Image

ജംഗിള്‍ ( JUNGLE ) 2017 (ലോക സിനിമകൾ: അഭി)

Published on 28 October, 2019
ജംഗിള്‍ ( JUNGLE ) 2017 (ലോക സിനിമകൾ: അഭി)


ഡ്രാമ / ത്രില്ലര്‍

സംവിധായകന്‍: ഗ്രെഗ് മക്ലീന്‍

അഭിനേതാക്കള്‍: ഡാനിയല്‍ റാഡ്ക്ലിഫ്, അലക്‌സ് റസല്‍, തോമസ് ക്രെട്ച്ച്മാന്‍, യാസ്മിന്‍ കാസിം, ജോയല്‍ ജാക്‌സണ്‍, ജെസിക് കോമന്‍

രാജ്യം: ഓസ്‌ട്രേലിയ, കൊളംബിയ

സമയം: 115 മിനിറ്റ്

ഭാഷ: ഇന്ഗ്ലീഷ്

കാട്ടിലൂടെ ഒരു യാത്ര പോയാലോ? യെസ് എന്ന് ചാടിക്കേറി പറയാന്‍ വരട്ടെ. കാട് എന്ന് പറഞ്ഞാല്‍ നമ്മുടെ നാട്ടിലെ പോലത്തെ കാടല്ല! 9 രാജ്യങ്ങളിലായി പരന്നുകിടക്കുന്ന, കുത്തൊഴുക്കുള്ള പുഴകളും, ചതുപ്പുനിലങ്ങളും, നിരവധിവന്യജീവികളും, ഇടതൂര്‍ന്ന മരങ്ങളുമൊക്കെയുള്ള മഴയൊഴിയാത്ത ആമസോണ്‍ കാട്! ഒരു മണിക്കൂര്‍ അമ്പത്തഞ്ചു മിനിറ്റ് കാടിന്റെ വന്യതയിലൂടെയുള്ള ഒരു യാത്രയാണ് ഈ സിനിമ. സിനിമ തുടങ്ങി അധികം താമസിയാതെ അഭിനേതാക്കള്‍ക്കൊപ്പം നമ്മളും ഉള്‍ക്കാടുകളൂടെ സഞ്ചരിച്ചു തുടങ്ങും. ഒടുവില്‍ സിനിമ തീരുമ്പോള്‍ നായകനെ പോലെ നമ്മളും നെടുവീര്‍പ്പിടും! അത്രയേറെ നമ്മളെ പിടിച്ചുലയ്ക്കുന്നുണ്ട് ഈ സിനിമ.

''പ്രകൃതിക്ക് ഒരു നിയമമേ ഉള്ളൂ...അതിജീവിക്കുക!''

യൂസി ഗിന്‍സ്ബര്‍ഗ് എന്ന ഇസ്രായേലി എഴുത്തുകാരന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങള്‍, അദ്ദേഹത്തിന്റെ ഇതേ പേരിലുള്ള പുസ്തകത്തെ ആധാരമാക്കി ഗ്രെഗ് മക്ലീന്‍ സംവിധാനം ചെയ്ത് 2017 ഇല്‍ പുറത്തിറങ്ങിയ ചിത്രമാണ് ജംഗിള്‍. യൂസി ഗിന്‍സ്ബര്‍ഗായി ഹാരി പോട്ടര്‍ സീരീസിലൂടെ പ്രശസ്തനായ ഡാനിയല്‍ റാഡ്ക്ലിഫ് വേഷമിടുന്നു.

' യൂസി ഗിന്‍സ്ബര്‍ഗ്' എന്ന സാഹസികനായ ചെറുപ്പക്കാരന്‍ ഇസ്രായേല്‍ പട്ടാള ജീവിതത്തിനു ശേഷം ബൊളീവിയയില്‍ എത്തുകയും അവിടെവച്ചു സ്‌കൂള്‍ടീച്ചറും കൂട്ടുകാരനുമായ 'മാര്‍ക്കസ്സി'നോടും അയാളുടെ സുഹൃത്തും ഫോട്ടോഗ്രാഫറും സാഹസികതല്പരനുമായ 'കെവിനു'മൊപ്പം 'കാള്‍ ' എന്ന വ്യക്തിയെ പരിചയപ്പെടുന്നു. അയാള്‍ ആമസോണ്‍ മഴക്കാടുകളിലെ നിലനില്‍ക്കുന്ന ഇന്ത്യന്‍ ഗോത്ര സമൂഹത്തെ കുറിച്ച് വാദിക്കുകയും അവിടേക്ക് യാത്ര പോകാമെന്നു നിര്‍ദേശിക്കുകയും ചെയ്യുന്നു. വന്യമായ കാനനഭംഗിയും പ്രകൃതിയെയും അടുത്തറിയാനുള്ള ആ അവസരം നഷ്ടപ്പെടുത്താന്‍ അവര്‍ക്കും തോന്നിയില്ല.

തുടര്‍ന്ന് കാടിന്റെ വന്യതയിലൂടെ അവര്‍ നടത്തുന്ന, ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന, സാഹസിക യാത്രയുടെയും ഒറ്റപ്പെടലിന്റെയും അതിജീവനത്തിന്റെയും കഥയാണ് ഈ സിനിമ. എന്നാല്‍ ഭംഗി മാത്രമല്ല അപകടവും പതിയിരിക്കുന്ന ആമസോണ്‍ കാടുകള്‍ അവര്‍ക്കായി കാത്തു വെച്ചത് വേറെ പലതുമാണ്.

പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നത് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആണ്! ആമസോണ്‍ കാടുകളുടെ വന്യതയെ മികവോടെ ഒപ്പിയെടുക്കുന്ന ഛായാഗ്രാഹകന്റെ കണ്ണുകള്‍ ആണ് ഈ സിനിമയുടെ മുതല്‍ക്കൂട്ട്!

ഇതൊരു യഥാര്‍ത്ഥ സംഭവകഥയാണെന്നതും, കഥാനായകനായ യൂസിയുടെ തന്നെ പുസ്തകമായ 'ദി ജംഗിള്‍' എന്ന പുസ്തകത്തിന്റെ ചലച്ചിത്ര ആവിഷ്‌ക്കരമാണിതെന്നതും നമ്മളെ കൂടുതല്‍ വിസ്മയിപ്പിക്കുന്നു.

കാടും,യാത്രകളും, സാഹസികതയും, ത്രില്ലര്‍ സ്വഭാവമുള്ള സിനിമകളും ഇഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു ദൃശ്യവിരുന്നായിരിക്കും ഈ സിനിമ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക