Image

അമ്പരപ്പിക്കുന്ന മൂത്തോന്‍

Published on 13 November, 2019
 അമ്പരപ്പിക്കുന്ന മൂത്തോന്‍
മുന്‍വിധികളുമായി മൂത്തോന്‍ കാണാന്‍ പോയാല്‍ അതെല്ലാം അമ്പേ കാറ്റില്‍ പറത്തേണ്ട അവസ്ഥയാണ്‌ പ്രേക്ഷകനുണ്ടാവുക. ഈ ചിത്രത്തില്‍ അതിശയോക്തിപരമായി ഒന്നും തന്നെയില്ല. വസ്‌തുതകളും സംഭവങ്ങളും അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ ആവിഷ്‌ക്കരിക്കുക മാത്രമാണ്‌. അതില്‍ പ്രണയവും പ്രതീക്ഷയും സമൂഹത്തിന്റെ ഇടപെടലും എല്ലാമുണ്ട്‌. പൊള്ളുന്ന യാഥാര്‌ത്ഥ്യങ്ങളിലേക്ക്‌ സൂം ചെയ്യുന്ന ക്യാമറയാണ്‌ മൂത്തോന്‍. അത്‌ നമ്മെ രസിപ്പിക്കുകയല്ല, മറിച്ച്‌ ഓരോ രംഗവും അനുഭവിപ്പി#്‌കുക മാത്രമാണ്‌ ചെയ്യുന്നത്‌.

ലക്ഷദ്വീപില്‍ നിന്നാണ്‌ കഥ തുടങ്ങുന്നത്‌. അവിടെ മുല്ല എന്നപന്ത്രണ്ട്‌ വയസുകാരന്‍. ദ്വീപിലെ ഒരുപാട്‌ കുട്ടികളില്‍ ഒരാള്‍. മുല്ലയ്‌ക്ക്‌ മുംബൈയിലുള്ള തന്റെ സഹോദരന്റെ അടുത്തേക്ക്‌ പോകണം. എന്നാല്‍ തന്റെ സഹോദരന്‍ മുംബൈയില്‍ എവിടെയാണ്‌ എന്നതിനെ കുറിച്ച്‌ മുല്ലയ്‌ക്ക്‌ വ്യക്തമായ വിവരം ഒന്നുമില്ല. ഒരു ചെറിയ ഊഹം മാത്രം. ഒടുവില്‍ മുല്ല സഹോദരെ തേടി മുംബൈയിലെത്തുന്നു. അവിടെ അയാള്‍ യാദൃശ്ചികമായി അക്‌ബര്‍ ഖാന്‍(നിവിന്‍ പോളി) എന്നയാളുടെ കൈകളിലെത്തുകയാണ്‌. 


തനി ഗുണ്ടയാണ്‌ അയാള്‍. മയക്കുമരുന്നു കച്ചവടവും കുട്ടികളെ ജോലിക്കു വിട്ട്‌ അതില്‍ നിന്നും കാശു പിരിച്ചും കമ്മീഷനടിച്ചുമൊക്കെയാണ്‌ അയാള്‍ തന്റെ തെരുവുജീവിതം നയിക്കുന്നത്‌. അയാളുടെ ക്രൂരതകളും കണ്ണില്‍ ചോരയില്ലാത്ത പെരുമാറ്റവും പ്രേക്ഷകരെ വെറുപ്പിക്കും. മുല്ല തന്റെ നാട്ടില്‍ നിന്നും വന്ന കുട്ടിയാണെന്ന്‌ മനസിലായിട്ടും അയാള്‍ അവനോട്‌ യാതൊരു അലിവോ സഹതാപമോ പ്രകടിപ്പിക്കുന്നില്ല. മാത്രവുമല്ല, അവനെ തന്റെ ജീവിതത്തിലെ അഴുക്കു നിറഞ്ഞ ചാലുകളിലേക്ക്‌ കൊണ്ടു വരാനുള്ള ശ്രമങ്ങളും വളരെ തന്ത്രപൂര്‍വം അക്‌ബര്‍ ഖാന്‍ നടത്തുന്നു.

അക്‌ബര്‍ ഖാന്‍ എങ്ങനെ ഒരു തെരുവുഗുണ്ടയായി. അയാളുടെ ഭൂതകാലത്തിലേക്കുള്ള യാത്രയിലാണ്‌ സിനിമയുടെ ബാക്കി കഥയുടെ സഞ്ചാരം. മീന്‍ പിടിച്ചും പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ഉരുവിട്ടും ജീവിതത്തെ പ്രതീക്ഷകളോടെ നോക്കിക്കണ്ടും കഴിഞ്ഞിരുന്ന നാളുകള്‍ അയാള്‍ക്ക്‌ ഇന്നലെകളിലുണ്ടായിരുന്നു. അയാള്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനുമായിരുന്നു. 

പക്ഷേ ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ എല്ലാവരാലും അയാള്‍ പുറം തള്ളപ്പെടുന്നു. സമൂഹം യാഥാസ്‌തിതികത്വത്തിന്റെ അതിര്‍വരമ്പുകള്‍ കൊണ്ട്‌, സാമ്പ്രദായികതയുടെ ചുവരുകളില്‍ എഴുതി ചേര്‍ത്ത പ്രണയവഴികളില്‍ നിന്നും വിഭിന്നമായി അക്‌ബറും അയാളുടെ പ്രണയിതാവായ അമീറും (റോഷന്‍ മാത്യു) സഞ്ചരിക്കാന്‍ തുടങ്ങുമ്പോള്‍ അയാള്‍ മറ്റുള്ളവര്‍ക്ക്‌ അനഭിമതനാവുന്നു.

പ്രേമം, വടക്കന്‍ സെല്‍ഫി തുടങ്ങിയ ചിത്രങ്ങളില്‍ കണ്ട നിവിന്‍ പോളിയല്ല മൂത്തോനില്‍ കാണാനാവുക. ചോക്ലേറ്റ്‌ നായകനില്‍ നിന്ന്‌ കാമാത്തിപ്പുരയിലെ തെരുവുഗുണ്ടയായും മയക്കുമരുന്നു കച്ചവടക്കാനായും നിവിന്‍ പോളി തകര്‍ത്താടുകയാണ്‌. ശാന്തനായ അക്‌ബറില്‍ നിന്നും തെരുവുഗുണ്ടായുളള അയാളുടെ പരിണാമം അഭിനന്ദനീയമായ കൈയ്യടക്കത്തോടെ നിവിന്‍ അവതരിപ്പിച്ചിട്ടുണ്ട്‌. 

പ്രേമപ്പനിയുമായി നായികയുടെ പിന്നാലെ നടക്കുന്ന ചെറുപ്പക്കാരന്റെ വാര്‍പ്പുമാതൃക കഥാപാത്രങ്ങള്‍ മാത്രമല്ല, അതിസങ്കീര്‍ണ്ണമായ ഭാവാഭിനയ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്ന കഥാപാത്രങ്ങളെ പോലും ഏറ്റെടുത്തു അഭിയിക്കാന്‍ കഴിവും കരുത്തുമുള്ള നടനാണ്‌ താനെന്ന്‌ തെളിയിക്കാനും ഈ ചിത്രത്തിലെ അക്‌ബര്‍ ഖാനിലൂടെ നിവിന്‍ പോളി തെളിയിച്ചിരിക്കുന്നു. ടൈപ്പ്‌ കഥാപാത്രങ്ങളുടെ ചങ്ങലക്കണ്ണികളില്‍ നിന്നും പുറത്തു കടക്കാനും മൂത്തോനിലൂടെ നിവിന്‌ സാധിച്ചുവെന്നത്‌ പ്രേക്ഷകനെ സന്തോഷിപ്പിക്കാന്‍ പോന്ന കാര്യമാണ്‌.

മുല്ലയുടെ വേഷം അഭിനയിക്കുന്ന സഞ്‌ജന ദീപ, ദിലീഷ്‌ പോത്തന്‍, റോഷന്‍ മാത്യു, ശശാങ്ക്‌ അറോറ തുടങ്ങിയവരും തങ്ങളുടെ കഥാപാത്രത്തെ ഉജ്ജ്വലമാക്കി. പിന്നെ ഒരു സംവിധായിക എന്ന നിലയില്‍ ഗീതു മോഹന്‍ദാസ്‌ ഏറെ മുന്നേറിയ ഒരു ചലച്ചിത്രം കൂടിയാണ്‌ മൂത്തോന്‍. 

കാമാത്തിപ്പുരയും അവിടുത്തെ ജീവിതങ്ങളുമെല്ലാം ഇതിനു മുമ്പും പല സിനിമകളിലൂടെയും നമ്മള്‍ കണ്ടിട്ടുണ്ട്‌. പക്ഷേ അതില്‍ നിന്നെല്ലാം വ്യത്യസ്‌തമായി യാഥാര്‍ത്ഥ്യങ്ങളെ കെട്ടുകാഴ്‌ചകളുടെ അകമ്പടിയില്ലാതെ അവതരിപ്പിക്കുന്നു ഇതില്‍. ചിത്രത്തിന്റെ ഏറ്റവും വലിയ കരുത്ത്‌ എന്നു പറയുന്നതും ഗീതുവും അനുരാഗ്‌ കശ്യപും ചേര്‍ന്നൊരുക്കിയ തിരക്കഥ തന്നെയാണ്‌. മികച്ചൊരു പ്രമേയത്തെ ശക്തമായി താങ്ങി നിര്‍ത്തുന്ന തരത്തില്‍ തിരക്കഥയുടെ ചട്ടക്കൂടൊരുക്കാന്‍ ഗീതുവിനും അനുരാഗിനും കഴിഞ്ഞുവെന്നതും അഭിനന്ദനം അര്‍ഹിക്കുന്നു.

രാജീവ്‌ രവിയാണ്‌ ഛായാഗ്രഹണം. കാമാത്തിപ്പുരയും അവിടുത്തെ മനുഷ്യജീവിതങ്ങളും ക്യാമറകൊണ്ട്‌ ഇത്ര മനോഹരമായി ഒപ്പിയെടുത്ത മറ്റൊരു ചിത്രമില്ല എന്നു വേണമെങ്കില്‍ പറയാം. പ്രത്യേകിച്ച്‌ രാത്രിയിലെ രംഗങ്ങള്‍. 

അതു പോലെ തന്നെ ലക്ഷദ്വീപിന്റെ മനോഹാരിതയും ശാന്തതയും ചിത്രത്തിന്റെ ആദ്യ പകുതിയെ സുന്ദരമാക്കുന്നുണ്ട്‌. കാമാത്തിപ്പുരയുടെ ഭീദിതമായ മുഖം പ്രേക്ഷകന്‌ മുന്നില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്നതിനും രാജീവ്‌ രവിയുടെ ക്യാമറയ്‌ക്ക്‌ സാധിച്ചിട്ടുണ്ട്‌. നല്ല സിനിമകളെ സ്‌നേഹിക്കുന്നവര്‍ക്ക്‌ മൂത്തോന്‍ കാണാന്‍ ധൈര്യമായി ടിക്കറ്റെടുക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക