Image

നിനക്കു നീതന്നെ കാവലാള്‍ (ഗീത രാജീവ്)

Published on 15 November, 2019
നിനക്കു നീതന്നെ കാവലാള്‍ (ഗീത രാജീവ്)
ഞാന്‍ ഇംഗ്ലണ്ടില്‍ വന്നകാലം ലണ്ടന്‍ എന്ന നഗരത്തിലേക്ക് പതുക്കെ പതുക്കെ പിച്ചവെച്ചിറങ്ങുന്നതിന്റെ ഭാഗമായി ഇവിടുത്തെ ലൈബ്രറി , കമ്മ്യൂണിറ്റി സെന്റ്ററുകള്‍ , പള്ളികള്‍ , അമ്പലങ്ങള്‍ ഇവിടെയൊക്കെ നടക്കുന്ന ചെറിയചെറിയ സെമിനാറുകളിലും ആഘോഷങ്ങളിലും ഒക്കെ പങ്കെടുക്കാനായി പോകാറുണ്ടായിരുന്നു . അവിടെച്ചെല്ലുമ്പോള്‍ മുന്‍ സീറ്റുകളൊക്കെ ഒഴിഞ്ഞു കിടക്കുകയാവും . ഞാന്‍ അവിടെ കയറിയിരിക്കും .ഏതെങ്കിലുമൊരു വാളണ്ടിയര്‍ വളരെ വിനയത്തോടെ വന്നു പറയും . sorry ,ഇതു കുട്ടികള്‍ക്കും പ്രായമുള്ളവര്‍ക്കുമുള്ളതാണ് . അങ്ങനെ ഒന്നുരണ്ടു പ്രാവശ്യം അബദ്ധം പറ്റി കഴിഞ്ഞപ്പോള്‍ ഈ രാജ്യം കുട്ടികളോടും പ്രായമുള്ളവരോടും അംഗവെകല്യം ഉള്ളവരോടും കാട്ടുന്ന ആദരവു മനസിലായി .

പ്രായമായവര്‍ , കുട്ടികളുമായി അമ്മമാര്‍ ഇവരൊക്കെ ബസ്സില്‍ കയറാന്‍ കടന്നു വരുമ്പോള്‍ ഡ്രൈവര്‍ അവര്‍ ആവശ്യപ്പെടാതെ തന്നെ ബസിന്റെ പടിതാഴ്ത്തി കൊടുക്കുന്നു .ട്രയിനില്‍ ,ആശുപത്രിയില്‍ , ഷോപ്പിംഗ് സെന്ററു കളിലെല്ലാം ഈ ആദരവു ആവര്‍ത്തിക്കപ്പെടുന്നു . അങ്ങനെ കണ്ടും കേട്ടും ഞാനും അത്തരം ചില മര്യാദകളുമായി ഇഴുകി ചേര്‍ന്നു . പിന്നെ ജോലിസംബന്ധമായി ആ ഫില്‍ഡിലേക്ക് കൂടുതല്‍ ഇറങ്ങി ചെല്ലാനായപ്പോള്‍, കുട്ടികളെയും മുതിര്‍ന്നവരെയും അവര്‍ ഒരു സെക്ടറില്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നു പഠിച്ചു . 'സോഷ്യല്‍കെയര്‍ സെക്ടര്‍' എന്നു പറയും . ആ ഫില്‍ഡില്‍ ജോലിചെയ്യുക എന്നത് അത്ര സരളമല്ല . പതിനെട്ടു വയസ്സു വരെ കുട്ടികള്‍ക്കു വിദ്യാഭ്യാസം ട്രന്‍സ്പോര്‍ട്ടേഷന്‍, ചികിത്സ എന്നിവ ഫ്രീ ആയിരിക്കുന്നതുപോലെ 60 തു കഴിഞ്ഞവര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും ഫ്രീയാണ് .

അപ്പോഴൊക്കെ പാത്തും പതുങ്ങിയും നിന്നു ബസ്സില്‍ കയറാന്‍ വരുന്ന നമ്മുടെ കുട്ടികളെ ഞാന്‍ ഓര്‍ക്കാറുണ്ട് ..മാറി നില്‍ക്കു മാറി നില്‍ക്കുയെന്നു പറയുന്ന മുതിര്‍ന്നവരുടെ ഘനമുള്ള ശബ്ദം മറക്കാനാവില്ല .സീറ്റുകള്‍ ഒഴിഞ്ഞു കിടന്നാല്‍ പോലും ഇരിക്കാന്‍ അറച്ചു നില്‍ക്കുന്ന കുട്ടികളുടെ കണ്ണുകളിലേക്കു നാം എപ്പോഴെങ്കിലും നോക്കിയിട്ടുണ്ടോ ? ഒരു രാജ്യത്തിനു നാളെ മുതല്‍ കൂട്ടാകേണ്ടവരാണെന്നു ചിന്തിച്ചിട്ടുണ്ടോ ..?? എത്ര മാത്രം അവഗണനയാണ് ജീവിതത്തിന്റെ ഓരോ ഊടുവെയ്പിലും നാം നമ്മുടെ കുഞ്ഞുങ്ങളോടും പ്രായമുള്ളവരോടും കാണിച്ചിട്ടുള്ളത് .? നമ്മളു കാണിക്കുന്ന ഈ അനാദരവില്‍ എന്ത് സ്‌നേഹം.? ഇവിടെയൊക്കെയാണ് നാം അടിക്കടി പരാജയപ്പെട്ടു കൊണ്ടിരിക്കുന്നത്. നമുക്കു വികസനമെന്നാല്‍ , വലിയവീട് , വലിയ കാറ് , വലിയ ചുറ്റുമതില്‍ , മുക്കിനു മുക്കിനു എയര്‍പ്പോര്‍ട്ടുകള്‍ എന്നൊക്കെയായി തീര്‍ന്നിരിക്കുന്നു .പൊങ്ങച്ചത്തിന്റെ മൂടുപടം കൊണ്ടു നാമിന്നു ധൃദരാഷ്ട്രരെ പോലെ അകമേയും പുറമെയും കണ്ണുകാണാന്‍ പാടില്ലാത്തവരായി തീര്‍ന്നിരിക്കുന്നു . ഒരു പക്ഷേ വേര്‍പാടിന്റെയും വിഭജനത്തിന്റെയും വേദനകള്‍ വേണ്ടുവോളം അറിഞ്ഞ ഒരു ജനതയായതുകൊണ്ടാവും .വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്നവരെല്ലാം സ്‌നേഹ സംമ്പന്നരാണോ .?അല്ല , വെള്ളക്കാരനു അവരുടേതായ ഒരു സിസ്റ്റമുണ്ട് . നിയമങ്ങളും വ്യവസ്ഥകളുമുണ്ട് അതുപാലിക്കുന്നവര്‍ക്കേ ആ രാജ്യത്ത് ജീവിക്കാനാവൂ .ഇതൊന്നും ഇവിടെ പറഞ്ഞിട്ടു കാര്യമില്ലന്നറിയാം .

പറഞ്ഞുവരുന്നത് പീഡനത്തെ പറ്റിയാണ് , സുഹൃത്തുക്കള്‍ ചോദിച്ചു രണ്ടു വരി എഴുതാമായിരുന്നില്ലേയെന്ന് .? എത്രയോ തവണ നമ്മള്‍ എഴുതി ചര്‍ച്ചകള്‍ നടത്തി എന്നിട്ടെന്തായി ? ഒഴുകികൊണ്ടിരിക്കുന്ന നമ്മുടെ സിസ്റ്റത്തില്‍ സമൂലമായി ഒരു മാറ്റം വരുത്തി കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് സ്വതന്ത്രമായൊരു ജീവിതം മുന്നോട്ടുകൊണ്ടു പോകാന്‍ സാധിക്കും എന്ന പ്രതീക്ഷയൊന്നും എനിക്കില്ല .സര്‍വതന്ത്ര സ്വതന്ത്രമായൊരു ജീവിതത്തെ പറ്റി സ്വപ്നം കാണാനുള്ള നമ്മുടെ അവകാശത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും ആവില്ലെന്നിരിക്കെ ചില മുന്‍ കരുതലുകള്‍ ഹൃദയത്തില്‍ സൂക്ഷിക്കുവാന്‍ നാം ബാദ്ധ്യസ്ഥരാണ് ... പീഡനത്തിനിരയായ പെണ്‍കുട്ടിയോ അതിന്റെ തള്ളയോ തെളിവു കൊടുക്കണം എന്നുപറയുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നു പൊയ്‌കൊണ്ടിരിക്കുന്നത് എന്താ അല്ലേ .?

ഒരിക്കല്‍ ഗുരുനിത്യയെ കാണാന്‍ വന്ന ഒരു മദാമ്മയോടൊപ്പം ശിവഗിരി ഉത്സവം കാണാന്‍ പോയി. സന്ധ്യ കഴിഞ്ഞിരുന്നു . നല്ല തിരക്കും. മദാമ്മ പടം പിടിക്കുന്ന തിരക്കിലാണ്. അടുത്തുനിന്ന ഒരുമദ്ധ്യവയസ്‌കന്‍ മദാമ്മയുടെ ചന്തിക്കൊന്നു മാന്തി. മദാമ്മ ക്യാമറ കഴുത്തിലേക്കൊന്നു ഇടുന്നതുകണ്ടു. പിന്നെ കാഴ്ച ഭയാനകം....ഇടതുകൈകൊണ്ടു അയാളെ പിടിച്ചു വലതു കൈകൊണ്ടു കൊടുത്തു ഒരണ്ണo കരണകുറ്റി തീര്ത്ത് .തൊട്ടടുത്ത് മദാമ്മ പടം പിടിക്കുന്നതും വായിനോക്കിനിന്ന പൊലീസുകാരന്‌ പെട്ടന്നു തന്നെ തൊപ്പിയെടുത്ത് തലയില്‍ കമഴ്ത്തി അയാളെ കടന്നു പിടിച്ചു. മദാമ്മ ചരിഞ്ഞോന്നു പൊലീസ് കാരനെ നോക്കി..please leave it , don't worry....പൊലീസുകാരന്‍ അയാളെ അവിടെ കളഞ്ഞിട്ടു തടിയൂരി....മദാമ്മ വീണ്ടും പടം പിടിക്കുന്ന തിരക്കിലാണ് .ഞാനും അവരുടെ ഓരത്തേക്ക് കുറച്ചു കൂടി ചേര്‍ന്നു നിന്നു എന്റെ സുരക്ഷിതത്വം ഉറപ്പാക്കി. തിരിച്ചു ഗുരുകുലത്തിലെത്തിയപ്പോള്‍ സമയം വൈകി. മദാമ്മ ഉറങ്ങാന്‍ പോയി അവരുടെ പെരുമാറ്റത്തില്‍ ഒന്നും നടന്നതായി ഒരു ഭാവവുമില്ല. എനിക്ക് ഉറക്കം വരുന്നില്ല , എന്നിലെ യാഥാസ്ഥിതികത്വം സടകുടഞ്ഞെഴുനേറ്റു .....ആരെങ്കിലും നാലുപേരോടു പറയാതെ എങ്ങനെ ഉറങ്ങും....? !പെട്ടെന്നു ഗുരുവിന്റെ മുറിയില്‍ വെളിച്ചം കണ്ടു, ഞാനങ്ങോട്ടേക്കു ഓടി ...
ഗുരു കിടന്നു, ഉറങ്ങിയിട്ടില്ല..കണ്ടപാടേ ഗുരു , എങ്ങനെയിരുന്നു മോളെ ഉത്സവം ...?, ആശ്വാസം...ഞാന്‍ വള്ളിപുള്ളി വിടാതെ എല്ലാം വിസ്തരിച്ചു....ഗുരു ഒന്നു പുഞ്ചിരിച്ചിട്ട് പറഞ്ഞു ; നീ ഇവിടെയിരിക്ക് , എന്റെ ഉള്ളൊന്നുകാളി , പറഞ്ഞതൊക്കെ തെറ്റായി പോയോന്നു ഒരുതോന്നല്‍ . ഉള്ളില്‍ പൊന്തിവന്ന ഈഗോയെ അടക്കി പിടിച്ച്ഞാനാ ഓരത്തേക്ക് ചേര്‍ന്നിരുന്നു. ഗുരു എന്റെ വലതു കൈത്തണ്ടയില്‍ ചേര്‍ത്തു പിടിച്ചു . ഗുരു തുടര്‍ന്നു , ' തന്റെടം എന്നാല്‍ തനിക്ക് ഇരിക്കാനുള്ള ഇടം എന്നാണു അര്‍ത്ഥം. അവിടെ താന്‍ ഇരുന്നില്ലങ്കില്‍ നായ കയറിയിരിക്കും

.''.ഇത്തരം ചെറിയ ചെറിയ കാര്യങ്ങളിലൊന്നും പൊലീസുകാരനെയും മറ്റുമൊന്നും ബുദ്ധിമുട്ടിയ്ക്കരുത് ..കൊടുക്കാനുള്ളത് അപ്പോഴെയങ്ങു കൊടുത്തേക്കണo ... തന്റേടി എന്നാരെങ്കിലും വിളിച്ചാല്‍ അതില്‍ സന്തോഷിക്കുകയാണു വേണ്ടത്... ഇനി സ്വരക്ഷക്ക് പെണ്ണുങ്ങള്‍ക്കു അത്യാവശ്യം കള്ളവും പറയാം , വീട്ടില്‍ ആരും ഇല്ലാത്തപ്പോള്‍ ആരേങ്കിലും വന്നാല്‍ അച്ഛനുറങ്ങുകാ , ചേട്ടനും ഉറങ്ങുകാ നാളെ വരൂ എന്നു പറയുക , അച്ഛനുണ്ടന്നു കേള്‍ക്കുമ്പോള്‍ തന്നെ അവരങ്ങു പോയ്‌ക്കൊള്ളും അല്ലാതെ കയറ്റിയിരുത്തി സല്‍ക്കരിക്കാനൊന്നും നില്‍ക്കണ്ടാ. വല്ല ആക്രി കച്ചവടക്കാരും ചുറ്റിതിരിയുന്നത് കണ്ടാല്‍ പട്ടിയെ അഴിച്ചു വിട്ടിരിക്കുവാ , കടിക്കുന്ന പട്ടിയാ എന്നും മറ്റും ഉറക്കെ പറയുക അതു കേള്‍ക്കുമ്പോള്‍ അവരും പോയ്‌കോളും..അവരെയും സല്‍ക്കരിക്കാനൊന്നും തനിച്ചാവുമ്പോള്‍ നില്ക്കണ്ടാ...ബസ്സിലോ ട്രയിനിലോ യാത്ര ചെയ്യേണ്ടി വന്നാല്‍ ഒരു 50 കഴിഞ്ഞവരുടെ അരുകില്‍ ഒരിക്കലും ഇരിക്കാതിരിക്കുക നിനക്കു നീ തന്നെ കാവലിരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക..

എന്റെ ജീവിതത്തില്‍ അതെനിക്കു വലിയൊരു പാഠമായിരുന്നു..ഞാനത് ഇന്നുo ഹൃദയത്തില്‍ സൂക്ഷിക്കുന്നു...ഇംഗ്ലണ്ടു പോലെയൊരു ലോകത്തു ജീവിക്കുമ്പോള്‍ പോലും വല്ല ബസ്സ്റ്റോപ്പിലോ , റെയില്‍വേ സ്റ്റേഷനിലോ ഒറ്റക്കു സമയംവെകി പെട്ടുപോയാല്‍ എന്റെ നെഞ്ചകം ഇടിക്കാറുണ്ട് , എന്റെ കണ്ണുകള്‍ ചുറ്റുപാടുകളെ ഭയപ്പാടോടെ പരതി പോകാറുണ്ട് . ആരേയും അടിക്കേണ്ടി വന്നിട്ടില്ല...കള്ളം പറയേണ്ടി വന്നിട്ടുണ്ട്... സ്വന്തം വേദനകള്‍ പങ്കിട്ടെടുക്കുന്ന ഒരു സ്‌നേഹിതനുമില്ല. തന്റെ പ്രയാസങ്ങള്‍ക്കു ചുമല്‍ വെച്ചു തരുന്ന ഒരാത്മ സുഹൃത്തുമില്ല.. നിനക്കു പകരം ഉറക്കമിളക്കുന്ന ഒരടുപ്പക്കാരനുമില്ല. വീണുപോകുന്നിടത്തുനിന്നും വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള പ്രാപ്തി സ്വന്തം കെവശം മാത്രമാണുള്ളത് വിശപ്പറിഞ്ഞവനേ , ഒറ്റപ്പെടലിന്റെ വേദനയറിഞ്ഞവനേ അതിന്റെ നീറ്റലുകള്‍ അറിയാനാവൂ സഹനം ഒരുവനെ കുറേക്കൂടി ലോകത്തോടു ഉണര്‍വ്വുള്ളവനാക്കും....

ഭരണം മാറ്റി നന്മ ഉറപ്പുവരുത്തുക പ്രയാസം.. ഭരണം മാറി മാറി വരും ....അതെപ്പോഴും ഒന്നിന്റെ തുടര്‍ച്ച മാത്രമായിരിക്കും .നമ്മിലേക്ക് നോക്കാന്‍ നമുക്കൊരു കണ്ണുകൂടി വേണo....സ്വാതന്ത്ര്യം ഒരു ഔദാര്യമല്ല..അതുകൊണ്ടുതന്നെ കരുണക്കുവേണ്ടി കാത്തിരിക്കേണ്ടതില്ല... . ആകെജനതയുടെ സുരക്ഷ ഉറപ്പാവുംപോഴെ സ്ത്രീ സുരക്ഷയും സഞ്ചാര സാതന്ത്ര്യവും ഒക്കെ നടപ്പാവൂ,എല്ലാം മാറ്റിയെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല..സ്വയം മാറുക ..ഓരോരുത്തരും മാറുമ്പോള്‍ ലോകം മാറുന്നു..കരയുന്നപെണ്ണിനെയല്ല ഈ കാലത്തിനു ആവശ്യം , സമകാലീനസംഭവങ്ങളോടു അതര്‍ഹി ക്കുന്ന പ്രാധാന്യത്തോടെ പ്രതികരിക്കുന്ന പെണ്ണിനെ..... നാം തന്നെ നമുക്കു കാവലാള്‍...!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക