Image

നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ തന്റെ നിരപരാധിത്വം തെളിയിച്ച്‌ പോക്സോ കേസിലെ പ്രതി

Published on 22 September, 2019
നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ തന്റെ നിരപരാധിത്വം തെളിയിച്ച്‌ പോക്സോ കേസിലെ പ്രതി

കോഴിക്കോട്: നീണ്ട നാളത്തെ നിയമപോരാട്ടത്തിനൊടുവില്‍ തന്റെ നിരപരാധിത്വം തെളിയിച്ചിരിക്കുകയാണ് പോക്‌സോ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യുവാവ്. എടച്ചേരി തലായി മീത്തലെ പറമ്ബത്ത് സ്വദേശി നൗഫലാണ് കേസില്‍ നിന്നും ഹൈക്കോടതി ഉത്തരവ് പ്രകാരം ഒഴിവാക്കപ്പെട്ടത്.


ഖത്തറില്‍ ജോലി ചെയ്യുകയായിരുന്നു നൗഫല്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ പത്ത് മാസം മുന്‍പാണ് ഇയാളെ പ്രതി ചേര്‍ത്തത്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ നൗഫലിന്റെ ഫോട്ടോ കാണിച്ച്‌ പ്രതി ചേര്‍ക്കുകയായിരുന്നു. ഇതേ പേരിലുള്ള മറ്റൊരാളാണ് യഥാര്‍ഥ പ്രതിയെന്നാണ് വിവരം. നൗഫലിനെതിരെ കേസെടുത്ത പോലീസ് ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.


ഇന്ത്യയിലെ ഏതെങ്കിലും എയര്‍പോര്‍ട്ടിലെത്തിയാല്‍ പോലീസ് പിടിക്കും എന്ന് ഉറപ്പായതോടെ നേപ്പാള്‍ വഴി നാട്ടിലെത്തിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസുമായി തനിക്ക് ബന്ധമില്ലെന്ന് തെളിയിക്കാന്‍ നൗഫല്‍ നടത്തിയ നിയമ പോരാട്ടം ഒടുവില്‍ വിജയം കാണുകയായിരുന്നു. നൗഫലിനെ കേസില്‍ നിന്നും ഒഴിവാക്കാന്‍ ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് ഉത്തരവിടുകയും ചെയ്തു.


കുട്ടിക്ക് തെറ്റു പറ്റിയതാണെന്നും പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്ന നൗഫല്‍ അല്ല യഥാര്‍ത്ഥ പ്രതിയെന്നും കാണിച്ച്‌ ഇരയായ പെണ്‍കുട്ടിയുടെ കുടുംബവും കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. യഥാര്‍ഥ പ്രതിക്കെതിരെ പെണ്‍കുട്ടി മൊഴി നല്‍കിയതോടെ നൗഫലിന്റെ നിരപരാധിത്വം കോടതിക്ക് ബോധ്യമാവുകയും വെറുതേ വിടുകയുമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക