Image

ദുരൂഹതകളുടെ ചുരുളഴിക്കുന്ന 'തെളിവ്'

Published on 19 October, 2019
ദുരൂഹതകളുടെ ചുരുളഴിക്കുന്ന 'തെളിവ്'
ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നാണ് പറയുക. കാരണം ഒരു വ്യക്തി തെറ്റു ചെയ്യാതെ ശിക്ഷിക്കപ്പെടുന്നത് അത്രയേറെ നീതിരാഹിത്യമാണെന്നുള്ളതു കൊണ്ടാണ് അങ്ങനെ പറയുന്നത് പോലും. ഒരാള്‍ കുറ്റകൃത്യം ചെയ്‌തെന്നു ബോധ്യമുണ്ടെങ്കിലും അത് നിയമത്തിന്റെ മുന്നില്‍ അംഗീകരിക്കപ്പെടുകയും അയാള്‍ കുറ്റവാളിയാകണമെങ്കിലും അത് തെളിയിക്കപ്പെടേണ്ടതുണ്ട്. അതിന് കോടതിക്കു വേണ്ടത് തെളിവുകളാണ്. കോടതി വിധിക്കും വരെ ആ വ്യക്തി കുറ്റാരോപിതന്‍ മാത്രമാണ്. അതേ സമയം നിരപരാധിയായ ഒരാളെ കുറ്റവാളിയാക്കാനും തെളിവുകള്‍ മതി. നിയമവാഴ്ചയ്ക്ക് മുന്നില്‍ തെളിവുകളുടെ പ്രാധാന്യം അതാണ്. ഒരു കുറ്റകൃത്യത്തില്‍ തെളിവുകള്‍ക്കുള്ള പ്രാധാന്യമെന്ത്? അതെങ്ങനെയാണ് സൃഷ്ടിക്കപ്പെടുന്നത്? ബോധപൂര്‍വം ഒരു വ്യക്തിക്കെതിരേ തെളിവുകള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ ആ വ്യക്തിയുടെ ജീവിതം എങ്ങനെയാണ് മാറി മറിയുന്നത്? ഇതിനെല്ലാമുള്ള ഉത്തരം തേടുകയാണ് എം. എ നിഷാദ് സംവിധാനം ചെയ്ത തെളിവ് എന്ന ചിത്രം.

തനിച്ചു താമസിക്കുന്ന സ്ത്രീകള്‍ നേരിടേണ്ടി വരുന്നത് വലിയ തോതിലുള്ള സദാചാര ആക്രമണങ്ങളാണ്. ഗൗരി എന്ന സ്ത്രീക്കും നേരിടേണ്ടി വരുന്നത് അതു തന്നെ. ചിലപ്പോള്‍ അത് പെണ്ണിന്റെ ഉടലിന്റെ നേര്‍ക്കുള്ള തുറന്ന ആക്രമണം തന്നെയാകുന്നു. ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കാനും അതിജീവിക്കാനുമുള്ള ഗൗരിയുടെ അചഞ്ചലമായ പോരാട്ടമാണ് തെളിവിലൂടെ സംവിധായകന്‍ കാട്ടിത്തരുന്നത്.

ഒറ്റപ്പെട്ട തുരുത്തിലാണ് ഗൗരിയുടെ താമസം. അവള്‍ക്ക് ഒരു കൊച്ചു കുട്ടിയുണ്ട്. ഭര്‍ത്താവ് ഖാലിദിനെ തേടി പോലീസ് ഇന്റേണല്‍ സെക്യൂരിറ്റി ഫോഴ്‌സ് ഗൗരിയുടെ വീട്ടിലേക്ക് എത്തുന്നു. ഇവിടെ നിന്നാണ് കഥ ആരംഭിക്കുന്നത്. ഗൗരിയുമായി പരിചയമുള്ളതും അവരുമായി സൗഹൃദമുള്ളതുമായ ആളുകളെയെല്ലാം പോലീസ് വിളിച്ചു വരുത്തി വിശദമായി ചോദ്യം ചെയ്യുന്നു. തെളിവെടുപ്പും നടത്തുന്നു. ഖാലിദിനെ കുറിച്ച് അവര്‍ തങ്ങള്‍ക്കറിയാവുന്ന വിവരങ്ങളെല്ലാം പോലീസിനോട് വെളിപ്പെടുത്തുന്നു. അതോടെ കഥയുടെ വേഗം കൂടുന്നു. ഒട്ടേറെ ദുരൂഹതകളുടെചുരുളഴിയുകയാണ് പിന്നീട്.

പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ ഒട്ടേറെ ചിത്രങ്ങളുടെ സംവിധായകനാണ് നിഷാദ്. തന്റെ മുന്‍ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി ഒരു ക്രൈം ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണ് ഇത്തവണ അദ്ദേഹം പ്രേക്ഷകര്‍ക്കായി ഒരുക്കിയിട്ടുള്ളത്. ചിത്രത്തിന്റെ ടൈറ്റിലില്‍ തന്നെ അതിന്റെ പുതുമയുണ്ട്. ഓരോ സീനും ഉദ്വേഗം നിറഞ്ഞതാണ്. പോലീസിന്റെ കേസ് അന്വേഷണവും അതിന്റ ഭാഗമായുള്ള തെളിവെടുപ്പും തെളിവുണ്ടാക്കലുമെ#െല്ലാം വളരെ റിയലിസ്റ്റിക്കായി സിനിമയില്‍ കാണിച്ചു തരുന്നു. പ്രേക്ഷകനെ മറ്റൊന്നും ചിന്തിക്കാന്‍ വിടാതെ മുഴുവന്‍ സമയവും കഥയുടെ പുറകേ നടത്താന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. തികച്ചും സാമൂഹ്യ പ്രതിബദ്ധത അവകാശപ്പെടാവുന്ന ഒരു പ്രമേയം തന്നെയാണ് സിനിമയ്ക്ക് വിഷയമാക്കിയിരിക്കുന്നത്. അത് ഏറ്റവും മികച്ചരീതിയില്‍ അവതരിപ്പിക്കാനും കഴിഞ്ഞതില്‍ സംവിധായകന് അഭിമാനിക്കാം.

ഗൗരിയെന്ന കഥാപാത്രത്തെ ആശാ ശരത് ഉജ്ജ്വലമാക്കിയിട്ടുണ്ട്. ഭാര്യ, അമ്മ, തന്റെ മാനത്തിന് വില പറയുന്നവര്‍ക്കെതിരേ ആയുധമെടുത്തു പോരാടുന്നവളായും മികച്ച പ്രകടനമാണ് ആശ കാഴ്ച വച്ചത്. കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഈ ചിത്രത്തിലെ ഗൗരി എന്ന് നിസംശയം പറയാം. ലാല്‍, രണ്‍ജി പണിക്കര്‍, നെടുമുടി വേണു, ജോയി മാത്യു, സുരേഷ് കരമന, തെസ്‌നി ഖാന്‍, മാലാ പാര്‍വതി, പോളി വില്‍സണ്‍, മീരാ നായര്‍, മണിയന്‍ പിളള രാജു, രാജേഷ് ശര്‍മ്മ, ജോയ് പി.വര്‍ഗീസ്, അനില്‍.പി നെടുമങ്ങാട് എന്നിവരാണ് മറ്റു താരങ്ങള്‍. ഇവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. 

കല്ലറ ഗോപന്റെ പാട്ടുകള്‍, എം.ജയചന്ദ്രന്റെ പശ്ചാത്തല സംഗീതം, നിഖില്‍ നായരുടെ ഛായാഗ്രഹണം എന്നിവ ചിത്രത്തിന് മുതല്‍ക്കൂട്ടാണ്. സമൂഹത്തില്‍ തനിച്ചു താമസിക്കുന്ന ഒരു സ്ത്രീക്ക് നേരേ പല തര്തിലുള്ള ആക്രമണങ്ങളുണ്ടാകുമ്പോള്‍ സ്വന്തം മാനം രക്ഷിക്കാന്‍ വേണ്ടി ഒരു പക്ഷേ അവള്‍ക്ക് ആയുധമെടുക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. അങ്ങനെ വരുമ്പോള്‍ അവളെ കൂടുതല്‍ ശിക്ഷിക്കാതെ സംരക്ഷിക്കാനുള്ള ബാധ്യത ഈ സമൂഹത്തിനില്ലേ എന്നൊരു ചോദ്യം ഈ ചിത്രം മുന്നോട്ടു വയ്ക്കുന്നു. കുറ്റാന്വേഷണ വഴികളില്‍ വേറിട്ടൊരു അനുഭവമാണ് തെളിവ് എന്ന ചിത്രം. പ്രേക്ഷകന് തീര്‍ച്ചയായും ഇഷ്ടപ്പെടും ഈ ചിത്രം. ടിക്കറ്റ് ചാര്‍ജ്ജ് ശരിക്കും മുതലാക്കാന്‍ കഴിയുന്ന മികച്ച സിനിമ. സംശയം വേണ്ട.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക