Image

അരൂര്‍ ഉള്‍പ്പെടെ അഞ്ചിലഞ്ചും ഉറപ്പെന്ന് യുഡിഎഫ് ! മൂന്നിടത്ത് ഉറപ്പെന്ന് ഇടതുപക്ഷം, രണ്ട് പിടിക്കുമെന്ന് ബിജെപി !

Published on 19 October, 2019
അരൂര്‍ ഉള്‍പ്പെടെ അഞ്ചിലഞ്ചും ഉറപ്പെന്ന് യുഡിഎഫ് ! മൂന്നിടത്ത് ഉറപ്പെന്ന് ഇടതുപക്ഷം, രണ്ട് പിടിക്കുമെന്ന് ബിജെപി !

കൊച്ചി: അഞ്ച് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ കൊട്ടിക്കലാശം. നാളത്തെ നിശബ്ദ പ്രചരണത്തിനു ശേഷം 21 ന് വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക്.

മൂന്നു മുന്നണികളും വാശിയോടെ മുന്നേറിയ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം വിലയിരുത്തലുകളും അവകാശവാദങ്ങളുമായി അവസാനവട്ട തന്ത്രങ്ങള്‍ മെനയുകയാണ് മുന്നണികള്‍.

മഞ്ചേശ്വരം, എറണകുളം, കോന്നി, അരൂര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ അഞ്ചും നേടുമെന്ന ആത്മവിശ്വാസവുമായാണ് യു ഡി എഫിന്റെ പ്രചാരണ പരിപാടികള്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നത്. ഇതില്‍ അരൂര്‍ ഒഴികെയുള്ള മണ്ഡലങ്ങള്‍ യു ഡി എഫിന്റെ സിറ്റിംഗ് സീറ്റുകളാണ്.

അരൂരില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വ്യക്തമായ ലീഡ് നേടിയപ്പോള്‍ ഷാനിമോള്‍ ഉസ്മാനെ വീണ്ടും സ്ഥാനാര്‍ഥിയാക്കും വഴി ശക്തമായ മത്സരമാണ് യു ഡി എഫ് കാഴ്ചവയ്ക്കുന്നത്. സിറ്റിംഗ് സീറ്റ് പിടിക്കാന്‍ ഇടതുപക്ഷം രംഗത്തിറക്കിയിരിക്കുന്നത് ഡി വൈ എഫ് ഐ നേതാവ് മനു സി പുളിക്കലിനെയാണ്.

അഞ്ചില്‍ ഇടതുപക്ഷത്തിന് വിജയം അനിവാര്യമായ മണ്ഡലമാണ് എ എം ആരിഫ് എം പി രാജിവച്ച അരൂര്‍. പക്ഷെ, ഇവിടെ അപ്രതീക്ഷിത മുന്നേറ്റമാണ് ഷാനിമോള്‍ ഇസ്മായില്‍ നടത്തിയിരിക്കുന്നത്. വിജയം ആര്‍ക്കൊപ്പമെന്ന പ്രവചനം തത്ക്കാലം അസാധ്യം.

വിദ്യാസമ്ബന്നരുടെ നാട്ടില്‍ അക്കാദമിക് മികവില്‍ മോഹന്‍കുമാര്‍

അരൂര്‍ കഴിഞ്ഞാല്‍ ഇടതുപക്ഷത്തിന്റെ പ്രതീക്ഷ വട്ടിയൂര്‍ക്കാവിലാണ്. മേയര്‍ വി കെ പ്രശാന്തും മുന്‍ എംഎല്‍എ ഡോ. കെ മോഹന്‍കുമാറും തമ്മിലാണ് ഇവിടെ ശക്തമായ പോരാട്ടം. ബി ജെ പി സ്ഥാനാര്‍ഥി എസ് സുരേഷും ഒപ്പത്തിനൊപ്പമുണ്ടെന്നു പറയാം.

സംസ്ഥാനത്ത് ബി ജെ പിക്ക് വേരോട്ടമുള്ള എണ്ണപ്പെട്ട മണ്ഡലങ്ങളിലൊന്നാണ്‌ വട്ടിയൂര്‍ക്കാവ്.

ജനകീയതയില്‍ പ്രശാന്തും !

മോഹന്‍കുമാര്‍ സൌമ്യനും ജനപ്രിയനുമെങ്കില്‍ പ്രശാന്ത്‌ ജനകീയനാണ്. സുരേഷ് പരിചിതനും. വര്‍ഷങ്ങളായി യു ഡി എഫിനൊപ്പം നില്‍ക്കുന്ന മണ്ഡലം.

ഡോ. ശശി തരൂരിനെ ഇരുകൈകളും നീട്ടി സ്വീകരിച്ച തിരുവനന്തപുരം ഡബിള്‍ എം എയും എല്‍ എല്‍ ബിയും പി എച്ച്‌ ഡിയുമുള്ള മോഹന്‍കുമാറിനെയും കയ്യടിച്ച്‌ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. പ്രളയകാലത്തെ 'മേയര്‍ ബ്രോ' പ്രചരണത്തിന്റെ തിളക്കത്തില്‍ വട്ടിയൂര്‍ക്കാവ് പിടിക്കാം എന്ന ആത്മവിശ്വാസമാണ് ഇടതുപക്ഷത്തിന്.

കോന്നിയിലൂന്നി ബി ജെ പി ! ഉറപ്പാക്കി മോഹന്‍രാജ് !

ബി ജെ പി പ്രതീക്ഷ വയ്ക്കുന്ന ഒന്നാമത് മണ്ഡലമാണ് കോന്നി. കെ സുരേന്ദ്രന്‍ ഹിന്ദുത്വ വികാരം പേറുന്നവര്‍ക്ക് പ്രിയങ്കരനാണ്.

മാത്രമല്ല, ഇത്തവണ ചരിത്രത്തിലാദ്യമായി ഒരു ക്രിസ്ത്യന്‍ വിഭാഗത്തിന്റെ തലോടല്‍ പ്രതീക്ഷിക്കുകയാണ് സുരേന്ദ്രന്‍. ഓര്‍ത്തഡോക്സ് വിഭാഗത്തില്‍ ഒരു പക്ഷം സുരേന്ദ്രനൊപ്പമെന്ന വിലയിരുത്തല്‍ ശക്തമാണ്.

പക്ഷേ, രണ്ട് പതിറ്റാണ്ടിലേറെയായി യു ഡി എഫ് കൈവശം വച്ചിരിക്കുന്ന മണ്ഡലത്തില്‍ യു ഡി എഫിന് സന്ദേഹത്തിന് സ്ഥാനമില്ല. ഒപ്പം വിജയമുറപ്പിക്കാന്‍ ഇടതുപക്ഷം മുന്‍കരുതലായി ചേര്‍ത്തിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന പതിനായിരത്തിലേറെ കള്ളവോട്ട് ക്രമനമ്ബരുകാരെ കയ്യോടെ പൊക്കാനായത് യു ഡി എഫിന് നേട്ടമാകുമെന്ന വിലയിരുത്തല്‍ ശക്തമാണ്.

മണ്ഡലത്തിലെ രാഷ്ട്രീയ ബലാബലം യു ഡി എഫിനൊപ്പമാണ്. 'മുന്നൊരുക്കങ്ങള്‍' തുണയ്ക്കുമെന്നായിരുന്നു ഇടതിന്റെ പ്രതീക്ഷ. പക്ഷേ, അത്തരം നീക്കങ്ങള്‍ക്കെതിരെ യു ഡി എഫ് ശക്തമായ പ്രതിരോധം തീര്‍ക്കുകയും സ്ഥാനാര്‍ഥി മോഹന്‍രാജ് പാര്‍ട്ടിയിലെ പടലപിണക്കങ്ങളെ അതിജീവിച്ച്‌ പ്രചരണത്തില്‍ മേല്‍ക്കൈ നേടുകയും ചെയ്തതോടെ വര്‍ധിത ആവേശത്തിലാണ് യു ഡി എഫ് ക്യാമ്ബ്.

ഇടത് മുന്നണി സ്ഥാനാര്‍ഥി അഡ്വ. ജനീഷ് കുമാറിന്റെ ജനകീയതയും ഭരണമുന്നണി സ്ഥാനാര്‍ഥിയെന്നതും എസ് എന്‍ ഡി പി പിന്തുണയും നേട്ടമാകുമെന്നാണ് ഇടതിന്റെ പ്രതീക്ഷ.

എറണാകുളത്ത് യുഡിഎഫിന് വിശ്വാസം - അതല്ലേ എല്ലാം !

എറണാകുളത്ത് ഒരു ഘട്ടം വരെ ഏകപക്ഷീയമായ മുന്നേറ്റമാണ് ഇടത് സ്ഥാനാര്‍ഥി മനുവിനെതിരെ യു ഡി എഫിന്റെ ടി ജെ വിനോദ് നടത്തിയത്. യു ഡി എഫിന് സംശയിക്കത്തക്ക സാഹചര്യമുള്ള മണ്ഡലമല്ല എറണാകുളം. അതിനൊപ്പം ടി ജെ വിനോദ് എന്ന സുപരിചിതന്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായെത്തിയപ്പോള്‍ ആത്മവിശ്വാസത്തേരിലേറിയാണ് യു ഡി എഫിന്റെ കൊട്ടിക്കലാശം.

എന്നാല്‍ തുടക്കത്തിലെ ആലസ്യമൊക്കെ വിട്ട് അഡ്വ. മനുവിന്റെ മുന്നേറ്റം ഇടതുപക്ഷത്തിന് പ്രതീക്ഷ നല്‍കുന്നതാണ്.

മഞ്ചേശ്വരം മൂന്നു മുന്നണികളും അവകാശപ്പെടുന്ന മണ്ഡലമാണ്. മൂന്നു മുന്നണികള്‍ക്കും ഒരേ ശക്തിയും ബലവും. പക്ഷേ, മഞ്ചേശ്വരം കൈവിടുന്നത് ലീഗിന് ആലോചിക്കാനേ കഴിയില്ല. അതിനുള്ള അടിയൊഴുക്കുകള്‍ അവിടെയും നടന്നേക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക