Image

ഇതാ പിറന്നാളുകാരനെ കുറിച്ചുള്ള ചില രഹസ്യങ്ങള്‍

Published on 24 October, 2019
ഇതാ പിറന്നാളുകാരനെ കുറിച്ചുള്ള ചില രഹസ്യങ്ങള്‍

തെന്നിന്ത്യയിലെ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ഇപ്പോള്‍ പ്രഭാസ്. ഇന്ന് തന്റെ നാല്‍പ്പതാം പിറന്നാളാണ് താരം ആഘോഷിച്ചത്. 

പിറന്നാള്‍ ദിനത്തില്‍ പ്രഭാസിനെ കുറിച്ച് അധികം പ്രേക്ഷകര്‍ക്കൊന്നും അറിയാത്ത ചില കൗതുകകരമായ കാര്യങ്ങള്‍ എന്തെന്നു നോക്കാം.
പ്രഭാസ് എന്ന പേരാകും ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് പരിചയം. എന്നാല്‍ പ്രഭാസിന്റെ പൂര്‍ണനാമം വെങ്കിട്ട സത്യനാരായണ പ്രഭാസ് രാജു ഉപ്പലപ്പതി എന്നാണ്. തെലുങ്ക് ചലച്ചിത്ര നിര്‍മ്മാതാവായ യു. സൂര്യനാരായണ രാജുവിന്റെയും ശിവ കുമാരിയുടെയും മൂന്ന മക്കളില്‍ ഇളയവനായി ചെന്നൈയിലാണ് പ്രഭാസ് ജനിച്ചത്.

ജി ക്യു മാഗസിന്‍ 2017 ല്‍ പുറത്തുവിട്ട, ഏറെ സ്വാധീനം ചെലുത്തിയ ചെറുപ്പക്കാരുടെ ലിസ്റ്റില്‍ ആറാമനായി ഇടം പിടിച്ചത് പ്രഭാസ് ആയിരുന്നു. ബാഹുബലിയോടെ രാജ്യത്തെ ഓരോ കോണിലും പ്രശസ്തനായ ഒരാളായി പ്രഭാസ് മാറി. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഒരുപോലെ തിരിച്ചറിയുകയും നെഞ്ചിലേറ്റുകയും ചെയ്യുന്ന ഒരു ഗ്ലോബ്ബല്‍ താരമായുള്ള പ്രഭാസിന്റെ വളര്‍ച്ച ഞൊടിയിടയില്‍ ആയിരുന്നു.

ബാഹുബലിയെന്ന ചിത്രമാണ് പ്രഭാസിന്റെ കരിയറിലെ ഏറ്റവും വലിയ ടേണിംഗ് പോയിന്റായി മാറിയത്. 10 ദിവസം കൊണ്ട് 1000 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രത്തിലെ നായകന്‍ എന്ന വിശേഷണവും ബാഹുബലി പ്രഭാസിനു സമ്മാനിച്ചു. ഇന്ത്യയില്‍ നിന്നും ആദ്യമായി 1500 കോടി ക്ലബ്ബില്‍ ഇടം പിടിച്ച ചിത്രം കൂടിയാണ് ബാഹുബലി. രസകരമായ മറ്റൊരു വസ്തുത, പ്രഭാസിന്റെ മൂന്നു ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ (ബാഹുബലി ഒന്ന്, രണ്ട്, സാഹോ) നിര്‍മ്മാണച്ചെലവുകള്‍ കൂട്ടിയാല്‍ കൂടി ബജറ്റ് 800 കോടിയില്‍ താഴെയാണ് എന്നുള്ളതാണ്. തെന്നിന്ത്യയിലെ ഏതു താരവും കൊതിക്കുന്ന ബോക്‌സ് ഓഫീസ് വിജയമാണ് പ്രഭാസ് ഇതുവഴി സ്വന്തമാക്കിയത്.

ബാഹുബലിയ്ക്ക് വേണ്ടി വര്‍ഷങ്ങളോളമാണ് പ്രഭാസ് മാറ്റിവച്ചത്. കഥാപാത്രത്തിനു വേണ്ടി 20 കിലോയോളം ശരീരഭാരം കൂട്ടാനും പ്രഭാസ് തയ്യാറായി. മസില്‍ കൂട്ടാനും മറ്റുമായി കണിശമായ ഡയറ്റ് പിന്തുടര്‍ന്ന പ്രഭാസ് ഒരു മാസം കൊണ്ട് 20 കിലോയോളം കൂട്ടി. 100 കിലോയായിരുന്നു ബാഹുബലിയില്‍ അഭിനയിക്കുമ്പോള്‍ പ്രഭാസിന്റെ ശരീരഭാരം. ബാഹുബലിയിലെ കരുത്തനായ പോരാളിയായി മാറാന്‍ പ്രഭാസ് നടത്തിയ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണ്.

അമ്മാവന്‍ കൃഷ്ണം രാജു അഭിനയിച്ച തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പ ആണ് പ്രഭാസിന്റെ എക്കാലത്തെയും പ്രിയപ്പെട്ട തെലുങ്ക് ചിത്രം. രാജ് കുമാര്‍ ഹിരാനിയുടെ ചിത്രങ്ങള്‍ കാണാന്‍ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് പ്രഭാസ്. മുന്നാഭായ് എംബിബിഎസ്, ത്രി ഇഡിയറ്റ്‌സ് തുടങ്ങിയ ചിത്രങ്ങള്‍ താന്‍ ചുരുങ്ങിയത് 20 തവണയിലേറെയെങ്കിലും കണ്ടിട്ടുണ്ടെന്ന് പ്രഭാസ് തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഹോളിവുഡ് താരമായ റോബര്‍ട്ട് ഡേ നിറോയുടെ ആരാധകനാണ് പ്രഭാസ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക