Image

ഭ്രാന്തന്‍ (കവിത: ജമീല മേരി)

Published on 19 October, 2019
ഭ്രാന്തന്‍ (കവിത: ജമീല മേരി)
കല്ലുരുട്ടിക്കയറ്റം തുടരുന്നു,
മലമുകളെത്തി
ത്താഴേക്കെറിയുന്നു,
അലറിച്ചിരിക്കുന്നു,
ഭ്രാന്തനെപ്പോലവന്‍.

ചുടലപ്പറമ്പിലായ്
സ്വസ്ഥം ശയിപ്പവന്‍;
കാളിതന്‍ വരം
ഫലിതമായ്ക്കാണ്മവന്‍.

നാറാണത്തുഭ്രാന്തനെ
ന്നുലകമറിയുന്നു;
ഉണ്മതന്‍ മുഖം
വെറുതേ ചിരിക്കുന്നു.

കരിമ്പാറയുരുട്ടിക്കയറ്റുന്നു;
കൈയൊന്നയയ്‌ക്കെ
ത്താഴേക്കുരുളുന്നു.

അഗ്‌നിഹോത്രിയും രജകനും
പാക്കനാരും പെരുന്തച്ചനും
ഉപ്പുകൊറ്റനും വായില്ലാ
ക്കുന്നിലപ്പനും
വള്ളോനും വടുതലനായരും
ചാത്തനും കാരയ്ക്കലമ്മയും
നാടിന്‍ കഥ പാടി നടക്കും
പാണനാരു
മിവന്നു സോദരര്‍.
പറയിപെറ്റൊരു
പന്തിരുകുലത്തിന്റെ
വേറിട്ട രൂപങ്ങ
ളിന്നും തുടരുന്നു.

വായ്കീറിയ ദൈവ
മിര കൊടുക്കുന്നു;
വായില്ലാത്തവന്‍
ദൈവമായ്ത്തീരുന്നു.

പൊരുളറിയുന്നവന്‍
പൊട്ടിച്ചിരിക്കുന്നു;
പൊരുളറിയാത്തവര്‍
ഭ്രാന്തനെന്നോതുന്നു.

ഉരഞ്ഞുതീരാത്തൊ
രിരുമ്പുകണ്ണികള്‍
തുരുമ്പെടുക്കിലു
മിന്നും കിലുങ്ങുന്നു.

പിതൃത്വം പണ്ഡിത
നായിരിക്കട്ടെ;
വരരുചി രാജസദസ്സില്‍
വാഴട്ടെ.

തിരഞ്ഞിരുന്നുവോ
പൊന്നുമക്കളെ
പ്പാതയോരത്തു
പറയി, പെറ്റമ്മ ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക