Image

ആന്‍ഡ്രോയിഡ് കുഞ്ഞപ്പനു വേണ്ടി സുരാജിന്റെ വേഷപ്പകര്‍ച്ച

Published on 23 October, 2019
ആന്‍ഡ്രോയിഡ് കുഞ്ഞപ്പനു വേണ്ടി സുരാജിന്റെ വേഷപ്പകര്‍ച്ച
ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ് സുരാജ് വെഞ്ഞാറമൂട്. 'ഫൈനല്‍സി'ലെ വര്‍ഗീസ് മാഷും വികൃതിയിലെ എല്‍ദോയ്ക്കും ശേഷം ഇപ്പോഴിതാ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25  എന്ന പുതിയ ചിത്രത്തിനു വേണ്ടി വ്യത്യസ്തമായ വേഷപ്പകര്‍ച്ചയിലെത്തുകയാണ് സുരാജ്. 

ഒരു വൃദ്ധ വേഷത്തിലാണ് സുരാജ് ചിത്രത്തിലെത്തുന്നത്. മേക്കോവറിനെ കുറിച്ച് റോനെക്‌സ് പറയുന്നതിങ്ങനെ, ഒരു വൃദ്ധന്റെ വേഷത്തില്‍ എത്തുന്ന സുരാജിന്റെ ഈ പുതിയ ലൂക്കിന് പിന്നില്‍ പ്രവര്‍ത്തിച്ച മേക്കപ്പ് ആര്‍ട്ടിസ്‌റ് റോനെക്‌സ് സേവിയര്‍ ഈ രൂപമാറ്റത്തിന്റെ പ്രത്യേകതകളെക്കുറിച്ച് സംസാരിച്ചു.

ഒട്ടും കൃത്രിമത്വം ഇല്ലാത്ത തികച്ചും സ്വാഭാവികമായ ഒരു രൂപമാറ്റമാണ് ഈ കഥാപാത്രത്തിന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ ആഗ്രഹിച്ചത്. സിനിമയിലെ പ്രായം കാണിക്കാന്‍ മുടി മുന്‍ ഭാഗത്തു നിന്നും കളയേണ്ടി വന്നിരുന്നു. കഥാപാത്രത്തിന്റെ പ്രായം വെളിപ്പെടുത്തുന്ന ചുളിവുകള്‍ ഉണ്ടാക്കാന്‍ പ്രത്യേക തരം മെറ്റീരിയല്‍ ആണ് ഉപയോഗിച്ചത്. കാലാവസ്ഥയിലെ മാറ്റങ്ങളും അതിനോടനുബന്ധിച്ച ഈര്‍പ്പവും എല്ലാം വെല്ലുവിളികള്‍ ആയിരുന്നു. ദിവസവും മണിക്കൂറുകള്‍ നീണ്ടു നിന്ന മേക് അപ്പ് ഇളകാതെ സൂക്ഷിക്കാന്‍ ഒരുപാട് മുന്‍കരുതലുകള്‍ എടുത്തിരുന്നു. സൂരജ് വെഞ്ഞാറമൂട് എന്ന നടനിലെ പ്രതിഭയെയും അര്‍പ്പണ ബോധത്തെയും അത്ഭുതയോടെയല്ലാതെ നോക്കിക്കാണാന്‍ ആവില്ല. അത്രയും പ്രചോദനാത്മകം ആയിരുന്നു അദ്ദേഹത്തോടൊപ്പമുള്ള അനുഭവം.

മൂണ്‍ഷോട്ട് എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മിച്ചു രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. റഷ്യയിലും പയ്യന്നൂരിലുമായി ഷൂട്ടിംഗ് പൂര്‍ത്തീകരിച്ച ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ നവംബറില്‍ ആണ് റിലീസിനൊരുങ്ങുന്നത്. ഒരു ഹ്യൂമനോയിഡിന്റെ കാഴ്ചപ്പാടിലൂടെ ബന്ധങ്ങളെക്കുറിച്ചുള്ള രസകരമായ കഥയാണ് ചിത്രം പറയുന്നത്. ബോളിവുഡ് സിനിമയില്‍ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യത്തെ സിനിമയാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 .

പ്രശസ്തനായ ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് കാമറ കൈകാര്യം ചെയ്തിരിക്കുന്ന കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ന്റെ എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം ബിജി ബാലുമാണ്. ബി കെ ഹരിനാരായണനും എ സി ശ്രീഹരിയും ആണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. കെന്റി സിര്‍ദോ, സൈജു കുറുപ്, മാല പാര്‍വതി, മേഘ മാത്യു എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ ഭാഗമായുണ്ട്. ജയദേവന്‍ ചക്കടാത് സൗണ്ട് ഡിസൈനും ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ പ്രൊഡക്ഷന്‍ ഡിസൈനറുമായ ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷനിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക