Image

മണ്ണാംകട്ടയും കരിയിലയും (കഥ: ഫിലിപ്പ് തോമസ് )

ഫിലിപ്പ് തോമസ് Published on 04 November, 2019
മണ്ണാംകട്ടയും കരിയിലയും (കഥ: ഫിലിപ്പ് തോമസ് )
പണ്ട്, പണ്ടെന്നു വെച്ചാല്‍ വളരെ പണ്ട് മണ്ണാങ്കട്ടയും കരിയിലയും കൂടി കാശിക്കു പോയി.കാറ്റ് വന്നു , കരിയില കാറ്റിലകപ്പെട്ടു പറന്നു പോയി.
മഴവന്നു മണ്ണാങ്കട്ട ആ മഴയില്‍ പെട്ട് അലിഞ്ഞും പോയി.

കുറെ വര്‍്ഷങ്ങള്‍ക്കു ശേഷം രണ്ടാം തലമുറയിലെ മണ്ണാങ്കട്ടയും  കരിയിലയും കാശിക്കു പോയി. കാറ്റ് വരുന്നത് കണ്ടു മണ്ണാങ്കട്ട  കരിയിലയുടെ മുകളില്‍ കയറി ഇരുന്നു, കാറ്റില്‍ അകപ്പെടാതെ കരിയില അങ്ങനെ രക്ഷ പെട്ടു .മഴ വരുന്നത് കണ്ടു കരിയില മണ്ണാംകട്ടയ്ക്കു  കുടയായി നിന്നു. അങ്ങനെ മണ്ണാങ്കട്ട മഴയില്‍ നിന്നും രക്ഷ പെട്ടു. മഴയും കാറ്റും ഒരുമിച്ചു വരുന്നത് കണ്ടു അവര്‍ പരസ്പരം പുണര്‍ന്നു നിന്നു .അങ്ങനെ ആ അപകടത്തില്‍ നിന്നു രക്ഷ പെട്ട അവര്‍ പ്രതിബന്ധങ്ങളെ എല്ലാം തരണം ചെയ്തു കാശിക്കു പോയി തിരിച്ചെത്തി. തങ്ങളുടെ അനുഭവങ്ങള്‍ കരിയില ഒരു ഡയറിക്കുറിപ്പാക്കി സൂക്ഷിക്കുകയും ചെയ്തു.എന്നാല്‍ ഈ കഥ(സംഭവം) അത്ര കണ്ടു പ്രചാരത്തില്‍ വന്നില്ല,കാരണം ദുരന്ത പര്യവസായി ആയ കഥകള്‍ക്കാണല്ലോ കൂടുതല്‍ ജനപ്രീതി കിട്ടുക. 

വീണ്ടും വര്‍ഷങ്ങള്‍ മണ്ണാങ്കട്ട പോലെ കുരുത്തു   വരികയും കരിയില പോലെ കൊഴിഞ്ഞു പോവുകയും ചെയ്തു കൊണ്ടിരുന്നു. അങ്ങനെ ഒരു ദിവസം മൂന്നാം തലമുറയിലെ പെട്ട മണ്ണാങ്കട്ടയും  കരിയിലയും കാശിക്കു പുറപ്പെടാന്‍ തീരുമാനിച്ചു. തങ്ങളുടെ മുന്‍ഗാമികള്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ അവര്‍ ഓര്‍ത്തു നോക്കിയിട്ടു, അതിനെ എങ്ങനെ മറികടക്കാം എന്ന് ഇരുന്നു നിന്നും കിടന്നും ആലോചിച്ചു. സാധാരണക്കാരെ പോലെ ചിന്തിച്ചിട്ട് ഒരു കാര്യവും ഇല്ലെന്ന് മനസിലാക്കി, കേരളത്തിലെ പ്രബുദ്ധരെ പോലെ ചിന്തിക്കുവാന്‍ വേണ്ടി സര്‍ക്കാര്‍ സ്ഥാപനമായ ബിവറേജസ് കോര്‍പ്പറേഷന്‍ ന്റെ ഒരു ശാഖാ യ്ക്ക് മുന്‍പില്‍, നീണ്ടവരിയില്‍ ക്ഷമയോടെ കാത്തുനിന്നു സായിപ്പന്മാര്‍ കുതിരയ്ക്കു കൊടുക്കുന്ന ഒരുകുപ്പി റം വാങ്ങി ഒരുമിച്ചിരുന്നു കഴിച്ചു വീണ്ടും ചിന്തിച്ചു. ഈ സമയം ധാരാളം ചിന്തകള്‍ നാട്ടിലെ അഴിമതി കഥകള്‍ പോലെ നിലയ്ക്കാതെ ഒഴുകി വരുകയും, അതില്‍ നിന്നെല്ലാം കാശിയാത്രയാണ് പ്രധാന പ്രശ്‌നം എന്ന് മനസിലാക്കി അത് വേണ്ടെന്നുവെയ്ക്കാന്‍  തീരുമാനിക്കുകയും ചെയ്തു. 

മണ്ണാങ്കട്ടയും കരിയിലയും കാശിക്കു പുറപ്പെടുന്നു എന്ന വ്യാജേന വീട്ടില്‍ നിന്നും പുറപ്പെട്ടു നഗരത്തിലെ ഒരു ഹോട്ടലില്‍ മുറിയെടുത്തു 'കാശി' എന്ന തമിഴ് പടം കണ്ടു ആസ്വദിച്ചു. പിന്നീട് അവര്‍ തീര്‍ത്തു കൊണ്ടിരിക്കുന്ന കുതിര റം കളുടെ അകമ്പടിയായി, കുതിരക്കുളമ്പടി ഒച്ച പോലെ മറ്റൊരു ആശയവും കൂടി കടന്നു വന്നു. ഈ കാശി കഥയില്‍ നിന്നു മറ്റെന്തെങ്കിലും ഒരു പ്രയോജനം ഉണ്ടാക്കുക.അവര്‍ തങ്ങളുടെ ലാപ്‌ടോപ്പ് തുറന്നു കാശിയുടെ പടം ഡൌണ്‍ ലോഡ് ചെയ്തു ഫോട്ടോഷോപ്പ് ലൂടെ തങ്ങള്‍ അവിടെ നില്‍ക്കുന്ന ഒരു പുതിയ ചിത്രം ഉണ്ടാക്കി. സോ ഷ്യല്‍ മീഡിയ കളില്‍  പോസ്റ്റ് ചെയ്യുകയും അത് മിനിറ്റുകള്‍ക്ക് അകം മൂവായിരത്തി എണ്ണൂറ്റി പത്തൊന്‍പതു കമന്റുകളും നാലായിരത്തി അറുനൂറ്റി തൊണ്ണൂറ്റി ഒന്‍പതു ലൈക് കളും നേടുകയും ചെയ്തു.

കരിയില തന്റെ പിതാവിന്റെ ഡയറിക്കുറിപ്പുകള്‍ നാട്ടിലെ ധാരാളം വായിക്കുകയും അല്പം എഴുതുകയും ചെയ്യുന്ന സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു, അതില്‍ നിന്നു കാശിയാത്രയെ പറ്റി ഒരു ലേഖനം എഴുതി തരാന്‍ ആവശ്യപ്പെടുകയും ചെയ്തു.
നിമിഷങ്ങള്‍ക്ക്  അകം ലേഖനങ്ങള്‍ വാട്ആപ്പ് വഴിയായി പറന്നു വന്നു .അതിലൊരെണ്ണം തിരഞ്ഞെടുത്തു, എഴുതിയവന് നൂറ്റൊന്നു രൂപ മണിയോഡറും അയച്ചു കൊടുത്തു ലേഖകന്റെ സ്ഥാനത്തു ശ്രീമാന്‍ കരിയില എന്ന് പേര് ചാര്‍ത്തുകയും ചെയ്തു (കാശുണ്ടെങ്കില്‍ ഏത് ശുനക പുത്രനും കൂലി എഴുത്തുകാരെ വെച്ച് സാഹിത്യകാരനാകാവുന്ന കാലമാണ് ). പിന്നീട് ഇരുവരും കൂടി ആലോചിച്ചു മണ്ണാങ്കട്ടയുടെ  പിതാമഹന്റെ ഓര്മയ്ക്കായുള്ള പ്രഥമ'മണ്ണാങ്കട്ട  സാഹിത്യ അവാര്‍ഡും'പതിനായിരത്തി ഒന്ന് രൂപായ്ക്കുള്ള ക്യാഷ് അവാര്‍ഡും ശില്പവും ഏര്‍പ്പാടാക്കി. മണ്ണാങ്കട്ടയുടെ പതിനായിരത്തി ഒന്ന് രൂപ തിരിച്ചു കൊടുക്കുവാനായി  കരിയില പട്ടണത്തില്‍ പട്ടിണികിടന്നു അള്‍സര്‍ പിടിച്ചു സിനിമ സ്വപ്നങ്ങളുമായി നടക്കുന്ന  ഒരു സഹസംവിധായകനെ കൊണ്ട് ഒരു ഹൃസ്വ ചിത്രം ചെയ്യിപ്പിച്ചു സംവിധായകന്റെ പേരിന്റെ സ്ഥാനത്തു  മണ്ണാങ്കട്ടയുടെ  പേര് ചാര്‍ത്തിക്കൊടുക്കുകയും ചെയ്തു (കുരുട്ടു ബുദ്ധി ഉണ്ടെങ്കില്‍ ഏതു വാനര പുത്രനുംഇ പ്പോള്‍ സംവിധായകനാകാവുന്ന കാലമാണ്). പിന്നീട് തന്റെ പിതാമഹന്റെ ഓര്മയ്ക്കായുള്ള പ്രഥമ 'കരിയില ചലച്ചിത്ര പുരസ്‌കാരം'മണ്ണാങ്കട്ടയ്ക്കും ഏര്‍പ്പാടാക്കി ...............
 ....................ചുരുക്കത്തില്‍ പറഞ്ഞാല്‍ ഇപ്പോള്‍
 അവരാണ് സ്ഥലത്തെ പ്രധാന ബുദ്ധി ജീവികള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക