Image

കാളഭൈരവന്‍ - ഒരു കാലഘട്ടം അടയാളപ്പെടുന്ന നാടകം (കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി)

Published on 05 December, 2019
കാളഭൈരവന്‍ - ഒരു കാലഘട്ടം അടയാളപ്പെടുന്ന നാടകം (കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി)
കല്ലടിക്കോട്ട് കരിനീലിക്ക് കാളപ്പുറമേറിവന്ന കരിയാത്തനില്‍ പിറവികൊണ്ടകുട്ടി കളയാട്ടു ചെറിയാത്തന്‍ എന്ന കാളഭൈരന്റെ കഥ പറഞ്ഞ് ഇ.സി.ദിനേശന്‍അരീക്കോട് അതിന് നാടകാവിഷ്ക്കാരംനല്‍കിയ സ്ര്‍ഷടിയാണ് കാളഭൈരവന്‍ എന്ന പുതുമയാര്‍ന്ന നാടകം.

2016, 17 വര്‍ഷത്തിലെ മികച്ചനാടകരചനക്കുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ച ഈ സൃഷ്ടി പാരമ്പര്യ നാടക സങ്കല്‍പ്പങ്ങള്‍ക്ക് അന്യമാണ്. കവി പി.പി രാമചന്ദ്രന്‍ അവതാരികയില്‍ കുറിച്ചതുപോലെ " ഏറനാട്ടിലെ കണക്കസമുദായത്തിന്റെ മിത്തും ജീവിതവും പശ്ചാത്തലമാക്കി രചിച്ച ഒരു അപൂര്‍വ്വ വാങ്ങ്മയമാണ് കാള ഭൈരവന്‍ " ( അവതാരികയില്‍) പശ്ചിമഘട്ടത്തിനു താഴെ കിഴക്ക് മലയാളം മുവായിരം അഥവാ മലയാളംതമ്പിരാന്‍ കാളികാവ് വെന്തോടന്‍ പടിയിയിലും പടിഞ്ഞാറ് പരിയാരത്തുമുത്തന്‍ എടവണ്ണ പത്തപിരിയത്തും വടക്ക് തച്ചോം മുത്തന്‍ ഊര്‍ങ്ങാട്ടിരിയിലും തെക്ക് മറ്റത്തൂര്‍ തേവര്‍ മലപ്പുറം മറ്റത്തൂരുമായി കുടികൊള്ളുന്ന ക്ഷേത്രങ്ങളില്‍ കണക്ക സമുദായത്തിന്റെ ആചാരാനുഷ്ഠാനോല്‍സവങ്ങള്‍ കൊടിയേറുന്നു. ഈ ഭാഗങ്ങള്‍ക്കിടയില്‍ തങ്ങളുടെ ജീവിതം കരുപിടിപ്പിക്കുന്ന മണ്ണിന്റെ മക്കളുടെ തനതു ജീവിതവും ഭാഷയും ആദ്യമായി അടയാളപ്പെടുന്ന ഒരു സാഹിത്യ സൃഷ്ടിയെന്ന പ്രത്യേകതയും ഈ ലഘു നാടകത്തിനുണ്ട്.

ശരിക്കുംഇതൊരു കഥയും കവിതയും രംഗാവിഷ്ക്കാരവും മിശ്രിതമായി സമ്മേളിച്ച ഒരു പുതുനാടക പരീക്ഷണം തന്നെയാണ്. സ്‌റ്റേജിനും നടനത്തിനും ഉള്ളതിലേറെ പ്രധാന്യം അരനൂറ്റാണ്ടിനും അപ്പുറമുള്ള ഒരു പ്രത്യേക ജനവിഭാഗത്തിന്റെ ജീവിതാചാരങ്ങളും അനുഷ്ഠാനങ്ങളും മിത്തും യാഥാര്‍ത്ഥ്യവും നിറഞ്ഞ സങ്കല്‍പ്പങ്ങളും അവരുടെ തനതു ഭാഷയില്‍നിന്നും തെല്ലിട മാറാതെ ആവിഷ്ക്കരിക്കുന്നതില്‍ ഇ.സി.ദിനേശന്‍ അസാമാന്യ വൈഭവം പുലര്‍ത്തിഎന്നു തന്നെ പറയണം.

"വല്ല്യാത്ത അരയില്‍ തൂങ്ങിയ കുറ്റിപ്പാളയില്‍നിന്നും റാക്കിന്‍ കുപ്പിയെടുത്ത് തുറുവ കടിച്ചുതുപ്പി" അറ്റംകലായി, തന്റെ കന്ന് രാക്കംകേട്ടാല്‍, പുര്‍ത്താള്‌പെറുക്കല്‍.... തുടങ്ങിയ പ്രയോഗങ്ങളില്‍ അന്യം നിന്നുപോയ ഒരു ഭാഷയേയും സംസ്ക്കാരത്തേയും പരിചയപ്പെടുത്തുന്നതോടെ ഇത് വലിയൊരു സാംസ്കാരിക ചരിത്ര ദൗത്യമായി മാറുന്നുണ്ട്.

ഒടിമറിഞ്ഞ് ഗ്രാമങ്ങളിലാകെ ഭീതി പരത്തിയിരുന്ന ഒടിയന്‍ പാണംകുട്ടിയെ മേത്ത് (ശരീരത്തില്‍) ഒരു നൂലുംകൂടിയില്ലാതെ കളത്തില്‍ കുത്തിവെച്ചിരുന്ന പിച്ചാത്തിപ്പടിയില്‍ കൈയിട്ടിരുന്ന കഥകള്‍ പഴയതലമുറ ചായമക്കാനികളിലെ ബെഞ്ചിലും പടിയിലുംഇരുന്ന് സൊറക്കൂട്ടത്തില്‍ പറഞ്ഞുരസിച്ചിരുന്ന ആ കാലഘട്ടത്തിന്റെ പുനരാവിഷ്ക്കാരം കണക്കവിഭാഗത്തിന്റെ തനതു ഭാഷയിലൂടെ കാള ഭൈരവനില്‍ അടയാളപ്പെടുന്നു.

പാണരും പറയരും ഒടിമറിഞ്ഞെത്തി അന്നൊക്കെ ചില പ്രദേശങ്ങളില്‍ ഭീതി പരത്തിയിരുന്നു എന്ന സങ്കല്‍പ്പം കാലങ്ങളോളം ഏറനാടിന്റെ നാട്ടിന്‍ പുറങ്ങളില്‍ നിലനിന്നിരുന്നു. അതൊക്കെ സാങ്കേതികവിദ്യ വളര്‍ന്നു വികസിച്ചതോടെ പാടേ തകിടം മറിയുകയാണുണ്ടായത്. എന്നാലും അടിച്ചമര്‍ത്തലിനും ജന്‍മിത്തത്തിന്റെ മുഷ്ക്കിനും മുമ്പില്‍ ആ സങ്കല്‍പ്പം അടിയാളരുടെ ഒരു പ്രതിരോധ കവചം തന്നെയായിരുന്നു. അതു കൊണ്ടായിരിക്കാം ഒടിയന്‍ എന്ന മുദ്ര ചാര്‍ത്തിക്കിട്ടിയ അടിയാളന് സമൂഹത്തില്‍ അന്നൊരു വീര പരിവേഷം ഉണ്ടായിരുന്നത്.
പ്രത്യേകിച്ച് ദളിതര്‍ക്കും മുസ്ലിം മാപ്പിളമാര്‍ക്കുമിടയില്‍ ദൃഡമായി നിലനിന്നിരുന്ന ഒരു ഐക്യപ്പെടല്‍ ഈ വിഭാഗങ്ങള്‍ക്കിടയിലെ ഉത്സവകാലങ്ങളിലെ ചടങ്ങുകളിലെല്ലാം പ്രകടമാവുകയും ചെയ്തിരുന്നു. അതിലേക്ക് വെളിച്ചം വീശുന്ന ധാരാളം ശീലുകള്‍ ഈ നാടകത്തിന്റെ വാങ്ങ്മയങ്ങളില്‍ സൂക്ഷ്മമായി അടയാളപ്പെട്ടുകിടക്കുന്നത് പുതുതലമുറക്ക് പഠനവിധേയമാക്കാന്‍ ഉപകരിക്കുന്നതു കിടയാണ്.

കുണ്ടനുരലിന്റെ കുഴിയില്‍ ഉലക്കച്ചിറ്റ് ചെന്നുവീഴുന്ന താളമുയര്‍ന്നിരുന്ന ഒരു കാലത്തില്‍നിന്ന് കരിങ്കല്ല് കടിച്ച് ചമക്ക്ണ ഇരുമ്പും ചൈത്താന്റെ മുമ്പില് മുട്ടുകുത്തി "പോയല്ലോതമ്പിരാനേ "എന്ന് വിലപിക്കുന്ന ഒരു നിലയിലേക്ക് ഒരു ജനതയുടെ വിലാപം ക്വാറികള്‍ക്കുവേണ്ടി കുടിയിറക്കപ്പെടാന്‍ വിധിക്കപ്പെട്ട പാര്‍ശ്വവല്‍കൃതരുടെ പ്രതിരോധ മായി ഈ നാടകത്തില്‍ അലയടിക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ പുതുകാലത്തിന്റെ ജനപക്ഷ രാഷ്ടീയദൗത്യം കൂടിയായി ഈ നാടകം അതിന്റെ സാമൂഹ്യ പ്രതിബദ്ധത എടുത്തുകാട്ടുന്നുണ്ട്.
കാരിക്കുട്ടി വല്ലാത്തയും കുഞ്ഞാടി, ഉണ്ണിപ്പേരി, ന്യൂജെന്‍ തലമുറയിലെ ദേവന്‍, വെടിക്കാരന്‍ മായിന്‍... തുടങ്ങിയ കഥാപാത്രങ്ങളിലൂടെ കണക്ക വിഭാഗത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും കുലദൈവങ്ങളുടെ പ്രാചീനഭാഷയും പരിസ്ഥിതിയോടും മണ്ണിനോടുമുള്ള പ്രതിബദ്ധതയുമെല്ലാം 80 പേജുകളില്‍ ആറ്റിക്കുറുക്കിയെടുത്ത കാളഭൈരവന്‍ സമ്പൂര്‍ണ്ണ മൗലികതയാര്‍ന്ന കഥയും കവിതയും നാടകീയാംശവും ഭാഷാവിശുദ്ധിയും എല്ലാം സമ്മിശ്രമായി സമ്മേളിച്ച ഒരപൂര്‍വ്വ സൃഷ്ടിയായി പരിഗണിക്കേണ്ടതുണ്ട്.

പ്രസാധകര്‍: റാസ്‌ബെറി ബുക്ക്‌സ്, കോഴിക്കോട്.
വില: 80 രൂപ

കാളഭൈരവന്‍ - ഒരു കാലഘട്ടം അടയാളപ്പെടുന്ന നാടകം (കുഞ്ഞിമുഹമ്മദ് അഞ്ചച്ചവിടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക