Image

ശൂന്യക്കല്ലറ-(കഥ: (ഭാഗം:1-ബാബു പാറയ്ക്കല്‍)

ബാബു പാറയ്ക്കല്‍ Published on 09 October, 2019
 ശൂന്യക്കല്ലറ-(കഥ: (ഭാഗം:1-ബാബു പാറയ്ക്കല്‍)
കുന്നിനുമുകളിലുള്ള ദേവാലയത്തിന്റെ പടിഞ്ഞാറു വശത്തെ വിശാലമായ മുറ്റത്തുനിന്നു കൊണ്ടു വികാരിയച്ചന്‍ താഴേക്കു നോക്കി. നീണ്ടുകിടക്കുന്ന കല്‍പ്പടവുകള്‍ ചവുട്ടി രണ്ടു ചെറുപ്പക്കാര്‍ കയറിവരുന്നു. ആ മുറ്റത്തു നിന്നു നോക്കിയാല്‍ ചുറ്റും മനോഹരമായ ഭൂപ്രകൃതിയാണ്. അനേക മൈല്‍ ചുറ്റളവില്‍ വിശാലമായ റബ്ബാര്‍ തോട്ടങ്ങളും തെങ്ങഇന്‍ തോപ്പുകളും നെല്‍പ്പാടങ്ങളും ചെറിയ കുന്നുകളും അതിനിടയില്‍ കൂടി ഒഴുകുന്ന പുഴയും. വീശിയടിക്കുന്ന ഇളം കാറ്റിന് സ്വാന്ത്വനത്തിന്റെ സ്പര്‍ശമുള്ളതുകൊണ്ട് മനസ്സ് എത്ര പ്രക്ഷുബ്ധമായും അവിടെയിരുന്നാല്‍ നല്ല കുളിര്‍മയാണ്. ചെറുപ്പക്കാര്‍ അച്ചന്റെ അടുത്തേക്കു വന്നു.

'എന്റെ പേരു ബെന്നി. എന്റെ പേരു സാബു' ചെറുപ്പക്കാര്‍ സ്വയം പരിചയപ്പെടുത്തി.
'വരൂ. ഇരിക്കൂ.' ചുറ്റുമതിലിനടുത്തായി പണിതിട്ടിരിക്കുന്ന ഒരു ബഞ്ചില്‍ ഇരിക്കാന്‍ അച്ചന്‍ ആംഗ്യം കാണിച്ചു.
'അച്ചനോട് ഒരു കാര്യം സംസാരിക്കാനാണു ഞങ്ങള്‍ വന്നത്.'
'പറയൂ. ഞാനന്താണു ചെയ്യേണ്ടത്?'
'ഞങ്ങളുടെ പിതാവു മരിച്ചിട്ട് നാളെ ഒരു വര്‍ഷം തികയുകയാണ്. അതു കൊണ്ട് നാളെ അപ്പന്റെ കല്ലറയില്‍ ധൂപം അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കണം.'
'അതിനെന്താ. നാളെ രാവിലെ കുര്‍ബ്ബാനയുണ്ട്. അതു കഴിഞ്ഞാലുടന്‍ ധൂപപ്രാര്‍ത്ഥനയും നടത്താം. ആവട്ടെ, ആരാണു നിങ്ങളുടെ പിതാവ്?'
തെങ്ങുംതോപ്പില്‍ വര്‍ക്കിച്ചന്‍.'
'അയ്യോ, വര്‍ക്കിച്ചനോ?'
'അതെന്താ അച്ചാ, പെട്ടെന്നൊരു ശബ്ദവ്യത്യാസം?'
മക്കളെ കാര്യം ശരിയാണ് വര്‍ക്കിച്ചന്റെ കല്ലറ സെമിത്തേരിയില്‍ ഉയര്‍ന്നു നില്‍ക്കുന്ന മനോഹരമായ കല്ലറയാണ്. പക്ഷേ, വര്‍ക്കി മരിച്ചെന്നെന്താണുറപ്പ് ? 
എന്താണച്ചാ ഇങ്ങനെയൊക്കെ പറയുന്നത് ? കഴിഞ്ഞ ഒരു വര്‍ഷമായി കാണാതായ ആള്‍ പിന്നെ മരിക്കാതിരിക്കയാണോ?
'എന്തക്കൊയാലും കല്ലറയ്ക്കുള്ളില്‍ ശവശരീരം അടക്കം ചെയ്തിട്ടില്ലെങ്കില്‍ പിന്നെ എങ്ങനെയാണു ധൂപം അര്‍പ്പിച്ച് ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നത്?'
അച്ചന്‍ എല്ലാ കാര്യങ്ങളും അറിയുന്ന ആളല്ലേ? പിന്നെന്താ  ഇങ്ങനെയൊക്കെ സംസാരിക്കുന്നത്?
അച്ചന്‍ അല്പനേരം ആലോചിച്ചിരുന്നു.
നിങ്ങള്‍ പോയിട്ടു നാളെ വരൂ. ഏതായാലും രാവിലെ കുര്‍ബ്ബാനയുണ്ടല്ലോ.
'ശരി. അങ്ങനെയാകട്ടെ.' ചെറുപ്പക്കാര്‍ പടിയിറങ്ങി.

അച്ചന്‍  എഴുന്നേറ്റ് മതിലിനോട് ചേര്‍ന്നു നിന്ന് വടക്കുവശത്തുള്ള സെമിത്തേരിയിലേക്കു നോക്കി. വളരെയധികം കല്ലറകളുണ്ടെങ്കിലും കൂട്ടത്തില്‍ മനോഹരമായി ഉയര്‍ന്നു നില്‍്ക്കുന്നത് വര്‍ക്കിച്ചന്റെ കല്ലറ തന്നെയാണ്. പൂര്‍ണ്ണമായും ഗ്രാനൈറ്റില്‍ പണിക്കഴിപ്പിച്ചിരിക്കുന്ന കല്ലറയുടെ മുന്‍ഭാഗം ഒരു മിനി ദേവാലയത്തിന്റെ പ്രവേശനകവാടത്തിന്റെ മാതൃകയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. വര്‍ക്കിച്ചന്റെ ആഗ്രഹമായിരുന്നു മനോഹരമായ ഒരു കല്ലറയില്‍ അന്തിയുറങ്ങണമെന്ന്. രണ്ടാണ്‍മക്കളും മൂന്നു പെണ്‍മക്കളുമാണ്. എല്ലാവരും വിദേശത്തു കുടുംബമായി കഴിയുന്നു.

വര്‍ക്കിച്ചന്റെ 84-ാമത്തെ ജന്മദിനം ശതാഭിഷേകമായി എല്ലാ മ്ക്കളും കൂടി വന്ന് ആഘോഷമായി നടത്തി മടങ്ങി. അതുകഴിഞ്ഞപ്പോഴാണ് വര്‍ക്കിച്ചന് താന്‍ അന്ത്യവിശ്രമം കൊള്ളേണ്ട കല്ലറ താന്‍ തന്നെ പണിയുന്നതായിരിക്കും നല്ലത് എന്നു തോന്നിയത്. ഭാര്യ വളരെ വര്‍ഷങ്ങള്‍ക്കു മുമ്പേ മരിച്ചു പോയതുകൊണ്ട് ഒറ്റയ്ക്കായിരുന്നു താമസം.
കല്ലറ പണിതതിനുശേഷം പലപ്പോഴും വര്‍ക്കിച്ചന്‍ പള്ളിമുറ്റത്തുവന്ന് സെമിത്തേരിയിലെ കല്ലറയിലേക്കു നോക്കി ദീര്‍ഘനേരം ഇരിക്കും. പലപ്പോഴും വര്‍ക്കിച്ചനുമായി അച്ചന്‍ സംഭാഷണത്തിലേര്‍പ്പെടാറുണ്ട്. വര്‍ക്കിച്ചന് രണ്ടു നില വീടാണുള്ളതെങ്കിലും അതിലെ വാസം ഒട്ടും സമാധാനം നല്‍കുന്നില്ലെന്ന് മിക്കവാറും പറയാറുണ്ട്. ഒറ്റയ്ക്കു ഒരു വലിയ വീട്ടില്‍! വലിയ മതിലും അതിനേക്കാള്‍ ഉയരമുള്ള ഗേറ്റും. അയല്‍ക്കാരുമായി യാതൊരു ബന്ധവുമില്ല. മക്കള്‍ പണം അയയ്ക്കുന്നതുകൊണ്ട് സാമ്പത്തികമായി യാതൊരു ബുദ്ധിമുട്ടുമില്ല. മക്കള്‍ അവധിക്കുവരുമ്പോഴും അയലത്തെ ഒരു വീട്ടിലും പോകാറില്ല. വീട്ടില്‍ അത്യാവശ്യ പണിയൊക്കെ ചെയ്യാന്‍ വേലക്കാരുണ്ട്. വീട്ടിലും പറമ്പിലും പണിക്കു വരുന്നവരൊക്കെ സന്ധ്യയാകുമ്പോള്‍ തിരിച്ചു തിരിച്ചുപോകും. രാത്രിയില്‍ വര്‍ക്കിച്ചന്‍ തനിച്ചാണ്. വീട്ടുകാവലിന് ഒരു നായയുണ്ട്. അതിന് മുറ്റത്തിന്റെ ഒരു വശത്തായി ഒരു കൂടു പണിതുകൊടുത്തിട്ടുണ്ട്. പറമ്പില്‍ എന്തെങ്കിലും ഒരനക്കം കേട്ടാല്‍ മതി അവന്‍ കുരയ്ക്കും. അപ്പോള്‍ വര്‍ക്കിച്ചന്‍ ടോര്‍ച്ച് കയ്യിലെടുത്ത് വരാന്തയിലേക്കുവന്ന് മുറ്റത്തേക്കു ലൈറ്റ് അടിച്ചു നോക്കും. കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയിട്ടാണു കിടക്കുന്നത്. കിടക്കുന്നതിന് മുമ്പ് പട്ടിയെ കൂട്ടില്‍ നിന്നും അഴിച്ചുവിടും. രാത്രിയില്‍ അവന്‍ പറമ്പില്‍ സൈര്യവിഹാരം നടത്തും. ഉയര്‍ന്ന മതിലായതുകൊണ്ടു പുറത്തുപോകുമെന്നു പേടിക്കണ്ട.

വര്‍ക്കിച്ചന്‍ ഒരിക്കല്‍ പള്ളിമുറ്റത്തിരുന്ന് കല്ലറയിലേക്കു നോക്കിയശേഷം അച്ചനോടു പറഞ്ഞു, 'അച്ചാ, കല്ലറയ്ക്കകത്തു ഭയങ്കര ഇരുട്ടാ അല്ലേ?'

പിന്നെ കല്ലറ അടച്ചു കഴിഞ്ഞാല്‍ ഇരുട്ടല്ലേ! എന്താ വര്‍ക്കിച്ചാ അങ്ങനെ ചോദിച്ചത്?
 'അല്ലച്ചാ, ഞാനോര്‍ക്കുകാരുന്നു, ഞാന്‍ അതില്‍ കിടക്കുമ്പോള്‍ ഒരു പക്ഷേ, മാലാഖമാര്‍ എന്റെ അടുത്തു വന്നാല്‍ ഞാനെങ്ങനെ കാണും? അപ്പോള്‍ അതില്‍ ആ ലൈറ്റിട്ടാല്‍ നന്നായിരിക്കും.'

'വര്‍ക്കിച്ചാ, മരിച്ചു കഴിഞ്ഞാല്‍ പിന്നെ നമുക്കൊന്നും കാണാന്‍ കഴിയില്ലല്ലൊ,' അച്ചന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.

അപ്പോള്‍ പിന്നെ നമ്മളൊക്കെ മരിച്ചു കഴിഞ്ഞാല്‍ ദൈവത്തെ കാണും എന്ന് അച്ചന്‍ പ്രസംഗിക്കുന്നതോ?
'അതു നമ്മുടെ ആത്മാവാണു വര്‍ക്കിച്ചാ.'
പക്ഷേ, വര്‍ക്കിച്ചനു തൃപ്തിയായില്ല. അടുത്ത ദിവസം വര്‍ക്കിച്ചന്‍ അച്ചന്റെ മുമ്പില്‍ ഒരു കാര്യം അവതരിപ്പിച്ചു. കല്ലറ്ക്കുള്ളില്‍ ഒരു ലൈറ്റിടണം! 
അച്ചന്‍ ചിരിച്ചു.
പക്ഷേ, വര്‍ക്കിച്ചന്‍ കാര്യഗൗരവമായിത്തന്നെ ഈ വിഷയം വീണ്ടുംവീണ്ടും അവതരിപ്പിച്ചു. പള്ളിയില്‍ നിന്നും ലൈറ്റെടുത്ത് കല്ലറയ്ക്കുള്ളില്‍ ബള്‍ബിടണം.!
'എന്തു വിഡ്ഢിത്തരമാണു വര്‍ക്കിച്ചന്‍ പറയുന്നത്. മരിച്ചു കഴിഞ്ഞാല്‍ ആര് എന്തു വെട്ടം കാണാനാണ്?' അച്ചന് വര്‍ക്കിച്ചനോടു യോജിക്കാനായില്ല.
അച്ചാ, അതെന്റെ ഒരാഗ്രഹമാണ്.

'വര്‍ക്കിച്ചന്‍ മരിച്ചു കഴിഞ്ഞാല്‍ പിന്നെ കരന്റിനാരാണ് കാശു കൊടുക്കുന്നത്?'
'അതിനച്ചന്‍ വിഷമിക്കേണ്ട. ഞാന്‍ ഒരു തുക പള്ളിയില്‍ ഏല്‍പ്പിക്കാം. അതിന്റെ പലിശ മതിയാകും കരന്റു ബില്ലടയ്ക്കാന്‍.'

വര്‍ക്കിച്ചന്‍ പള്ളിമുറ്റത്തുനിന്നും നടന്നുനീങ്ങിക്കഴിഞ്ഞപ്പോള്‍ അച്ചന്‍ ചിന്തിച്ചു, വര്‍ക്കിച്ചന്‍ മരിച്ച് കല്ലറയില്‍ അടക്കികഴിഞ്ഞാല്‍ പിന്നെ ആരാണു നോക്കുന്നത് ലൈറ്റു കത്തിച്ചോ എന്ന്. ഏതായാലും സംഭാവന കിട്ടുന്നതല്ലേ. അതു പള്ളിക്കിരിക്കട്ടെ!
അയാള്‍ വീട്ടിലെത്തിയപ്പോഴേക്കും വേലക്കാര്‍ പോകാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു.

'എന്താ, ഇന്നു നേരത്തേ പോകുകയാണോ?'
'ഭയങ്കര മഴ വരുന്നു. പുഴ കരകവിഞ്ഞൊഴുകുകയാണ്. ഇനിയും വെള്ളം കയറിയാല്‍ വീട്ടില്‍ പോകാന്‍ ബുദ്ധിമുട്ടാകും.'

'അങ്ങനെയൊന്നും വെള്ളം കയറില്ല. ഞാന്‍ എത്ര വെള്ളപ്പൊക്കം കണ്ടിരിക്കുന്നു!'
വേലക്കാര്‍ പോയി കഴിഞ്ഞപ്പോള്‍ അവറാച്ചന്‍ ഗേറ്റ് അടച്ചുപൂട്ടിയിട്ട് വന്ന് വരാന്തയില്‍ ഇട്ടിരിക്കുന്ന കസേരയില്‍ ചാരികിടന്നു. മഴ പതുക്കെ പെയ്യാന്‍ തുടങ്ങി. മാനത്ത് കാര്‍മേഘങ്ങള്‍ വീണ്ടും ഉരുണ്ടുകൂടുകയാണ്. എന്തോ ഒരു പന്തിയില്ലായ്മ. അയാള്‍ എഴുന്നേറ്റു കുളി കഴിഞ്ഞു വന്നപ്പോഴേക്കും പറമ്പില്‍ വെള്ളം കയറിതുടങ്ങി. കുറെ നേരം അതു നോക്കിയിരുന്നിട്ട് അടുക്കളയില്‍ പോയി ഭക്ഷണം കഴിച്ചിട്ടു തിരിച്ചു വന്നു. വെള്ളം കയറുകയാണ്. ആദ്യമായാണ് തിണ്ണയുടെ പടിവാതിലില്‍ വരെ വെള്ളം എത്തുന്നത്. അതുകൊണ്ട് ഇന്നു രാത്രി പട്ടിയെ അഴിച്ചു വിടണ്ടായെന്നു തീരുമാനിച്ചിട്ട് അയാള്‍ കിടക്കാന്‍ പോയി.

രാത്രിയില്‍ എപ്പോഴോ മൂത്രശങ്കയുണ്ടായതുകൊണ്ട് ഉണര്‍ന്നു. കട്ടിലില്‍ നിന്നും എഴുന്നേറ്റു കാല്‍ നിലത്തു ചവുട്ടിയപ്പോള്‍ തറയില്‍ വെള്ളം! ടോര്‍ച്ചു തെളിച്ചു നോക്കിയപ്പോള്‍ ഏതാണ്ടു മുട്ടറ്റം വെള്ളം. ലൈറ്റിട്ടു നോക്കിയപ്പോള്‍ വീടിനകം നിറയെ ആ ലെവലില്‍ വെള്ളം കയറിയിരിക്കുന്നു. പട്ടി നിര്‍ത്താതെ കുരച്ചുകൊണ്ടിരിയ്ക്കുന്നു. പട്ടിയുടെ കൂടിനകത്തും വെള്ളം കയറിയിരിക്കുന്നു. ഇനിയും വെള്ളം കയറുമോ ആവോ! ഏതായാലും ഇവിടെ കിടക്കാന്‍ പറ്റില്ലല്ലോ. അയാള്‍ പടികള്‍ കയറി മുകളിലത്തെ നിലയിലെത്തി ബാല്‍ക്കണിയില്‍ നിന്നും ചുറ്റും നോക്കി. ഒന്നും കാണാന്‍ കഴിയുന്നില്ല. കനത്ത ഇരുട്ടില്‍ കൂടി അയാള്‍ ടോര്‍ച്ചടിച്ചു നോക്കി. വെള്ളം എല്ലായിടത്തും നിറഞ്ഞൊഴുകുകയാണ്. പട്ടിയെ ഇനി അഴിച്ചുവിടാനും കഴിയില്ല. സാരമില്ല. ഇനി വെള്ളം ഇറങ്ങുമായിരിക്കും. മനോഗതം ചെയ്ത് അയാള്‍ കിടന്നു. നേരം വെളുത്ത് എഴുന്നേറ്റ് ബാല്‍ക്കണിില്‍ വന്നു നിന്നു. ചുററു നോക്കിയ വര്‍ക്കിച്ചന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. വീടിന്റെ ഒന്നാം നില പൂര്‍ണ്ണമായി മുങ്ങിയിരിക്കുന്നു. വെളിയില്‍ പട്ടിയുടെ കൂടു കാണാനേയില്ല. അതിലെത്രയോ മുകളില്‍ വെള്ളം എത്തിയിരിക്കുന്നു! ആ പാവം ജന്തുവിനെ രക്ഷിക്കാനായില്ലല്ലോ. അയാള്‍ ഓര്‍ത്തു.
(തുടരും...)

 ശൂന്യക്കല്ലറ-(കഥ: (ഭാഗം:1-ബാബു പാറയ്ക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക