Image

എന്റെ ജയം-തോല്‍വിയും (കവിത: സുനീതി ദിവാകരന്‍)

സുനീതി ദിവാകരന്‍ Published on 19 October, 2019
 എന്റെ ജയം-തോല്‍വിയും (കവിത: സുനീതി ദിവാകരന്‍)
നടക്കുകയാണ് ഞാന്‍ മുന്നോട്ട്
ഭൂമിയെ ചവിട്ടി പിറകിലേയ്ക്ക് നീക്കിക്കൊണ്ട്
ചവിട്ടി താഴ്ത്തുന്നില്ല ഞാന്‍ ഭൂമിയെ-
പതുക്കെ കാല്‍വെയ്ക്കുന്നതേയുള്ളൂ.
 മണ്ണിനോടുള്ള എന്റെ ദയവാണത്
വേദനിപ്പിയ്ക്കുന്നില്ല ഞാന്‍ മണ്ണിനെ
വേദനയുണ്ടെങ്കില്‍ എന്റെ കാലടികള്‍ക്ക്
മണ്ണ് തലകുനിച്ചു തരില്ലായിരുന്നു-
എന്റെ കാലുകളെ തടഞ്ഞു നിര്‍ത്തുമായിരുന്നു.
മറക്കാന്‍ ശ്രമിയ്ക്കുകയാണ് ഞാന്‍ എന്റെ
ഭൂതകാലം ഈ നടത്തത്തിലൂടെ
വീണ്ടും നിര്‍ത്താതെ നടക്കുകയാണ്
എന്റെ വര്‍ത്തമാനത്തിലൂടെ ഭാവിയിലേയ്ക്ക്
എന്റെ മുന്നിലേയ്ക്കുള്ള ഓരോ കാല്‍വെയ്പും
ഓരോ അടിയായ് കാലത്തെ പിറകിലേയ്ക്കാക്കുന്നു
ജയിയ്ക്കുകയാണിവിടെ ഞാന്‍
മണ്ണിനോടു കാലത്തിനോടും
എന്നെ ജയിയ്ക്കാന്‍ അനുവദിയ്ക്കുമ്പോള്‍
ഞാനറിയാതെ എന്നില്‍നിന്ന് കാലം
കവര്‍ന്നെടുക്കുകയായിരുന്നു
എന്റെ ബാല്യവും, കൗമാരവും, യൗവ്വനവും

 എന്റെ ജയം-തോല്‍വിയും (കവിത: സുനീതി ദിവാകരന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക