Image

വാളയാര്‍ കേസില്‍ പ്രതിഷേധവുമായി ചലച്ചിത്രലോകം; ജനങ്ങള്‍ക്ക് ഭരണസംവിധാനത്തില്‍ പ്രതീക്ഷ നശിക്കുമ്ബോള്‍ വിപ്ലവമുണ്ടാകുമെന്ന് പൃഥ്വിരാജ്

Published on 28 October, 2019
വാളയാര്‍ കേസില്‍ പ്രതിഷേധവുമായി ചലച്ചിത്രലോകം; ജനങ്ങള്‍ക്ക് ഭരണസംവിധാനത്തില്‍ പ്രതീക്ഷ നശിക്കുമ്ബോള്‍ വിപ്ലവമുണ്ടാകുമെന്ന് പൃഥ്വിരാജ്

പാലക്കാട്: വാളയാറില്‍ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ടകേസില്‍ പ്രതികളെ വെറുതെ വിട്ടതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമാവുകയാണ്. സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി സിനിമാതാരങ്ങളും രംഗത്തെത്തി. പൃഥ്വിരാജ്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ താരങ്ങള്‍ ഫേസ്ബുക്കിലൂടെയാണ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പീഡന സംഭവങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുന്നുവെങ്കിലും അവയ്ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ മാത്രം പ്രതിഷേധിക്കുന്ന ആളുകളുടെ പ്രവണത മോശമാണെന്നും ഇവിടുത്തെ ജനതയ്ക്ക് അവരുടെ ഭരണസംവിധാനത്തില്‍ പ്രതീക്ഷ നശിക്കുമ്ബോള്‍ വിപ്ലവമുണ്ടാകുമെന്നും പൃഥ്വിരാജ് പറഞ്ഞു.


വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി കൊടുക്കുക, ബലാത്സംഗ പ്രതികളെ ശിക്ഷിക്കുക എന്ന് കൂട്ടായി പറയുന്നു. ശരിക്കും ഇവ പറഞ്ഞിട്ടു ചെയ്യേണ്ട കാര്യങ്ങളാണോയെന്നും പൃഥ്വിരാജ് ചോദിക്കുന്നു. ഓരോ തവണയും ഭരണസംവിധാനം പ്രവര്‍ത്തിക്കാന്‍ സമൂഹമാധ്യമങ്ങളിലെ ജനക്കൂട്ടം ആവശ്യമുണ്ടോ എന്നും ഇപ്പോഴും നമ്മള്‍ ആ അവസ്ഥയിലാണോ എന്നും പൃഥ്വിരാജ് ചോദിക്കുന്നു.

അതേസമയം, കുറ്റവാളികള്‍ക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന അവസ്ഥ ഭയാനകമാണെന്ന് നടന്‍ ടൊവിനോ തോമസ് പ്രതികരിച്ചു. ഇനിയും ഈ അവസ്ഥ തുടര്‍ന്നാല്‍ ഭരണകൂടത്തിലും ജുഡീഷ്യറിയിലും ഈ നാട്ടിലെ താന്‍ ഉള്‍പ്പടെയുള്ള സാധാരണക്കാര്‍ വച്ചു പുലര്‍ത്തുന്ന വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെടുമെന്നുറപ്പാണെന്നും ടൊവിനോ പറഞ്ഞു. കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തന രീതികളും നിയമസംവിധാനങ്ങളും നടപടിക്രമങ്ങളും ഇനിയെങ്കിലും തിരുത്തപ്പെട്ടില്ലെങ്കില്‍ പുതിയ തലമുറ ഇത് കണ്ടുകൊണ്ട് നില്‍ക്കില്ലെന്നും അവര്‍ പ്രതികരിക്കുമെന്നും ടൊവിനോ വ്യക്തമാക്കി.

രണ്ടു പെണ്‍കുഞ്ഞുങ്ങള്‍, തങ്ങള്‍ക്ക് എന്താണ് സംഭവിച്ചെതെന്നു പോലും തിരിച്ചറിയാന്‍ കഴിയാതെ ഈ ലോകത്തോട് വിടപറഞ്ഞു പോയപ്പോള്‍ ഈ സമൂഹത്തിനും നിയമ വ്യവസ്ഥക്കും ആ പിഞ്ചു കുഞ്ഞിങ്ങളോട് കാണിക്കാന്‍ കഴിയുന്ന ഏക മനുഷ്യത്വവും നീതിയും ഈ ദാരുണ സംഭവത്തിന് കാരണക്കാരായ, വേട്ട മൃഗത്തിന് സമാനമായ മനസ്സും മനുഷ്യ ശരീരവുമായി ജീവിക്കുന്ന കിരാതന്മാര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കുക എന്നത് മാത്രമാന്നെ് നടന്‍ ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചു.


മാതൃകാപരമായി ശിക്ഷ നല്‍കി ഇത്തരക്കാര്‍ക്ക് പാഠമാകേണ്ട കേസുകള്‍ അട്ടിമറിക്കപെടുന്നത് എന്തിന്റെ പേരിലായാലും മനുഷ്യത്വമില്ലായും നീതി നിഷേധവുമാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് വരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരേണ്ടത് നമ്മള്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ കൂട്ട ഉത്തരവാദിത്തം കൂടിയാണെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക