Image

മെല്‍ബണ്‍ സോഷ്യല്‍ ക്ലബ് ഉദ്ഘാടനം ചെയ്തു

Published on 05 October, 2019
മെല്‍ബണ്‍ സോഷ്യല്‍ ക്ലബ് ഉദ്ഘാടനം ചെയ്തു

മെല്‍ബണ്‍: മെല്‍ബണിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള ഇരുപത്തിമൂന്നു അംഗങ്ങളെ ഉള്‍പ്പെടുത്തി രൂപികരിച്ച മെല്‍ബണ്‍ സോഷ്യല്‍ ക്ലബിന്റെ ഉദ്ഘാടനം വര്‍ണശബളമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. മെല്‍ബണിലെ തീരദേശ നഗരമായ ഫ്രാക്സ്റ്റണിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഹാളില്‍ സെപ്റ്റംബര്‍ 28 ശനിയാഴ്ച വൈകുന്നേരം ഏഴു മണിയോടെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു.

ഈശ്വര പ്രാര്‍ഥനയ്ക്കുശേഷം സൈമച്ചന്‍ ചാമക്കാല സ്വാഗതം ആശംസിച്ചു. ജാതി, മത രാഷ്ട്രീയത്തിന് അധീതമായി കലാ, സാംസ്‌കാരിക, ക്ഷേമ, സ്‌പോര്‍ട്‌സ് മേഖലകള്‍ക്ക് മുന്‍തൂക്കം നല്‍കികൊണ്ട് മെല്‍ബണ്‍ സോഷ്യല്‍ ക്ലബ് പ്രവര്‍ത്തിക്കുമെന്ന് സൈമച്ചന്‍ ചാമക്കാല പറഞ്ഞു. തുടര്‍ന്ന് നാട്ടില്‍ നിന്നും എത്തിയ ത്രേസ്യാമ്മ ചുമ്മാര്‍ വലിയ പുത്തന്‍പുരയ്ക്കല്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.

ഷിക്കാഗോ സോഷ്യല്‍ ക്ലബിന്റെ ചുവട് പിടിച്ചാണ് മെല്‍ബണ്‍ സോഷ്യല്‍ ക്ലബ് പ്രവര്‍ത്തിക്കുന്നതെന്ന് പരിപാടിയുടെ അവതാരകനായിരുന്ന ജോസഫ് തച്ചേടന്‍ അംഗങ്ങളെ ഓര്‍മ്മിപ്പിച്ചു.

അംഗങ്ങളുടെ സ്വയം പരിചയപ്പെടുത്തലിനുശേഷം മെല്‍ബണ്‍ സോഷ്യല്‍ ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നതിനെക്കുകുറിച്ച് ചര്‍ച്ചകള്‍ നടന്നു. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുവേണ്ടി അംഗങ്ങളില്‍ നിന്ന് സൈമച്ചന്‍ ചാമക്കാല, ജോസഫ് തച്ചേട്ട്, ഫിലിപ്പ് കന്പക്കാലുങ്കല്‍, ജയ്‌മോന്‍ പോളപ്രായില്‍, റെജി പാറയ്ക്കന്‍, നിമ്മി ജോസഫ് എന്നിവരെ കോഓര്‍ഡിനേറ്റര്‍മാരായും, ഫിലിപ്പ്‌സ് കുരിക്കോട്ടിലിനെ പിആര്‍ഒആയും തെരഞ്ഞെടുത്തു.

തുടര്‍ന്നു കുട്ടികളുടെയും മുതിര്‍ന്നവരുടേയും കലാപരിപാടികള്‍ അരങ്ങേറി. റെജി പാറയ്ക്കല്‍ കൃതജ്ഞത അര്‍പ്പിച്ചു. സ്‌നേഹ വിരുന്നോടെ മെല്‍ബണ്‍ സോഷ്യല്‍ ക്ലബിന്റെ ഉദ്ഘാടന കര്‍മ്മങ്ങള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക