Image

ലോറി മോണ്‍ഗോമറി നിങ്ങള്‍ ആരാണ്? (കഥ: ലൈലാ അലക്‌സ്)

Published on 17 October, 2019
ലോറി മോണ്‍ഗോമറി നിങ്ങള്‍ ആരാണ്? (കഥ: ലൈലാ അലക്‌സ്)
ലോറി മോണ്‍ഗോമറി നിങ്ങള്‍ ആരാണ്?
ഇന്നും നിങ്ങള്‍ക്ക് ഒരു കത്തുണ്ടായിരുന്നു. ഡേവിസിന്റെ. പ്രത്യേകിച്ചൊന്നുമില്ല 'ഹൌ ആര്‍ യു, ഐ ആം ഗ്രേറ്റ്' അത്ര മാത്രം. എന്നെ അദ്ഭുതപ്പെടുത്തുന്നത് ഈ കത്തുകളുടെ തെറ്റാത്ത കൃത്യനിഷ്ഠ ആണ്: രണ്ടു ആഴ്ചകള്‍ കൂടുമ്പോള്‍ യാതൊരു മുടക്കവും കൂടാതെ അവ എത്തിയിരിക്കും.

ഈ വീട്ടില്‍ താമസമാക്കിയ അന്ന് മുതല്‍, അതായതു ഏകദേശം നാല് വര്‍ഷമായി മുറ തെറ്റാതെ ഈ കത്തുകള്‍ എനിക്ക് കിട്ടാന്‍ തുടങ്ങിയിട്ട്. ഈ ലോറി മോണ്‍ഗോമറി എനിക്ക് മുന്‍പേ ഇവിടെ താമസിച്ചിരുന്ന ആരോ ആയിരിക്കണം എന്ന് ഞാന്‍ ന്യായമായും ഊഹിച്ചു. ഞാന്‍ ഈ വീട് വാങ്ങിയത് ഹെന്റി സപ്പോട്ട എന്ന ആളോടാണ്. അപ്പോള്‍ ലോറി അയാളുടെ കുടുംബത്തിലെ ആരോ, അല്ലെങ്കില്‍ അതിനും മുന്‍പേ ഇവിടെ ഉണ്ടായിരുന്ന ആളോ ആയിരുന്നിരിക്കണം .

ഈമെയിലിന്റെയും സെല്‍ ഫോണിന്റെയും ഇക്കാലത്തു ഇത്തരം കത്തുകള്‍ അയക്കുന്നത് തന്നെ എനിക്ക് അദ്ഭുതമായിരുന്നു. ആദ്യമാദ്യം ഈ കത്തുകള്‍ വന്നപ്പോള്‍ ഞാന്‍ അവ കൃത്യമായി ഫ്രം അഡ്രസിലേക്കു തിരികെ അയച്ചു. അത് കഴിഞ്ഞു കുറെയെണ്ണം റെസിഡന്‍സ് അസോസിയേഷന്‍ ഓഫീസില്‍ ഏല്പിച്ചു, പഴയ ഉടമസ്ഥര്‍ ഫോര്‍വെഡിങ് അഡ്രസ് അവിടെ ഏല്‍പ്പിച്ചിട്ടുണ്ടാവും എന്ന ധാരണയില്‍. അതുമല്ലെങ്കില്‍ പഴയ ഉടമസ്ഥര്‍ ആരെങ്കിലും അന്വേഷിച്ചു വന്നാലോ എന്ന പ്രതീക്ഷയില്‍.

അങ്ങനെയും കഴിഞ്ഞു കുറേക്കാലം. ക്രമം തെറ്റാതെ, എല്ലാ രണ്ടു ആഴ്ച കൂടുമ്പോഴുമുള്ള കത്തുകളുടെ വരവ് അപ്പോഴും മുടക്കമില്ലാതെ തുടര്‍ന്നുകൊണ്ടിരുന്നു. എന്റെ വീട്ടിലേക്കു വരുന്ന ഈ കത്തുകളുടെ എണ്ണം കൂടുംതോറും ലോറി മോണ്‍ഗൊമേറി ആരാണെന്നു അറിയാനുള്ള എന്റെ കൗതുകവും കൂടിക്കൂടി വന്നു. ഒരു പ്രാവശ്യം ഞാന്‍ മെയില്‍മാനെ തടഞ്ഞു നിര്‍ത്തി ഈ മേല്‍വിലാസക്കാരിയെക്കുറിച്ചു അന്വേഷിച്ചു.
'മാം, ഹൌ ഡു ഐ നോ ദി പീപ്പിള്‍ ഇന്‌സൈഡ് ദ് ഹൗസ്? ഐ ജസ്റ്റ് ഡ്രോപ് മെയില്‍ ഇന്‍ ദി മെയില്‍ബോക്‌സ്'
ശരിയാണ്. നിരനിരയായി നില്‍ക്കുന്ന ഈ വീടുകളുടെ അടഞ്ഞ വാതിലുകള്‍ക്കുള്ളില്‍ ആരാണുള്ളതെന്നു അയാള്‍ എങ്ങനെ അറിയാനാണ്? അയാള്‍ കൈമലര്‍ത്തി.

സ്‌നോ മാറ്റാന്‍ വരാറുള്ള ആഫ്രിക്കന്‍ വംശജനോടും ലോണ്‍ വൃത്തിയാക്കുന്ന മെക്‌സിക്കനോടും ഞാന്‍ ചോദിച്ചു: 'ഡു യു നോ ലോറി മോണ്‍ഗോമേറി?' അടുത്ത വീടുകളിലെ താമസക്കാരോടും ഞാന്‍ തിരക്കി. അയല്‍ക്കാരുമായി ആഴമേറിയതു എന്ന് ഒന്നും പറയാന്‍ ആവില്ലെങ്കിലും കുഴപ്പമില്ലാത്ത സൗഹൃദം എനിക്കുണ്ടായിരുന്നു. ഞാന്‍ അവരോടൊക്കെ ചോദിച്ചു.

'ലോറിയോ? അങ്ങനെ ഒരാള്‍ അവിടെ ഉണ്ടായിരുന്നോ? ഞാന്‍ കണ്ടിട്ടില്ല.. എനിക്കറിയില്ല...'
അവര്‍ക്കു ആര്‍ക്കും അങ്ങനെ ഒരു പേരോ, പേരുകാരിയെയോ അറിയില്ലായിരുന്നു. ചോദിച്ചവര്‍ എല്ലാവരും അറിയില്ല എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അന്വേഷണങ്ങള്‍ നിര്‍ത്തി. എന്നാലും ആ മേല്‍വിലാസത്തില്‍ വന്ന കത്തുകള്‍ ഞാന്‍ കളഞ്ഞില്ല അവ സൂക്ഷിച്ചു വെച്ചു. എനിക്കെന്തോ അവയോടു ഒരു പ്രത്യേക താല്പര്യം തോന്നിയിരുന്നു....
ഏറെ രസം: കത്തുകള്‍ എന്ന് പറയാന്‍ അത്രയൊന്നും ഇല്ല. ഒറ്റവരിയില്‍ ഒതുങ്ങുന്ന സൗഖ്യാന്വേഷണങ്ങള്‍ ആണ് മിക്കതും. ദൂരയാത്രകള്‍ക്കിടയില്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ നിന്നും പ്രിയപ്പെട്ടവര്‍ക്കായി അയക്കാറുള്ള പോസ്റ്റ്കാര്‍ഡുകളില്‍ കാണാറുള്ള തരം ഹൃസ്വമായ സൗഹൃദകുറിപ്പുകള്‍.... എല്ലാം പോസ്റ്റുചെയ്തിരിക്കുന്നതു ഇവിടെ നിന്നും അത്ര അകലെ അല്ലാത്ത നഗരത്തില്‍ നിന്നും... അയച്ചിരിക്കുന്നതാകട്ടെ, ഡേവീസും.
'ലോറി, ഞാന്‍ ആസ്വദിക്കുകയാണ് ഈ വസന്ത കാലം. നീയും സന്തോഷവതി എന്ന് കരുതുന്നു',
'ഹായ് ലോറി നിനക്ക് സുഖമല്ലേ? ഇവിടെ ആപ്പിള്‍ മരം പൂത്തു',
'മഗ്‌നോളിയ നിറയെ പൂത്തു. കൊഴിഞ്ഞു വീണ പൂവിതളുകള്‍ തോട്ടത്തില്‍ നിന്ന് മാറ്റി ഞാന്‍ സഹികെട്ടു'. ഇതൊക്കെയായിരുന്നു കത്തുകളിലെ വിശേഷങ്ങള്‍ എന്ന് പറയാനുള്ളതു.

വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത ഒരുപിടി കത്തുകള്‍...... എങ്കിലും എനിക്ക് ആ കത്തുകളോട് വല്ലാത്ത ഒരു അടുപ്പം തോന്നി. അത് ആരായിരിക്കും എഴുതിയത്? എന്താണ് ലോറിയും ഡേവിസും തമ്മിലുള്ള ബന്ധം? കമിതാക്കള്‍? എന്നിട്ടെന്തേ വ്യക്തിപരമായ ഒരു വരി പോലും ഇവയിലില്ലാത്തതു? സഹോദരങ്ങള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ ഇതില്‍ ഏതു തന്നെ ആയാലും വ്യക്തിപരമായ എന്തെങ്കിലും ഒന്ന് ഉണ്ടാവേണ്ടതല്ലേ? ലോറി ഈ കത്തുകള്‍ക്ക് മറുപടി അയച്ചിരുന്നില്ലേ? അവയും ഒറ്റ വരിയിലുള്ളവ ആയിരുന്നോ? എന്തിനാണ് ഇങ്ങനെ ഈ ഹൃസ്വമായ കത്തുകള്‍ വഴിപാട് പോലെ ഇത്ര കൃത്യനിഷ്ഠയോടെ അയക്കുന്നത്?

നാളുകള്‍ കഴിയുന്തോറും എന്റെ ഉദ്വേഗം വര്‍ധിച്ചു വന്നു. ആരാണ് ലോറി? എനിക്ക് മുന്‍പേ ഇവിടെ ഉണ്ടായിരുന്ന അവരുടെ അദൃശ്യ സാന്നിധ്യം ഞാന്‍ ഓരോ മുക്കിലും മൂലയിലും അനുഭവിച്ചു തുടങ്ങി. അവര്‍ എങ്ങനെയാണ് ഈ വീട് ഒരുക്കിയിരുന്നത്? ഇപ്പോള്‍ എന്റേത് ആയ ഈ മുറികള്‍ അവര്‍ എങ്ങനെ ആണ് അലങ്കരിച്ചിരുന്നത്? ആ കത്തുകള്‍ എന്റെ ജീവിതത്തെ സ്വാധീനിച്ചു തുടങ്ങിയത് എന്ന് മുതലാണ് എന്ന് എനിക്ക് അറിഞ്ഞുകൂടാ. പക്ഷെ അവ എന്റെ ദൈനംദിന ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത് ഞാന്‍ മനസ്സിലാക്കാതെയിരുന്നില്ല.

'എന്റെ ജനല്‍പ്പടിയിലെ പെറ്റുനിയാ പൂത്തു. നിന്റെയോ?'
ആ കത്ത് വന്ന അന്ന് ഞാന്‍ ഒരു വിന്‍ഡോ ബോക്‌സ് വാങ്ങി പെറ്റുനിയാ നട്ടു.
'പ്രിയപ്പെട്ടവളെ, ഈ വേനല്‍ നിന്നെ തളര്‍ത്തുന്നുവോ? പുറത്തെ കത്തി എരിയുന്ന വെയിലിനെ സൂക്ഷിക്കണം. അത് നിന്റെ ശക്തി ചോര്‍ത്തിക്കളയും'
അത് വായിച്ചതിനു ശേഷം പുറത്തുപോകുമ്പോള്‍ ഒക്കെയും ഞാന്‍ കയ്യില്‍ വെള്ളം കരുതാന്‍ തുടങ്ങി.
'വെള്ളികലര്‍ന്ന നീല മാനമാണിന്നു. മാനത്തിന്റെ നീല എന്റെ മുറിയുടെ ഭിത്തികളിലേക്കും വ്യാപിച്ചിരിക്കുന്നു.'
ഒട്ടും താമസിക്കാതെ, ഞാന്‍ എന്റെ കിടപ്പുമുറിയുടെ ഭിത്തികള്‍ക്ക് നീല ചായമടിച്ചു.

ഇങ്ങനെ എന്റെ ജീവിതത്തിന്റെ എല്ലാ തുറകളെയും ലോറി സ്വാധീനിച്ചു തുടങ്ങിയപ്പോള്‍ ഈ കത്തുകളുടെ ഉറവിടം തേടിപ്പിടിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ആ കത്തുകള്‍ അയക്കുന്ന ആളിന്റെ വിലാസം ഞാന്‍ ഗൂഗിള്‍ ചെയ്തു നോക്കിയത്. അത് ഒരു വൃദ്ധസദനം ആണെന്ന് കണ്ടപ്പോള്‍ എനിക്ക് വല്ലായ്മ തോന്നി. അവിടെ നിന്നും, വാര്‍ദ്ധക്യത്തിന്റെ ഏകാന്തതയില്‍ അനാരോഗ്യത്തിന്റെ അസ്വസ്ഥതകളോട് മല്ലിടുന്ന ഒരു വയോധികന്‍ അയക്കുന്ന കുറിമാനങ്ങള്‍ ആണോ അവ? മുന്‍പേ ഉണ്ടാക്കിയ ലിസ്റ്റിലേക്ക് മറ്റു ചില ബന്ധങ്ങള്‍ കൂടി ഞാന്‍ എഴുതിച്ചേര്‍ത്തു. ലോറി അയാളുടെ മകള്‍ ആണോ? കൊച്ചുമകള്‍? അനന്തിരവള്‍? വാര്‍ധക്യത്തിന്റെ അസ്വസ്ഥതകള്‍ ശല്യക്കാരനാക്കിയ പിതാവിനെ അല്ലെങ്കില്‍ മുത്തശ്ശനെ വൃദ്ധസദനത്തില്‍ ആക്കി മാറിക്കളഞ്ഞവള്‍? ആ വൃദ്ധഹൃദയത്തില്‍ പക്ഷേ ഇപ്പോഴും വാത്സല്യം മാത്രം... അതുകൊണ്ടല്ലേ മുറതെറ്റാതെയുള്ള ഈ കുറിമാനങ്ങള്‍...

എനിക്ക് ദുഃഖം തോന്നി.
കൈയ്യക്ഷരം കണ്ടിട്ട് പ്രായാധിക്യത്തിന്റെ വലിയ ക്ഷീണം ഒന്നും തോന്നുന്നില്ല. ഇപ്പോഴും എഴുതാന്‍ കഴിയുന്നുണ്ടല്ലോ; വിരലുകള്‍ വഴങ്ങുന്നുണ്ടല്ലോ. ആപ്പിള്‍മരം പൂക്കുന്നതു കാണാനും, പൊഴിഞ്ഞുവീണ മഗ്‌നോളിയയുടെ ഇതളുകള്‍ തൂത്തുമാറ്റാനും കഴിയുന്നുണ്ടല്ലോ. അപ്പോള്‍ പിന്നെ എന്തേ ലോറിയുടെ മറുപടികള്‍ കാണാത്തപ്പോള്‍ അന്വേഷിച്ചു വരാത്തത്? അതോ അവര്‍ തമ്മിലുള്ള ബന്ധത്തില്‍ എന്തെങ്കിലും കരടുകള്‍? എങ്കില്‍ ആ കരടുകള്‍ മാറ്റാനുള്ള ശ്രമം ആണോ ഈ കത്തുകള്‍? ലോറിക്ക് ഇവ കിട്ടുന്നില്ല എന്ന് പാവം അറിയുന്നുണ്ടാവില്ല. ദിവസങ്ങള്‍ കഴിയുംതോറും എന്റെ മനസ്സില്‍ ആ വിചാരം മാത്രം ആയി. പ്രിയപ്പെട്ട ലോറിയ്ക്കുള്ള ആ സാധുവിന്റെ കത്തുകള്‍ ഇവിടെ ഇങ്ങനെ എന്റെ കൈവശം ആണ് എത്തിച്ചേരുന്നത് എന്ന് അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തം അല്ലേ എന്ന് ഒരു തോന്നല്‍... ഒരു സാധു വൃദ്ധനോട് അത്രയെങ്കിലും സഹാനുഭൂതി ഞാന്‍ കാണിക്കേണ്ടേ?

ലോറിയെക്കുറിച്ചുള്ള ചിന്തകള്‍ എനിക്ക് ഇരിക്കപ്പൊറുതി തരാതെയായി. ലോറി ആരെന്നു അറിയാതെ, അവരെക്കുറിച്ചു കൂടുതല്‍ അറിയാതെ എനിക്ക് സമാധാനം കിട്ടില്ലെന്ന് ഉറപ്പായപ്പോള്‍ ഒരു അവധി ദിവസം ഞാന്‍ ആ മേല്‍വിലാസത്തിലെ വൃദ്ധ മന്ദിരം തേടി ഇറങ്ങി.
ഡേവിസിനെ കാണാനാണെന്നു പറഞ്ഞപ്പോള്‍ റിസപ്ഷനിസ്റ്റ് എന്നെ സംശയത്തോടെ നോക്കി.

'ഡേവിസ്?' ഇങ്ങനെ ഒരു ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. കയ്യില്‍ കരുതിയിരുന്ന കത്തുകള്‍ കാണിച്ചപ്പോള്‍ അവര്‍, അകത്തേക്ക് പോയി മാനേജരെ കൂട്ടിക്കൊണ്ടുവന്നു. 'ലോറി മോണ്‍ഗോമറി? അറ്റ് ലാസ്റ്റ് നിങ്ങള്‍ വന്നല്ലോ. ഇന്നലെയുംകൂടി അദ്ദേഹം 'അവള്‍ വരും' എന്ന് പറഞ്ഞിരുന്നു.' എനിക്ക് എന്തെങ്കിലും പറയാന്‍ കഴിയുന്നതിനു മുന്‍പേ അവര്‍ പറഞ്ഞു.

അവരുടെ ശബ്ദത്തിലെ ആശ്വാസവും, സന്തോഷവും ആ മനുഷ്യനോടുള്ള സഹാനുഭൂതിയും എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. ആ സ്ഥാപനത്തിലെ ഒരു അന്തേവാസിയുടെ കാര്യത്തില്‍ അവര്‍ക്കുള്ള താല്പര്യവും ശുഷ്കാന്തിയും കണ്ടപ്പോള്‍, ഞാന്‍ ലോറി മോണ്‍ഗോമേറി അല്ലെന്നും വിലാസം തെറ്റി വന്ന കത്തുകള്‍ കൈപ്പറ്റിയത് തിരിച്ചേല്പിക്കാന്‍ വന്നതാണെന്നും പറയാന്‍ എനിക്ക് കഴിഞ്ഞില്ല. എന്ന് മാത്രമല്ല അവര്‍ക്കു പറയാനുള്ളത് എന്താണെന്നു അറിയാന്‍ വല്ലാത്ത ഒരു ജിജ്ഞാസയും എന്നില്‍ ഉടലെടുത്തു.

അവര്‍ അത്യുത്സാഹത്തോടെ എന്നെ അകത്തേക്ക് കൂട്ടികൊണ്ടുപോയി. നീളന്‍ ഇടനാഴികള്‍ കടന്നു ഞങ്ങള്‍ ആ മുറിയിലെത്തി. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ മെഡിക്കല്‍ ബെഡില്‍ ഓക്‌സിജന്‍ മാസ്കിനുള്ളിലൂടെ മരണത്തോട് അടുത്തുകൊണ്ടിരിക്കുന്ന ഡേവിസിനെ ഞാന്‍ കണ്ടു. മാനേജര്‍ ഡേവിസിന്റെ ആരോഗ്യനിലയെക്കുറിച്ചു ഒരു ചെറിയ വിവരണം അതിനോടകം എനിക്ക് നല്‍കിയിരുന്നു. അക്കൂട്ടത്തില്‍, എനിക്ക് അറിയേണ്ടിയിരുന്നതും, ചോദിക്കാതെ തന്നെ അവരുടെ സംസാരത്തില്‍നിന്നും എനിക്ക് മനസ്സിലായി. ലോറി എന്നൊരു പേര് മാത്രമേ അവര്‍ക്കും അറിയൂ: ലോറിയെ അവര്‍ ആരും തന്നെ കണ്ടിട്ടില്ല.

'കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, അതായതു അദ്ദേഹത്തിന് എഴുതാന്‍ ആവാതായതിനുശേഷം ഈ കത്തുകള്‍ അയക്കുന്നത് ഇവിടുത്തെ നേഴ്‌സ് ആണ്. മറ്റെല്ലാം മറന്നിട്ടും, അദ്ദേഹം ലോറിക്ക് കത്തെഴുതാന്‍ ആ നഴ്‌സിനെ ഓര്‍മിപ്പിക്കും. വര്‍ഷങ്ങളായിട്ടും ഒരു മറുപടി പോലും വരാഞ്ഞിട്ടും ഞങ്ങള്‍ ആ കത്തുകള്‍ അയച്ചുകൊണ്ടിരുന്നത് ആ നിര്‍ബന്ധം മൂലം ആണ്.

ഏതായാലും നിങ്ങള്‍ വന്നല്ലോ.' മാനേജര്‍ പറഞ്ഞുകൊണ്ടേയിരുന്നു.
ഞാന്‍ ആ കിടക്കയ്ക്കു അരികിലേക്ക് ചെന്ന്, അയാളുടെ കയ്യില്‍ തൊട്ടു. മാനേജര്‍ അടുത്തുണ്ടായിരുന്ന കസേര എനിക്കിരിക്കാന്‍ ആ കിടക്കയ്ക്കരികിലേക്കു ഉപചാരപൂര്‍വം നീക്കിയിട്ടു തന്നു. ഞാന്‍ അവിടെ ഇരുന്നു. എനിക്ക് ഒരു ബന്ധവും ഇല്ലാത്ത, തികച്ചും അപരിചിതനായ ആ വൃദ്ധന്റെ മെലിഞ്ഞു നേര്‍ത്ത കൈകള്‍ എന്റെ കൈപ്പത്തിക്കുള്ളിലാക്കി. ആ കയ്യില്‍ തലോടികൊണ്ടിരിക്കുമ്പോള്‍ എന്തുകൊണ്ടോ എനിക്ക് കരച്ചില്‍ വന്നു. വേണ്ടുവോളം നുകരാന്‍ കഴിയും മുന്‍പേ തൂവിപ്പോയ വാത്സല്യത്തിന്റെ നറുംതേന്‍ ആ ചുക്കിച്ചുളിഞ്ഞ മുഖത്ത് നോക്കിയിരുന്നപ്പോള്‍ എന്റെ ഉള്ളില്‍ ഉറവപൊട്ടുന്നത് ഞാന്‍ അറിഞ്ഞു. അന്ന് കുറെ ഏറെ നേരം ഞാന്‍ അവിടെ ഇരുന്നു.

അടുത്ത അവധി ദിവസവും ഞാന്‍ അവിടേക്കു ചെന്നു.
പിന്നെ പിന്നെ അതൊരു പതിവായി.
അവധി ദിവസങ്ങള്‍ വരാനായി ഞാന്‍ കാത്തിരുന്നു. പൂക്കളും ബലൂണുകളും വാങ്ങിക്കൊണ്ടുപോയി ഞാന്‍ ഡേവിസിന്റെ മുറി അലങ്കരിച്ചു. ആ സ്ഥാപനത്തിലെ ജോലിക്കാരും എന്റെ സന്ദര്‍ശനങ്ങള്‍ പ്രതീക്ഷിച്ചു തുടങ്ങി എന്നെനിക്കു തോന്നി. ഞാന്‍ ചെല്ലുമ്പോള്‍ തന്നെ അവര്‍ എനിക്കായി വാതില്‍ തുറന്നു. 'ഡേവിസിന് ഇന്ന് നല്ല ഭേദമുണ്ട് ' അല്ലെങ്കില്‍ 'ഇന്ന് ഒന്നും കഴിച്ചിട്ടില്ല. എന്തെങ്കിലും ഒന്ന് കഴിപ്പിക്കാന്‍ നോക്ക്കൂ' എന്നൊക്കെ അവര്‍ എന്നോട് പറയാനും തുടങ്ങി. ഞാന്‍ ലോറി അല്ലെന്നു പറയാന്‍ പല തവണ ഒരുങ്ങിയെങ്കിലും, ഇതൊക്കെ കണ്ടപ്പോള്‍ അത് വേണ്ടെന്നു വെച്ചു.

അവിടെ ചെന്ന് ആ ശോഷിച്ച കയ്യില്‍ തലോടിക്കൊണ്ട് ബാക്‌യാഡിലെ ആപ്പിള്‍ മരം പൂത്തതിനെക്കുറിച്ചും, ജനാലപ്പടിയില്‍ പൂച്ചട്ടി സ്ഥാപിച്ചതിനെക്കുറിച്ചും, കിടപ്പുമുറിക്കു നീലാകാശത്തിന്റെ നീലച്ചായം പൂശിയതും വിശദമായി പറഞ്ഞു കേള്‍പ്പിച്ചു. ഞാന്‍ പറയുന്നത് അയാള്‍ കേള്‍ക്കുന്നു എന്ന് ഒരു ഉറപ്പും ഇല്ലാതിരുന്നിട്ടും ഞാന്‍ വാചാലമായി സംസാരിച്ചുകൊണ്ടിരുന്നു. എന്റെ സ്വപ്നങ്ങളും, കൊച്ചു കൊച്ചു സന്തോഷങ്ങളും അതിലുപരി എന്റെ നെഞ്ചിലെ വിങ്ങലുകളും ഞാന്‍ അയാളോട് പറഞ്ഞു. ഒരു സങ്കോചവും കൂടാതെ ...

ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, തികച്ചും അപ്രതീക്ഷിതമായി അയാള്‍ കണ്ണ് തുറന്നു.
അയാളുടെ കണ്ണുകള്‍ക്ക് നല്ല തെളിച്ചമുണ്ടായിരുന്നു. മുഖത്ത് നിറഞ്ഞ സന്തോഷവും. ഞാന്‍ ലോറി അല്ലെന്നു അയാള്‍ക്ക് തിരിച്ചറിയാന്‍ കഴിയുമെന്ന് എനിക്ക് മനസ്സിലായി. ആ ശോഷിച്ച കൈകളില്‍ പിടിച്ചുകൊണ്ടു അയാളുടെ മുഖത്തേക്കു എന്റെ മുഖം അടുപ്പിച്ചുകൊണ്ടു ഞാന്‍ പറഞ്ഞു: 'ഇവിടെ നിന്നും അയച്ച കത്തുകള്‍ എനിക്കാണ് കിട്ടിയിരുന്നത്. ഞാന്‍ ലോറി അല്ലെന്നു...'

ബാക്കി പറയാന്‍ എന്നെ അനുവദിക്കാതെ, അയാള്‍ മന്ത്രിച്ചു: 'ഐ നോ.. ഐ നോ....' എന്റെ കൈകളില്‍ അയാളുടെ വിരലുകള്‍ പരിക്ഷീണമായി അമര്‍ത്തുന്നത് ഞാനറിഞ്ഞു. വിശദീകരണങ്ങള്‍ക്കു അതീതമായ സ്‌നേഹത്തിന്റെ ഊഷ്മളത ആ വിരലുകളിലൂടെ എന്നിലേക്ക് കിനിഞ്ഞിറങ്ങുന്നതും.

അന്ന് ആ കിടക്കയ്ക്കു അരികില്‍ ഞാന്‍ ഏറെ നേരം ഇരുന്നു. ആ വൃദ്ധന്റെ മുഖത്തേക്ക് നോക്കിയിരിക്കുമ്പോള്‍ അയാള്‍ എന്റെ ആരും അല്ല എന്ന് വിശ്വസിക്കുവാന്‍ എനിക്കായില്ല. ബാല്യത്തിലും, കൗമാരത്തിലും യൗവനത്തിലും, എന്ന് വേണ്ടാ, എന്റെ ജീവിതത്തിന്റെ എല്ലാ കോണുകളിലും ആ സ്‌നേഹസാന്നിധ്യം ഉണ്ടായിരുന്നു എന്നൊരു തോന്നല്‍.... ഓരോ നിമിഷം കഴിയുംതോറും ആ വിശ്വ സം എന്നില്‍ ബലപ്പെട്ടു വന്നു....... ഞാന്‍ മടങ്ങുമ്പോള്‍ അദ്ദേഹം നല്ല ഉറക്കത്തില്‍ ആയിരുന്നു.

അന്ന് രാത്രിയില്‍ അദ്ദേഹം മരിച്ചു എന്ന് മാനേജര്‍ എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു. മരണാനന്തര ചടങ്ങുകളെക്കുറിച്ചു അദ്ദേഹം തന്നെ നിര്‍ദേശങ്ങള്‍ ഏല്‍പ്പിച്ചിരുന്നതിനാല്‍, ആ സ്ഥാപനത്തിലെ ഉദ്യാഗസ്ഥര്‍ അതിന്റെ ചുമതല ഏറ്റെടുത്തു നിറവേറ്റി. എന്നിരുന്നാലും ഞാനും ആ ചടങ്ങുകളില്‍ ഒക്കെയും പോയി പങ്കെടുത്തു. ഒരു കുടുംബ അംഗത്തെപ്പോലെ...

തിരികെപോരുന്നതിനു മുന്‍പേ ആ മാനേജരോട് നന്ദി പറയാന്‍ ഞാന്‍ മറന്നില്ല: ആ സ്ഥാപനത്തിനു ഒരു നല്ല തുക സംഭാവനയായി നല്‍കാനും. ഞാന്‍ കൊടുത്ത ചെക്കിലെ പേര് ശ്രദ്ധിച്ചുകൊണ്ട് അവര്‍ എന്നെ അമ്പരപ്പോടെ നോക്കി.
'അപ്പോള്‍ നിങ്ങള്‍? ലോറി മോണ്‍ഗോമറി...?'
'ഞാനും അവരെ അന്വേഷിക്കുകയാണ്' അവരുടെ മുഖത്തേക്ക് നോക്കാതെ ഞാന്‍ തിരിഞ്ഞു നടന്നു

Join WhatsApp News
seena joseph 2019-10-18 11:08:49
Beautiful story..
Story 2019-10-18 11:51:27
There is a similar beautiful story that has been circulating for a while:

A nurse took the tired, anxious serviceman to the bedside. “Your son is here,” she said to the old man. She had to repeat the words several times before the patient’s eyes opened.

Heavily sedated because of the pain of his heart attack, he dimly saw the young uniformed Marine standing outside the oxygen tent. He reached out his hand. The Marine wrapped his toughened fingers around the old man’s limp ones, squeezing a message of love and encouragement.

The nurse brought a chair so that the Marine could sit beside the bed. All through the night the young Marine sat there in the poorly lighted ward,
holding the old man’s hand and offering him words of love and strength. Occasionally, the nurse suggested that the Marine move away and rest awhile. He refused.

Whenever the nurse came into the ward, the Marine was oblivious of her and of the night noises of the hospital – the clanking of the oxygen tank, the laughter of the night staff members exchanging greetings, the cries and moans of the other patients. Now and then she heard him say a few gentle words. The dying man said nothing, only held tightly to his son all through the night.

Along towards dawn, the old man died. The Marine released the now lifeless hand he had been holding and went to tell the nurse. While she did what she had to do, he waited.

Finally, she returned. She started to offer words of sympathy, but the Marine interrupted her, “Who was that man?” he asked.

The nurse was startled, “He was your father,” she answered.

“No, he wasn’t,” the Marine replied. “I never saw him before in my life.”

“Then why didn’t you say something when I took you to him?”

“I knew right away there had been a mistake, but I also knew he needed his son, and his son just wasn’t here. When I realized that he was too sick to tell whether or not I was his son, I knew how much he needed me. I came here tonight to find a Mr. William Grey. His son was killed in Iraq today, and I was sent to inform him. What was this gentleman’s name?”

The nurse with tears in her eyes answered, “Mr. William Grey …”

സർ സോഡാ 2019-10-19 19:01:15
Anish Chacko നല്ല വ്യത്തിയായി എഴുതിയിരിക്കുന്നു ... കഥയുടെ അവസാനം വരെ ഒരു curiosity നില്ല നിർത്താൻ കഴിഞ്ഞു ... തഴക്കം വന്ന എഴുത്ത് .. പിന്നെ സ്നോ നീക്കാൻ വന്ന കറുത്ത വംശജൻ .. പുല്ലു വെട്ടാൻ വന്ന മെക്സിക്കൻ തുടങ്ങിയ stereotyping ഒഴിവാക്കാമായിരുന്നു .... keep writing...👏👏
Observation 2019-10-19 19:55:25
 'പുല്ലു വെട്ടാൻ വന്ന മെക്സിക്കൻ തുടങ്ങിയ stereotyping ' -Writer may be a Trump follower .
A critique 2019-10-20 09:02:45
കഥ നല്ല   ശൈലിയിൽ  പറഞ്ഞിരിക്കുന്നു. ചുരുക്കത്തിൽ ഒരു നല്ല കഥ എന്നു  തന്നെ പറയണം . എന്നിരുന്നാലും വായനക്കാരിൽ  ഒരാൾ എഴുതിയ  കമന്റിൽ  കഥയുടെ മൗലീകതയെ ചോദ്യം ചെയ്തതായി കാണാം . രണ്ടുപേർ  ഒരേ പോലെ ചിന്തിക്കാനും  കഥ പറയാനുമുള്ള  സാധ്യത  ഉണ്ടെങ്കിൽ പോലും  ഇവിടെ കഥാകൃത്ത്  സംശയത്തിന്റെ  നിഴലിൽ  ആയിരിക്കുന്നു . ഇനി മറുപടി പറയേണ്ടത്  കഥാകൃത്ത്  തന്നെയാണ് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക