Image

ജോര്‍ജ്ജ് ആറാമന്റെ പരിണാമം (ചെറുകഥ: സാംസി കൊടുമണ്‍)

Published on 02 October, 2019
 ജോര്‍ജ്ജ് ആറാമന്റെ പരിണാമം (ചെറുകഥ: സാംസി കൊടുമണ്‍)
ജോര്‍ജ്ജ് ആറാമന്‍ തന്റെ പുതപ്പിനടിയില്‍ വീണ്ടും ഒരു സ്വപ്നത്തിലേക്ക് വഴുതി. ആര്‍പ്പുവിളികളുടെയും ആരവങ്ങളുടെയും നടുവില്‍ തന്റെ പ്രിയപ്പെട്ട കുതിര റോക്കിയുടെ മേല്‍ കയറി താന്‍ വിജയ തട്ടകത്തിലേക്ക് കയറുന്നു. ആയിരം കൈകള്‍ പതാകകളേന്തി തങ്ങള്‍ക്ക് വിജയം നേരുന്നു.

''ജോര്‍ജ്ജ് നീ ഇനിയും എഴുന്നേറ്റില്ലെ...?'' ജോര്‍ജ്ജ് തന്റെ സ്വപ്നത്തില്‍നിന്നും താഴേക്കു വീണു. ''ഇവിടെ ചിക്കന്‍ തിര്‍ന്നു എന്നു നിനക്കറിയാമോ. പാസ്റ്റ വാങ്ങാന്‍ പറഞ്ഞിട്ട് നീ മറന്നു. നിന്നെപ്പോലൊരുത്തന്റെ കൂടെ എങ്ങനെ ജീവിക്കുും. ആട്ടെ, നീ ഇന്നു ജോലിയ്ക്കു പോകുന്നില്ലെ...? പാലിന്റെ കാര്യം മറക്കരുത്.'' റീന ജോര്‍ജ്ജിന്റെ മറുപടിക്കുു കാക്കാതെ വിളിച്ചു പറഞ്ഞുകൊണ്ടേ ഇരിക്കുുന്നു. ജോര്‍ജ്ജ് ഈര്‍ഷയോട് പുതപ്പിനുള്ളില്‍ ഒന്നു തിരിഞ്ഞു. എന്നിട്ട് മുറിഞ്ഞു പോയ സ്വപ്നത്തെ എത്തിപ്പിടിയ്ക്കാന്‍ ശ്രമിച്ചു. ട്രിപ്പിള്‍ ക്രൗണ്‍ വിക്റ്ററി ഏതൊരു ജോക്കിയുടേയും സ്വപ്നമാണ്. എന്റെ റോക്കി ഇതാ ചിരിത്രത്താളുകളിലേക്ക്!. ജോര്‍ജ്ജ് ആഹ്ലാദം കൊണ്ട് എന്തൊക്കയോ ശബ്ദങ്ങള്‍ ഉണ്ടാക്കി. റോക്കിയുടെ കത്രിച്ച കുഞ്ചിരോമങ്ങളീല്‍ തലോടി തന്റെ അഭിനന്ദനങ്ങള്‍ അിറയിക്കവേ... നടുവിനേറ്റ അതിശക്തമായ ഒരു ചവിട്ടിനാല്‍ ജോര്‍ജ്ജ് കട്ടിലില്‍ നിന്നും നിലത്തേക്ക് പതിച്ചു. റീന പേ പിടിച്ച ഒരു കുതിരയെപ്പോലെ മുന്നില്‍ നിന്നു ചിനയ്ക്കുന്നു. ജോര്‍ജ്ജ് വീഴ്ച്ചയുടെ വേദനയും, സ്വപ്നങ്ങളുടെ സുഖവും മറന്ന് റീനയെത്തന്നെ നോക്കി ചിരിച്ചു. അവളുടെ നീണ്ട മുഖവും ഉന്തിയ പല്ലും. ഉന്തിയ കണ്ണുകളും കുതിരവാലന്‍ മുടിയും കുതിരയെപ്പോലെ ചിനയ്ക്കുന്ന ശബ്ദവും അവനെ മോഹിപ്പിച്ചു. അവള്‍ എത്ര സുന്ദരിയായിരിയ്ക്കുന്നു. കുറെ നാളുകളായി മറന്നുകിടന്ന ചില മോഹങ്ങള്‍ അവനിലേക്ക് പറന്നിറങ്ങുന്നു.

അവന്‍ ഒരു കുതിര വീഴ്ച്ചയില്‍നിന്നും നാലുകാലില്‍ എഴുനേല്ക്കുന്നതുപോലെ കൈകള്‍ കുത്തി കാലില്‍ എഴുനേറ്റ് റിനയുടെ കണ്ണുകളിലേക്കു നോക്കി ചിരിച്ചു. ജോര്‍ജ്ജിന്റെ ചിരി, റീനയുടെ മുന്നില്‍ ഒരു തടസം ചാടിക്കടക്കാന്‍ മുന്‍കാലുകള്‍ ഉയര്‍ത്തി പിന്‍കാലുകളില്‍ നില്‍ക്കുന്ന കുതിരയെപ്പോലെ നിന്നപ്പോള്‍ അവളുടെ ഉള്ളില്‍ വിധേയത്വത്തിന്റെ വെള്ളിടി മിന്നി. എന്നിട്ടും അവന്റെ മോഹങ്ങളെ തിരിച്ചറിയാത്തവളെപ്പോലെ അവള്‍ അവനെ രൂക്ഷമായി നോക്കിപ്പറഞ്ഞു, ''വേഗം കുളിച്ചൊരുങ്ങി ജോലിക്കു പോകാന്‍ നോക്ക്...''. തന്റെ ചിരി അവളുടെ ഉള്ളിലേക്ക് കടക്കുന്നില്ലല്ലോ എന്ന മോഹഭംഗത്താല്‍ ജോര്‍ജ്ജ് സ്വയം പിറുപിറുത്തു. എന്തു ജോലി. ജോലിയില്‍നിന്നും പിരിച്ചുവിടപ്പെട്ടിട്ട് ആഴ്ച്ച ഒന്നു കഴിഞ്ഞു. ഇതുവരെയും റീനക്കതറിയില്ല. ഒരിയ്ക്കലും ഒരു ജോലിയിലും ഉറയ്ക്കില്ല. ഒടുവിലെ 'നയന്റിനയന്‍ സെന്റു' കടയിലെ ജോലി ഇഷ്ടമായിരുന്നു. കാരണം ഒ.റ്റി.ബി (ഓഫ് ട്രാക്ക് ബെറ്റിങ്ങ്) തൊട്ടടുത്ത മുറിയായിരുന്നു. ജോലിക്കിടയില്‍ ആരും അറിയാതെ ബെറ്റിനു പോകും. ബോസ് എങ്ങനെയൊ അറിഞ്ഞു. ആരോ ഒറ്റിയതാകാം. ബോസ് പറഞ്ഞു 'ജോര്‍ജ്ജേ നിനക്കു പറ്റിയ കുതിരകളെ നീ മേയിക്കുക'. ഏതൊ പ്രവാചകന്‍ തന്റെ മുന്നില്‍ നില്‍ക്കുന്നപൊലെ ജോര്‍ജ്ജിനു തോന്നി. ഉണ്മയെ കണ്ടെത്തിയവനെപ്പോലെ ജോര്‍ജ്ജ് ചിരിച്ചു. അതുവരെ കിട്ടാനുള്ളതെല്ലാം വാങ്ങി പടിയിറങ്ങുമ്പോള്‍, ഉള്ളില്‍ ആനന്ദിച്ചു.

ഒരു വാതുവെപ്പുകാരന്‍ ഒരിയ്ക്കലും സംശയാലുവോ ഭീരുവോ ആകാന്‍ പാടില്ല, തന്റെ കുതിരയെ അവന്‍ സ്‌നേഹിക്കണം. ജോര്‍ജ്ജ് മനസ്സില്‍ ഉറച്ചു. ഒരു ദേവാലയത്തിലേക്കെന്നപോലെ ജോര്‍ജ്ജ് ഒ.റ്റി.ബിലേക്കു കയറി. അവിടുത്തെ ആരവങ്ങളോ തിക്കും തിരക്കുമോ ജോര്‍ജ്ജ് ശ്രദ്ധിച്ചില്ല. അവന്റെ ഉള്ളില്‍ ഒരു വിജയം മാത്രമായിരുന്നു. പക്ഷേ അന്നും അവന്‍ പരാജിതനായിത്തന്നെയാണ് മടങ്ങിയത്. അതിനു ശേഷം എന്നും ജോലിക്കെന്നപോലെ ജോര്‍ജ്ജ് സമയം പാലിച്ചുരുന്നു. ഇന്ന് സ്വപ്നം അവനെ കിടക്കയുടെ ദാസനാക്കി. അവന്‍ പിടിക്കപ്പെടുമോ എന്ന ഭയത്താല്‍ ഒരു കള്ളച്ചിരിയോട് റീനയെ നോക്കി.

റീന അവന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി പറഞ്ഞു. ''ഇന്നലെ നീ വൈകിവന്നതെന്താ...നീ ഇന്നലെ വാതുവെയ്പ്പിനു പോയതല്ലന്നു ഞാന്‍ കരുതുന്നു. അവന്‍ അവളില്‍ നിന്നും അവന്റെ കണ്ണുകള്‍ പിഴുത് എതിര്‍ ദിശയില്‍ നട്ടു . അവള്‍ തുടര്‍ന്നു. കുതിരകള്‍ നിന്റെ ജീവിതത്തെ ദുരിതക്കെടുതിയിലാക്കും. നിന്റെ അമ്മയുടെ വീട് നീ വാതുവെച്ചു തീര്‍ത്തതു മറക്കണ്ട. എനിക്കു നിന്നെ വിശ്വാസമില്ല. ഇന്ന് നിനക്ക് വേതനം കിട്ടുന്ന ദിവസമാണെന്നെനിക്കറിയാം. ചെക്ക് അതുപോലെ തന്നെ എനിക്കു കിട്ടണം. ഇല്ലെങ്കില്‍ നിന്നെ ഞാന്‍ തൊഴിച്ചു പുറത്താക്കും. ഞാന്‍ മോളെ സ്കൂളിലാക്കിയിട്ട് ജോലിയ്ക്കു പോകുന്നു. നിനക്ക് ശുഭദിനം നേരുന്നു.''

അവള്‍ ഹാന്‍ഡ് ബാഗും എടുത്ത് പുറത്തേക്കു പോയി. പുറകില്‍ നോക്കുമ്പോള്‍ അവളുടെ ആരോഗ്യമുള്ള ശരീരം അവനെ കൂടുതല്‍ മോഹിപ്പിച്ചു. അവള്‍ ഒരു കുതിരയും താന്‍ അവളുടെ ജോക്കിയുമായി ഒരു റെയ്‌സ് ജയിക്കുന്നതവന്‍ കണ്ടു. പക്ഷേ എന്നും എല്ലാ റെയിസിലും തോല്‍ക്കാനാണു തന്റെ വിധി. തോല്‍വിയുടെ നാണക്കേടുമായിരിക്കുന്ന തന്നോടവള്‍ പറയും. 'നീ ഒരു നല്ല ജോക്കിയല്ല. നിനക്കൊരിക്കലും വിജയമില്ല. ഒരുനല്ല ജോക്കി അറിയണം എപ്പോഴാണവന്റെ കുതിരയെ പായിക്കേണ്ടതെന്നു്. കാറ്റിന്റെ വേഗതയും, ദിശയും അറിഞ്ഞിരിക്കണം. തറയില്‍ നിന്ന് കുളമ്പുകളിലൂടെ ആവേശം അതിന്റെ മുന്‍കാലുകളെ ത്രസിപ്പിക്കുമ്പോള്‍ നീ അതിന്റെ കുഞ്ചിരോമങ്ങളില്‍ തലോടണം. നീ അവനെ ആവേശിപ്പിക്കണം. നിന്റെ പൃഷ്ടം അതിന്റെമേല്‍ ഭാരമാകാതെ വായുവില്‍ നീ അതിനെ ചലിപ്പിക്കണം, നിന്റെ ഉടലിന്റെ ചൂടും, ഉച്ഛാസങ്ങളിലെ ആവേശവും അതിനറിയാന്‍ കഴിയണം. അതറിഞ്ഞാല്‍പ്പിന്നെ ആ കുതിര നിനക്കൊരു വിജയം തരാതിരിയ്ക്കില്ല.' അതെ എന്നെങ്കിലും ഈ കുതിരയുടെമേല്‍ തനിക്കൊരു വിജയം ഉണ്ടാകുമെന്ന് ജോര്‍ജ്ജ് ഉറപ്പിച്ചു. ഒരു നീണ്ട നെടുവീര്‍പ്പോടെ അവള്‍ മോളുടെ കൈയ്യും പീടിച്ച്, നേര്‍ത്തു പെയ്യുന്ന മഞ്ഞില്‍ കൂടി നടന്നകലുന്നു. മഞ്ഞില്‍ അവരുടെ കാലുകള്‍ ഉപേക്ഷിച്ച പാടുകളിലേക്ക് നോക്കി ജോര്‍ജ്ജ് കുറെ നേരം ജനലിനരികില്‍ നിന്നു. മനസ്സിലാകെ ഒരു നീറ്റല്‍. ഒ.റ്റി.ബി. തുറക്കണമെങ്കില്‍ പത്തര കഴിയും.

ജോര്‍ജ്ജ് റീനയും മകളും നടന്ന കാല്‍പ്പാടുകള്‍ തേടി പാതയോരത്ത് കുറെ നടന്നു. തെളുവുകള്‍ ഒന്നും അവശേഷിക്കാത്തവണ്ണം ആകാശവിതാനത്തില്‍ നിന്നും പൊടിമഞ്ഞ് അവരുടെ കാല്‍പ്പാടുകളെ മറച്ചിരിക്കുന്നു. അവര്‍ എങ്ങോട്ടാണാവോ നടന്നു മറഞ്ഞത്?. ആ പഴയ കുതിരാലയത്തിലേക്കവള്‍ മടങ്ങിയോ എന്തോ..? അവള്‍ തീര്‍ച്ചയായും ഒരു കുതിരാലയത്തില്‍ ജീവിക്കേണ്ടവളാണ്. അവള്‍ കുതിരയാകുന്നു. അവളെക്കുറിച്ചുള്ള സ്‌നേഹത്താല്‍ അവന്റെ ഹൃദയത്തില്‍ ഒരു വിങ്ങല്‍. ഇന്നു രാത്രി അവള്‍ തീര്‍ച്ചയായും തന്നെ ഉപേക്ഷിക്കും. അവള്‍ക്ക് രണ്ടാമതൊരുവാക്കില്ല. അമ്മയുടെ വീടു പണയം വെച്ച്, ആ പണം മുഴുവന്‍ കുതിരകള്‍ക്ക് കൊടുത്തപ്പഴേ അവള്‍ പറഞ്ഞതാ, ഇനി ഒരവസരം കൂടി നിനക്ക കിട്ടില്ലന്ന്. എന്നിട്ടും നീ കുതിരകളെ സ്‌നേഹിച്ചു. കാരണം ഓര്‍മ്മ വെച്ച നാള്‍ മുതല്‍ കുതിരകളുടെ ലോകമല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു. ഒരു കുതിരാലത്തിന്റെ തണുത്ത തറയിലാണു താന്‍ പിറന്നു വീണതെന്ന് അമ്മ എപ്പോഴും പറയും. ജോര്‍ജ്ജ് പൂഴിമണല്‍ പോലെ തന്നിലേക്ക് പൊഴിഞ്ഞിറങ്ങുന്ന മഞ്ഞിന്‍ പൊടിയിലൂടെ, തന്റെ സ്വപ്നത്തിലെ കുതിരകളുമായി നടന്നു. അതവന്റെ ഓര്‍മ്മകളിലേക്കുള്ള യാത്രയായിരുന്നു.

അവന്റെ അച്ഛനും അമ്മയും പന്തയ കുതിരകളുടെ പരിചാരകരായിരുന്നു. നാലഞ്ചു വയസ്സുമുതലുള്ള ഓര്‍മ്മകളില്‍ കുതിരാലയത്തിലെ കുതിരകളുടെ തോരാത്ത ഓട്ടങ്ങളും, അവയെ തെളിക്കുന്ന ചാട്ടാവാറുകളുടെ സീല്ക്കാരങ്ങളുമായിരുന്നു. ഇന്ന് ആ ഒര്‍മ്മകളെല്ലാം പഴുത്ത് സ്വപ്നങ്ങളായി മാറിയിരിയ്ക്കുന്നു. ഒരോ കുതിരകളുടേയും ചരിത്രവും, വംശപാരമ്പര്യങ്ങളും വിവരിച്ച് അച്ഛന്‍ അവറ്റകളെ എണ്ണതേല്‍പ്പിക്കുകയും, കുളിപ്പിക്കുകയും ഒക്കെ ചെയ്യുമ്പോള്‍ അച്ഛന്‍ ഒരമ്മക്കുതിരമാതിരി അഭിമാനപുളകിതനാകുന്നു. പന്തയ കുതിരകള്‍ക്ക് എന്നും പ്രത്യേക പരിഗണന ലഭിച്ചിരുന്നു. തൊഴുത്തില്‍ അവര്‍ക്ക് രാജകിയ പരിചരണം ലഭിക്കുന്നു. ജോര്‍ജ്ജ് അഞ്ചാമന്‍ എന്ന തന്റെ അച്ഛന്‍ അമ്മയോട് സ്വകാര്യമായി പറയുന്നതു കേള്‍ക്കാറുണ്ട്. 'മോന്‍ വലുതാകുമ്പോള്‍ അവനെ ഒരു ജോക്കിയാക്കണം'. അമ്മ അഭിമാനത്തോടെ് മൂളിക്കേള്‍ക്കുകയും തന്നെ അരുമയോടെ തലോടുകയും ചെയ്യും. ഒരോ കുതിരിയുടെയും ആവശ്യം അച്ഛനറിയാം. ഒരോകുതിരയേയും അച്ഛന്‍ സ്‌നേഹിച്ചു. കുതിരാലയത്തില്‍ നിന്നും പുറത്തേക്കു വരുന്ന അച്ഛനെ കണ്ടാല്‍, ഒരു ദിഗ് വിജയം കഴിഞ്ഞ് തന്റെ പ്രീയ കുതിരയുടെ കടിഞ്ഞാണ്‍ പിടിച്ചു വരുന്നതുപോലെ തോന്നിയിരുന്നു.

ജോര്‍ജ്ജ് അഞ്ചാമന്റെ മകന്‍ ജോര്‍ജ്ജ് ആറാമന്‍ സ്കൂളില്‍ കുതിരകളെ സ്വപ്നം കണ്ട് തന്റെ ദിവസങ്ങള്‍ ഉല്ലാസകരമാക്കി. അവന്‍ ഫീല്‍ഡില്‍ മറ്റുള്ളവര്‍ക്കുമുന്നില്‍ എത്തും. കാരണം അവന്റെ ചെയ്തികളെല്ലാം കുതിരമയമായിരുന്നു. അക്ഷരങ്ങള്‍ അവന്റെ ചെവിയിലുടെ കിളിര്‍ത്ത് തലയില്‍ വേരുറപ്പിച്ചില്ല. സ്കൂളില്‍ നിന്നു വന്നാല്‍ പു്‌സ്തക സഞ്ചി വലിച്ചെറിഞ്ഞ്, ആ ദിവസത്തെ കുതിരക്കഥകള്‍ അഞ്ചാമനില്‍ നിന്നും കേള്‍ക്കാന്‍ അവന്‍ കുതിരാലയത്തിലേക്ക് ഓടും. മഴദിവസങ്ങള്‍ അവന്‍ അമ്മ ഡോറസിന്റെ അരുകില്‍ ചൂടുപറ്റി, ചൂടുള്ള പന്നിയുടെ കുളമ്പു സൂപ്പും കുടിച്ചുകൊണ്ടിരുന്ന് അമ്മ പറയുന്ന കഥകള്‍ കേള്‍ക്കും. അങ്ങനെയാണൊരു ദിവസം അമ്മ അവന് അവന്റെ പൂര്‍വ്വികരുടെ കഥ പറഞ്ഞു കൊടുത്തത്.

പണ്ടു പണ്ടൊരു രാജ്യത്ത് ഒരു രാക്ഷസന്‍ പാമ്പ് ജനങ്ങളെ മുഴുവന്‍ കൊന്നു തിന്നാന്‍ തുടങ്ങി. രാജാവും ജനങ്ങളും പരിഭ്രാന്തരായി.. കൊട്ടാര ജോത്സ്യന്മാര്‍ പ്രശ്‌നം വെച്ചു പറഞ്ഞു ഇതു ദൈവ കോപമാണന്നും, രാജാവിന്റെ സുന്ദരിയായ പുത്രിയെ സര്‍പ്പത്തിനു കൊടുത്താല്‍ മാത്രമെ സര്‍പ്പം ഈ തീരം വിട്ടു പോകയുള്ളുവെന്നും. തനിക്ക് ഏറ്റവും പ്രീയമുള്ള മകളെ വിട്ടുകൊടുക്കാന്‍ രാജവിനിഷ്ടമില്ലായിരുന്നു. രാജാവ് വിളംബരം ചെയ്തു. ഈ സര്‍പ്പത്തെ കൊന്ന് എന്റെ രാജ്യത്തെയു. മകളേയും രക്ഷിക്കുന്നവര്‍ക്ക് രാജ്യത്തിന്റെ പകുതിയും, രാജ പുത്രിയേയും നല്‍കുന്നതായിരിക്കും. വിളംബരമറിഞ്ഞ്, സര്‍പ്പത്തെ കൊല്ലാന്‍ ചെന്ന എല്ലാ വീരന്മാരും സര്‍പ്പത്തിനാഹരമായി. സര്‍പ്പം കോപിച്ചു. അതിന്റെ വായ് പിളര്‍ന്നു. വായില്‍ നിന്നും പുറത്തേക്കൊഴുകിയ തീ ഒരു ഗ്രാമത്തെ മുഴുവന്‍ ചുട്ടു. ജനങ്ങള്‍ രാജാവിനെതിരെ പിറുപിറുത്തു. ഗത്യന്തരമില്ലാതെ രാജാവ് പറഞ്ഞു. നാളെ രാവിലെ എന്റെ മകളെ ഞാന്‍ സര്‍പ്പത്തിനു കൊടുത്ത് രാജ്യത്തെ രക്ഷിക്കും. ജനം സന്തോഷമായി രാജാവിനെ സ്തുതിച്ചു. ഈ സമയം രാജാവിന്റെ കുതിരപ്പട്ടാളത്തിലെ ആരോരും അറിയാത്ത ജോര്‍ജ്ജ്, അതായത് നിന്റെ മുതു മുത്തച്ഛന്‍, തന്റെ പ്രീയ കുതിരയുടെ പുറത്തുകയറി നദീതീരത്തേക്ക് കുതിച്ചു. അരയില്‍ വാളും, കൈയ്യില്‍ ശൂലവും ഉണ്ടായിരുന്നു. രാത്രിയുടെ ഇരുട്ടും, നിലാവിന്റെ വെളിച്ചവും അവരെ നയിച്ചു. തടാകം മുഴുവന്‍ സര്‍പ്പത്തിന്റെ താണ്ഡവത്താല്‍ കലങ്ങി. അതിന്റെ വായിലെ തീയുടെ ശക്തിയാല്‍ കുതിരയുടെ കണ്ണുകള്‍ മഞ്ഞളിച്ചു. എങ്കിലും തന്റെ യജമാനനുവേണ്ടി കുതിര സര്‍പ്പത്തിനുമേല്‍ ചാടി മുന്‍കാലുകളാല്‍ ചവുട്ടി. ഈ സമയം നിന്റെ മുതു മുത്തച്ഛന്‍ തീ തുപ്പുന്ന അതിന്റെ നാവ് അരിഞ്ഞു. സര്‍പ്പത്തിന്റെ വാലാല്‍ വരിയപ്പെട്ട കുതിരയെ ചുറ്റിയ വാല്‍ ഛേദിച്ച് മോചിപ്പുക്കുകയും, ശൂലത്താല്‍ നെഞ്ചുപിളര്‍ത്തി സര്‍പ്പത്തെ കീഴ്‌പ്പെടുത്തുകയും ചെയ്തു. സര്‍പ്പത്തിന്റെ പതനത്താല്‍ നദിയിലെ വെള്ളം കീഴ്‌മേല്‍ മറിഞ്ഞു. നദിക്കരയിലെ കോലാഹലങ്ങള്‍ അറിഞ്ഞ് അവിടെയെത്തിയ ജനങ്ങള്‍, ധീരനായ ആ യോദ്ധാവിനെയും അവന്റെ കുതിരയെയും എതിരേറ്റ് രാജസന്നിധിയില്‍ എത്തി. അപ്പോള്‍, രാജാവും സംഘവും രാജപുത്രിയേയും കൊണ്ട് നദിക്കരയിലേക്ക് പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. രാജാവ് വിവരം അറിഞ്ഞ് സന്തോഷിച്ചു. രാജപുത്രി ആ യോദ്ധാവിനെ ആരാധനയോടെ നോക്കി. അവന്റെ കണ്ണിലെ തീക്ഷ്ണതയും, പൊട്ടിയ മാര്‍ച്ചട്ടയ്ക്കുള്ളില്‍ തെളിഞ്ഞ വിരിമാറും അവളെ അവനടിമയാക്കി. രാജാവ് അവനെ രാജകൊട്ടാരത്തിലേക്ക് കൂട്ടി. അടുത്ത ശുഭമുഹൂര്‍ത്തത്തില്‍ അവന്റെയും രാജപുത്രിയുടെയും വിവാഹമെന്ന് കല്പിച്ച് ജനത്തെ കബളിപ്പിക്കുകയും, അവനെ തടങ്കലിലടയ്ക്കുകയും ചെയ്തു. രാജകുമാരിയെ മറ്റൊരു രാജകുമാരനു വിവാഹം ചെയ്തു കൊടുക്കാനും തീരുമാനിച്ചു. എന്നാല്‍ രാജകുമാരി തന്റെ ജീവിന്‍ രക്ഷിച്ച, തന്റെ മനസ്സുകീഴടക്കിയ ആ യോദ്ധാവിനെ, തന്റെ അനുചരന്മാരാല്‍ തടങ്കലില്‍ നിന്നു മോചിപ്പിക്കുകയും, അവനോടൊപ്പം അവന്റെ കുതിരപ്പുറത്ത് ഒളിച്ചോടുകയും ചെയ്തു. നീ ആ പരമ്പരയില്‍ പെട്ടവനാ... ഒരോ രാജ്യത്തും അവര്‍ വേരുറപ്പിക്കുമ്പോള്‍ അവര്‍ ജോര്‍ജ്ജ് ഒന്നില്‍ നിന്നു തുടങ്ങും. ഈ രാജ്യത്ത് നീ ആറാം തലമുറയിലാണ്. ജോര്‍ജ്ജ് ആറാമന് കഥ പകുതിയും മനസ്സിലായില്ല. എങ്കിലും ജോര്‍ജ്ജ് ഒന്നാമനോടും ആ കുതിരയോടും ഉള്ള ആരാധനയാല്‍, തീര്‍ന്ന സൂപ്പിന്‍ പാത്രം വീണ്ടും കുടിച്ചു കൊണ്ടിരുന്നു.

സംഭവബഹുലമല്ലാത്ത ആറാമന്റെ സ്കൂള്‍ ജീവിതം ഇവിടെ തീരുകയാണ്. അല്ലെങ്കിലും അവന്‍ സ്കൂളില്‍ ഒന്നും പഠിച്ചില്ല. ഒന്നും അവനു പഠിക്കാന്‍ ഇല്ലായിരുന്നു. സ്‌നേഹിതന്മാര്‍ ആരും ഇല്ലായിരുന്നു. എട്ടാം ക്ലാസില്‍ കുതിരയെപ്പോലെ നീണ്ടമുഖമുള്ള, റീനയെ അവന്‍ കണ്ടു. അവളുടെ മുഖം മനസ്സില്‍ പതിഞ്ഞു. അവളും കുതിരാലയത്തിലെ അന്തേവാസിയാണെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും പഠനം ഉപേക്ഷിച്ചവള്‍ പോയിരുന്നു. ഒരു ദിവസം കുതിരാലയത്തില്‍ ഒരു പ്രസവം നടന്നു. അഞ്ചാമന്‍ കന്നി പ്രസവത്തിന് പ്രസവവാര്‍ഡിനുമുന്നില്‍ അസ്വസ്ഥമായി തെക്കു വടക്കു നടക്കുന്ന ഭര്‍ത്താവിനെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. കുതിരാലയത്തിന്റെ ഉടമസ്ഥന്‍, വളരെ അപൂര്‍വ്വമായി മാത്രം അവടെ വരാറുള്ള, ജോണ്‍ സ്വയം പ്രസവം വിലയിരുത്താന്‍ എത്തിയിരിക്കുന്നു. ആറാമന്‍ ആ പ്രസവത്തിന്റെ വലിപ്പം തിരിച്ചറിയാന്‍ ശ്രമിക്കയായിരുന്നു. ഡോറസ് എന്തും ചെയ്യാന്‍ പാകത്തിന് എല്ലാവരേയും മാറി മാറി നോക്കുന്നു. ഒടുവില്‍ വെളുത്ത പാട പൊട്ടിച്ച് കുതിരക്കുട്ടി അതിന്റെ കാലുകളില്‍ എഴുന്നേറ്റപ്പോള്‍ എല്ലാവരുടെയും മുഖത്ത് സന്തോഷത്തിന്റെ മിന്നലാട്ടം. ലക്ഷണമൊത്ത ഒരു പന്തയക്കുതിര അതിനുവേണ്ടി ജോണ്‍ കുറെ കാത്തിരുന്നു. ജോണ്‍ കുതിരകുട്ടിയുടെ അടുത്തുവന്ന് അതിനെ ‘റോക്കി’ എന്നു പേരുവിളിച്ച്, എല്ലാവര്‍ക്കും നൂറിന്റെ നോട്ടുകള്‍ പാരിതോഷികമായി കൊടുത്ത് മടങ്ങുമ്പോള്‍ അഞ്ചാമനോട് പറഞ്ഞു, ഇവന്‍ എന്റെ ഭാഗ്യമായി വരണം. ഇവന്റെ ജോക്കിയായി നിന്റെ മകനുപരിശീലനം കൊടുക്കണം. ജോണ്‍ ആറാമന്റെ തോളില്‍ തട്ടി പറഞ്ഞു ജോര്‍ജ്ജ് നീ എന്റെ കുതിരകളെ പരിപാലിയ്ക്കണം.

ആ കുടുംബം അതിയായി സന്തോഷിച്ചു. അഞ്ചാമന്റെ വലിയ ആഗ്രഹത്തിനാണ് ബോസ് അനുവാദം തന്നിരിയ്ക്കുന്നത്. ആറാമന്‍ റോക്കിയെ പറപ്പിച്ച് വിജയക്കൊടി നാട്ടുമ്പോള്‍ ബോസ് തന്റെ തോളില്‍ തട്ടി അഭിനന്ദിക്കുന്ന രംഗം ഓര്‍ത്ത് അഞ്ചാമന്‍ ഡോറസിനെ കെട്ടിപ്പുണര്‍ന്നു. ആറാമന്‍ ജോക്കി ആകാനുള്ള പരിശീലന ക്ലാസുകളില്‍ ഉത്സാഹി ആയി. വീട്ടിലെത്തിയാല്‍ കൊച്ചു റോക്കിയുടെ കളിത്തോഴനായി. റോക്കി വളരുന്നതനുസരിച്ച് അവന്റെ പരിശീലനം ആറാമന്റെ കൈകളില്‍ സുരക്ഷിതമായി. ഇപ്പോല്‍ രണ്ടുവയസ്സുള്ള റോക്കിയെ ഒരു കടിഞ്ഞാണിനും നിയന്ത്രിക്കാന്‍ വയ്യാത്തവണ്ണം അവന്റെ കരുത്ത് വളരുന്നു. എങ്കിലും ആറാമന്റെ ചെറിയ ചലനങ്ങളില്‍ റോക്കി നിയന്ത്രണ വിധേയനാകുന്നു. അവന്റെ ചാരനിറം മറ്റുകുതിരകളീല്‍ നിന്നും അവനെ വേര്‍തിരിക്കുന്നു. ഇനി ഏതാനം നാളത്തെ പരിശീലനം അതുകഴിഞ്ഞാല്‍ അവന്‍ പന്തയക്കുതിര. ബോസ് എപ്പോഴും റോക്കിയെക്കുറിച്ച് അന്വേഷിക്കും. ഇത്രയും ലക്ഷണമൊത്ത ഒരു കുതിര ഒത്തുവന്നതിലുള്ള സന്തോഷം. ഒരു പാടു വിജയസ്വപ്നങ്ങള്‍ ബോസിന്റെ മനസ്സില്‍.

ഒരുനാള്‍ പരിശീലനച്ചാട്ടത്തില്‍ കാലിടറി റോക്കി മുന്‍കാലില്‍ മറിഞ്ഞു. റോക്കിയുടെ കഴുത്തില്‍ പൊട്ടലും, മുന്‍കാലില്‍ ഒടിവും. ആറാമന്റെ വാരിയെല്ലുകള്‍ ഒടിയൂകയും വലതുതുടയെല്ലുകള്‍ പൊട്ടുകയും, നടുവിന്റെ കണ്ണികള്‍ അകലുകയും ചെയ്തിരിക്കുന്നു. റോക്കിയുടെ തലയില്‍ തലോടി ബോസ് കരഞ്ഞു. ഇനി റോക്കിയ്ക്ക് ഒരു പന്തയക്കുതിരയാകാന്‍ കഴിയില്ലെന്നും, തനിക്കൊരു ജോക്കിയാകാനുള്ള കായബലം ഒരിയ്ക്കലും തിരിച്ചുകിട്ടുകയുമില്ല എന്ന തിര്‍ച്ചറിവില്‍ ആ കുടുംബം നൊന്തു. ആരോ ഒരിക്കിയ ചതിയാണ് തന്നെയും റോക്കിയേയും കളത്തിനു പുറത്താക്കിയതെന്ന് പിന്നീട് ബോസ് മനസ്സിലാക്കി. റോക്കിയ്ക്കു ചാടിക്കടക്കേണ്ട ഉയരം നിശ്ചയിച്ചുറപ്പിച്ച മുളങ്കമ്പ് ചാടാന്‍ മുന്‍കാലുകളില്‍ പൊങ്ങുമ്പോഴേക്കും മുളങ്കമ്പ് അടര്‍ന്നു വീഴുകയും റോക്കിയുടെ ലക്ഷ്യം തെറ്റുകയും ചെയ്തു. തെറ്റു ചെയ്തവന്‍ നാലാം ദിവസം കുതിരാലയത്തിന്റെ പുറകിലുള്ള കാട്ടില്‍ വെടിയേറ്റു കിടന്നു. ഒറ്റുപണം വാങ്ങി റോക്കിയെ ഇല്ലാതാക്കി ബോസിന്റെ വിജയത്തെ തടഞ്ഞത് മറ്റൊരു കുതിരാലയവുമായി കരാറുണ്ടാക്കിയവനായിരുന്നു. റോക്കി ഒരിയ്ക്കല്‍ വിജയം ഉറപ്പിച്ചാല്‍ പിന്നെ അവനെ താഴെയിറക്കാന്‍ കുറെക്കാലം വേണ്ടിവരുമെന്നവര്‍ക്കറിയാമായിരുന്നു. റോക്കിയും ആറാമനും അവരവരുടേ കിടക്കയെ പ്രാപിച്ചു. ആറാമന്‍ മെല്ലെമെല്ലെ സുഖം പ്രാപിക്കെ അറിഞ്ഞു, ഒരുപ്രയോജനവുമില്ലാത്ത റോക്കിയെ ദയാവധത്തിനു വിധേയമാക്കിയെന്ന്. വാര്‍ത്തയെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ ആറാമന്‍ തന്റെ കിടക്കയില്‍ തിരിഞ്ഞു മറിഞ്ഞു. റോക്കിയില്ലാത്ത കുതിരാലയം! അതുവേണ്ട. എവിടെയും റോക്കി തന്നെ നോക്കി വിതുമ്പുന്നു.

എങ്ങോട്ടു പോകണമെന്നറിയാതെ വെളിയില്‍ അലയുമ്പോള്‍, റീന! തന്റെ ഒരേ ഒരു കൂട്ടുകാരി, തനിക്കെതിരേ വരികയും കുതിര ചിനമ്പുന്ന ശബ്ദത്തില്‍ അവനോട് ചോദിക്കയും ചെയ്തു. 'ജോര്‍ജ്ജ് നീ സുഖം പ്രാപിച്ചുവോ...നിന്റെ റോക്കി നിനക്കു നഷ്ടമായതില്‍ ഞാന്‍ ഖേദിക്കുന്നു'. ആറാമന്റെ മനസ്സില്‍ നിലാവുദിക്കുന്നപോലെ. 'റീന ...' അവന്‍ അറിയാതെ വിളിച്ചു, അവന്റെ ശബ്ദത്തിന്റെ ആര്‍ദ്രത ആവള്‍ തിരിച്ചറിഞ്ഞു. അവള്‍ കണ്ണുകള്‍ താഴ്ത്തി അവനു കിഴ്‌പ്പെട്ടവളെപ്പോലെ നിന്നു,.. അനുസരണയുള്ള ഒരു കുതിര അവനെ ഉരുമ്മി ഉമ്മവെയ്ക്കുന്നപോലെ അവനു തോന്നി. ആറാമന്‍ അവളോടു പറഞ്ഞു 'എനിക്കീ കുതിരാലയം വിട്ട് എങ്ങോട്ടെങ്കിലും പോകണം'. പിറ്റേന്നു തന്നെ ആറാമനവള്‍ തനിക്കൊപ്പം ജോലിവാങ്ങിക്കൊടുത്തു. അവര്‍ ഒന്നിച്ചപ്പോള്‍, ഒരു കുതിരയും അതിന്റെ ജോക്കിയും എന്നപോലെ ആറാമന്‍ സന്തോഷിച്ചു. അധികം താമസിയാതെ ആറാമന്റെ ജിവിതത്തില്‍ മറ്റൊരു ദുരിതം സംഭവിച്ചു. ജോര്‍ജ്ജ് അഞ്ചാമന്‍ ഒരു കുതിരയുടെ പിന്‍കാലിന്റെ തൊഴിയേറ്റു മരിച്ചു. മര്‍മ്മത്തേറ്റ തൊഴിയില്‍ അഞ്ചാമന്‍ അപ്പോഴെ മരിച്ചു. തുടര്‍ച്ചയായുണ്ടാകുന്ന ദുരന്തത്താലും, അഞ്ചാമന്‍ എന്ന തന്റെ വിശ്വസ്ഥന്റെ വേര്‍പാടില്‍ മനംനൊന്ത ബോസ് എല്ലാവരേയും വിളിച്ച് നഷ്ടപരിഹാരം കൊടുത്ത് കുതിരാലയം അടച്ചു പൂട്ടി. ജോര്‍ജ്ജ് ആറാമനും, അമ്മ ഡോറസും മറ്റൊരു പട്ടണത്തിലേക്ക് താമസം മാറി. അപ്പോഴേക്കും റീന ഒന്നു പ്രസവിച്ചിരുന്നു. ആ യാത്രയില്‍ ആറാമനൊപ്പം റീനയും മോളും ഒപ്പം കൂടി. ആറാമനുവേണ്ടി അമ്മ വാങ്ങിയ വീട്ടില്‍ അവരും തൊട്ടടുത്ത വാടക വീട്ടില്‍ റീനയും മകളൂം. നിയമപ്രകാരം അവര്‍ വിവാഹിതരല്ലാത്തതിനാല്‍, അടുത്ത വര്‍ഷം വിവാഹിതരായി ഒന്നിച്ചു താമസിക്കാന്‍ അവര്‍ തീരുമാനിച്ചുറച്ചു. ഒരുറച്ച കത്തോലിക്കത്തിയായ ഡോറസ് അങ്ങനെയാണു പറഞ്ഞത്. എന്നാല്‍ അവനെ കുതിരകളുടെ ഓര്‍മ്മകളിലേക്ക് തള്ളി അവന്റെ അമ്മയും അവനെ വിട്ടു. അവനു കുതിരാലയത്തിലേക്ക് മടങ്ങാന്‍ അടങ്ങാത്ത മോഹം. ജോലിയില്‍ മനസ്സുറയ്ക്കുന്നില്ല. റീന ഒപ്പം താമസിക്കാന്‍ അവനെ നിര്‍ബന്ധിക്കുന്നു. അവന്‍ അവളെ കാണാതെ ഒളിച്ചു നടന്നു. റോക്കി അവനെ ബാധിച്ചപോലെ അവന്‍ ജോലിക്കു പോകാതെ ഒ.ടി.ബി. യില്‍ കുതിരപന്തയത്തില്‍ മുങ്ങി. വിജയത്തേക്കാള്‍ അവനു ലഹരി ഒരോകുതിരകളുടെയും ചലനം ആസ്വദിക്കുന്നതായിരുന്നു. അവയുടെ തുടിയ്ക്കുന്ന മാംസപേശികളും, കുഞ്ചിരോമങ്ങളും, കുളമ്പിന്റെ താളവും അവനെ സന്തോഷിപ്പിച്ചു.

അമ്മയുടെ വീട് അവന്‍ പണയപ്പെടുത്തി. അതവന്റേയും വീടായുരുന്നുവെന്നവന്‍ മറന്നു. നഷ്ടപ്പെട്ട വീടിനെയോര്‍ത്തവന്‍ കരഞ്ഞില്ല. അവന്‍ വാതുവെയ്ക്കുന്നതൊക്കേയും ഇപ്പോള്‍ ഒരു കുതിരക്കുമേല്‍. ചെസ്റ്റ് നമ്പര്‍ ആറ്, അവന്‍ റോക്കിയുടെ പുനര്‍ജന്മമായി അവനു തോന്നി. അതെ നിറവും തലയെടുപ്പും. ആറാം നമ്പര്‍ അവനു കുറെ വിജയങ്ങള്‍ നേടിക്കൊടുത്തെങ്കിലും, ഒരു ട്രിപ്പിള്‍ ക്രൗണിനുവേണ്ടി അവന്‍ വാശിയോടെ വാതുവെച്ചു. ഒരു ഓട്ടത്തില്‍ അവന്‍ തിരിച്ചറിഞ്ഞു ആറാമന്റെ ഇടതുകാലില്‍ ഒരു ഞൊണ്ട്. ഇനി അവന്‍ വിജയിക്കില്ലെന്നവന്‍ ഉറപ്പിച്ചു, എന്നിട്ടും അതിനെ ഉപേക്ഷിക്കാതെ അവസാനത്തെ നാണയവും ആറിനു വേണ്ടി ആറാമന്‍ വാതു വെച്ചു. ആറാമന്‍ കുപ്പകള്‍ പരതി, ആരെങ്കിലും ഉപേക്ഷിച്ച ഒരു നാണയത്തുട്ടോ, ഒരു ബ്രെഡിന്റെ മുറിയോ കിട്ടുമെന്ന പ്രതീക്ഷയില്‍. ഒരു ബീയറിനായി അവന്‍ കൊതിച്ചു കൊതിച്ച് തണുപ്പിന്റെ പടരുകളില്‍ പിടിച്ച് ഒ.ടി.ബി.യുടെ തിണ്ണയില്‍ അഭയാര്‍ത്ഥിയായി. റീന അവനെ കണ്ടെത്തുപ്പോള്‍ അവന്‍ നിമോണിയ ബാധിതനും അവശനുമായിരുന്നു. ഒരു കരാറില്‍ അവള്‍ അവനെ വീണ്ടെടുത്തു. ഇനി മേലില്‍ വാതുവെയ്ക്കില്ല. അപ്പോള്‍ അവന്‍ സത്യമായി അതു സമ്മതിച്ച് അവള്‍ക്കൊപ്പം കൂടി. അവളുടെ കുതിരച്ചൂരും ചൂടും അവനെ വിണ്ടും ഉണര്‍ത്തി. പുതിയ ജോലിയുടെ ഉണര്‍വ്വ് അധിക നാള്‍ കൊണ്ടു നടക്കാന്‍ അവനു കഴിയുന്നില്ല. അടിസ്ഥനപരമായി അവന്‍ ഒരു വാതുവെപ്പുകാരനും, ജോക്കിയുമായിരുന്നു.

പൊടിമഞ്ഞ് മാറി ഇപ്പോള്‍ മഞ്ഞിന്‍ കട്ടകളാണ്, തെരുവുമുഴുവന്‍ മഞ്ഞിനാല്‍ വെള്ളപുതച്ചു കിടക്കുന്നു. അതൊരു റെയിസ് ട്രാക്കു പോലവനു തോന്നി. അവന്റെ മുഖം കുതിരയെപ്പോലെ ക്രമേണ നീണ്ടു, അവന്റെ മുടി കുഞ്ചിരോമങ്ങളായി. അവന്റെ കൈകള്‍ കുതിരയുടെ മുന്‍കാലുകളായി, അവന്‍ കുതിരയെപ്പോലെ ചിനച്ചു. റെയിസ് തുടങ്ങാനുള്ള വെടിയൊച്ച കേള്‍ക്കുന്നു. അവന്‍ കുതിച്ചു. കടിഞ്ഞാണില്ലാത്ത കുതിരയായി. അവന്റെ മേല്‍ ആരും പന്തയം കെട്ടിയില്ല, അവന്‍ കിതച്ചു, വായില്‍ നിന്ന് നുരയും പതയും ഒലിച്ചു. അവന്‍ തെരുവില്‍ തളര്‍ന്നു വീണു. മഞ്ഞവനെ മൂടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക