Image

ചില പെണ്‍ ജീവിതങ്ങള്‍ വല്ലാതെ വിമ്മിഷ്ടപ്പെടുത്തും (ജീന രാജേഷ്)

Published on 01 October, 2019
ചില പെണ്‍ ജീവിതങ്ങള്‍ വല്ലാതെ വിമ്മിഷ്ടപ്പെടുത്തും (ജീന രാജേഷ്)
ഒരുപാട് പ്രിയപ്പെട്ടൊരു ചേച്ചി...!!
അവരെക്കുറിച്ചോര്‍ത്താലവരുടെ ചിരിയാണാദ്യം ഓര്‍മ്മ വരിക...
പിന്നെ 'എന്റെ ജീനാമോളേ...' എന്നവിളിയും ചേര്‍ത്തു നിര്‍ത്തലും...
കുറേ മക്കളുളള കുടുംബത്തിന്റെ നെടും തൂണായി പാടത്തും പറമ്പിലും
അവര്‍ കൊണ്ട വെയിലുകള്‍ക്കും മഴകള്‍ക്കും കണക്കില്ല...
അച്ഛനും ആങ്ങളമാര്‍ക്കുമൊപ്പം ചോര നീരാക്കാന്‍ അവരുമിറങ്ങിയിട്ടാണ് പട്ടിണിയില്‍ നിന്നും കുടുംബം കരകയറ്റിയത്...
എന്നിട്ടും
തന്നേക്കാള്‍ നാലോ അഞ്ചോ വയസ്സിനിളയ ആങ്ങളയൊരു പെണ്ണിനെ കൈ പിടിച്ചു കൊണ്ടു വരുന്ന ദിവസം...
വീടിന് മുകളില്‍... വാര്‍ക്കപ്പുറത്തെ പൊളളുന്ന ചൂടില്‍ വിരുന്നുകാരുടെ കണ്ണില്‍ പെടാതെ ഒളിച്ചിരിക്കേണ്ടി വന്നു അവര്‍ക്ക്...
കാരണം പെണ്ണിനെ നിര്‍ത്തി കുടുംബത്തിലെ ആണ് കല്യാണം കഴിച്ചാലതിന്റെ കുറ്റം പെണ്ണിനാണല്ലോ...
അവളെ അകം പുറം ചുഴിഞ്ഞു നോക്കാന്‍ കണ്ണുകളെമ്പാടുമുണ്ടാവുമല്ലോ...
ഒടുവില്‍ എല്ലാവരും പിരിഞ്ഞു കഴിഞ്ഞ് അകം പുറം പൊളളി താഴെ വരുമ്പോള്‍ പെറ്റമ്മയുടെ നേരെ മിഴി നിറച്ചൊന്നു നോക്കിയത്രേ...
"കണി കാണാനും കൊളളാത്തവളെ കെട്ടാനാരു വരാന്‍... നിന്റെ പൂങ്കണ്ണീരു കൊണ്ടെന്റെ മോന്റെ ജീവിതത്തിന് കോട്ടമുണ്ടാക്കരുത്" എന്ന മറുവാക്കിലവര്‍ പിന്നെയും ഉരുകിയൊലിച്ചു...
അതു കൊണ്ടാവും തന്നെ കെട്ടാന്‍ വന്നൊരുവന്റെ മുന്നില്‍ സ്വന്തം ജീവിതം തുടങ്ങാനും തുടരാനുമുളള പണം കയ്യിലുണ്ടായിട്ടു പോലും
ആരെന്നും ഏതെന്നും നോക്കാതെ... യാതൊരു പരാതികളുമില്ലാതെ നിന്നു കൊടുത്തത്...
അയാളുടെ ജീവിതത്തിലും അവര്‍ വെളിച്ചം വിതറിയിട്ടുണ്ടാവും...
പക്ഷേ സ്വയം ഉരുകിയിട്ടെന്നുറപ്പ്...
കാരണം അയാളും അവരുടെയുളളിലേക്ക് കൂടുതല്‍ കനല്‍ കോരിയിട്ടിട്ടേയുളളൂ..
ഏതുരുകലിലും അവര്‍ കൈവിടാത്തതൊന്നുണ്ട്... ആ ചിരി...
ഏതു സങ്കടക്കടലിനെയും മറയ്ക്കാനാ ചിരി മാത്രം മതിയവര്‍ക്ക്...
മരിച്ചു ജീവിച്ചു എന്നു കേട്ടു ഈയടുത്ത കാലത്ത്...
ഉറപ്പാണ്..
മരണത്തെയും ചിരിച്ചു തോല്പിച്ചാവും ചേച്ചി ജീവിതത്തിലേക്ക് വന്നിട്ടുണ്ടാവുക...

വേറൊരാള്‍..!!
എന്റെ കണ്ണില്‍ വായില്‍ സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ചവള്‍...
പൊന്നു പോലുളള കുടുംബവും...
എങ്കിലും എന്നും കണ്ണീരായിരുന്നു അവള്‍ക്ക്...
പലപ്പോഴും എന്തിനെന്ന് മനസ്സിലായിട്ടില്ല..
അവള്‍ കരയുമ്പോള്‍ എന്തു പറയേണ്ടൂ എന്തു ചെയ്യേണ്ടൂ എന്നറിയാതെ നിന്നിട്ടുണ്ട്...
കാരണം അതിലും വലിയ സങ്കടക്കൊടുങ്കാറ്റുകളില്‍ ഒരു കാറ്റാടി പോലെ നിന്നു കറങ്ങിയാലും ഊര്‍ജ്ജം കൊളളുന്നവളായിരുന്നീയുളളവള്‍...
എത്രമാത്രം ആശ്വസിപ്പിക്കാന്‍ ശ്രമിച്ചാലും
'നിനക്കതു പറയാം...
എന്റെ സങ്കടം നിനക്കറിയാഞ്ഞിട്ടെ'ന്നു പറഞ്ഞു പറഞ്ഞ് കണ്ണീര്‍പ്പെയ്ത്തുകളിലേക്ക് നനഞ്ഞിറങ്ങുന്നവളോട് ഒന്നും പറയാനില്ലാതെ നില്ക്കുമ്പോഴൊക്കെ
എന്റെ സൗഹൃദത്തെ ഞാന്‍ സംശയിച്ചു...
സങ്കടങ്ങളെ മനസ്സിലാവാത്തത്ര കല്ലായിത്തീര്‍ന്നിരിക്കും ഈയുളളവള്‍ എന്നു കരുതി...
കഴിഞ്ഞൊരു ദിവസം അവള്‍ വിളിച്ചു
'നീയല്ലാതെ മറ്റൊരു സുഹൃത്ത് എനിക്ക് അന്നോ ഇന്നോ ഇല്ലെടീ'യെന്നും പറഞ്ഞ്...
പഴയതു പോലെ കണ്ണീര്‍പ്പെയ്ത്ത്...
ഞാന്‍ വീണ്ടും മറുപടിയില്ലാതെ ചൂളിച്ചുരുങ്ങി...
ഇത്തവണ പക്ഷെ മറുപടിയില്ലാതായത് അവള്‍ താണ്ടിയ;മക്കള്‍ക്കായി ഇനിയും കീഴടക്കാനുളള വേദനകളുടെ ഹിമമലനിരകളെപ്പറ്റിക്കേട്ടാണ്...

ചില ജന്മങ്ങളങ്ങനെയാണ്!
പെട്ടു പോവുകയാണ്...
ഒന്നു കുടഞ്ഞാല്‍ വേദനകളെ തൂത്തെറിയാമെന്നവര്‍ക്കറിയാമായിരിക്കും...
എന്നിട്ടും വീണുകിടക്കുന്നു...
ഒന്നും അവര്‍ക്കു വേണ്ടിയല്ല നിശ്ചയം...
സ്വയമുരുകുന്ന മെഴുകുതിരികള്‍ക്കു മാത്രമേ ചില ഇരുട്ടുകളെയകറ്റാനാവൂ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക