Image

അമേരിക്കയില്‍ വാഹനാപകടത്തില്‍ അന്തരിച്ച ഷില്ലോംഗ് ആര്‍ച്ച് ബിഷപ്പിന്റെ സംസ്ക്കാരം 23ന്

Published on 19 October, 2019
അമേരിക്കയില്‍ വാഹനാപകടത്തില്‍ അന്തരിച്ച ഷില്ലോംഗ് ആര്‍ച്ച് ബിഷപ്പിന്റെ സംസ്ക്കാരം 23ന്
കാലിഫോര്‍ണിയ: അമേരിക്കയില്‍ വാഹനാപകടത്തില്‍ അന്തരിച്ച ഷില്ലോംഗ് ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ജാല എസ്.ഡി.ബിയുടെ മൃതസംസ്ക്കാരം ഒക്ടോബര്‍ 23 ബുധനാഴ്ച നടക്കും. ഷില്ലോംഗ് പരിശുദ്ധ കന്യകമാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കുന്ന അന്തിമ ശുശ്രൂഷകള്‍ക്ക് വിവിധ ബിഷപ്പുമാര്‍ കാര്‍മ്മികത്വം വഹിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് ദിവ്യബലിക്ക് ശേഷമാണ് ദേവാലയാങ്കണത്തില്‍ ശുശ്രുഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ പതിനേഴിന് ഷില്ലോംഗില്‍ നിന്നും റോമിലേക്ക് അഡ് ലിമിന സന്ദര്‍ശനത്തിനായി യാത്രയായ അദ്ദേഹം ഇംഗ്ലീഷ് ലിറ്റര്‍ജി അന്താരാഷ്ട്ര കമ്മീഷന്‍ സമ്മേളനത്തിനായി അമേരിക്കയിലെത്തിയപ്പോഴാണ് അപകടം നടന്നത്.

ഒക്ടോബര്‍ പത്തിന് കാലിഫോര്‍ണിയയിലെ ക്ലിയര്‍ ലേക്കിലേക്കു പോകുമ്പോള്‍ ഓക്‌ലാന്‍ഡ് കൊലുസാ കൗണ്ടിയില്‍വെച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരിന്നു. ആര്‍ച്ച് ബിഷപ്പ് ജാലയെ കൂടാതെ മലയാളി വൈദികന്‍ മൂവാറ്റുപുഴ രണ്ടാര്‍ സെയ്ന്റ് മൈക്കിള്‍സ് ഇടവകാംഗമായ ഫാ. മാത്യു വെള്ളാങ്കലും മരണമടഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഒക്ടോബര്‍ പതിനാറിന് ലഭിച്ച മൃതദേഹം മക്കനറി മൂര്‍ ഫ്യൂണറല്‍ ഹോമിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ 20നു ഭൗതിക ശരീരം ഇന്ത്യയില്‍ എത്തിക്കും.

ആസാമിലെ ഗുവാഹത്തി എയര്‍പോര്‍ട്ടില്‍ നിന്നും സലേഷ്യന്‍ പ്രോവിന്‍ഷ്യല്‍ ഹൗസിലും ബര്‍ണിഹത്ത് ഇടവക, നൊങ്‌പൊഹ, ഉംസണിങ്, മൗലായി ഇടവകകളില്‍ ആര്‍ച്ച് ബിഷപ്പിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വെയ്ക്കും. ഒക്ടോബര്‍ 21 മുതല്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വിശ്വാസികള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കുവാന്‍ അവസരമൊരുക്കും. വൈദികനായി നാല്‍പത്തിയൊന്ന് വര്‍ഷവും ബിഷപ്പായി പത്തൊന്‍പതു വര്‍ഷവും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 2015 മുതല്‍ ഭാരതത്തിലെ ലത്തീന്‍ മെത്രാന്‍ സമിതി സിസിബിഐയുടെ ലിറ്റര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ പദവിയും ഇംഗ്ലീഷ് ലിറ്റര്‍ജി അന്താരാഷ്ട്ര കമ്മീഷന്‍ അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു വരികയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക