Image

ലോക സിനിമകള്‍- ദി കില്ലിംഗ് ഓഫ് എ സേക്രഡ് ഡീര്‍ (The Killing of a Sacred Deer) (2017)

Published on 13 October, 2019
ലോക സിനിമകള്‍- ദി കില്ലിംഗ് ഓഫ് എ സേക്രഡ് ഡീര്‍ (The Killing of a Sacred Deer) (2017)
സൈക്കോളജിക്കല്‍ ത്രില്ലര്‍
സംവിധായകന്‍: യോര്‍ഗോസ് ലാന്തിമോസ്

അഭിനേതാക്കള്‍: കോളിന്‍ ഫാരെല്‍, നിക്കോള്‍ കിഡ്മാന്‍, ബാരി കിയോഗന്‍,  റാഫി കാസ്സിഡി, സണ്ണി സുല്‍ജിക്, അലീഷ്യ സില്‍വര്‍സ്‌റ്റോണ്‍, ബില്‍ കാംപ്   

രാജ്യം: അയര്‍ലന്‍ഡ്, യുണൈറ്റഡ് കിങ്ഡം
സമയം: 121 മിനിറ്റ്
ഭാഷ: ഇംഗ്ലീഷ്

നിങ്ങള്‍ ഒരു ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളാണ്. നിങ്ങളുടെ അശ്രദ്ധ കാരണം നിങ്ങള്‍ക്ക് ഒരു കൈപ്പിഴ സംഭവിക്കുന്നു. അതിനു നിങ്ങള്‍ പരിഹാരം ചെയ്യാന്‍ നിങ്ങളുടെ കുടുംബത്തിലെ ഒരാളുടെ ജീവന്‍ പകരം നല്‍കണം എന്ന് പറഞ്ഞാല്‍ നിങ്ങള്‍ എന്ത് ചെയ്യും?  അത് എങ്ങിനെ ന്യായം ആകും എന്ന് നിങ്ങള്‍ ചിന്തിക്കില്ലെ?  ഇങ്ങനൊരു വിപത്ത് ഒരു സാധാരണ കുടുംബത്തില്‍ സംഭവിക്കുന്നതാണ് ഈ ചിത്രത്തിന്റെ പ്രമേയം. വളരെ വിചിത്രമായ ഒരു സിനിമയാണിത്. വളരെ ലളിതമായി തുടങ്ങി അവസാനം പ്രേക്ഷകനെ എവിടെയൊക്കെയോ കൊണ്ടെത്തിക്കുന്ന ഒരു സിനിമ! വെറുതെ കണ്ടു ആസ്വദിക്കാതെ കണ്ടശേഷം ഇതിനെ കുറിച്ച് ഒരുപാട് ചിന്തിക്കാനും വായിക്കാനും ഒക്കെ ശ്രമിക്കേണ്ടി വരുന്ന സിനിമ!

ഈ ചിത്രം പരിപൂര്‍ണ്ണമായും മനസ്സിലാക്കണമെങ്കില്‍ ആദ്യം ഇഫിജീനിയ എന്ന ഗ്രീക്ക് പുരാണ കഥാപാത്രത്തിന്റെ കഥ മനസ്സിലാക്കേണ്ടതുണ്ട്. അഗമെമ്‌നോണ്‍ രാജാവിന്റെ മൂത്ത മകള്‍ ആണ് ഇഫിജീനിയ. അര്‍ത്തമിസ് എന്ന ദേവതയുടെ വിശുദ്ധ മാനിനെ കൊന്നത് മൂലം അഗമെമ്‌നോണ്‍ രാജാവും അയാളുടെ പടയും അര്‍ത്തമിസ് ദേവതയുടെ കോപത്തിനു ഇരയാവുന്നു. ഇതിനു പരിഹാരം ആയി സ്വന്തം മകളായ ഇഫിജീനിയയെ അഗമെമ്‌നോണ്‍ രാജാവിന് ബലി കൊടുക്കേണ്ടി വന്നു എന്നാണ് ഐതിഹ്യം (ഇതിനു പല വേര്‍ഷനുകളും ഉണ്ട്, അതില്‍ സിനിമയുടെ കഥ ഇവിടെ വിവരിച്ച കഥയില്‍ നിന്നെടുത്തതാണ്. ‘ദി കില്ലിംഗ് ഓഫ് എ സേക്രഡ് ഡീര്‍’ എന്ന ടൈറ്റില്‍ അങ്ങനെ വന്നതാണ്.)

വളരെ പെട്ടെന്നായിരുന്നു അയാള്‍ ആ പതിനാറുകാരനുമായി അടുത്തത്. നഗരത്തിലെ വലിയൊരു ആശുപത്രിയില്‍ ഡോക്ടറാണ് അയാള്‍. അയാളുടെ കൈയില്‍ നിന്ന് സംഭവിച്ച  അബദ്ധം നിമിത്തം ആ പതിനാറുകാരന്റെ കുടുംബത്തില്‍ ഒരു ദുരന്തം സംഭവിക്കുന്നു. പശ്ചാത്താപം കൊണ്ട് അയാള്‍ അവനോട് തന്റെ മകനോടെന്നപേലെ ഒരു പ്രത്യേക മമത പുലര്‍ത്തിപ്പോരുന്നു. അവനു വിലയേറിയ സമ്മാനങ്ങള്‍ അയാള്‍ വാങ്ങിക്കൊടുക്കുന്നു. ഒരിക്കല്‍ തന്റെ വീട്ടിലേക്ക് അയാള്‍ അവനെ ക്ഷണിക്കുകയും ചെയ്തു. വീട്ടില്‍ വന്നെത്തിയ പുതിയ പയ്യനെ വീട്ടുകാര്‍ക്ക് ഇഷ്ടമായി. കാരണം അവന്റെ പ്രായത്തില്‍ രണ്ടു മക്കള്‍ (ഒരാണും ഒരു പെണ്ണും) ഡോക്റ്റര്‍ക്കുണ്ടായിരുന്നു. താമസിയാതെ  ഡോക്റ്ററുടെ മകള്‍ക്ക് അവനോടു ഒത്തിരി അടുപ്പവും തോന്നുന്നു. അതിനു അവളെയെന്നല്ല, ആരെയും കുറ്റം പറയാന്‍ പറ്റില്ല. കാരണം അത്രയ്ക്കും ആകര്‍ഷകമായ സ്വഭാവത്തിന് ഉടമയായിരുന്നു ആ പയ്യന്‍! പറയുന്ന വാക്കുകളിലും ചെയ്യുന്ന കാര്യങ്ങളിലുമെല്ലാം പക്വത നിറഞ്ഞൊരു ചെറുപ്പക്കാരന്‍. പക്ഷെ ആ ചെറുപ്പക്കാരനുമായുള്ള അവരുടെ കൂട്ട്‌കെട്ട് അധികകാലം നീണ്ടു നിന്നില്ല. ചെറുപ്പക്കാരന്റെ സ്വഭാവത്തില്‍ എന്തൊക്കെയോ പൊരുത്തക്കേടുകള്‍ വരുന്നതായി ഡോക്റ്റര്‍ക്കു തോന്നുന്നു. തന്റെ ഇളയ മകന്റെ കാലുകള്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ തളര്‍ന്നു പോയതോടെ ഡോക്ട്ടര്‍ ആ ചെറുപ്പക്കാരനെ സംശയിക്കാന്‍ തുടങ്ങി. എന്നാല്‍ അപ്പോഴും അവന്‍ പതിവുപോലെ എല്ലാവരോട് നല്ലപോലെ ഇടപെട്ടുകൊണ്ടിരുന്നു. എന്നാല്‍ ദുരന്തങ്ങള്‍ അതുകൊണ്ടു തീര്‍ന്നില്ല. അതൊരു തുടക്കം മാത്രമായിരുന്നു.

സിനിമയില്‍ ഉടനീളം നായകന്റെ വൃത്തിയുള്ള കൈകളെ കുറിച്ചുള്ള പ്രശംസകള്‍ കാണാം. വളരെ വൃത്തിയുള്ള ഭംഗിയുള്ള കൈകള്‍ എന്നാണ് ആ കൈകളെ പലരും വിശേഷിപ്പിക്കുന്നത്. തന്റെ കൈകള്‍ വൃത്തിയാക്കി വെക്കാന്‍ എപ്പോഴും ശ്രദ്ധാലുവായിരുന്നു നായകന്‍. പക്ഷെ ശരിക്കും അയാളുടെ കൈകള്‍ കറയറ്റതായിരുന്നോ? 

ഈ അടുത്ത കാലത്തൊന്നും ഇത്രയും മിസ്റ്ററി നിറഞ്ഞ ഒരു ത്രില്ലര്‍ കണ്ടിട്ടില്ല എന്ന് നിസ്സംശയം പറയാം. സിനിമ കണ്ടു തുടങ്ങുന്ന ആദ്യത്തെ നിമിഷം മുതല്‍ നമ്മളെ അസ്വസ്ഥരായി നിലനിര്‍ത്തുന്നതില്‍ ഈ സിനിമ വിജയിക്കുന്നു. നെറ്റി ചുളിക്കുന്ന പലകാര്യങ്ങളും ഒന്നിന് പുറകെ ഒന്നായി നമ്മുടെ മുന്നിലേക്ക് കടന്നു വരുന്നു. ഓരോ സംഭാഷണങ്ങളിലെയും തീവ്രത നിങ്ങളെ അതിശയിപ്പിക്കും. ഓരോ സീനുകളിലും നിറഞ്ഞിരിക്കുന്ന ദുരൂഹത നമ്മളെ അത്ഭുതപ്പെടുത്തും. തുടക്കത്തിലെ സുന്ദരമായ സംഭാഷണങ്ങളും അന്തരീക്ഷവും പിന്നീട് വരാനിരിക്കുന്ന പേമാരിയുടെ മുന്നറിയിപ്പായിരുന്നെന്ന് സിനിമ തീരുമ്പോള്‍ നമുക്ക് മനസ്സിലാക്കും. കൂടുതല്‍ പറയുന്നില്ല. കാണുക. അനുഭവിച്ചറിയുക.

ലോക സിനിമകള്‍- ദി കില്ലിംഗ് ഓഫ് എ സേക്രഡ് ഡീര്‍ (The Killing of a Sacred Deer) (2017)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക