Image

മരട്‌ ഫ്‌ളാറ്റ്‌ കേസില്‍ സംസ്ഥാന സര്‍ക്കാരിന്‌ സുപീംകോടതിയുടെ രൂക്ഷവിമര്‍ശനം

Published on 23 September, 2019
മരട്‌ ഫ്‌ളാറ്റ്‌ കേസില്‍ സംസ്ഥാന സര്‍ക്കാരിന്‌ സുപീംകോടതിയുടെ രൂക്ഷവിമര്‍ശനം

മരട്‌ ഫ്‌ളാറ്റ്‌ കേസില്‍ സംസ്ഥാന സര്‍ക്കാരിന്‌ സുപീംകോടതിയുടെ രൂക്ഷവിമര്‍ശനം. സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണു കാട്ടുന്നതെന്നു സുപ്രീംകോടതി പറഞ്ഞു. ചീഫ്‌ സെക്രട്ടറി ടോം ജോസിനെ കോടതി ശാസിച്ചു. കേസ്‌ വെള്ളിയാഴ്‌ച വീണ്ടും പരിഗണിക്കും.

മരടിലെ വിവാദ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്‌ ഗുരുതരമായ വീഴ്‌ചയുണ്ടായെന്ന്‌ സുപ്രീം കോടതി വിലയിരുത്തി. 

കേസ്‌ പരിഗണിച്ച ഉടന്‍ ചീഫ്‌ സെക്രട്ടറി എവിടെ, വിളിക്കൂ, എന്ന്‌ ജസ്റ്റിസ്‌ അരുണ്‍ മിശ്ര ആവശ്യപ്പെട്ടു.

ചീഫ്‌ സെക്രട്ടറിക്കൊപ്പം അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ഉഷാ ടൈറ്റസും കോടതിയില്‍ ഹാജരായിരുന്നു. എത്ര സമയം വേണം ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ എന്ന്‌ കോടതി ചീഫ്‌ സെക്രട്ടറിയോട്‌ വിശദീകരണം തേടി. കേരളത്തിന്റെ നിലപാടില്‍ ഞെട്ടലുണ്ടാക്കുന്നു.

അടുത്തിടെ ഉണ്ടായ പ്രളയത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടത്‌ രാജ്യം മുഴുവന്‍ കണ്ടതാണ്‌. എന്നാല്‍ ഇതില്‍ കേരളം പാഠം പഠിച്ചിട്ടില്ലെന്നത്‌ ഞെട്ടിപ്പിക്കുന്ന കാര്യമാണ്‌. ദുരന്തമുണ്ടായാല്‍ ആദ്യം മരിക്കുക 4 ഫല്‍റ്റുകളിലെ 300 കുടുംബങ്ങളാവും.

ശക്തമായ വേലിയേറ്റമുണ്ടായാല്‍ ഒന്നും അവശേഷിക്കില്ലെന്നും കോടതി പറഞ്ഞു. ഉത്തരവ്‌ നടപ്പാക്കാന്‍ എത്ര സമയം വേണമെന്നും കോടതി ചോദിച്ചു. 

മൊത്തം തീരദേശനിര്‍മാണങ്ങളെക്കുറിച്ചു പഠനം നടത്തുമെന്നും കോടതി പറഞ്ഞു. കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ പ്രളയത്തിന്‌ ആരാണ്‌ ഉത്തരവാദിയെന്നും കോടതി ചോദിച്ചു.

ഫല്‍റ്റ്‌ പൊളിക്കാന്‍ മൂന്നു മാസം വേണമെന്ന്‌ ചീഫ്‌ സെക്രട്ടറി ആവശ്യപ്പെട്ടു. എന്നാല്‍ ഇത്‌ അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.സര്‍ക്കാരിനു വേണ്ടി ഹരീഷ്‌ സാല്‍വെ, മുതിര്‍ന്ന അഭിഭാഷകന്‍ വെങ്കിട്ട രമണി എന്നിവരാണ്‌ ഹാജരായത്‌..

ചീഫ്‌ സെക്രട്ടറി ടോം ജോസ്‌ സുപ്രീം കോടതിയില്‍ ഹാജരായി. കേരളത്തിലെ മുഴുവന്‍ നിയമലംഘനങ്ങളും പരിശോധിക്കുമെന്നും കോടതി പറഞ്ഞു. നിയമലംഘകരെ കേരളം സംരക്ഷിക്കുകയാണെന്നും കോടതി പറഞ്ഞു..

ക്രമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദി ചീഫ്‌ സെക്രട്ടറി ആയിരിക്കുമെന്നും കോടതി പറഞ്ഞു. അതിശക്തമായ ഭാഷയിലാണ്‌ ജസ്റ്റിസ്‌ അരുണ്‍ മിശ്ര പ്രതികരിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക