Image

മോഡിയുടെ ജന്മദിനം: വാരണാസി ഹനുമാന്‍ ക്ഷേത്രത്തില്‍ 1.25 കിലോയുടെ സ്വര്‍ണകിരീടം സമര്‍പ്പിച്ച് ആരാധകന്‍

Published on 17 September, 2019
മോഡിയുടെ ജന്മദിനം: വാരണാസി ഹനുമാന്‍ ക്ഷേത്രത്തില്‍ 1.25 കിലോയുടെ സ്വര്‍ണകിരീടം സമര്‍പ്പിച്ച് ആരാധകന്‍

വാരണാസി; യു.പി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇന്ന് 69ാം ജന്മദിനം. പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഒരു ആരാധകന്‍ വാരണാസിയിലെ സാകേത് മോചന്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ച കാണിക്കയാണ് ഏറെ ചര്‍ച്ചയായിരിക്കുന്നത്. 1.25 കിലോഗ്രാം തൂക്കമുള്ള സ്വര്‍ണ കിരീടമാണ് തിങ്കളാഴ്ച സമര്‍പ്പിച്ചിരിക്കുന്നത്.

അരവിന്ദ് സിംഗ് എന്ന ആരാധകനാണ് തന്റെ വാക്ക് പാലിക്കുന്നതിന്റെ ഭാഗമായി ഈ സമര്‍പ്പണം നടത്തിയത്. മോഡിയുടെ പാര്‍ലമെന്ററി മണ്ഡലം കൂടിയാണ് വാരണാസി. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഹനുമാന്‍ ക്ഷേത്രത്തില്‍ സ്വര്‍ണ കിരീടം സമര്‍പ്പിക്കാമെന്ന് അരവിന്ദ് സിംഗ് നേര്‍ന്നിരുന്നു.

കഴിഞ്ഞ 75 വര്‍ഷത്തിനുള്ളില്‍ ആര്‍ക്കും സാധ്യമാകാത്ത വിധത്തിലാണ് മോഡി രാജ്യത്തെ കെട്ടിപ്പടുക്കുന്നതെന്ന് അരവിന്ദ് സിംഗ് പറയുന്നു. ഇന്ത്യയുടെ ഭാവി സ്വര്‍ണം പോലെ തിളങ്ങുന്നതിനാണ് താന്‍ ഈ സമര്‍പ്പണം നടത്തിയിരിക്കുന്നത്. കാശിയിലെ ജനങ്ങളില്‍ നിന്നും അദ്ദേഹത്തിനുള്ള സമ്മാനം കൂടിയാണ് ഇതെന്നും അരവിന്ദ് പറയുന്നു.

അഹമ്മദാബാദിലാണ് മോഡിയുടെ ജന്മദിന ആഘോഷങ്ങള്‍. സര്‍ദാര്‍ സരോവര്‍ ഡാം മോഡി സന്ദര്‍ശിച്ചു പ്രത്യേക പൂജകള്‍ നടത്തി. സ്റ്റാച്യൂ ഓഫ് യൂണിറ്റി സന്ദര്‍ശിച്ച മോഡി, പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഏകത നഴ്‌സറിയില്‍ എത്തി വിവിധ ഉത്പന്നങ്ങള്‍ പരിശോധിച്ചു. കെവാദിയയിലെ ബട്ടര്‍ഫ്‌ളൈ ഗാര്‍ഡനിലും അദ്ദേഹം സന്ദര്‍ശനം നടത്തി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക