Image

ചില കാര്യങ്ങള്‍ പുതുതായി പറയാനുണ്ട്‌ '; കൂടത്തായി കേസില്‍ മൊഴി നല്‍കാന്‍ റോജോ എത്തി

Published on 15 October, 2019
ചില കാര്യങ്ങള്‍ പുതുതായി പറയാനുണ്ട്‌ '; കൂടത്തായി കേസില്‍ മൊഴി നല്‍കാന്‍ റോജോ എത്തി


കോഴിക്കോട്‌: കൂടത്തായി  കൂട്ടകൊലപാതക്കേസ്‌ വെളിച്ചത്ത്‌ കൊണ്ടുവരാനായി മുന്‍കൈയെടുത്ത പരാതിക്കാരന്‍ റോജോ തോമസ്‌ വടകര റൂറല്‍ എസ്‌പി ഓഫീസിലെത്തി മൊഴി നല്‍കുന്നു.

സഹോദരി റെഞ്ചിക്കും റോയിയുടെ മക്കള്‍ക്കും ഒപ്പമാണ്‌ 
റോജോഎത്തിയത്‌. ജോളിയേയും എസ്‌.പി ഓഫീസില്‍ എത്തിച്ചിട്ടുണ്ട്‌. വൈക്കത്ത്‌ നിന്നാണ്‌ റോജോയും റെഞ്ചിയുടെ മക്കളും എത്തിയത്‌.

കേസിലെ മുഖ്യപ്രതിയായ ജോളിയുടെ 'ആദ്യ ഭര്‍ത്താവ്‌ റോയ്‌ തോമസിന്റെ സഹോദരനാണ്‌ റോജോ. തിങ്കളാഴ്‌ച രാവിലെയാണ്‌ അമേരിക്കയില്‍ നിന്ന്‌ റോജോ നാട്ടിലെത്തിയത്‌. അന്വേഷണ സംഘം ആവശ്യപ്പെട്ടതിനനുസരിച്ചാണ്‌ മൊഴി നല്‍കാന്‍ റോജോ എത്തിയത്‌.

 എസ്‌പി ഓഫീസില്‍ റോജോയുടെയും റോയിയുടെയും സഹോദരി രെഞ്ചിയുടെയും റോയിയുടെ മകന്‍ റോണോയുടെയും ഒപ്പമാണ്‌ റോജോ എത്തിയത്‌.

മൊഴി നല്‍കിയ ശേഷം വിശദമായി കാര്യങ്ങള്‍ പറയാമെന്നും ചില കാര്യങ്ങള്‍ പുതുതായി പറയാനുണ്ടെന്നും റോജോ മാധ്യമങ്ങളോട്‌ പറഞ്ഞു.

എല്ലാം വിശദമായി പറയാം. ഞങ്ങള്‍ക്ക്‌ അറിയാവുന്ന കാര്യം അന്വേഷണ സംഘത്തോട്‌ പറയും. തന്റെ പക്കലുള്ള വിവരങ്ങളും രേഖകളും കൈമാറുമെന്നും റോജോ പറഞ്ഞു.

കൂടത്തായി കേസില്‍ സമാന്തരമായി അന്വേഷണം നടത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്‌ത ആളാണ്‌ റോജോ. റോജോയില്‍ നിന്ന്‌ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ അന്വേഷണ സംഘം.

കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിക്കുന്നതില്‍ നിര്‍ണായകമായത്‌ റോജോ തോമസിന്റെ പരാതിയായിരുന്നു.

റോയിയുടേയും മാതാപിതാക്കളായയ ടോം തോമസിന്റേയും അന്നമ്മയുടേയും മരണം കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്നായിരുന്നു റോജോ പരാതി നല്‍കിയത്‌. ജോളിയുടെ കസ്റ്റഡി കാലാവധി ഇന്ന്‌ അവസാനിക്കാനിരിക്കെ അന്വേഷണ സംഘത്തെ സംബന്ധിച്ച്‌ ഇന്നത്തെ ദിവസം പ്രധാനപ്പെട്ടതാണ്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക