Image

130-ാം ജന്‍മദിനത്തില്‍ കുട്ടികളുടെ "ചാച്ചാജീ' വിശേഷങ്ങള്‍ (എ.എസ്)

Published on 13 November, 2019
130-ാം ജന്‍മദിനത്തില്‍ കുട്ടികളുടെ "ചാച്ചാജീ' വിശേഷങ്ങള്‍ (എ.എസ്)
കുട്ടികളെ വളരെയധികം സ്‌നേഹിച്ചിരുന്ന ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഓര്‍മ്മകളില്‍ രാജ്യം നാളെ (നവംബര്‍ 14) ശിശുദിനം ആഘോഷിക്കുന്നു. പൂക്കളെയും കുഞ്ഞുങ്ങളെയും സ്‌നേഹിച്ച നെഹ്‌റുവിന്റെ ജന്മദിനമാണ് നവംബര്‍ 14. ""ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാര്‍...'' എന്ന ഉറച്ചവിശ്വാസമുള്ളയാളായിരുന്നു നെഹ്‌റു. അതുകൊണ്ടു തന്നെ കുട്ടികളുടെ ഭാവിക്കായി അദ്ദേഹം ഏറെ കരുതലോടെ പ്രവര്‍ത്തിച്ചു. വിശ്വമാനവികതയിലേക്ക് കുട്ടികളെ കൈപിടിച്ചുയര്‍ത്തണമെന്ന സന്ദേശം ചാച്ചാജി മുന്നോട്ടുവച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് കുട്ടികളെ അണിനിരത്തി എല്ലാവര്‍ഷവും ശിശുദിനം ആഘോഷിക്കുന്നത്. ശിശു ദിനത്തില്‍ കുട്ടികളില്‍ നിന്ന് തെരഞ്ഞെടുത്ത പ്രധാനമന്ത്രി സന്ദേശം നല്‍കും. ഈ ശിശുദിന വേളയില്‍ പഠനാര്‍ഹമായ അല്‍പം ചാച്ചാജീ വിശേഷങ്ങള്‍ പങ്കുവയ്ക്കട്ടെ...
*
"ജവഹര്‍' എന്നാല്‍ രത്‌നം എന്നാണ് അര്‍ഥം. നെഹ്‌റു എല്ലാ അര്‍ഥത്തിലും ഒരു രത്‌നമായിരുന്നു. രാഷ്ട്രതന്ത്രജ്ഞന്‍, തത്ത്വജ്ഞാനി, ചരിത്രകാരന്‍, സാഹിത്യകാരന്‍, ഭരണാധികാരി തുടങ്ങി നിരവധി രംഗങ്ങളില്‍ പ്രഭ ചൊരിഞ്ഞ ഉജ്ജ്വല വ്യക്തിത്വമായിരുന്നു നെഹ്‌റുവിന്റേത്. ഇന്ത്യയുടെ ചരിത്രത്തില്‍ മേഘശീര്‍ഷമായ വ്യക്തിത്വമാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റേത്. സ്വാതന്ത്ര്യശില്‍പ്പിയായ നെഹ്‌റു സ്വപ്നദര്‍ശികൂടിയായിരുന്നു. കിഴക്കിന്റേയും പടിഞ്ഞാറിന്റേയും ദര്‍ശനങ്ങള്‍ സമന്വയിച്ച വ്യവസായിക കരുത്തുള്ള ഒരു ഇന്ത്യയെ അദ്ദേഹം സ്വപ്നം കണ്ടു. അതിനു വേണ്ടി ആവും വിധം പ്രവര്‍ത്തിച്ചു.
*
ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ഭാരതരത്‌നം ലഭിക്കുക എന്ന അത്യപൂര്‍വ ബഹുമതി നേടിയത് നെഹ്‌റു കുടുംബമാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന് 1955ലും മകള്‍ ഇന്ദിരാഗാന്ധിക്ക് 1971ലും ഇന്ദിരയുടെ മകന്‍ രാജീവ് ഗാന്ധിക്ക് 1991ലും ഭാരതരത്‌നം ലഭിക്കുകയുണ്ടായി. മൂന്നു പേരും ഇന്ത്യന്‍ പ്രധാനമന്ത്രിമാരായിരുന്നു. നെഹ്‌റുവിനും ഇന്ദിരയ്ക്കും പ്രധാനമന്ത്രിമാരായിരിക്കുമ്പോഴാണ് ഭാരതരത്‌നം ലഭിച്ചത്. എന്നാല്‍ രാജീവ് ഗാന്ധിക്ക് മരണാനന്തര ബഹുമതിയായാണ് ഈ പുരസ്കാരം സമ്മാനിച്ചത്.
*
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മഗേഹമായ ന്യൂഡല്‍ഹിയിലെ തീന്‍മൂര്‍ത്തീഭവനാണ് ഇപ്പോഴത്തെ നെഹ്‌റുമെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി. 1964ല്‍ നെഹ്‌റുവിന്റെ മരണശേഷമാണ് പഠിതാക്കള്‍ക്കുള്ള ഒരു മ്യൂസിയമായി ഇത് മാറിയത്. നെഹ്‌റു ഉപയോഗിച്ച കിടപ്പുമുറിയും വായനാമുറികളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ഇവിടെ താമസിച്ചിരുന്നു. നെഹ്‌റു പ്ലാനറ്റേറിയവും ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത്.
*
പ്രശസ്തമാണ് അഛന്‍ മകള്‍ക്കയച്ച കത്തുകള്‍. 1930 നവംബര്‍ 19ന് ഇന്ദിരയുടെ 13-ാം ജന്മദിനത്തിലായിരുന്നു പിറന്നാള്‍ സമ്മാനമായി ജയിലില്‍ കഴിയുന്ന നെഹ്‌റുവിന്റെ ആദ്യകത്ത് ലഭിച്ചത്. ഈ എഴുത്ത് ഒരു തുടക്കം മാത്രമായിരുന്നു. പിന്നീട് 1933 വരെ വിവിധ ജയിലുകളില്‍ നിന്നായി ധാരാളം കത്തുകള്‍ നെഹ്‌റു മകള്‍ക്കെഴുതി. മൂന്നു വര്‍ഷം കൊണ്ട് 196 കത്തുകള്‍ ഇന്ദിരയ്ക്കു ലഭിച്ചു. ഒരച്ഛന്‍ മകള്‍ക്കയച്ച ഈ കത്തുകളാണ് ഗ്ലിംപ്‌സസ് ഓഫ് വേള്‍ വേള്‍ഡ് ഹിസ്റ്ററി എന്ന പേരില്‍ പില്‍ക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടത്. ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ എന്ന പേരില്‍ ഇതിന്റെ മൂലരൂപം അമ്പാടി ഇക്കാവമ്മ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
*
ഒരു കുടുംബത്തിലെ മൂന്നുപേരെ സ്മാരകസ്റ്റാമ്പിലൂടെ തപാല്‍വകുപ്പ് ആദരിക്കുക എന്ന അപൂര്‍വ ബഹുമതിക്ക് അര്‍ഹമായത് നെഹ്‌റു കുടുംബമാണ്. 1964ലാണ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ തപാല്‍ വകുപ്പ് സ്റ്റാമ്പിലൂടെ ആദരിച്ചത്. 1984ല്‍ ഇന്ദിരാഗാന്ധി സ്റ്റാമ്പ് പുറത്തിറങ്ങി. 1985ല്‍ തപാല്‍ വകുപ്പ് മൂന്ന് ഇന്ദിരാ സ്റ്റാമ്പുകള്‍ കൂടി പുറത്തിറക്കി ഇന്ത്യയുടെ ഉരുക്കു വനിതയെ ആദരിച്ചു. 1988ല്‍ നെഹ്‌റു ശതാബ്ദിയെ തുടര്‍ന്നും തപാല്‍ വകുപ്പ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ ആദരിച്ചു. 1991ലാണ് രാജീവ് ഗാന്ധി സ്മാരക സ്റ്റാമ്പ് തപാല്‍ വകുപ്പ് പുറത്തിറക്കിയത്.
*
ടിബറ്റിന്റെ ആദ്ധ്യാത്മിക  നേതാവായിരുന്ന ദലൈലാമയ്ക്ക് രാഷ്ട്രീയാഭയം നല്‍കിയത് ജവഹര്‍ലാല്‍ നെഹ്‌റുവാണ്. പ്രായോഗിക ബുദ്ധിയുള്ള ഒരു രാഷ്ട്രതന്ത്രജ്ഞനെയാണ് ലാമ നെഹ്‌റുവില്‍ കണ്ടത്. ദലൈലാമയ്ക്ക് ഇന്ത്യയിലെവിടെയും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നെഹ്‌റു നല്‍കി. ലാമയുടെ അഭ്യര്‍ത്ഥന പ്രകാരം നെഹ്‌റു ചൈനയുമായി ടിബറ്റിനു വേണ്ടി സംസാരിക്കാനും തയ്യാറായി. ടിബറ്റിനെ മോചിപ്പിക്കാന്‍ ലാമയുടെ ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും നെഹ്‌റു പ്രഖ്യാപിച്ചിരുന്നു. ധര്‍മ്മശാലയില്‍ ലാമയ്ക്കു വേണ്ടി പ്രത്യേക ആസ്ഥാനം സ്ഥാപിക്കാനും നെഹ്‌റു തയ്യാറായി. തുടര്‍ന്നുണ്ടായ അതിര്‍ത്തി തര്‍ക്കവും ലാമയുടെ പുനരധിവാസവും ചീനയെ പ്രകോപിപ്പിച്ചു. 1962 ഒക്‌ടോബര്‍ 30ന് ചൈന ഇന്ത്യയെ ആക്രമിച്ചു.
*
താന്‍ മരിച്ചാല്‍ എന്തു ചെയ്യണമെന്ന് നെഹ്‌റു ഇങ്ങനെ എഴുതി...""ഞാന്‍ മരിച്ചാല്‍ എന്റെ ശരീരം ദഹിപ്പിക്കണം. എന്നാണെന്റെ ആഗ്രഹം. ഏതെങ്കിലും വിദേശരാജ്യത്തു വച്ചാണ് മരണം സംഭവിക്കുന്നതെങ്കില്‍ ശവദാഹം അവിടെ നടത്തിയശേഷം ചിതാഭസ്മം അലഹബാദിലേക്ക് കൊണ്ടുവരണം. അതില്‍ നിന്ന് ഒരു ചെറുപിടി ഗംഗയില്‍ ഒഴുക്കണം. അവശേഷിക്കുന്ന ഭൂരിഭാഗവും താഴെ സൂചിപ്പിക്കുന്ന രീതിയില്‍ നിമജ്ജനം ചെയ്യണം....''

""ചിതാഭസ്മം അലഹബാദില്‍ വച്ച് ഗംഗയില്‍ ഒഴുക്കണം എന്ന എന്റെ ആഗ്രഹത്തിന് മതപരമായ യാതൊരു അര്‍ഥവുമില്ല. ആ വിധത്തിലുള്ള യാതൊരു വികാരവും ഇക്കാര്യത്തില്‍ എനിക്കില്ല. അലഹബാദിലെ ഗംഗയിലും യമുനയിലും കുട്ടിക്കാലത്തേ ഞാന്‍ ആകൃഷ്ടനായിരുന്നു. വളരുന്തോറും ഈ നദികളുമായുള്ള അടുപ്പവും വളര്‍ന്നു വന്നു. എന്നെ സംബന്ധിച്ചിടത്തോളം ഗംഗ ഒരു പ്രതീകമാണ്. ഇന്ത്യയുടെ ഭൂതകാലത്തെക്കുറിച്ചുള്ള ഓര്‍മയാണ്. അത് വര്‍ത്തമാനത്തിലൂടെ ഭാവിയുടെ മഹാസമുദ്രത്തിലേക്ക് ഒഴുകിമറയുന്നു...''

""നമ്മുടെ മിക്ക ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും  ഞാന്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. എങ്കിലും നമ്മുടെ ജനതയെ വിഭാഗീകരിക്കുകയും അടിച്ചമര്‍ത്തുകയും രാജ്യത്തിന്റെ ആത്മീയവും ഭൗതികവുമായ വികാസത്തെ തടസ്സപ്പെടുത്തുന്നതുമായ എല്ലാ കെട്ടുപാടുകളില്‍ നിന്നും ഇന്ത്യ മോചിതയാകുമോ എന്നതെപ്പറ്റി ഞാന്‍ ഉത്ക്കണ്ഠാകുലനാണ്. അങ്ങനെയാണെങ്കില്‍ കൂടിയും, നമ്മുടെ പാരമ്പര്യങ്ങളെ പൂര്‍ണമായി തള്ളിക്കളയാനും ഞാന്‍ ഒരുക്കമല്ല...''

""ഇന്ത്യയുടെ മഹത്തായ പൈതൃകത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ചരിത്രാരംഭകാലത്തില്‍ തുടങ്ങുന്ന ഇന്ത്യയുടെ പൈതൃകത്തിന്റെ ഒരു കണ്ണിയാണ് ഞാനും എന്ന ബോധം എല്ലാവരെയും പോലെ എനിക്കുമുണ്ട്. ആ ചങ്ങലക്കണ്ണി തകര്‍ക്കാന്‍ ഞാന്‍ ഒരുക്കമല്ല. കാരണം, ഞാന്‍ അതിനെ അമൂല്യമായി കരുതുന്നു. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുകയും ചെയ്യുന്നു....''

""എന്റെ ആഗ്രഹത്തിന്റെ സാക്ഷ്യപത്രമെന്ന നിലയിലും ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തോടുള്ള പ്രണാമമെന്ന നിലയിലുമാണ് ഞാന്‍ ഈ അപേക്ഷ തയ്യാറാക്കുന്നത്. എന്റെ ചിതാഭസ്മത്തില്‍ നിന്ന് ഒരുപിടി ഗംഗയില്‍ ഒഴുക്കണം. അത് ഇന്ത്യയുടെ കരകളെ തഴുകിനില്‍ക്കുന്ന മഹാസമുദ്രത്തില്‍ ചെന്നു ചേരണം. ചിതാഭസ്മത്തിന്റെ ബാക്കി ഭാഗം ഒരു വിമാനത്തില്‍ നിന്നും കര്‍ഷകര്‍ ഉഴുതുമറിക്കുന്ന ഇന്ത്യയിലെ വയലേലകളില്‍ വിതറണം. അങ്ങനെ അത് ഇവിടുത്തെ മണ്ണിലും പൊടിയിലും ലയിച്ചു ചേരട്ടെ...''

*
നെഹ്‌റുവിന്റെ ജീവിതരേഖ ഒറ്റനോട്ടത്തില്‍...

ജനനം: നവംബര്‍ 14, 1889 (അലഹാബാദ്).
അച്ഛന്‍: മോത്തിലാല്‍ നെഹ്‌റു.
അമ്മ: സ്വരൂപ റാണി.
ഭാര്യ: കമലാ നെഹ്‌റു.
സഹോദരിമാര്‍: വിജയലക്‌സ്മി പണ്ഡിറ്റ്, കൃഷ്ണാ ഹഠിസിങ്.
പുത്രി: ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി.
ചെറുമക്കള്‍: രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി.

ഇന്ത്യയിലെ വിദ്യാഭ്യാസത്തിനുശേഷം ഇംഗ്‌ളണ്ടിലെ ഹാരോ സ്കൂള്‍, കേംബ്രിജിലെ ട്രിനിറ്റികോളജ് എന്നിവിടങ്ങളില്‍ പഠിച്ചു. എം.എ. പാസായി. ലണ്ടനിലെ ഇന്നര്‍ടെമ്പിളില്‍ നിന്ന് ബാരിസ്റ്റര്‍ ബിരുദം നേടി അലഹാബാദ് ഹൈക്കോടതിയില്‍ പ്രാക്ടീസാരംഭിച്ചു.

1916: കമലാകൗളിനെ വിവാഹം കഴിച്ചു.
1916: ലക്‌നൗ കോണ്‍ഗ്രസ് സമ്മേളനത്തില്‍ വച്ച് ഗാന്ധിജിയെ കണ്ടുമുട്ടി.
1917: ഇന്ദിര ജനിച്ചു.
1918: അലഹബാദ് ഹോം റൂള്‍ ലീഗ് സെക്രട്ടറിയായി.
1921: ജയില്‍വാസം (1921 മുതല്‍ 45 വരെ ആറുതവണ ജയില്‍ശിക്ഷ അനുഭവിച്ചു)
1922-23: വെയില്‍സ് രാജകുമാരന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയതിന് അറസ്റ്റ് വരിച്ചു.
1923:  അഖിലേന്ത്യാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, അലഹാബാദ് മുനിസിപ്പല്‍ ചെയര്‍മാന്‍.
1927:  മര്‍ദ്ദിത ജനതകളുടെ ലോകസമ്മേളനം (ബ്രസല്‍സ്) കോണ്‍ഗ്രസ് പ്രതിനിധിയായി.
1928: സൈമണ്‍ കമ്മീഷന്‍ ബഹിഷ്കരണത്തില്‍ പങ്കെടുത്തു.
1929: കോണ്‍ഗ്രസ് പ്രസിഡന്റായി, ലാഹോര്‍ സമ്മേളനത്തില്‍ അധ്യക്ഷന്‍ (1954 വരെ നാലുതവണ പ്രസിഡന്റായിരുന്നു)
1933: ബീഹാര്‍ ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.
1934: സിവില്‍നിയമ ലംഘന പ്രസ്ഥാനത്തില്‍ പങ്കെടുത്ത് അറസ്റ്റു വരിച്ചു, "ഗ്‌ളിംപ്‌സസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി' പ്രസിദ്ധീകരിച്ചു.
1935: യൂറോപ്പില്‍ ഭാര്യയുടെ ചികിത്സാര്‍ത്ഥം പോയി.
1936: കമലാ നെഹ്‌റു അന്തരിച്ചു.
1936: ആത്മകഥ പ്രസിദ്ധപ്പെടുത്തി (193435 കാലയളവില്‍ ജയിലില്‍ വച്ചായിരുന്നു രചന)
1937: സാമ്പത്തികാസൂത്രണത്തിന് ദേശീയ ആസൂത്രണകമ്മിറ്റി രൂപവല്‍ക്കരിച്ചു.
1938: നാഷണല്‍ ഹെറാള്‍ഡ് പത്രം സ്ഥാപിച്ചു.
1939: ആഭ്യന്തര യുദ്ധ സമയത്ത് സ്‌പെയിന്‍ സന്ദര്‍ശിച്ചു, അഖിലേന്ത്യാ നാട്ടു രാജ്യ പ്രജാസമ്മേളനത്തിന്‍റെ പ്രസിഡന്‍റ്, ചൈന സന്ദര്‍ശിച്ചു.
1942: ക്രിപ്‌സ് മിഷനുമായി ഭരണപരിഷ്കാര ചര്‍ച്ച.
1944: "ഇന്ത്യയെ കണ്ടെത്തല്‍' രചന.
1946:  ഐ.എന്‍.എ. നേതാക്കളുടെ കേസുവിചാരണയില്‍ അവര്‍ക്കായി വാദിച്ചു, ഇടക്കാല സക്കാരിന്‍റെ ഉപാധ്യക്ഷന്‍.
1947:ഡല്‍ഹിയില്‍ ഏഷ്യന്‍ രാഷ്ട്രങ്ങളുടെ സമ്മേളനം വിളിച്ചുകൂട്ടി, സ്വാതന്ത്ര്യ പ്രാപ്തിയോടെ ഇന്ത്യന്‍ പ്രധാനമന്ത്രിയായി, മരണംവരെ പ്രധാനമന്ത്രിപദവും വിദേശകാര്യമന്ത്രി സ്ഥാനവും വഹിച്ചു.
1948:  കോമണ്‍വെല്‍ത്ത് പ്രധാനമന്ത്രിമാരുടെ സമ്മേളനത്തിലും ഐക്യരാഷ്ട്ര ജനറല്‍ അസംബ്‌ളിയിലും പങ്കെടുത്തു.
1953-55: അമേരിക്ക, കാനഡ, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.
1953: എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ ചടങ്ങില്‍ പങ്കെടുത്തു.
1954: ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ (1954) പ്രധാനമന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുത്തു.
1955: ഭാരതരത്‌നം.
1964: മെയ് 27 മരണം.
*
ഈശ്വരന്റെ വരദാനമാണ് കുട്ടികള്‍. കുസൃതിത്തരങ്ങള്‍ കൊണ്ട് എല്ലാവരെയും വട്ടം ചുറ്റിക്കുമെങ്കിലും ആരുടെ ചുണ്ടിലും ചിരി വിരിയിക്കാന്‍ ഇവര്‍ക്ക് കഴിയും. കുട്ടികളുടെ കളിചിരികള്‍ മുഴങ്ങാത്ത വീടുകള്‍ അപൂര്‍ണമാണെന്നതാണ് സത്യം. കുട്ടികള്‍ ഉള്ള ഓരോ വീടും ഉണരുന്നതും ഉറങ്ങുന്നതും ഇവരുടെ വാശികളിലൂടെയും കൊഞ്ചലുകളിലൂടെയും ആയിരിക്കും. ഈ കുഞ്ഞുമാലാഖമാര്‍ ഇല്ലാത്ത ജീവിതം നമുക്ക് ചിന്തിക്കാന്‍ കഴിയില്ല. ഓരോ വര്‍ഷവും നിറ മോടിയോടെയാണ് നാം ശിശുദിനം ആഘോഷിക്കുന്നത്.

എല്ലാ കുഞ്ഞുമക്കള്‍ക്കും ഇ-മലയാളിയുടെ ""ശിശുദിനാശംസകള്‍...''

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക