Image

ആ ചായ മുഴുവന്‍ കുടിക്കരുത്! കല്യാണ പിറ്റേന്ന് സംയുക്ത പറഞ്ഞത് വെളിപ്പെടുത്തി ബിജു മേനോന്‍

Published on 19 October, 2019
ആ ചായ മുഴുവന്‍ കുടിക്കരുത്! കല്യാണ പിറ്റേന്ന് സംയുക്ത പറഞ്ഞത് വെളിപ്പെടുത്തി ബിജു മേനോന്‍

മലയാള സിനിമാ പ്രേമികള്‍ ഏറെയിഷ്ടപ്പെടുന്ന താരജോഡികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. വിവാഹ ശേഷവും ഇരുവരുടെയും പുതിയ വിശേഷങ്ങളറിയാനെല്ലാം വലിയ താല്‍പര്യമാണ് ആരാധകര്‍ കാണിച്ചിരുന്നത്. മഴ,മേഘമല്‍ഹാര്‍,മധുരനൊമ്ബക്കാറ്റ് തുടങ്ങി മൂന്ന് സിനിമകളിലാണ് ഇരുവരും നായികാ നായകന്‍മാരായി അഭിനയിച്ചിരുന്നത്. വിവാഹ ശേഷം സംയുക്ത സിനിമയില്‍ നിന്നും വിട്ടുനിന്നെങ്കിലും ബിജു മേനോന്‍ വീണ്ടും തിരക്കേറിയ നടന്‍മാരിലൊരാളായി.

സംയുക്ത വര്‍മ്മയുടെ സിനിമയിലേക്കുളള തിരിച്ചുവരവിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. 1999 മുതല്‍ 2002വരെ നീണ്ടുനിന്ന കരിയറില്‍ പതിനെട്ട് സിനിമകളില്‍ മാത്രമാണ് നടി അഭിനയിച്ചത്.2002ലായിരുന്നു ബിജു മേനോനും സംയുക്തയും തമ്മിലുളള വിവാഹം നടന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ തങ്ങളുടെ ആദ്യരാത്രി കഴിഞ്ഞുളള ഒരു രസകരമായ സംഭവത്തെക്കുറിച്ച്‌ ബിജു മേനോന്‍ വെളിപ്പെടുത്തിയിരുന്നു.

റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബിജു മേനോന്‍ ഇക്കാര്യങ്ങള്‍ വെളിപ്പടുത്തിയത്. ആദ്യരാത്രിയേക്കാള്‍ മറക്കാന്‍ പറ്റാത്ത സംഭവം പിറ്റേദിവസം രാവിലെയാണ് ഉണ്ടായതെന്ന് ബിജു മേനോന്‍ പറയുന്നു. ഉറങ്ങുകയായിരുന്ന തനിക്ക് ചായ നല്‍കാന്‍ സംയുക്ത റൂമിലേക്ക് വന്നു. സിനിമയിലൊക്കെ കാണുന്നതു പോലെയായിരുന്നു അത്. റൂമിലേക്ക് വന്ന് ബിജു ദാ ചായ എന്ന് പറഞ്ഞ് സംയുക്ത ചായ തന്നു.

എന്നാല്‍ ചായ കുടിക്കാന്‍ പോകുന്ന നേരത്ത് മുഴുവന്‍ കുടിക്കേണ്ട എന്ന് സംയുക്ത പറഞ്ഞു. അതെന്താണെന്ന് ചോദിച്ചപ്പോള്‍ ചായയില്‍ ഒരു സേഫ്റ്റി പിന്‍ വീണിട്ടുണ്ടെന്നായിരുന്നു സംയുക്തയുടെ മറുപടി. ഈ സംഭവത്തോടെ തന്നെ എത്രത്തോളം ഉത്തരവാദിത്വം സംയുക്തയുണ്ടെന്ന് മനസിലായെന്നും ബിജു മേനോന്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി.

നടന്റെ എറ്റവും പുതിയ ചിത്രമായ ആദ്യരാത്രിയൂടെ പ്രൊമോഷനോടനുബന്ധിച്ച്‌ നടന്ന അഭിമുഖത്തിലാണ് ബിജു മേനോന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. സിനിമകളുമായി ബന്ധപ്പെട്ട് സംയുക്തയുമായി സംസംസാരിക്കാറുണ്ടെന്നും ചിത്രങ്ങളെക്കുറിച്ചൊക്കെ വിലയിരുത്താറുണ്ടെന്നും ബിജു മേനോന്‍ പറയുന്നു. അതിന്റെ പോസിറ്റീവും നെഗറ്റീവും പറയാറുണ്ടെന്നും അഭിനയത്തില്‍ താന്‍ മെച്ചപ്പെടുന്നുണ്ടെന്നാണ് സംയുക്തയുടെ അഭിപ്രായമെന്നും ബിജു മേനോന്‍ പറഞ്ഞു.

അതേസമയം വെളളിമൂങ്ങ എന്ന സിനിമയുടെ വിജയത്തിന് ശേഷമാണ് ബിജു മേനോനും ജിബു ജേക്കബും മലയാളത്തില്‍ ഒന്നിച്ചിരുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ആദ്യരാത്രി തിയ്യേറ്ററുകളില്‍ വിജയം നേടിയിരുന്നു. അജു വര്‍ഗീസ്, തണ്ണീര്‍മത്തന്‍ നായിക അനശ്വര രാജന്‍ തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. കല്യാണ ബ്രോക്കറായിട്ടാണ് സിനിമയില്‍ ബിജു മേനോന്‍ എത്തിയിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക