Image

ഭര്‍ത്താവ് കുത്തിക്കൊന്ന മലയാളിയുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും

Published on 17 September, 2019
ഭര്‍ത്താവ് കുത്തിക്കൊന്ന മലയാളിയുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും
ദുബായ്: ദുബായില്‍ ഭര്‍ത്താവ് കുത്തിക്കൊന്ന കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയില്‍ ചന്ദ്രശേഖരന്‍ നായരുടെ മകള്‍ സി. വിദ്യാ ചന്ദ്രന്റെ(40) മൃതദേഹം നാളെ (ബുധന്‍) നാട്ടിലേയ്ക്ക് കൊണ്ടുപോകും. ദുബായില്‍ നിന്നു വൈകിട്ടുള്ള എയര്‍ ഇന്ത്യയുടെ തിരുവനന്തപുരം വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോവുക. വിദ്യയുടെ മൃതദേഹം നാളെ രാവിലെ 11ന് ദുബായ് മുഹൈസിനയിലെ മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററില്‍ എംബാം ചെയ്യും. ആളുകള്‍ക്ക് മൃതദേഹം കാണാനുള്ള സൗകര്യമുണ്ടായിരിക്കും.

ചേഞ്ച് എ ലൈഫ്, സേവ് എ ലൈഫ് വാട്‌സ് ആപ്പ് കൂട്ടായ്മയിലെ പ്രവര്‍ത്തകരാണ് മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് നന്തി നാസര്‍ അറിയിച്ചു.

ഈ മാസം ഒന്‍പതിന് ഭര്‍ത്താവ് തിരുവനന്തപുരം നേമം സ്വദേശി യുഗേഷ്(43) ആണ് വിദ്യയെ ആസൂത്രിതമായി കൊലപ്പെടുത്തിയത്. ഓണമാഘോഷിക്കാന്‍ നാട്ടിലേയ്ക്ക് പുറപ്പെടാനിരിക്കെ സന്ദര്‍ശക വീസയില്‍ യുഎഇയിലെത്തിയ പ്രതി രാവിലെ അല്‍ഖൂസില്‍ വിദ്യ ജോലി ചെയ്യുന്ന കമ്പനിയിലെത്തി വിളിച്ചു പുറത്തിറക്കി പാര്‍ക്കിങ്ങിലെ കൊണ്ടുപോയി അരയില്‍ ഒളിപ്പിച്ച കത്തിയെടുത്ത് കുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ ഇയാളെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി.

16 വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഏറെ കാലമായിരുന്നു ഇരുവരും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലായിരുന്നു.15 മാസം മുന്‍പായിരുന്നു വിദ്യ ജോലി തേടി യുഎഇയിലെത്തിയത്. ദുബായ് അല്‍ഖൂസിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഫിനാന്‍സ് വിഭാഗത്തിലായിരുന്നു വിദ്യ ജോലി ചെയ്തിരുന്നത്. 10, 11 ക്ലാസ് വിദ്യാര്‍ഥിനികളായ രണ്ട് പെണ്‍മക്കള്‍ നാട്ടില്‍ വിദ്യയുടെ മാതാപിതാക്കളോടൊപ്പം താമസിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക