാരം നാലുനേരവും വിളമ്പുന്ന ഞരമ്പുരോഗികള്‍ എന്തുകൊണ്ട് വര്‍ധിക്കുന്നു എന്നതിലേക്ക് ഒരു വിരല്‍ ചൂണ്ടലുകൂടിയാണ് ഈ പുസ്തകമെന്ന് എനിയ്ക്കുതോന്നി.

സദാചാരം എന്നുവെച്ചാല്‍ നല്ല ആചാരങ്ങള്‍, സദ് പ്രവര്‍ത്തികള്‍, നല്ല ശീലങ്ങള്‍ എന്നൊക്കെയാണല്ലോ പൊതുവില്‍ നാം ധരിക്കേണ്ടത്. എന്നാല്‍ ഒരു മലയാളിക്ക് ലൈംഗിക സദാചാരമാണ് സദാചാരം. എല്ലാം ഒരു ലൈംഗിക കണ്ണോടെ നോക്കുന്ന സ്വഭാവമാണ് മലയാളിയുടേത്. ഒരു പെണ്ണും ഒരു ആണും അടുത്തിരുന്നാല്‍ അത് ചീത്തപ്രവര്‍ത്തി ആകുകയില്ല. പക്ഷെ ലൈംഗിക കണ്ണോടെ നോക്കുന്ന ഒരാള്‍ക്ക് അത് ലൈംഗിക സദാചാര മര്യാദ ലംഘിക്കുന്നതായി തോന്നിയെന്നിരിക്കാം. ഒരു ചിത്രം, അത് വളരെ കലാമൂല്യം ഉള്ളതാണെങ്കില്‍പോലും, അല്പം നഗ്‌നതയുണ്ടായാല്‍ മലയാളിക്കത് അശ്ലീലമാണ്. ഈ പുസ്തകത്തിന്റെ പുറംചട്ടയിലെ പടംപോലും ചിലര്‍ക്ക് ലൈംഗിക സദാചാര ലംഘനമായി തോന്നിയേക്കാം. ഒരു കലാരൂപത്തില്‍ വിശുദ്ധന്റെ മുഖം നോക്കുന്ന മലയാളി നിരാശനാകും. കാരണം ലൈംഗിക സദാചാരം വിട്ടുള്ള ഒരു കളിയും മലയാളിക്കില്ല.

ഒരു കാലത്ത് തുറന്ന ലൈംഗികതയുടെ ബിംബങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന അമ്പലങ്ങളും മറ്റുമുള്ള നമ്മുടെ നാട്ടില്‍ ഇപ്പോള്‍ എല്ലാം വിലക്കപ്പെട്ടതായി മാറിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ലൈംഗിക സദാചാരം ചിലപ്പോള്‍  അനാചാരമാകാം. അത് സങ്കുചിത നിലപാടിലേയ്ക്ക് നയിച്ചെന്നിരിക്കാം. ജീന്‍സിട്ട പെണ്ണുങ്ങളെ 'സാധന'മായി കാണുന്നവര്‍ സദാചാരത്തിന്റെ മറവില്‍  സ്ത്രീവേഷത്തിന്മേലുള്ള യുദ്ധപ്രഖ്യാപനമാണ്. ജീന്‍സിട്ട് പള്ളിയില്‍ വരാന്‍ പാടില്ലെന്ന് കല്പിക്കുന്ന വികാരി സദാചാര പൊലീസിന്റെ റോളാണെടുക്കുന്നത്. മതനിയമവും രാജ്യനിയമവും ഒന്നായി കാണുന്ന സൗദി അറേബ്യയില്‍ സദാചാര പോലീസുതന്നെയുണ്ട്. എന്നാല്‍ മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ സദാചാര പോലീസും സദാചാര ഗുണ്ടായിസവും വിപത്താണ്. സ്ത്രീകളെ പുരുഷന്റെ കാമം തീര്‍ക്കാനുള്ള സാധനമായി കാണുന്നവര്‍ മനസ്സിലാക്കേണ്ടത് ഒട്ടും നാണമില്ലാതെ പെണ്ണുങ്ങള്‍ മുലകള്‍ കാണിച്ചു പെരുവഴിയില്‍കൂടി നടന്നിരുന്ന നാടാണ് നമ്മുടേതെന്നാണ്.

ലൈംഗികത പാപമായി പഠിപ്പിക്കുന്ന സെമറ്റിക് മതങ്ങള്‍ ലൈംഗികപാപങ്ങള്‍ പാപങ്ങളിലെ രാജവെമ്പാലയായിട്ടാണ് കാണുന്നത്. വിദ്യാലയങ്ങളില്‍, ആരാധനാലയങ്ങളില്‍, സാമൂഹ്യകൂട്ടായ്മകളില്‍, മതങ്ങള്‍ സ്ത്രീപുരുഷ ബന്ധങ്ങളില്‍ തീര്‍ക്കുന്ന വന്‍ മതില്‍, കൂടാതെ കുട്ടിക്കാലത്ത് ഇളം തലയില്‍ അടിച്ചേല്‍പ്പിക്കുന്ന ലൈംഗികതയെ സംബന്ധിക്കുന്ന അബദ്ധധാരണകള്‍ എല്ലാം ബുദ്ധിവൈകല്യമുള്ള തലമുറയെയാണ് രൂപപ്പെടുത്തുന്നത്; ലൈംഗിക സദാചാരത്തെ പൊക്കിപ്പിടിച്ചുനടക്കുന്ന മനോരോഗികളെയാണ് സൃഷ്ടിക്കുന്നത്. 'മാതാഹാരിയും മല്ലു ക്ലബും', 'മല്ലു ക്ലബിലെ ലൈംഗിക സദാചാര തര്‍ക്കങ്ങള്‍' എന്നീ മൂന്നാമത്തെയും നാലാമത്തെയും തര്‍ക്കകഥകളില്‍ ശ്രീ കുരീക്കാട്ടില്‍ ബാലന്‍സോടെ വിഷയം വിശകലനം ചെയ്തിട്ടുണ്ട്.
അടിച്ചമര്‍ത്തപ്പെട്ട ലൈംഗികത അപകടകരമാണ്. കാരണം അടിസ്ഥാന ലൈംഗിക ചോദന നിഷേധിക്കുമ്പോള്‍ സ്വകാര്യതയില്‍കൂടി അത് പുറത്തേയ്ക്കുവരും. ഇന്റ്റര്‍നെറ്റ് സെക്‌സിന്റെ ഉപഭോക്താക്കള്‍ കടുത്ത ലൈംഗിക സദാചാരം പ്രസംഗിക്കുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളാണ്. മനസ്സിലാണ് കപട ലൈംഗിക സദാചാരത്തിന് മാറ്റം വരേണ്ടത്; അത്തരം വ്യക്തികളുടെ മാനസിക നിലയ്ക്കാണ് ചികില്‍സിക്കേണ്ടത്.
സത്യം പ്രചരിപ്പിക്കാനുള്ള ബാദ്ധ്യത മതങ്ങള്‍ക്കാണുള്ളത്.  എന്നാല്‍ അസത്യം പ്രചരിപ്പിക്കുകയാണ് ഇന്ന് മതങ്ങള്‍ ചെയ്യുന്നത്. ജനങ്ങള്‍ക്ക് തിരിച്ചറിവുണ്ടായി അതില്‍നിന്നും മോചനം നേടണം. 

ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നതാണ് പോലീസിന്റെ ജോലി. സദാചാരത്തിന്റെ ലവലുനിശ്ചയിക്കാന്‍ എന്തിന് പോലീസ്? തന്റെ സദാചാര നിലവാരത്തിന് പറ്റിയതല്ലെന്ന് തോന്നിയാല്‍ സദാചാര ഗുണ്ടായിസം കളിക്കാനും മലയാളി മടിക്കാറില്ല. ആരുടേയും ഔദാര്യമല്ല സ്വാതന്ത്ര്യം. അത് ഒരാളുടെ അവകാശമാണ്. കപട ലൈംഗിക സദാചാര വിഷയത്തില്‍ പുരുഷാധിപത്യം കൊടികുത്തിവാഴുന്ന നമ്മുടെ നാട്ടിലെ സ്ത്രീകളാണ് ഇരകളാകുന്നത്.  വികലവും കാലഹരണപ്പെട്ടതുമായ ചില മൂല്യങ്ങളുടെ തായ് വേര് ആഴത്തില്‍ ഇറങ്ങിയിട്ടുള്ള ഒരു സമൂഹത്തില്‍ സദാചാരവിഷയം തന്നെ വളരെ സങ്കീര്‍ണമാണ്. 

മുമ്പ് ഞാന്‍ സൂചിപ്പിച്ചതുപോലെ, ഈ പുസ്തകത്തില്‍ പ്രധാനമായി രണ്ട് ആശയങ്ങളാണ് മുന്നോട്ടുവെക്കുന്നത്  കപട സദാചാര വിഷയങ്ങള്‍, കൂടാതെ സ്വതന്ത്ര ചിന്ത. സദാചാരത്തിന്റെ മാനങ്ങള്‍ നിര്‍ണയിക്കുന്ന മതമാകുന്ന ഇത്തിക്കണ്ണി കയറിപ്പിടിച്ചിരിക്കുന്ന, ആള്‍ദൈവങ്ങളെ എല്ലാത്തരത്തിലും പരിപോഷിപ്പിക്കുന്ന ഒരു സമൂഹത്തോടാണ്, സ്വതന്ത്ര ചിന്തകരും യുക്തിവാദികളും നിരീശ്വര വാദികളും എല്ലാം പയറ്റേണ്ടത്. അത്തരം സമൂഹത്തില്‍ ശാസ്ത്രീയ മനോഗതി വളര്‍ത്തിയെടുക്കുക ദുഷ്‌ക്കരം തന്നെ. നൂറു വര്‍ഷത്തിനു മുമ്പുണ്ടായിരുന്ന നവോദ്ധാനം ഇന്ന് കൈമോശം വന്നുകൊണ്ടിരിക്കക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. ശ്രീ കുരീക്കാട്ടില്‍ ആമുഖത്തില്‍ എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക: 'ഈ തര്‍ക്കങ്ങളില്‍ സ്വാതന്ത്രചിന്തയുടെ വെളിച്ചമുണ്ട്. മതങ്ങള്‍ നമ്മുടെ ഇടയില്‍ തീര്‍ത്ത വിഭജനങ്ങളെയും വിദ്വേഷത്തെയും അതിജീവിക്കാനുള്ള ആഹ്വാനമുണ്ട്. നമ്മുടെ പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീ പുരുഷ സമത്വത്തിനും ലിംഗനീതിക്കും വേണ്ടിയുള്ള മുറവിളിയുണ്ട്. രാജ്യസ്‌നേഹമെന്ന പീരില്‍ തീവ്രദേശീയത വളര്‍ത്തുന്നവര്‍ക്കുള്ള മുന്നറിയിപ്പുണ്ട്.' അതാണീപുസ്തകം. ഗ്രന്ഥകര്‍ത്താവ് എന്ത് ഉദ്ദേശിക്കുന്നുവോ അത് അനുവാചകരുടെ ചിന്തയിലേക്ക്  പകരാന്‍ സാധിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ ഈ പുസ്തകം വായിക്കുന്ന ഏവരും ഏകാഭിപ്രായക്കാരായിരിക്കുമെന്നാണ് എന്റെ നിഗമനം.

കണ്ണൂര്‍ ജില്ലയില്‍ ജനിച്ച ഗ്രന്ഥകര്‍ത്താവ്  ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും  ബി എഡും എടുത്തശേഷം നീണ്ട പതിനാറ് വര്‍ഷം അധ്യാപകനായിരുന്നു. ഒരു മാതൃകാ അധ്യാപകന്റെ ഗുണങ്ങള്‍ അദ്ദേഹത്തിന്റെ തര്‍ക്കാവതരണങ്ങളിലും ആത്മഗതങ്ങളിലും വ്യക്തമാണ്. കപട ലൈംഗിക സദാചാര ചിന്തകളും സങ്കുചിത മനഃസ്ഥിതിയും പേറി  പാശ്ചാത്യ ദേശങ്ങളിലേയ്ക്ക് കുടിയേറിയ പുതുതലമുറയെ ചിന്തിപ്പിക്കാനും അമേരിക്കയിലെ നല്ല ജീവിത സമ്പ്രദായങ്ങളെ ആശ്ലേഷിക്കാനും പ്രചോദനമാകുന്ന ഈ പുസ്തകം എല്ലാവരും തുറന്ന മനസ്സോടെ  വായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ സ്വതന്ത്ര ചിന്തകനെ അനുമോദിക്കുന്നതിനോടൊപ്പം നല്ല നല്ല കൃതികള്‍ അദ്ദേഹത്തില്‍നിന്നും ഇനിയും ഉണ്ടാകട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു. ഗ്രന്ഥകര്‍ത്താവിന്റെ ഇമെയില്‍: kureekkaattil@gmail.com

ജെയിംസ് കുരീക്കാട്ടിലിന്റെ 'മല്ലുക്ലബ്ബിലെ സദാചാര തര്‍ക്കങ്ങള്‍' എന്ന പുസ്തകം  ഒരു അവലോകനം(ചാക്കോ കളരിക്കല്‍)ജെയിംസ് കുരീക്കാട്ടിലിന്റെ 'മല്ലുക്ലബ്ബിലെ സദാചാര തര്‍ക്കങ്ങള്‍' എന്ന പുസ്തകം  ഒരു അവലോകനം(ചാക്കോ കളരിക്കല്‍)
Join WhatsApp News
BENNY KURIAN, New Jersey 2019-12-08 05:49:31
Waiting to read the book.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക