Image

യുഎഇയില്‍ മലയാളി നഴ്‌സുമാരുടെ ജോലിക്കു ഭീഷണി; കത്തു നല്‍കിയെന്ന് മന്ത്രി

Published on 17 October, 2019
യുഎഇയില്‍ മലയാളി നഴ്‌സുമാരുടെ ജോലിക്കു ഭീഷണി; കത്തു നല്‍കിയെന്ന് മന്ത്രി
ഷാര്‍ജ: യുഎഇയില്‍ നഴ്‌സിങ് ജോലിക്കുള്ള കുറഞ്ഞ യോഗ്യത ബിഎസ്‌സിയായി നിശ്ചയിച്ചതിനെ തുടര്‍ന്നുണ്ടായ ആശങ്കയകറ്റാന്‍ മറ്റു സംസ്ഥാനങ്ങളിലെ  കോഴ്‌സുകളെക്കുറിച്ചുള്ള കത്തു കേന്ദ്രവിദേശകാര്യമന്ത്രി വി.മുരളീധരന്‍ യുഎഇ അധികൃതര്‍ക്കു കൈമാറി.

എത്രയും പെട്ടെന്നു അനുകൂല നിലപാടുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നു മന്ത്രി വി.മുരളീധരന്‍ പറഞ്ഞു.  കേരളത്തിനു പുറത്തെ ചില സ്ഥാപനങ്ങളില്‍ ഡിപ്‌ളോമ പഠിച്ചവരുടെ സര്‍ട്ടിഫിക്കറ്റില്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതിനു നഴ്‌സിങ് അംഗീകാരമില്ലെന്നാണ് യുഎഇ വിലയിരുത്തുന്നത്. നഴ്‌സിങ് കൗണ്‍സിലിന്റെ അംഗീകാരം വ്യക്തമാക്കുന്ന കത്ത് പരിശോധിച്ച ശേഷം യുഎഇ തീരുമാനം അറിയിക്കും. തുടര്‍ നടപടികള്‍ക്കായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുരളീധരന്‍ അറിയിച്ചു

നഴ്‌സിങ് ഡിപ്‌ളോമ കോഴ്‌സ് ബിരുദമായി അംഗീകരിക്കില്ലെന്ന യുഎഇ തീരുമാനം 2020ല്‍ നിലവില്‍ വരും. അതിനു മുന്നോടിയായി ആരോഗ്യമന്ത്രാലയത്തിലേതടക്കം നഴ്‌സുമാര്‍ക്കു ജോലി നഷ്ടപ്പെട്ടു തുടങ്ങി.   കേരളത്തിനു പുറത്തെ ഡിപ്‌ളോമ കോഴ്‌സിനൊപ്പം ബ്രിഡ്ജ് കോഴ്‌സ് പൂര്‍ത്തിയാക്കിയവരുടെ യോഗ്യത ബിഎസ്‌സിക്കു തുല്യമായി പരിഗണിക്കണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക