Image

കൂടത്തായി കൊലപാതക പരമ്ബര: ജോളി എസ്പി ഓഫീസില്‍, ജ്യോത്സ്യനോട് ഹാജരാകാന്‍ നിര്‍ദ്ദേശം

Published on 15 October, 2019
കൂടത്തായി കൊലപാതക പരമ്ബര: ജോളി എസ്പി ഓഫീസില്‍, ജ്യോത്സ്യനോട് ഹാജരാകാന്‍ നിര്‍ദ്ദേശം

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയുടെ അന്വേഷണം മുന്നോട്ടുനീങ്ങുകയാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് പരാതിക്കാരന്‍ റോജോ തോമസിന്‍റെ മൊഴിയെടുക്കല്‍ തുടരുകയാണ്.


കൊലപാതകത്തിലെ മുഖ്യ പ്രതി ജോളിയേയും വടകര എസ്പി ഓഫീസിലെത്തിച്ച്‌ ചോദ്യം ചെയ്യുകയാണ്. അതേസമയം, കട്ടപ്പനയിലെ ജ്യോത്സ്യന്‍ കൃഷ്ണകുമാറിനെ വീണ്ടും ചോദ്യം ചെയ്യും. നാളെ വടകര എസ്പി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൃഷ്ണകുമാറിന് അന്വേഷണസംഘം നിര്‍ദേശം നല്‍കിയിരിക്കുകയാണ്.


അതേസമയം, ദൃക്സാക്ഷികളില്ലാത്ത കേസായതിനാല്‍ അന്വേഷണ സംഘത്തെ സംബന്ധിച്ച്‌ നിര്‍ണ്ണായകമാണ് റോജോയില്‍ നിന്നുള്ള മൊഴിയെടുപ്പ്. അന്വേഷണ സംഘത്തിന്‍റെ നിര്‍ദേശപ്രകാരമാണ് റോജോ ഇന്നലെ അമേരിക്കയില്‍ നിന്നും നാട്ടിലെത്തിയത്. കൂടത്തായി കൊലപാതക പരമ്ബരയിലെ മുഖ്യപ്രതി ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസിന്‍റെ സഹോദരനാണ് റോജോ തോമസ്‌.


കുടുംബത്തിലെ കൊലപാതകങ്ങളില്‍ എപ്പോള്‍ മുതലാണ് സംശയം തുടങ്ങിയത് തുടങ്ങി ഒരുപാട് ചോദ്യങ്ങളില്‍ ഉത്തരം കണ്ടെത്താന്‍ റോജോയുടെ മൊഴി പോലീസിനെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. കൂടത്തായി കേസില്‍ സമാന്തരമായി അന്വേഷണം നടത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്ത ആളാണ് റോജോ. അതിനാല്‍ റോജോയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

അതേസമയം ചോദ്യം ചെയ്ത് വിട്ടയച്ച ഷാജുവിനെയും സഖറിയേയും ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ ജോളി കുടുക്കാന്‍ ശ്രമിക്കുകയാണെന്ന മൊഴിയാണ് ഇരുവരും നല്‍കിയത്. സിലിയെ കൊല്ലാന്‍ കൂട്ടുനില്‍ക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാന്‍ പോലും കഴിയില്ലെന്നാണ് ഷാജുവും സഖറിയയും അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്.

മൊഴി നല്‍കിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമെന്ന് റോജോ പ്രതികരിച്ചു. ഞങ്ങള്‍ക്ക് അറിയാവുന്ന കാര്യം അന്വേഷണ സംഘത്തോട് പറയും. തന്‍റെ പക്കലുള്ള വിവരങ്ങളും രേഖകളും കൈമാറുമെന്നും റോജോ പറഞ്ഞു.

അതേസമയം, ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ അന്വേഷണ സംഘത്തെ സംബന്ധിച്ച്‌ ഇന്നത്തെ ദിവസം പ്രധാനപ്പെട്ടതാണ്. നാളെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക