Image

പ്രസ് ക്ലബ് സമ്മേളനത്തെപറ്റി മന്ത്രി ജലീല്‍: ഇവിടെ അസൂയയും കുശുമ്പും പടിക്ക് പുറത്ത്

Published on 14 October, 2019
പ്രസ് ക്ലബ് സമ്മേളനത്തെപറ്റി മന്ത്രി  ജലീല്‍: ഇവിടെ അസൂയയും കുശുമ്പും പടിക്ക് പുറത്ത്
ഇവിടെ അസൂയയും കുശുമ്പും പടിക്ക് പുറത്താണ്

പത്രപ്രവര്‍ ത്തനം മുഖ്യ തൊഴിലായി സ്വീകരിച്ചിട്ടില്ലാത്ത എന്നാല്‍ വാര്‍ത്തകള്‍ കൈമാറാനുള്ള താല്‍പര്യം കൊണ്ട് ജേര്‍ണലിസം രംഗത്ത് സജീവമായ പ്രൊഫഷണല്‍സിന്റെയും ബിസിനസ്സുകാരുടെയും നോര്‍ത്ത് അമേരിക്കയിലെ കൂട്ടായ്മയായ ഇന്‍ഡ്യ പ്രസ് ക്ലബ്ബിന്റെ എട്ടാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവരുടെ ക്ഷണമനുസരിച്ചാണ് ഒരാഴ്ചമുമ്പ് അമേരിക്കയിലെത്തിയത്.

കേരളത്തില്‍ നിന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകരായ എം.ജി. രാധാകൃഷ്ണന്‍, വെങ്കിടേഷ് രാമകൃഷ്ണന്‍, ജോണി ലൂക്കോസ്, വേണു ബാലകൃഷ്ണന്‍ എന്നിവരും പ്രോഗ്രാമിനെത്തിയിരുന്നു. കൂടാതെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറും 'ബല്ലാത്ത പഹയന്‍' എന്ന ഓണ്‍ലൈന്‍ ചാനലിലൂടെ പ്രസിദ്ധനായ കോഴിക്കോട്ടുകാരന്‍ വിനോദ് നാരായണനും ന്യൂയോര്‍ക്കില്‍ നിന്ന് യു.എ. നസീറുമുള്‍പ്പടെ യു.എസ്.എ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരുടെ ഒരു നിരതന്നെ വേദിയിലും സദസ്സിലുമായുണ്ടായിരുന്നു.

ചിട്ടയാര്‍ന്ന സമ്മേളനം ഒരുക്കിയതിന് ഭാരവാഹികളായ മധു കൊട്ടാരക്കരയും സുനില്‍ തൈമറ്റവും സണ്ണി പൗലോസും പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നു.

ചടങ്ങിനെത്തിയവരെല്ലാം തന്നെ പ്രഗല്‍ഭരായ പ്രൊഫഷണല്‍സും ബിസിനസ്സ് മാഗ്നറ്റുകളുമായിരുന്നു. അമേരിക്കയിലും യൂറോപ്പിലുമെത്തിയവരില്‍ 95 ശതമാനവും വ്യത്യസ്ത തൊഴില്‍ മേഖലയിലെ വിദഗ്ധരും പ്രൊഫഷണലുകളുമാണ്. ചെറുകിട കച്ചവടക്കാരും ഡിഗ്രി ഇല്ലാത്തവരും മലയാളികള്‍ക്കിടയില്‍ ഇല്ലെന്നു തന്നെ പറയാം.

അമേരിക്കന്‍ മലയാളികളുടെ സേവനം വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ടോ എന്നുള്ളത് സംശയമാണ്. ലോകോത്തര കമ്പനികളില്‍ ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്ന കഴിവുറ്റവരുടെ ബൗദ്ധിക സേവനം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രയോജനപ്പെടുത്തുന്നതിനെ സംബന്ധിച്ച് പലരുമായും സംസാരിച്ചു. സ്‌കയ്പ്പ് വഴിയും വീഡിയോ കോണ്‍ഫ്രന്‍സിങ്ങിലൂടെയും അഡ്ജംഗ്റ്റ് ഫാക്കല്‍റ്റികളായി പ്രതിഫലമൊന്നുമില്ലാതെ മാസത്തില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ നമ്മുടെ സാങ്കേതിക സ്ഥാപനങ്ങളിലെ കുട്ടികളുമായി സംവേദിക്കാനുള്ള സന്നദ്ധത പല പ്രമുഖരും അറിയിച്ചിട്ടുണ്ട്. തീര്‍ച്ചയായും അതുപയോഗപ്പെടുത്താന്‍ പരമാവധി ശ്രമിക്കും. ചാരിറ്റി എന്ന വാക്കിന്റെ അര്‍ത്ഥം സാമ്പത്തിക സഹായം മാത്രമല്ല ബൗദ്ധിക സഹായവും കൂടിയാണെന്ന് ഞാനവരെ ഓര്‍മ്മിപ്പിച്ചു.

ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രെയ്ഡ് സെന്റെര്‍ നിലനിന്നിരുന്ന സ്ഥലവും 2001 ലെ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ സ്മാരകവും സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയും സന്ദര്‍ശിച്ചു. കാഴ്ചകള്‍ കാണാനുള്ള യാത്രയില്‍ എന്നെ അനുഗമിച്ച അഡ്വ: അനിയന്‍ ജോര്‍ജിനോടും അമേരിക്കയില്‍ ജനിച്ച് പഠിച്ച് വളര്‍ന്നിട്ടും നന്നായി മലയാളം സംസാരിക്കുന്ന അദ്ദേഹത്തിന്റെ മകന്‍ കെവിന്‍ ജോര്‍ജിനോടും ഡോ: സമദിനോടും കൊണ്ടോട്ടിക്കാരന്‍ ഹനീഫ്ക്കയോടുമുള്ള സ്‌നേഹം പ്രത്യേകം രേഖപ്പെടുത്തട്ടെ.

സ്വകാര്യ സംഭാഷണങ്ങളില്‍ ആരും ആരെക്കുറിച്ചും കുശുമ്പു പറഞ്ഞില്ലെന്നു മാത്രമല്ല എല്ലാവരും മറ്റുള്ളവരെപ്പറ്റി നല്ലതുമാത്രമാണ് പങ്കുവെച്ചത്. ഈ യാത്രയില്‍ എന്നെ ഏറ്റവുമധികം ആകര്‍ഷിച്ചതും ആ നന്മ മനസ്സാണ്. https://www.facebook.com/drkt.jaleel/
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക