Image

ഊരാളുങ്കലിന് പോലീസ് ഡേറ്റാ ബാങ്ക് കൊടുത്തത് വന്‍ വിവാദം (ശ്രീനി)

ശ്രീനി Published on 13 November, 2019
 ഊരാളുങ്കലിന് പോലീസ് ഡേറ്റാ ബാങ്ക് കൊടുത്തത് വന്‍ വിവാദം (ശ്രീനി)
കേരളാ പോലീസിന്റെ ഡേറ്റാ ബാങ്ക് കോഴിക്കോട്ടെ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് സര്‍ക്കാര്‍ കൊടുത്തതുസംബന്ധിച്ച് നിയമസഭയ്ക്കകത്തും പുറത്തും പ്രതിഷേധം പുകയുന്നു. ഊരാളുങ്കല്‍ സൊസൈറ്റിക്ക് ആഭ്യന്തര വകുപ്പു തുറന്നുകൊടുത്തിരിക്കുകയാണെന്നും സംസ്ഥാന സുരക്ഷയെ സംബന്ധിക്കുന്നതാണ് വിഷയമെന്നും നടപടി സര്‍ക്കാര്‍ പുനപരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സി.പി.എം നിയന്ത്രണത്തിലുളളതാണ് ഊരാളുങ്കല്‍ സൊസൈറ്റിയെന്നതാണ് ഇപ്പോള്‍ വിവാദത്തിന് മൂര്‍ഛ കൂട്ടിയിരിക്കുന്നത്.

കഴിഞ്ഞ ഒക്ടോബര്‍ 29നാണ് പാസ്‌പോര്‍ട്ട് അപേക്ഷാ പരിശോധനയ്ക്കുളള മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നതിനായി ഊരാളുങ്കല്‍ സൊസൈറ്റിക്ക് സംസ്ഥാന പോലീസിന്റെ ഡേറ്റാ ബേസ് തുറന്നുകൊടുക്കണമെന്ന ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ് തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് പുറത്തിറങ്ങിയത്. അതീവ പ്രധാന്യമുളള ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്‌വര്‍ക്ക് സിസ്റ്റത്തിലെ മുഴുവന്‍ വിവരങ്ങളും പരിശോധിക്കാന്‍ സാധിക്കുന്ന രീതിയില്‍ സ്വതന്ത്രാനുമതിയാണ് നല്‍കിയത്. കൂടാതെ സംസ്ഥാന പോലീസിന്റെ സൈബര്‍ സുരക്ഷാ മുന്‍കരുതല്‍ മറികടന്ന് ഡേറ്റാ ബേസില്‍ പ്രവേശിക്കാനുളള അനുവാദവും നല്‍കുന്നതാണ് വിവാദ ഉത്തരവ്.

കേരളാ പോലീസ് നേതൃത്വം ഊരാളുങ്കലിന് തുറന്നു കൊടുക്കുന്നത് സംസ്ഥാനത്തെ 75 ലക്ഷത്തിലേറെ ക്രിമിനല്‍ കേസുകളുടെയും പ്രതികളുടെയും വിവരങ്ങളാണെന്നാണ് ഗുരുതരമായ ആക്ഷേപം. ലോക്കല്‍ പോലീസിലെ ഉദ്യോഗസ്ഥര്‍ക്കു പോലും നേരിട്ടു പരിശോധിക്കാന്‍ 'ആക്‌സസ്' ഇല്ലാത്ത പോലീസിന്റെ ക്രൈം ഡേറ്റയാണു സ്വകാര്യ ഏജന്‍സികക്ക് ലഭ്യമാക്കുന്നത്. പാസ്‌പോര്‍ട്ട് പരിശോധന അടക്കം സുപ്രധാന പോലീസ് ജോലികള്‍ ഊരാളുങ്കലിന്റെ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചു വേഗത്തില്‍ തീര്‍ക്കുന്നതിന്റെ ഭാഗമായാണു ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്‌വര്‍ക്ക് സിസ്റ്റം ഊരാളുങ്കലിനായി തുറന്നുകൊടുക്കാനുള്ള ഉത്തരവ്. ബ്‌ളോക് ചെയിന്‍ അധിഷ്ഠിത പാസ്‌പോര്‍ട്ട് പരിശോധന, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, നിരാക്ഷേപ പത്രം നല്‍കല്‍ എന്നിവയ്‌ക്കെല്ലാം ഊരാളുങ്കലിനു ക്രൈം ഡേറ്റ ആവശ്യമാണ്. അതിനാല്‍ ഈ നെറ്റ്‌വര്‍ക്ക് ഇവര്‍ക്കും ലഭ്യമാക്കാന്‍ അനുമതി നല്‍കിയതായി ഉത്തരവില്‍ പറയുന്നു. 

തുടര്‍ നടപടി അടിയന്തരമായി സ്വീകരിക്കണമെന്നു നോഡല്‍ ഓഫിസറായ ബറ്റാലിയന്‍ ഡി.ഐ.ജിക്ക് ഡി.ജി.പി നിര്‍ദേശം നല്‍കുകയും ചെയ്തു. കേരളത്തിലെ കഴിഞ്ഞ 15 വര്‍ഷത്തെ ക്രിമിനല്‍ കേസുകളുടെ വിശദാംശങ്ങള്‍, എഫ്.ഐ.ആര്‍ പകര്‍പ്പുകള്‍, പരാതികള്‍, കുറ്റവാളികളുടെ ചരിത്രം, കേസ് ഡയറി, മഹസര്‍ എന്നിവയെല്ലാം ഈ സംവിധാനത്തിലുണ്ട്. ഒരു വര്‍ഷം സംസ്ഥാനത്ത് ശരാശരി ആറ് ലക്ഷത്തിലേറെ കേസുകളാണ് റജിസ്റ്റര്‍ ചെയ്യുന്നത്. ഓരോ ദിവസവും സ്‌റ്റേഷനുകളില്‍ ലഭിക്കുന്ന പരാതികള്‍, എടുക്കുന്ന കേസുകള്‍, കോടതിയില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രങ്ങള്‍ എന്നിവയെല്ലാം അപ്പപ്പോള്‍ തന്നെ അപ്‌ലോഡ് ചെയ്യപ്പെടുന്നുണ്ട്. ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച്, ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് ഇതു പരിശോധിക്കാന്‍ കഴിയുക. 

മുഴുവന്‍ പോലീസ് വിവരങ്ങളും ഊരാളുങ്കല്‍ സൊസൈറ്റിക്ക് ഞൊടിയിടയില്‍ കിട്ടുന്ന വിധത്തിലാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇതിനിടെ ഊരാളുങ്കല്‍ സൈസൈറ്റിക്ക് സോഫ്റ്റ്‌വെയര്‍ നിര്‍മാണ ചുമതല കിട്ടാന്‍ വഴിവിട്ട നീക്കം നടന്നെന്നും വ്യക്തമായി. ഒക്ടോബര്‍ 25ന് നല്‍കിയ അപേക്ഷയില്‍ നാലു ദിവസത്തിനുളളില്‍ത്തന്നെ സൈാസൈറ്റിക്ക് ഡേറ്റാ ബേസില്‍ പ്രവേശിക്കാന്‍ ഡി.ജി.പി അനുമതി നല്‍കുകയായിരുന്നത്രേ. എന്നാല്‍ നവംബര്‍ 2ന് മാത്രമാണ് പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിച്ചത്. പക്ഷേ ഊരാളുങ്കലിന് ഡേറ്റാ ബേസിലെ മുഴുവുന്‍ വിവരങ്ങളും കിട്ടില്ലെന്നും പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് മാത്രമാണ് അനുമതിയെന്നുമാണ് ഡി.ജി.പി ഓഫീസിന്റെ വിശദീകരണം.

നിയമസഭയില്‍ ഇന്ന് വിഷയം കത്തിക്കയറി. പാസ്‌പോര്‍ട്ട് പരിശോധനാ ആപ്പിനായി പോലീസ് ഡേറ്റ ബേസ് അപ്പാടെ ഊരാളുങ്കല്‍ സൊസൈറ്റിക്ക് കൈമാറിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത്. ''രഹസ്യരേഖകള്‍ ചോര്‍ന്നിട്ടില്ലെന്ന് ഉറപ്പാക്കും. ഊരാളുങ്കല്‍ സൊസൈറ്റിയോടുളള ചിലരുടെ അസൂയയാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍.   നല്ലൊരു സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തരുത്. പ്രതിപക്ഷം അനാവശ്യ ഭീതി പരത്താന്‍ ശ്രമിക്കുകയായാണ്...'' മുഖ്യമന്ത്രി പറഞ്ഞു. അടിയന്തരപ്രമേയ നോട്ടിസിലാണ് മുഖ്യമന്ത്രിയുടെ മറുപടി. പൊലീസ് ഡേറ്റ ബേസ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കാന്‍ ഉത്തരവുണ്ടെന്നും മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും നോട്ടിസ് നല്‍കിയ കെ.എസ് ശബരീനാഥന്‍ ആരോപിച്ചു.

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്റെ ഭാഗമായി പാസ്‌പോര്‍ട്ട് അപേക്ഷകന്റെ പേര്, തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, പോലീസ് സ്‌റ്റേഷന്‍ എന്നിവ രേഖപ്പെടുത്തുമ്പോള്‍ പ്രസ്തുത വ്യക്തി ഏതെങ്കിലും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് മനസ്സിലാക്കാനുള്ള സൗകര്യം മാത്രമാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപറേറ്റീവ് സൊസൈറ്റിക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ആയിരം പാസ്‌പോര്‍ട്ട് അപേക്ഷകളുടെ വെരിഫിക്കേഷനു വേണ്ടി മാത്രമാണ് പ്രവേശനാനുമതി നല്‍കിയിരിക്കുന്നത്. ഇത് കേരള പോലിസിന് അനുയോജ്യമാണോ എന്ന് പരിശോധിക്കുവാനുള്ള വ്യവസ്ഥയുടെ ഭാഗമായി മാത്രമാണ് ഈ പ്രവേശനാനുമതി നല്‍കാന്‍ കേരള പോലിസ് ഉദ്ദേശിക്കുന്നത്. ഈ ആപ്ലിക്കേഷനിലേക്ക് പ്രവേശിക്കാനും ഉപയോഗിക്കാനുമുള്ള അധികാരം പോലിസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ലഭ്യമാക്കിയിട്ടുള്ളൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് ടെണ്ടര്‍ ഇല്ലാതെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത് കോടികളുടെ കരാറാണെന്ന് ഇക്കൊല്ലം ജനുവരിയിലും ആരോപണമുയര്‍ന്നിരുന്നു. പൊതുമരാമത്ത് വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 12.5 കോടിയുടെ ജോലികളാണ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കൈമാറിയത്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരായ എ.കെ ബാലന്റെയും കെ.കെ ശൈലജയുടേയും ഓഫീസ് നവീകരിച്ചതിന് ടെണ്ടര്‍ ക്ഷണിച്ചിരുന്നില്ല. ലോക കേരളസഭക്ക് സൗകര്യമൊരുക്കാന്‍ നിയമസഭയില്‍ 1.85 കോടിയുടെ നവീകരണങ്ങള്‍ നടത്തിയപ്പോഴും കരാര്‍ നേടിയത് ഊരാളുങ്കല്‍ സൊസൈറ്റിയാണ്. ഇതിന് പുറമെ വിവിധ ജില്ലകളില്‍ നടന്ന ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണം, മിനി സ്‌റ്റേഡിയം നിര്‍മ്മാണം, ഗസ്റ്റ് ഹൗസുകളുടെ നവീകരണം എന്നിവക്കെല്ലാം ടെണ്ടറില്ലാതെ ഊരാളുങ്കല്‍ കരാര്‍ നേടി. എന്നാല്‍ അടിയന്തരസാഹചര്യം, വിദഗ്ധജോലിയുടെ ആവശ്യകത എന്നിവയാണ് ടെണ്ടര്‍ വിളിക്കാത്തതിന് സര്‍ക്കാരിന്റെ വിശദീകരണം.

ഊരാളുങ്കല്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ബ്രസ്സല്‍സ് ആസ്ഥാനമായ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സില്‍ (ഐ.സി.എ) സ്ഥിരാംഗത്വം ലഭിച്ച വാര്‍ത്ത 2019 ഫെബ്രുവരിയില്‍ പുറത്തുവന്നിരുന്നു. പ്രാഥമിക സഹകരണ സംഘത്തില്‍പ്പെട്ട ഊരാളുങ്കല്‍ സൊസൈറ്റി ഐ.സി.എ അംഗത്വം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യസ്ഥാപനമാണ്. 2019 ഫെബ്രുവരി 18ന് ഡല്‍ഹിയില്‍ നടന്ന കോ-ഓപ്പറേറ്റീവ് അലയന്‍സ് ആഗോള സമ്മേളനത്തില്‍ അലയന്‍സ് പ്രസിഡന്റ് ഏരിയല്‍ ഗ്വാര്‍ക്കോയില്‍ നിന്ന് ഊരാളുങ്കല്‍ സൊസൈറ്റി പ്രസിഡന്റ് രമേശന്‍ പാലേരി അംഗത്വം ഏറ്റുവാങ്ങി. 

ഐ.സി.എ അംഗീകാരം ലഭിച്ചതിലൂടെ ഊരാളുങ്കലിന് വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, നൈപുണ്യവികസന പരിശീലനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിവയില്‍ ഐ.സി.എയുമായിച്ചേര്‍ന്ന് ആഗോളതല പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കുമെന്നാണ് പറയുന്നത്. കൂലിവേലക്കാരുടെ പരസ്പര സഹായ സഹകരണ സംഘം എന്ന പേരില്‍ 1925ല്‍ 37 പൈസയുടെ ക്യാപിറ്റലില്‍ തുടങ്ങിയ ഈ സംരംഭത്തിന് ഇന്ന് 400 കോടിയിലേറെ വാര്‍ഷിക ടേണ്‍ഓവറും രണ്ടായിരത്തിലധികം ഷെയര്‍ ഹോള്‍ഡേഴ്‌സുമുണ്ട്.

 ഊരാളുങ്കലിന് പോലീസ് ഡേറ്റാ ബാങ്ക് കൊടുത്തത് വന്‍ വിവാദം (ശ്രീനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക