Image

മറന്നുവയ്ക്കുന്നത് (കവിത: മിത്ര. എസ് .റാം)

മിത്ര. എസ് .റാം Published on 19 November, 2019
മറന്നുവയ്ക്കുന്നത് (കവിത:  മിത്ര. എസ് .റാം)
വെയില്‍ത്തുമ്പ് തൊട്ടൊന്നു പൊള്ളി
വിയര്‍പ്പു തുടയ്ക്കാന്‍ നോക്കിയപ്പോഴാണ്
തൂവാല കാണുന്നില്ല.

എപ്പോഴായിരിക്കാം കളഞ്ഞു പോയത്?
ചോദിക്കാതെ പെയ്ത മഴയെ ശപിച്ചു
കുട തുറക്കാന്‍ നോക്കിയപ്പോഴാണ്
കുട കാണുന്നില്ല.

എവിടെയായിരിക്കാം മറന്നു വച്ചത് ?
ഇതിപ്പോള്‍ എത്രാമത്തെയാണ്,

കുട,
പേന,
ചോറ്റുപാത്രം,
കണ്ണട..
മറന്നുവയ്ക്കുന്നതും
കളഞ്ഞു പോകുന്നതുമായി
ലിസ്റ്റിന് നീളം കൂടുകയാണ്

എന്നാല്‍,
ഇതിലൊന്നും പെടാതെ
എവിടെ കളഞ്ഞാലും
എവിടെ മറന്നു വച്ചാലും
കൃത്യമായി കൂടെ തന്നെ വരുന്നുണ്ട്
ഉടലില്ലാത്തൊരു
ഭൂതകാലം..

മറന്നുവയ്ക്കുന്നത് (കവിത:  മിത്ര. എസ് .റാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക